Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാഹനത്തിന്റെ സുരക്ഷ, മഴക്കാലത്ത്

സന്തോഷ്
Senior Online Content Coordinator
Author Details
Follow Twitter
Follow Facebook
monsoon drive

മഴക്കാലമായി. സ്വന്തം സുരക്ഷയ്ക്കും വാഹനത്തിന്റെ ഈടിനും ചെയ്യേണ്ട അത്യാവശ്യ കാര്യങ്ങൾ ഇനിയും വൈകിക്കേണ്ട. ഇരു ചക്രമായാലും നാലു ചക്രമായാലും മഴയ്ക്കുവേണ്ടി തയാറെടുത്തേ പറ്റൂ. മഴയത്തുള്ള ബ്രേക്ക്ഡൗണുകൾ കൂടുതൽ ദുരിതമുണ്ടാക്കുമെന്ന് ഓർക്കുക; ചെറിയ അപകടങ്ങൾ വലിയ ദുരന്തമാകാമെന്നും.

ഇലകട്രിക്കൽസ്:വാഹനത്തിന്റെ സിരാവ്യൂഹമെന്നു വിശേഷിപ്പിക്കാവുന്ന ഇലക്ട്രിക്കൽ സംവിധാനം മഴക്കാലത്ത് പണിമുടക്കാനുള്ള സാധ്യത ഏറെയാണ്. വൈപ്പറും പാർക്ക് ലാംപും ഏതാണ്ട് സ്ഥിരമായിത്തന്നെ ഉപയോഗിക്കേണ്ടിവരുന്ന അവസരമായതിനാൽ ബാറ്ററി ഉൾപ്പെടെയുള്ള ഘടകങ്ങൾക്ക് ജോലിഭാരമേറുന്ന കാലമാണ്. ഇരുചക്രവാഹനമാണെങ്കിൽ ഇലക്ട്രിക്കൽ സംവിധാനത്തിനുള്ളിൽ വെള്ളം കയറിയാലുണ്ടാകുന്ന കുഴാമറിച്ചുലകൾ പുറമെ. ബാറ്ററി, ഓൾട്ടർനേറ്റർ, സ്റ്റാർട്ടർ, ഇൻഡിക്കേറ്റർ –ബ്രേക്ക് – പാർക്ക് – റിവേഴ്സ് – ഹെഡ് ലാംപുകൾ, വയറിങ്, ഹോൺ എന്നിവയെല്ലാം പരിശേധിപ്പിച്ച് മോശമായ ഘടകങ്ങൾ മാറ്റിവയ്പ്പിക്കുക. ഫോഗ്ലാംപുകൾ മഴക്കാലത്ത് സുരക്ഷകൂട്ടും. റിയർവിൻഡോ ഡീഫോഗർ പ്രവർത്തിക്കുന്നുണ്ടോ എന്നു പരിശോധിപ്പിക്കുക.

ടയറുകൾ:കാറായാലും ബൈക്കായാലും മഴയത്ത് ടയറുകൾ നന്നല്ലെങ്കിൽ വാഹനം വഴുതും. ബ്രേക്ക് മികച്ചസ്ഥിതിയിലാണെങ്കിൽപ്പോലും ടയറുകൾ മോശമാണെങ്കിൽ അപടകടമുണ്ടാകാം. മഴക്കാലത്തുണ്ടാകുന്ന ഗട്ടറുകൾ നല്ല ടയറുകളിൽപ്പോലും പങ്ചറുണ്ടാക്കും. ടയറും ട്യൂബും പരിശോധിക്കുക. തേഞ്ഞു തീരാറായ ടയർ മാറ്റിയിടുക. ട്യൂബിൽ ഒന്നിലധികം പങ്ചറുകളുണ്ടെങ്കിൽ അതും മാറ്റുന്നത് നല്ലതാണ്. ടയർ മർദ്ദം കൃത്യമായ രീതിയിലാക്കുന്നതും അത്യാവശ്യമാണ്. അമിതമർദ്ദമുള്ള ടയറുകൾ അപകടകാരികളായേക്കാം.

ൎബ്രേക്ക്:നിർബന്ധമായും ബ്രേക്ക് പരിശോധന നടത്തുക. ലൈനറുകളും പാഡും മോശമാണെങ്കിൽ മാറുക. റബർ ഘടകങ്ങൾ നിർബന്ധമായും മാറുന്നതും ഫ്ളൂയിഡ് ‘ടോപ് അപ് ചെയ്യുന്നതും നല്ലതാണ്. എ.ബി.എസ് ബ്രേക്കുള്ള കാറുകളുടെ ഗുണം അറിയാൻ പോകുന്നത് മഴക്കാലത്തായിരിക്കും. ഇവ മറ്റുള്ളവയെക്കാൾ മികച്ച നിയന്ത്രണം നൽകും.

മറ്റ് ഭാഗങ്ങൾ:എൻജിൻ, സസ്പെൻഷൻ, ഗിയർബോക്സ്, സ്റ്റിയറിങ് എന്നീ ഘടകങ്ങളെല്ലാം പരിശോധിപ്പിക്കുന്നത് നന്നായിരിക്കും. നാലു ചക്രവാഹനങ്ങളാണെങ്കിൽ വൈപ്പർ മാറ്റിയിടുന്നത് നല്ലതാണ്. കൊടുംചൂടിൽ അതിന്റെ മികവ് നശിച്ചുകാണും. ഇരുചക്രവാഹന ഉടമകൾ ഹെൽമറ്റ് വൈസറിന് സമാന പരിഗണന നൽകണം. വിൻഡ്ഷീൽഡ് വാഷർ ബോട്ടിലിൽ അൽപം ലിക്കുഡ് സോപ്പ് ചേർക്കുന്നത് നല്ലതാണ്. മറ്റു റബർ ഘടകങ്ങളും ബീഡിങ്ങുകളും മറ്റും നല്ല സ്ഥിതിയിലാണോ എന്നു പരിശോധിപ്പിക്കുക. അല്ലെങ്കിൽ വാഹനത്തിനുള്ളിൽ വെള്ളം കയറാൻ സാധ്യതയുണ്ടാവും.

വാട്ടർ പ്രൂഫിങ്, റസ്റ്റ് പ്രൂഫിങ്;വെള്ളം തുടർച്ചായി പതിക്കുന്നത് വാഹനത്തിന്റെ ബോഡിക്ക് നാശനഷ്ടമുണ്ടാക്കിയേക്കും. പെയിന്റ് നഷ്ടമായ ഭാഗങ്ങൾ എത്രയും പെട്ടെന്ന് ടച്ച് ചെയ്യിക്കുക. വാക്സിങ് ഉള്ള തരം വാഹനങ്ങൾക്ക് ഒരു കോട്ട് പുതിയ വാക്സ് നൽകുക. പോളിയൂറത്തിൻ കോട്ടുള്ളവയ്ക്ക് കോട്ടിങ് നല്ലനിലയിലാണോ എന്നു പരിശോധന നടത്തുക. മൂന്നു കൊല്ലത്തിനു മേൽ പഴക്കമുള്ളതാണെങ്കിൽ കാറിന്റെ ഉൾവശത്തിനും അടിഭാഗത്തിനും റസ്റ്റ് പ്രൂഫ് പെയിന്റിങ് നടത്തണം. എൻജിൻ ബേ, സ്പെയർവീൽ കംപാർട്ട്മെന്റ്, ഡോർ പാഡുകൾക്ക് ഉൾവശം എന്നിവയ്ക്കും റസ്റ്റ് പ്രൂഫ് പെയിന്റിങ് വേണം. ഇരുചക്രവാഹനങ്ങളുടെ ക്രോമിയം പ്ലേറ്റ് ചെയ്ത ഘടകങ്ങൾക്ക് പ്രത്യേക പരിരക്ഷ ആവശ്യമാണ്. ഇതിനായുള്ള കെമിക്കലുകൾ ലഭ്യമാണ്. മഴ നനഞ്ഞുവന്ന വാഹനം നനവോടെ മൂടിയിടരുത്. ഇത് പെയിന്റ് ഫിനിഷ് നശിപ്പിക്കും, തുരുമ്പിനെ ക്ഷണിച്ചു വരുത്തും. കഴിയുന്നതും നനയാത്തയിടത്ത് പാർക്ക് ചെയ്യുന്നത് നന്നായിരിക്കും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.