Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആൽഫി 2017 മോ‍ഡൽ

വിനോദ് നായർ
Illustration: Ajo Kaitharam Illustration: Ajo Kaitharam

ടൂറിസം മന്ത്രി ടൂറിസത്തിനു സൈഡ് പിടിക്കുന്നതിൽ തെറ്റില്ല, ടൂറിസ്റ്റ് ബസിന് സൈഡ് കൊടുത്താൽ ശരിയാകില്ലെന്ന് അൽഫോൻസ് കണ്ണന്താനം പറയും.  ചേർ‌ത്തലയിൽ ഒരിക്കൽ ടൂറിസ്റ്റ് ബസിന് സൈഡ് കൊടുത്തപ്പോഴാണ് അൽഫോൻസ് കണ്ണന്താനം ഓടിച്ച കാർ തലകുത്തി മറിഞ്ഞത്.  മീഡിയനിൽ കയറി വൈദ്യുതി പോസ്റ്റിലിടിച്ച് മൂന്നു തവണ കരണം മറിയുന്നതു കണ്ട്  തൊട്ടുപിന്നാലെ വന്ന മറ്റൊരു വണ്ടിയും  മറിഞ്ഞു.

കാറിന്റെ ഡോർ പൊളിച്ച് കണ്ണന്താനത്തെ പുറത്തിറക്കിയത് അപകടസ്ഥലത്തെ കടക്കാരനാണ്.  പരുക്കൊന്നും പറ്റാതെ രണ്ടു കാലിൽ നിന്ന കണ്ണന്താനത്തെ നോക്കി കടക്കാരൻ പറഞ്ഞു ‘‘ജീവനുണ്ടോ എന്നു നോക്കാനാണു ഞാൻ വന്നത്..’’

കണ്ണന്താനം പറഞ്ഞു.. ‘‘ചുമ്മാ തള്ളരുത് !

കാർ കിടക്കുന്നതു ചൂണ്ടിക്കാണിച്ചിട്ടു കടക്കാരൻ തിരിച്ചടിച്ചു... ഇനി തള്ളിയാലും ഈ കാർ അനങ്ങില്ല. അന്ന് കണ്ണന്താനം കാഞ്ഞിരപ്പള്ളി എംഎൽഎയാണ്. ബജറ്റ് സമ്മേളനം കഴിഞ്ഞ് തിരുവനന്തപുരത്തു നിന്ന് കൊച്ചിക്ക് ഡ്രൈവ് ചെയ്യുമ്പോഴായിരുന്നു അപകടം. നല്ല സ്പീഡിലായിരുന്നു വരവ്. ചപ്ളാംകട്ട പോലെ ചളുങ്ങിപ്പോയ കാർ പിന്നെ ആക്രിവിലയ്ക്ക് അവിടെ നിന്നു തന്നെ വിറ്റു. 

ഡ്രൈവറില്ലാത്ത എംഎൽഎ ആയിരുന്നു കണ്ണന്താനം.  കാഞ്ഞിരപ്പള്ളിയിലെ റബർപ്പാലൊഴുകുന്ന വഴികളിലൂടെ സ്വയം ജീപ്പോടിച്ചു നടക്കുന്നതായിരുന്നു ഹോബി. വഴിയിൽ ആരെക്കണ്ടാലും വണ്ടി നിർത്തും.  സംസാരിക്കും. ഇങ്ങനെ ഡ്രൈവ് ചെയ്യുമ്പോൾ ഒരു കുട്ടി ബൈക്ക് ഓടിച്ച് കണ്ണന്താനത്തിന്റെ മുന്നിൽപ്പെട്ടു.  അവനെ തടഞ്ഞു നിർത്തി കണ്ണന്താനം ചോദിച്ചു.. ‘നിന്റെ പ്രായം എത്രയാ’?

കുട്ടി പറഞ്ഞു.. ‘ചർമം കണ്ടാൽ പ്രായം തോന്നുകയേയില്ല. ഞാൻ രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴേ ബൈക്ക് ഓടിക്കുന്നതാ...’!

അവന്റെ പിടലിക്ക് ഒരു പെടയും നാല് ഉപദേശവും കൊടുത്ത് ബൈക്കിന്റെ കീയും ഊരി എടുത്തിട്ട് കണ്ണന്താനം നാട്ടുകാരോടു പറഞ്ഞു.. ‘ഇവന്റെ നാക്കിനു ലൈസൻസില്ല. ബൈക്ക് ഓടിക്കാൻ പ്രായവുമായിട്ടില്ല’. അന്നും ഇന്നും റോഡിൽ നിയമം തെറ്റിക്കുന്നത് കണ്ണന്താനത്തിന് ഇഷ്ടമല്ല.

മുംബൈയിലും ‍ഡൽഹിയിലും ബെംഗളൂരുവിലുമൊക്കെ രാത്രിയിൽ ഡ്രൈവ് ചെയ്യുമ്പോൾ മറ്റു വണ്ടികളെല്ലാം സിഗ്‌നൽ നോക്കാതെ കടന്നുപോയാലും പച്ച  തെളിയാൻ ക്ഷമയോടെ കാത്തിരിക്കാറുണ്ട് കണ്ണന്താനം. അങ്ങനെ ക്ഷമയോടെ കാത്തിരുന്നതുകൊണ്ടാണ് ഒരു ദിവസം പച്ച സിഗ്‌നൽ തെളിഞ്ഞതും ഒരുപാടു പേരെ ഓവർടേക് ചെയ്ത് കേന്ദ്രമന്ത്രിക്കസേരയിൽ എത്തിയതും. ഏതു വാഹനത്തിൽ കയറിയാലും ഡ്രൈവിങ് സീറ്റിൽ ഇരിക്കാനാണ് കണ്ണന്താനത്തിന് ഇഷ്ടം. ഇതു പറ്റാത്തതിനാൽ വിമാനയാത്ര ഇഷ്ടമല്ല. പിന്നെ വിമാനത്തിൽ കയറിയാൽ എല്ലാവരും വെറുതെ മസിലുപിടിച്ചിരിക്കും. അടുത്തിരിക്കുന്നവരോടു പോലും മിണ്ടില്ല. അത്തരക്കാരോടുള്ള ദേഷ്യം തീർക്കുന്നത് മുഴുവൻ നേരവും പുസ്തകം വായിച്ചാണ്. 

കേന്ദ്രമന്ത്രി ആയതിനുശേഷവും ഡൽഹിയിലൂടെ സ്വയം ഡ്രൈവ് ചെയ്യാറുണ്ട്.  പൊലീസിനോടും സുരക്ഷാ ഉദ്യോഗസ്ഥരോടും ഇക്കാര്യം പറഞ്ഞിട്ടുമുണ്ട്. കേരളത്തിലെ എല്ലാ ജില്ലകളിലും വണ്ടി ഓടിച്ചിട്ടുണ്ടെങ്കിലും ഇപ്പോൾ നാട്ടിലെത്തുമ്പോൾ ‍സ്വന്തം ഡ്രൈവിങ് നടക്കാറില്ല. അതിനു കാരണം വണ്ടിയിൽ നിറയെ രാഷ്ട്രീയക്കാരുടെ തിരക്കാണെന്നു കണ്ണന്താനം പറയാറുമില്ല. എങ്കിലും അധികം വൈകാതെ കേരളത്തിലൂടെ സ്വയം വണ്ടി ഓടിച്ചു നടക്കുന്ന ആദ്യത്തെ കേന്ദ്രമന്ത്രിയായിരിക്കും കണ്ണന്താനം !

നൂറിലധികം രാജ്യങ്ങളിൽ യാത്ര ചെയ്തിട്ടുള്ള ടൂറിസം മന്ത്രിക്ക് നമ്മുടെ നാടിനെപ്പറ്റി ഒരു പരാതിയുണ്ട്. തട്ടുകടകൾ ഒഴിച്ചാൽ കേരളത്തിൽ നൈറ്റ് ലൈഫേയില്ല.  രാത്രി ഏഴു മണി കഴിഞ്ഞാൽ റോഡുകളെല്ലാം പായ വിരിച്ച് ഉറങ്ങാൻ കിടക്കും. കണ്ടിട്ടുള്ളതിൽ ഏറ്റവും അധികം നൈറ്റ് ലൈഫുള്ളത് സ്പെയിനിലും ഇറ്റലിയിലും ഗ്രീസിലും ഒക്കെയാണ്.ഇഷ്ടവാഹനം സ്കോർപിയോ. ഇപ്പോൾ സ്വന്തമായുള്ളത് സണ്ണി.  കണ്ണന്താനത്തെ ഭാര്യ ഷീല വിളിക്കുന്നത് ആൽഫി. പെട്ടെന്നു കേട്ടാൽത്തോന്നും അതും ഒരു വണ്ടിയുടെ പേരാണെന്ന്.. !