Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെറിയ അപകടത്തിന് ഇൻഷുറൻസ് ക്ലെയിം ചെയ്യണോ?

insurance

ലക്ഷ്യത്തിലേക്കുള്ള കുതിപ്പിനിടയിൽ തികച്ചും അപ്രതീക്ഷിതമായാണ് റോഡിൽ ആക്സിഡന്റ് സംഭവിക്കുന്നത്. കുറച്ചു നേരത്തേക്ക് ഉടമസ്ഥർ ആടിയുലഞ്ഞു പോകുമ്പോൾ പല പല അഭിപ്രായങ്ങൾ പലവിധ കോണുകളിൽനിന്നുയരുന്നു. വാദിയും പ്രതിയും തെറ്റും ശരിയുമെല്ലാം ചാനൽ ചർച്ചകളിലേതിനു സമാനമായി വിശകലനം ചെയ്യുന്നു. മേൽപറഞ്ഞ സാഹചര്യവും കുടുംബം, യാത്രയുടെ പ്രാധാന്യം മുതലായ കാരണങ്ങളും ഉടമസ്ഥരെ അനാവശ്യ സമ്മർദത്തിലേക്കാഴ്ത്തുന്നു.ഇത്തരം സാഹചര്യങ്ങളിൽ, വാഹനത്തിനു സംഭവിക്കുന്ന കേടുപാടുകൾ തീർക്കാൻ ഇൻഷുറൻസ് ക്ലെയിം ചെയ്യണമോ വേണ്ടയോ എന്ന സുപ്രധാന തീരുമാനം ദ്രുതഗതിയിൽ എടുക്കേണ്ടതുണ്ട്. സ്ഥാപിത താൽപര്യങ്ങളുമായി പലരും നിങ്ങളെ സഹായിക്കാൻ ശ്രമിക്കുമ്പോൾ പലപ്പോഴും തെറ്റായ തീരുമാനം എടുക്കേണ്ടിവരാം. വാഹനം അപകടത്തിൽ പെടുമ്പോൾ ഇൻഷുറൻസ് ക്ലെയിം ചെയ്യണമോ എന്ന കൺഫ്യൂഷൻ തീർക്കുകയാണ് ഇവിടെ ലക്ഷ്യമാക്കുന്നത്. ഒരു ഉദാഹരണത്തിലൂടെ ഇത് എളുപ്പം മനസ്സിലാക്കാം.

ഫ്രാൻസിസ് എന്ന വ്യക്തി 2010 മുതൽ അദ്ദേഹത്തിന്റെ കാർ അപകടരഹിതമായി കൈകാര്യം ചെയ്യുകയാണ്. സ്വാഭാവികമായും അദ്ദേഹത്തിനു താഴെ കാണിച്ചിരിക്കുന്ന പട്ടികയിലേതു പോലെ വർഷാവർഷം പ്രീമിയം പുതുക്കുമ്പോൾ ഇൻഷുറൻസ് കമ്പനി ‘നോ ക്ലെയിം ബോണസ്’ നൽകുന്നു. (അപകടങ്ങൾ വരുത്താതെ വാഹനങ്ങൾ പരിപാലിക്കുന്ന ഉടമകൾക്ക് വർഷാവർഷം ഇൻഷുറൻസ് കമ്പനികൾ പ്രീമിയത്തിൽ നൽകുന്ന കിഴിവാണ് നോ ക്ലെയിം ബോണസ്). നിർഭാഗ്യവശാൽ 10–01–2017ൽ ഗതാഗത നിയമം പാലിച്ച് സിഗ്‌നലിൽ നിർത്താൻ പോയ ഫ്രാൻസിസിന്റെ കാറിൽ ഒരു ലോറി വന്നിടിച്ച് പിൻഭാഗം ബംപറിന് കാര്യമായി കേടുപാടുകൾ സംഭവിക്കുകയും ടെയ്ൽ ലാംപ് പൊട്ടിപ്പോവുകയും ചെയ്തു. ഗാതഗത നിയമം പാലിക്കാൻ ബ്രേക്കിട്ടപ്പോൾ അമിത വേഗത്തിൽ വന്ന ലോറി ഇടിച്ചതാണെന്നു ഫ്രാൻസിസും, മറിച്ച് ഫ്രാൻസിസിന്റെ കാർ അമിത വേഗത്തിൽ വന്നു പെട്ടെന്നു ബ്രേക്കിട്ടതാണ് ആക്സിഡന്റിന്റെ കാരണം എന്ന് ലോറിക്കാരനും വാദിച്ചു. രൂക്ഷമായ വാദപ്രതിവാദങ്ങൾക്കൊടുവിൽ, ഇൻഷുറൻസ് ക്ലെയിം ചെയ്യണമോ അഥവാ ലോറിക്കാരന്റെ ചെറിയ സഹായത്തിലൂടെയോ അല്ലാതെയോ സ്വന്തം നിലയിൽ വാഹനത്തിന്റെ കേടുപാടുകൾ തീർക്കണമോ എന്ന തീരുമാനം എടുക്കേണ്ടതായ ഘട്ടത്തിലേക്ക് എത്തി.

no-claim

ഫ്രാൻസിസ് ആദ്യമായി അംഗീകൃത സർ‌വീസ് സെന്ററുമായി ബന്ധപ്പെട്ട് ബംപറിന്റെയും ടെയ്ൽ ലാംപിന്റെയും വിലയും അതു മാറ്റുവാനുള്ള ചെലവും ഏകദേശം 10,000 രൂപയോളം വരുമെന്നു മനസ്സിലാക്കി. അതേ സമയം സ്ഥലത്തു വന്ന തദ്ദേശ വർക്‌ഷോപ്പ് ഉടമയിൽനിന്ന് ചെലവ് ഏകദേശം 8000 രൂപയോളം വരുമെന്നും വാഹനത്തിനു മറ്റു കേടുപാടുകൾ സംഭവിച്ചിട്ടില്ല എന്നും മനസ്സിലാക്കി.തന്റെ വാഹനത്തിന്റെ ഇൻഷുറൻസിന്റെ ക്ലെയിം നടപടികളെക്കുറിച്ചും അതിന്റെ പരിണത ഫലങ്ങളെക്കുറിച്ചും അദ്ദേഹത്തിന് അവബോധം ഉള്ളതുകൊണ്ട് പിന്നീട് കാര്യങ്ങൾ എളുപ്പമായി.

ക്ലെയിം ചെയ്യുമ്പോൾ ഉപഭോക്താവ് നൽകേണ്ട നിർബന്ധിത തുക/ഏകദേശം (അടവ്) – 2000 രൂപ, ഡിപ്രീസിയേഷൻ മൂലമുണ്ടാകുന്ന നഷ്ടം (ഏകദേശം) – 3000 രൂപ,ക്ലെയിം ചെയ്ത് നോ ക്ലെയിം ബോണസ് നഷ്ടപ്പെടുന്നതു കൊണ്ട് ഭാവിയിൽ ഉണ്ടാകുന്ന നഷ്ടം (2017 മുതൽ 2021 വരെ) (മറ്റു ക്ലെയിമുകൾ ഇല്ല എന്ന സങ്കൽപത്തിൽ) – 18750 രൂപ, ഇൻഷുറൻസ് ക്ലെയിം ചെയ്തു 10,000 രൂപ കിട്ടുമ്പോൾ ഉണ്ടാകുന്ന നഷ്ടം അതിലേറെയാണെന്നു മനസ്സിലാക്കിയ ഫ്രാൻസിസ് ക്ലെയിം നടത്തേണ്ടതില്ല എന്ന തീരുമാനമെടുത്തു.

സത്യത്തിൽ ക്ലെയിം നടത്തുന്നതുകൊണ്ട് നോ ക്ലെയിം ബോണസ് പൂർണമായും നഷ്ടപ്പെടുകയും തുടർന്നു ഘട്ടം ഘട്ടമായി 50% ത്തിലേക്ക് എത്തുകയുമാണ്. ഇതും നിർബന്ധിത അടവും ഡിപ്രീസിയേഷനും കൂടി കൂട്ടി, വാഹനത്തിന്റെ കേടുപാടുകൾ തീർക്കുവാനുള്ള ചെലവുമായി താരതമ്യപ്പെടുത്തി മാത്രം വാഹനം ആക്സിഡന്റിൽ പെടുമ്പോൾ ഇൻഷുറൻസ് ക്ലെയിം നടത്തുക. ചെറിയ ചെറിയ ആക്സിഡന്റുകളിൽ ഒഴിവാക്കി വലിയ പ്രശ്നങ്ങൾ വരുമ്പോൾ മാത്രം ക്ലെയിം നടത്തുകയാണ് അഭികാമ്യം.

വിവരങ്ങള്‍ക്ക് കടപ്പാട്: ഡോ. ബി.മനോജ് കുമാർ,അസോഷ്യേറ്റ് പ്രഫസർ, എസ്‌സ്എംഎസ് എൻ‍ജി കോളജ്, കറുകുറ്റി, എറണാകുളം