Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബൈക്കോടിച്ചോളൂ... ജീവിതം കയ്യിൽ പിടിച്ചാകരുത്

accident-kollam-1 ദേശീയപാതയിൽ കൊല്ലം എസ്എൻ കോളജ് ജംക്‌ഷനു സമീപം മൽസരിച്ചെത്തിയ ബൈക്കുകളിലൊന്നിലെ യാത്രികർ മറിഞ്ഞു വീഴുന്നു. രണ്ടാമത്തെ ബൈക്ക് നിർത്താതെ പോയി. ഫോട്ടോ: രാഹുൽ ആർ പട്ടം

ഇരുചക്ര വാഹനങ്ങളുടെ അമിതവേഗം കൊണ്ട് നിരവധി അപകടങ്ങളാണ് സംഭവിക്കുന്നത്. ‘വാഹനം പൂർണമായും തന്റെ നിയന്ത്രണത്തിലാണ്, എത്ര വേഗത്തിലും നിയന്ത്രിക്കാനാകും’ എന്ന അമിത ആത്മവിശ്വാസമാണ് പലപ്പോഴും അപകടങ്ങൾക്കു കാരണം. അൽപമൊന്നു ശ്രദ്ധിച്ചാൽ അപകടം ഒരു പരിധി വരെ കുറയ്ക്കാനാവും

ശ്രദ്ധ അത്യാവശ്യം

ശ്രദ്ധ മരിക്കുന്നിടത്ത് അപകടം ജനിക്കുന്നു എന്നാണല്ലോ പറയാറ്. ബൈക്ക് ഓടിക്കുമ്പോള്‍ ഏപ്പോഴും അതീവ ശ്രദ്ധാലുവായിരിക്കണം. മറ്റു വാഹനങ്ങള്‍, റോഡിലെ കുണ്ടുംകുഴികളും, തെരുവു നായ്ക്കള്‍ എന്നിവ ശ്രദ്ധിച്ചു വേണം വാഹനം ഓടിക്കാൻ. മുന്നിൽ പോകുന്ന വാഹനം സഡൻ ബ്രേക്കിട്ടാലും അപകടമുണ്ടാകാത്ത ദൂരത്തിൽ വേണം എപ്പോഴും സഞ്ചരിക്കാൻ.

kollam-bike-accident-1 ദേശീയപാതയിൽ കൊല്ലം എസ്എൻ കോളജ് ജംക്‌ഷനു സമീപം മൽസരിച്ചെത്തിയ ബൈക്കുകളിലൊന്നിലെ യാത്രികർ മറിഞ്ഞു വീഴുന്നു. വശം ചേർന്നു വന്ന മൂന്നമത്തെ ബൈക്കിൽ ഇടിച്ചെങ്കിലും നിസാര പരിക്കോടെ രക്ഷപെട്ടു. (ഹെൽമറ്റ് വച്ചയാൾ.) രണ്ടാമത്തെ ബൈക്ക് നിർത്താതെ പോയി. ഫോട്ടോ: രാഹുൽ ആർ പട്ടം

കൃത്യമായ സർവീസ്

കൃത്യമായ ഇടവേളകളിൽ വാഹനം സർവീസ് ചെയ്യണം. ടയർ, ബ്രേക്ക് എന്നിവയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും പാടില്ല. തേഞ്ഞു തീരാറായ ടയറുകളും ബ്രേക്ക് ലൈനറും അപകടം ക്ഷണിച്ചു വരുത്തും. ഓരോ യാത്രയ്ക്കും മുമ്പ് ടയറിന്റെ അവസഥ മനസ്സിലാക്കുക. ഹൈഡ്‌ലൈറ്റും ഇൻഡിക്കേറ്ററുകളും പ്രവർത്തനക്ഷമാണെന്നും ഉറപ്പു വരുത്തണം.

അമിത വേഗം വേണ്ട

അനുവദനീയമായതിൽ കൂടുതൽ വേഗം ബൈക്കിൽ എടുക്കേണ്ട. സൂരക്ഷിതമായി മാത്രമേ വേഗം വർധിപ്പിക്കാവൂ. ബൈക്കുകൾക്ക് മണിക്കൂറിൽ 50-60 കിലോമീറ്റർ വേഗമാണ് സുരക്ഷിതം. മികച്ച മൈലേജ് നേടാനും ഇത് ഉപകരിക്കും. മുന്നിൽ പോകുന്ന വാഹനത്തിനു തൊട്ടു പിന്നാലെ അമിത വേഗത്തിൽ പാഞ്ഞാൽ അപകടം സംഭവിക്കാനുള്ള സാധ്യത ഏറെയാണ്.

ബ്രേക്ക് ഉപയോഗിക്കാം, പക്ഷേ..

ഒട്ടുമിക്ക ബൈക്ക് യാത്രക്കാരും ബ്രേക്ക് കാര്യക്ഷമമായി ഉപയോഗിക്കുന്നതിൽ അ‍ജ്ഞരാണ്. മിക്ക ബൈക്കുകളുടെയും മുന്നിൽ ഇപ്പോൾ ഡിസ്ക്ക് ബ്രേക്കുകളാണ്. ബ്രേക്ക് പിടിച്ച് തെന്നി വീണുണ്ടാകുന്ന അപകടങ്ങളും നിരവധി. വാഹനം നേർരേഖയിൽ അല്ലാത്തപ്പോൾ മുന്നിലെ ഡിസ്ക്ക് ബ്രേക് പിടിക്കുന്നത് അപകടമുണ്ടാക്കും. മുൻ- പിൻ ബ്രേക്കുകൾ ഒരുമിച്ചു പിടിക്കുന്നതാണ് കൂടുതല്‍ കാര്യക്ഷമം. കൂടാതെ വളവുകളിൽ കഴിവതും പെട്ടെന്നുള്ള ബ്രേക്കിങ് ഒഴിവാക്കുക. പരിചിതമല്ലാത്ത വഴികളിൽ അധികം വേഗമെടുക്കരുത്. വലിയ ഗട്ടറും ഹംപുമൊക്കെ ഏതുറോഡിലും പ്രതീക്ഷിക്കാം. റോഡിന്റെ എഡ്ജ് എപ്പോഴും അപകടകരമാണ്. ഇതിലൂടെ ഓടിച്ചുകയറ്റുമ്പോൾ ബാലൻസ് നഷ്ടമാകാതെ സൂക്ഷിക്കുക.

ഓവർടേക്ക് ചെയ്യുമ്പോൾ

വളരെയധികം ശ്രദ്ധ വേണ്ട കാര്യമാണ് ഓവർടേക്കിങ്. മുന്നിലെ വാഹനത്തിന് ഒരു തരത്തിലും അസൗകര്യമുണ്ടാക്കാത്ത തരത്തിലായിരിക്കണം ഓവർടേക്കിങ്. എതിർദിശയിൽനിന്നു വരുന്ന വാഹനത്തെ വ്യക്തമായി കാണാൻ സാധിക്കാത്ത സന്ദർഭങ്ങളിൽ ഓവർടേക്ക് ചെയ്യരുത്. വളവുകളിലും റോഡ് കാണാൻ പറ്റാത്ത അവസ്ഥകളിലും ഓവർടേക്കിങ് പാടില്ല. സുരക്ഷിതമായി ഓവർടേക്കു ചെയ്യാൻ സാധിക്കുന്നവിധം റോഡ് കാണാൻ പറ്റുമെന്ന് ഉറപ്പുവരുത്തിയിട്ടാകണം ഓവർടേക്കിങ്. കൂടാതെ പിന്നിൽനിന്നു വാഹനങ്ങൾ തന്നെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. വാഹനത്തിന്റെ വലതുവശത്തുകൂടി മാത്രമേ ഓവർടേക്ക് ചെയ്യാവൂ.

ഹെൽമെറ്റ് നിർബന്ധം

സ്വന്തം ജീവനാണ് ഏറ്റവും വലുത് എന്ന ചിന്ത ബൈക്ക് യാത്രികർക്കുണ്ടാകണം. ബൈക്ക് യാത്രയില്‍ ഹെൽമെറ്റ് നിർബന്ധമായും ധരിക്കണം. ടൂവീലർ അപടങ്ങളിലെ മരണസാധ്യത 29 ശതമാനം കുറയ്ക്കാൻ ഹെൽമെറ്റുകൾക്കു കഴിയും. തലയ്ക്കു ഗുരുതരമായി പരുക്കേൽക്കാനുള്ള സാധ്യത 67 ശതമാനം ഇതില്ലാതാക്കും. ഹെൽമെറ്റ് ഉപയോഗിക്കുമ്പോഴുള്ള കുഴപ്പങ്ങളെപ്പറ്റി പലരും പരാതി പറയാറുണ്ട്. എന്നാൽ സ്വന്തം ജീവനെക്കാൾ വലുതല്ല ഈ കുഴപ്പങ്ങളെന്നു മനസ്സിലാക്കുക. പൊലീസ് പിടിക്കാതിരിക്കാൻ വേണ്ടി മാത്രമല്ല ഹെൽമെറ്റ് ധരിക്കേണ്ടത്. ഹെൽമെറ്റ് ധരിച്ചാൽ സ്ട്രാപ്പുകൾ ശരിയായി ലോക്കിടണം.

അൽ‌പ്പം മര്യാദ

റോഡിലൂടെ ചില ഫ്രീക്കൻ ബൈക്കുകാരുടെ യാത്ര കണ്ട് നാം പലപ്പോഴും പേടിക്കാറുണ്ട്. റോഡ് എല്ലാവർക്കും ഉപയോഗിക്കാനുള്ളതാണെന്നു മറക്കരുത്. തലങ്ങും വിലങ്ങും വെറുതെ വെട്ടിക്കാതിരിക്കുക. അമിത വേഗമുണ്ടാക്കുന്ന അപകടം ചിലപ്പോൾ നിങ്ങളെക്കാൾ ബാധിക്കുന്നത് റോ‍ഡിലെ മറ്റു യാത്രക്കാരെയും കാൽനടക്കാരെയുമായിരിക്കാം. കൂടാതെ റോഡിന്റെ മധ്യഭാഗത്തുകൂടി ബൈക്കോടിക്കുന്ന ദുശ്ശീലം മാറ്റുക. മറ്റു വാഹനങ്ങൾ ഓവർടേക്ക് ചെയ്യുന്നത് നമ്മുടെ കഴിവുകേടുകൊണ്ടാണെന്നു കരുതരുത്. മാന്യതയുള്ളവർ മറ്റു വാഹനങ്ങൾക്കു സൈഡ് കൊടുക്കാൻ മടിക്കില്ല. ട്രാഫിക് സിഗ്നലുകളിൽ ഓറഞ്ച് ലൈറ്റ് തെളിയുമ്പോൾ കടന്നുപോകാൻ ശ്രമിക്കരുത്. സിഗ്‌നലിലെ കൗണ്ട് ഡൗൺ 10 ൽ താഴെ കണ്ടാലുടൻ വേഗം കുറയ്ക്കണം.
 

Your Rating: