Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പഴയ കാർ വാങ്ങുമ്പോൾ

Second Hand Cars

കാർ വാങ്ങണമെന്ന് ചിന്തിക്കുന്നവർ ആദ്യ ആലോചിക്കുക പുതിയ കാർ വാങ്ങണോ പഴയ കാർ വാങ്ങണോ എന്നായിരിക്കും. സെക്കന്റ് ഹാന്റ്കാർ മതി എന്ന് തീരുമാനിച്ചാൽ പല തരത്തിലുള്ള ഓപ്ഷനുകളാണ് നമുക്ക് മുന്നിലുള്ളത്. സെക്കൻഡ് ഹാൻഡ് വിപണിയുടെ ജനപ്രിയത കണ്ടുകൊണ്ട് വലിയ വാഹനനിർമാതാക്കളെല്ലാവരും സ്വന്തമായി യൂസ്ഡ് കാർ ഡിവിഷനുകൾ തുടങ്ങിയിട്ടുണ്ട്. 

പുതിയ കാർ പോലെ, യൂസ്ഡ് കാർ ഷോറൂമിൽ നിന്നു വാങ്ങുന്ന കാറിന് ഗുണനിലവാരത്തിന്റെ കാര്യത്തിൽ ഒരു മിനിമം ഗ്യാരണ്ടിയുണ്ടാവും. എന്നാൽ അപരിചിതരിൽ നിന്ന് വാങ്ങുന്ന സെക്കൻഡ് ഹാൻഡ് കാറിന് യാതൊരു ഗ്യാരണ്ടിയുമില്ല. അതുകൊണ്ട് വളരെയധികം ശ്രദ്ധവേണം പഴയ കാർ തിരഞ്ഞെടുക്കുമ്പോൾ.

പഴയ കാർ ഷോറൂമുകൾ

കുറച്ചുകാലം മുമ്പ് വരെ പഴയ കാറുകൾക്ക് മാത്രമായോരു ഷോറൂം നമുക്ക് ചിന്തിക്കാനേ കഴിയില്ലായിരുന്നു. എന്നാൽ ഇന്ന് ആ അവസ്ഥയിൽ മാറ്റം വന്നു. ഒട്ടുമിക്ക വാഹന നിർമ്മാതാക്കളും യൂസ്ഡ് കാർ ഷോറൂമുകൾ തുടങ്ങിക്കഴിഞ്ഞു. തങ്ങളുടെ വാഹനങ്ങൾ മാത്രമല്ല മറ്റ് വാഹന നിർമ്മാതാക്കളുടെ വാഹനങ്ങളും ഇവർ വാങ്ങി വിൽക്കുന്നുണ്ട്. എന്നാൽ പുറത്തെ മാർക്കറ്റിൽ വിൽക്കുന്ന കാറുകളെക്കാൽ അൽപം വില കൂടുതലാണ് ഷോറൂമുകളിൽ വിൽക്കുന്ന ഈ സെക്കന്റ് ഹാന്റ് കാറുകൾക്ക്. 

മിനിമം ഗ്യാരണ്ടിയുള്ള കാറുകൾ മാത്രമേ ഷോറുമുകളിൽ നിന്ന് വിൽക്കുകയുള്ളു. കാറുകളുടെ കേടായ ഭാഗങ്ങൾ മാറ്റുകയോ തകരാർ പരിഹരിക്കുകയോ ചെയ്തതിന് ശേഷം വാഹനത്തിന്റെ നിലവാരം അനുസരിച്ചാണ് അവർ വിലയിടുന്നത്. അധികം പഴക്കമില്ലാത്ത, കുറച്ച് കിലോമീറ്ററുകൾ മാത്രം ഓടിയിട്ടുള്ളതുമായ കാറുകൾക്ക് ചില അംഗീകൃത ഡീലർമാർ സൗജന്യ സർവീസും നൽകുന്നുണ്ട്. കാലതാമസം കൂടാതെ പുതിയ ഉടമയുടെ പേരിൽ കാർ രജിസ്റ്റർ ചെയ്ത് നൽകുകയും ചെയ്യുന്നു. കൂടാതെ സെക്കന്റ് ഹാന്റ് കാറുകൾക്കും ബാങ്ക് ലോൺ ലഭിക്കുമെന്നതും യൂസ്ഡ് കാർ ഷോറൂമുകളിലേയ്ക്ക് ആളുകളെ ആകർഷിക്കുന്ന ഘടകമാണ്. 

പഴയ കാർ ഷോറൂമിൽ നിന്നല്ല പുറത്തെ മാർക്കറ്റിൽ നിന്നാണ് കാർ സ്വന്തമാക്കാൻ തീരുമാനിച്ചിരിക്കുന്നതെങ്കിൽ കമ്പനികളുടെയല്ലാത്ത ധാരാളം യൂസ്ഡ് കാർ ഇപ്പോഴുണ്ട്. പാർക്ക് ആന്റ് സെൽ തുടങ്ങിയ നിരവധി പേരുകളിൽ സെക്കന്റ് ഹാന്റ് കാർ വിൽപ്പനശാലകളുണ്ട്. 

എക്സ്റ്റീരിയർ

വാഹനത്തിന്റെ ഭംഗി പ്രധാനമാണ്, ചളുക്കമോ, ഇടിയുടെ ആഘാതമോ വാഹനത്തിന്റെ പുറം ഭാഗത്തുണ്ടോ എന്ന് നോക്കുക.പെയിന്റിന്റെ ചിലയിടങ്ങളിലെ നിറവ്യത്യാസം കാർ അപകടത്തിൽപ്പെട്ടതിന്റെ സൂചനയാണ്. ഇടിച്ചു ചുളുങ്ങിയ ഭാഗം നിവർത്തി പെയിന്റടിച്ച് ചെയ്തതാവാം നിറവ്യത്യാസത്തിനു കാരണം. തുരുമ്പെടുത്ത ഭാഗങ്ങളുണ്ടെങ്കിൽ ആ കാർ ഒഴിവാക്കുന്നതായിരിക്കും നല്ലത്, കാരണം, പാച്ച് വർക്ക് ചെലവേറിയ കാര്യമാണ്. 

ബോണറ്റ് ഉയർത്തി എഞ്ചിൻ കമ്പാർട്ടുമെന്റിന് വളവുണ്ടോയെന്ന് നോക്കുക. വളവുണ്ടെങ്കിൽ മുൻഭാഗം നല്ലൊരു അപകടത്തിൽപ്പെട്ടതാണെന്ന് മനസിലാക്കാം. സ്‌പെയർ ടയർ നീക്കി വീൽവെല്ലിനുള്ളിൽ വെഡിങ് പാടുകൾ ഉണ്ടോയെന്നും ശ്രദ്ധിക്കേണ്ടതുണ്ട്. പിന്നിൽ നിന്നുണ്ടായ ഇടിയുടെ ആഘാതത്തിന്റെ സൂചനകളാവാം ഈ പാടുകൾ. അതുപോലെ തന്നെ ഡോർ ഗ്ലാസുകളും മുൻ പിൻ വിന്റ് ഷീൽഡുകളും ശ്രദ്ധിക്കുക, അതിൽ അവ നിർമ്മിച്ച വർഷത്തിന്റെ അവസാന രണ്ടക്കം രേഖപ്പെടുത്തിയിട്ടുണ്ടാകും, അതും വാഹനം നിർമ്മിച്ച വർഷവും തമ്മിൽ ഒത്തുനോക്കിയാൽ അവ മാറിയിട്ടുണ്ടോ എന്ന് മനസിലാക്കാം. കൂടാതെ ഡോറുകൾ ശരിയായി പരിശോധിച്ചാൽ വശങ്ങളിൽ നിന്ന് ആഘാതം ഏറ്റിട്ടുണ്ടെങ്കിൽ മനസിലാക്കാൻ സാധിക്കും. 

ഇന്റീരിയർ

സ്വന്തം കാറിന്റെ ഉള്ളിൽ നോക്കിയാൽ ഒരാളുടെ സ്വഭാവം അറിയാൻ സാധിക്കുമെന്നാണ് പറയാറ്. കാറിനെ സ്വന്തം കുടുംബാംഗത്തേപ്പോലെയാണ് കാണുന്നതെങ്കിൽ ഉടമ ഇന്റീരിയറിന്റെ വൃത്തിക്ക് പ്രാധാന്യം നൽകും. അപ്‌ഹോൾസ്റ്ററി, ഡാഷ്‌ബോർഡ് എന്നിവയുടെ അവസ്ഥ വിലയിരുത്തുക. ക്ലച്ച്, ആക്‌സിലേറ്ററ്, പെഡലുകൾ, എന്നിവയുടെ അമിതതേയ്മാനം കാർ വളരെ കൂടുതൽ ഉപയോഗിച്ചിരുന്നു എന്നതിന്റെ തെളിവാണ്. എസി, സ്റ്റീരിയോ എന്നിവയും ഉപയോഗിച്ചു നോക്കിയശേഷം തൃപ്തിപ്പെടുക. വൈപ്പർ, വിൻഡ് സ്‌ക്രീൻ വാഷർ സിസ്റ്റം, പവർ വിൻഡോകൾ എന്നിവയും പ്രവർത്തിപ്പിച്ചുനോക്കുക.

എഞ്ചിൻ

എഞ്ചിൻ നല്ല കണ്ടീഷനിലുള്ള കാറാണെന്ന് ഉറപ്പുവരുത്തിയില്ലെങ്കിൽ കീശ കാലിയാവുന്നതറിയില്ല. എത്ര ശ്രദ്ധിച്ചാലും എഞ്ചിന്റെ പ്രവർത്തന മികവ് പൂർണ്ണമായും നമുക്ക് അറിയാൻ സാധിക്കുകയില്ല, അതിനാൽ പരിചയമുള്ളൊരു മെക്കാനിക്കുമായി വാഹനം നോക്കാൻ പോകുന്നതായിരിക്കും ഉചിതം.  

കുറച്ചു ദൂരം കാർ ഡ്രൈവ് ചെയ്ത് നോക്കാം. എഞ്ചിൻ പെർഫോർമൻസ്, സസ്‌പെൻഷൻ, ബ്രേക്ക്, ഗിയർ ബോക്‌സ് എന്നിവ പരിശോധിക്കാൻ ഓടിച്ചുനോക്കുകതന്നെ വേണം. ടെസ്റ്റ് ഡ്രൈവ് നടത്തുകയും രേഖകൾ  കൃത്യമായി പരിശോധിച്ച് ബോധ്യപ്പെടുകയും ചെയ്തങ്കിൽ ഇനി മുഴുവൻ തുകയും കൊടുത്ത് ഉടനടി കാർ വാങ്ങുകയാണ് ഉത്തമം. 

ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങൾ

  1. കാറിന്റെ സർവീസ് ഹിസ്റ്ററി പരിശോധിക്കുക. തുടർച്ചയായി ഒരു സർവീസ് സെന്ററിൽ മാത്രം സർവീസ് ചെയ്ത കാറാണെങ്കിൽ അത്യുത്തമം. കൂടാതെ ഇൻഷ്വറൻസിന്റെ പേപ്പറുകൾ ശരിയായി പരിശോധിക്കുകയാണെങ്കിൽ വാഹനം ക്ലെയിം ചെയ്തിട്ടുണ്ടോ എന്ന് മനസിലാക്കാൻ സാധിക്കും.

  2. മോഡിഫൈ ചെയ്ത കാർ ഓഴിവാക്കാൻ ശ്രമിക്കുക. കാരണം എത്ര നിലവാരത്തിലാണ് മോഡിഫൈ ചെയ്തത്, എന്തുതരത്തിലുള്ള മോഡിഫിക്കേഷൻ കാറിൽ വരുത്തിയിട്ടുണ്ട് എന്ന് ശരിക്കും അറിയാൻ സാധിക്കുകയില്ല. 

  3. റീപെയിന്റ് ചെയ്ത കാർ ഒഴിവാക്കുക. 

  4. കമ്പനി നിർത്തലാക്കിയ മോഡലുകൾ ഒഴിവാക്കുന്നത് നല്ലതായിരിക്കും.