Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഴക്കാർ നോക്കണം കാറും

rain-care

∙ ഒറ്റ വിരൽ കൊണ്ടു സ്റ്റീയറിങ് നിയന്ത്രിക്കുന്ന ശീലം മഴയത്തു വാഹനമോടിക്കുമ്പോൾ ഒഴിവാക്കുക. രണ്ടു കൈകളും സ്റ്റീയറിങ് വീലിൽ വേണം. ചുറ്റുമുള്ള കാഴ്ചകളുടെ വ്യക്തത വല്ലാതെ കുറയുമെന്നതിനാൽ ശ്രദ്ധ പൂർണമായും റോഡിൽ വേണം. മുന്നിൽ മാത്രമല്ല, കണ്ണാടിയിലൂടെ വശങ്ങളും പിന്നിലെ ട്രാഫിക്കും ശ്രദ്ധിക്കണം. മരങ്ങളോ പരസ്യപ്പലകകളോ വൈദ്യുതി പോസ്റ്റുകളോ ഒക്കെ റോഡിലേക്കു വീഴാനും റോഡിലേക്കു മണ്ണിടിഞ്ഞുവീഴാനുമൊക്കെയുള്ള സാധ്യത കണക്കിലെടുക്കണം.

∙ പകൽ ആയാലും ഹെഡ്‌ലൈറ്റ് തെളിക്കുക. നിങ്ങൾക്കു റോഡ് കാണാനല്ല, മറ്റുള്ളവർക്കു നിങ്ങളുടെ വാഹനം കാണാൻ ഇത് അത്യാവശ്യം.

∙ ഹൈവേ പോലെ വലിയ റോഡുകളിൽ പോകുമ്പോൾ മുന്നിൽ പോകുന്ന വാഹനവുമായി അഞ്ചു കാറിന്റെയെങ്കിലും അകലം പാലിക്കുന്നതു നന്ന്. മറ്റു ഡ്രൈവർമാർ എന്താണു ചെയ്യുന്നതെന്ന് മനസ്സിലാക്കാൻ മഴസമയത്ത് എളുപ്പമല്ല. മുന്നിലെ വാഹനത്തിന്റെ അസാധാരണനീക്കം കണ്ടു പെട്ടെന്നു ബ്രേക്കിടുന്നതും അപകടമുണ്ടാക്കാം.

∙ മഴയില്ലാത്തപ്പോൾ പോകുന്നത്ര വേഗം മഴയിൽ സുരക്ഷിതമല്ല. റോഡ് കാഴ്ച എത്രത്തോളം വ്യക്തമാണ്, മുന്നിലും പിന്നിലും എത്രത്തോളം അകലെ വാഹനങ്ങളുണ്ട്, റോഡിലെ വെള്ളക്കെട്ട് തുടങ്ങിയവയൊക്കെ കണക്കിലെടുത്ത് വാഹനം പൂർണ നിയന്ത്രണത്തിലാണെന്നുറപ്പാക്കുന്നത്ര വേഗമേ പാടുള്ളൂ.

∙ ടയറിന്റെ അവസ്ഥ ഇക്കാര്യത്തിൽ വളരെ പ്രധാനം. തേയ്മാനം കൂടുന്തോറും ഗ്രിപ്പ് കുറയുമെന്നോർക്കുക.

∙ റോഡിൽ തൊടാതെ വെള്ളത്തിനുമുകളിൽ തെന്നിനീങ്ങുന്ന സ്ഥിതി ഏറെ അപകടകരമാണ്. വളരെ പതുക്കെ മുന്നോട്ടുതന്നെ നീങ്ങുക. സ്റ്റീയറിങ്ങിനും വാഹനത്തിനുപൊതുവെയും പെട്ടെന്നുള്ള ചലനം ഒഴിവാക്കണം.

∙ റോഡിൽ വെള്ളപ്പൊക്കമാണെങ്കിൽ വാഹനം ഓടിക്കരുത്. എൻജിൻ നിന്നുപോകാനും വാഹനം ഒഴുകിപ്പോകാനുമൊക്കെ സാധ്യതയുണ്ട്. വെള്ളം എത്ര ഉയരത്തിൽ വരെയുണ്ടെന്നു കണക്കാക്കാൻ വാഹനത്തിനുള്ളിൽ ഇരിക്കുന്നയാൾക്ക് എളുപ്പമല്ല.

∙ എസി ഉപയോഗിക്കണം. ഗ്ലാസ് ക്ലിയർ ആകാൻ ഇതുപകരിക്കും.

∙ മഴയിലോടുമ്പോൾ ബ്രേക്കിന്റെ ശക്തി കുറയും. അതു മനസ്സിലാക്കി വേണം ബ്രേക്കിന്റെ കാര്യത്തിൽ ആത്മവിശ്വാസം കാട്ടാൻ.

∙ റോഡിന്റെ മധ്യത്തുള്ളതിനെക്കാൾ വെള്ളം വശങ്ങളിൽ കാണാൻ സാധ്യതയുണ്ട്. ആ ഭാഗം കഴിയുന്നത്ര ഒഴിവാക്കുക. പരിചിത റോഡുകളിൽപ്പോലും പുതിയ ഗട്ടറുകളും ഓടകളിൽനിന്നു കവിഞ്ഞൊഴുകുന്ന വെള്ളവുമൊക്കെ അപകട സാഹചര്യമൊരുക്കാം.

∙ മഴയുള്ള രാത്രിയിൽ, ഇരുണ്ട നിറമുള്ള വാഹനങ്ങൾ മറ്റുള്ളവരുടെ ശ്രദ്ധയിൽപ്പെടാൻ കൂടുതൽ പ്രയാസമാണ്.

∙ റോ‍ഡ് കാഴ്ച കുറവാണെങ്കിൽ വാഹനം പെട്രോൾ പമ്പു പോലെ എവിടെയെങ്കിലും സുരക്ഷിതമായി നിർത്തിയിടുക.

‌∙ വൈപ്പർ മോശമാണെങ്കിൽ മഴയാത്രയ്ക്ക് ഒരുമ്പെടരുത്.