Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വേണം വൈപ്പർ ബ്ലേഡുകൾക്കും ശ്രദ്ധ

windscreen wiper

ഉപയോഗിക്കുന്നവരുടെ അറിവില്ലായ്മയും മിഥ്യാധാരണകളും മൂലം ഏറ്റവും കൂടുതൽ അവഗണിക്കപ്പെടുന്നവയാണ് വാഹനങ്ങളിലെ വൈപ്പർ ബ്ലേഡുകൾ. ഇന്ന് ഉപയോഗിച്ചുകൊണ്ടിരിക്കുന്നവയിൽ ഭൂരിഭാഗം ബ്ലേഡുകളും റീപ്ലേസ്മെന്റ് കാലാവധിക്കുശേഷവും വലിഞ്ഞും ഞരങ്ങിയും വിഷമിച്ച് വൈപ്പിങ് തുടർന്നുകൊണ്ടിരിക്കുന്നു. തേഞ്ഞുതീർന്നവയും വേർപെട്ടിരിക്കുന്നവയുമാണ് മിക്ക ബ്ലേഡുകളും. മറ്റുള്ളവ കാഴ്ചയിൽ പ്രശ്നക്കാരല്ലെന്നു തോന്നുമെങ്കിലും ഡ്യൂട്ടി സമയത്ത് പ്രശ്നക്കാരായി മാറുന്നവതന്നെ.

ഡ്രൈവിങ്ങുമായി ബന്ധപ്പെട്ട തൊണ്ണൂറു ശതമാനം തീരുമാനങ്ങളും കൈക്കൊള്ളുന്നത് തടസ്സരഹിതവും വ്യക്തവുമായ റോഡ് വ്യൂവിനെ മുൻനിർത്തിയാണ്. അപ്പോൾ, വ്യക്തമായ കാഴ്ചയ്ക്കു തടസ്സം നിൽക്കുന്നതെന്തും ഗുരുതരമായ പ്രശ്നം സൃഷ്ടിക്കുന്നവയുമാണ്.

ഉദാഹരണത്തിന്, മഴക്കാലത്തെ പ്രശ്നക്കാരുടെ കാര്യം തന്നെ എടുക്കാം. മഴവെള്ളവും ഈർപ്പവും റോഡിൽ നിന്നു തെറിക്കുന്ന ചെളിവെള്ളവും മറ്റും വിൻഡ്ഷീൽഡിൽ പതിപ്പിക്കുമ്പോൾ ഡ്രൈവിങ് വളരെ ദുർഘടം നിറഞ്ഞതാകുന്നു. ശരിയായി പ്രവർത്തിക്കുന്ന വൈപ്പറുകളുടെ അഭാവം കൂടിയായാൽ പറയുകയും വേണ്ട. ശ്രദ്ധ അൽപ്പമൊന്നു തെറ്റിയാൽ വണ്ടിയെ വർക്ഷോപ്പിലും വണ്ടിക്കാരനെ ആശുപത്രിയിലും ‘ട്രീറ്റ്മെന്റിനിടാം. ശരിയായി പ്രവർത്തിക്കുന്ന വൈപ്പറുകളുടെ ആവശ്യം കീശ ചോർന്നു കഴിയുമ്പോൾ മനസ്സിലാകുകയും ചെയ്യും.

പൊടി, പക്ഷിക്കാഷ്ഠം തുടങ്ങിയവ വൈപ്പർ ബ്ലേഡുകളുടെ അരികുകൾക്ക് നാശം വരുത്തുന്നവയാണ്. അരികുകൾ നഷ്ടമായ ബ്ലേഡിന്റെ വിടവുകളിൽ വെള്ളം കയറിയിരിക്കും. വൈപ്പ് ചെയ്യുമ്പോൾ ഈ വെള്ളം പൊടിയും മറ്റുമായി കൂടിച്ചേർന്ന് ഗ്ലാസിൽ പാടുകൾ അവശേഷിപ്പിക്കുകയും ചെയ്യും.

ൎശരിയായ വൈപ്പിങ്ങിന്, ആറുമാസം കൂടുമ്പോൾ വൈപ്പർ ബ്ലേഡുകൾ മാറിയിടണമെന്നാണ് വിദഗ്ധന്മാർ നിർദേശിക്കുന്നത്. കാരണം, ബ്ലേഡുകളുടെ അൽപ്പായുസ് തന്നെ.

സ്വാഭാവിക റബർ കൊണ്ടുണ്ടാക്കുന്ന ബ്ലേഡുകൾ പെട്ടെന്ന് ഉപയോഗരഹിതമാകും. എന്നാൽ സിന്തറ്റിക് റബറും അതുാപെല ഹാലൊജൻ ചേർത്ത റബറും കൊണ്ടുണ്ടാക്കുന്ന ബ്ലേഡുകൾ താരതമ്യേന കൂടുതൽ കാലം പ്രവർത്തിക്കും. പക്ഷേ, പാരിസ്ഥിതിക ഘടകങ്ങൾക്ക് ഇവയെല്ലാം ഇരയാകുന്നത് ഒരേപോലെ തന്നെ.

വൈപ്പറുകൾ ഉപയോഗശൂന്യമാകാൻ അധിക തവണ ഉപയോഗിക്കണമെന്നൊന്നുമില്ല. ഉപയോഗിച്ചില്ലെങ്കിൽപ്പോലും റബർ പെട്ടെന്ന് ഉപയോഗശൂന്യമാകുന്നുണ്ട്. വെയിലും ഓസോണുമാണ് റബറിന്റെ ആയുസ്സിനെ പ്രതികൂലമായി ബാധിക്കുന്ന വില്ലൻമാർ. റബറിന്റെ മേലുള്ള ഈ വില്ലൻപ്രയോഗങ്ങൾ വിൻഡ്ഷീൽഡിൽ ഒരു പെർമനന്റ് സെറ്റ് രൂപപ്പെടുത്തുന്നു. ദീർഘസമയം വെയിലത്ത് പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കാണ് ഇത് കൂടുതൽ പ്രശ്നമുണ്ടാക്കുന്നത്. പിന്നീട്, വൈപ്പറുകൾ ഉപയോഗിക്കുമ്പോൾ പോറൽ വീഴാനും ശബ്ദമുണ്ടാകാനുമൊക്കെ തുടങ്ങുകയായി.

തണുത്ത കാലാവസ്ഥ വൈപ്പർ ഹോൾഡറുകളുടെ പ്രവർത്തനത്തെയും പ്രതികൂലമായി ബാധിക്കും. ബ്ലേഡുകൾ കട്ടിയാവുന്നതുമൂലം ഹോൾഡറുകൾക്ക് അധികപ്പണി ചെയ്യേണ്ടിവരുന്നു. ഇത് തുടർച്ചയായ വൈപ്പിങ്ങിനെ അലോസരപ്പെടുത്തുകയും ചെയ്യുന്നു.

നിങ്ങളുടെ വാഹനത്തിന്റെ വൈപ്പറുകൾ ശബ്ദമുണ്ടാക്കുന്നവയോ പോറൽ വീഴ്ത്തുന്നവയോ വൃത്തിയായും തുടർച്ചയായും വൈപ്പിങ് ചെയ്യുന്നവയുമോ അല്ലെങ്കിൽ പുതിയ വൈപ്പറുകൾ എത്രയും വേഗം വാങ്ങിയിടുക. ശരിയായി പ്രവർത്തിക്കുന്ന വൈപ്പർ ബ്ലേഡുകൾ സുഗമമായ ഡ്രൈവിങ്ങിന് അത്യന്താപേക്ഷിതമാണ്. അതിനാൽ യഥാസമയം വൈപ്പർ സുരക്ഷ ഉറപ്പു വരുത്തുക.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.