സേഫ് അല്ലാത്ത ഒന്നിലും ഇപ്പോഴത്തെ പെൺകുട്ടികൾ കയറി കൊത്തില്ല !

HIGHLIGHTS
  • ആരാ ആ പോയത് ? ഏതോ വായിനോക്കി !
  • എന്തിനാ ഇത്ര സ്പീഡ് ? ഞങ്ങൾ നോട്ട് ചെയ്യാൻ
coffee-brake
SHARE

സൈക്കിളിൽ കൊണ്ടു വിടുക ! പൂവാലന്മാർക്കിടയിൽ പ്രചാരത്തിലുണ്ടായിരുന്ന ഒരു ആചാരമാണിത്. വൈകിട്ട് നാലുമണിയാണ് ഇതിന്  പറ്റിയ ശുഭമുഹൂർത്തം.  കോളജും സ്കൂളും വിട്ട് റോഡിലൂടെ നിരന്നു നടക്കുന്ന പെൺകുട്ടികളുടെ പിന്നാലെ മെല്ലെ സൈക്കിളിൽ പോകുന്ന പരിപാടിയാണിത്.  നല്ല ബാലൻസ് വേണം. ബെല്ലടിയോ സ്പീഡോ പാടില്ല. ഓവർടേക്കിങും ഇല്ല.  പ്രത്യേകിച്ച് ഒരു ഉദ്ദേശവുമില്ലെന്ന മട്ടിൽ നിരുപദ്രവകരമായ ഒരു പിന്തുടരൽ ! 

കമ്പത്തു നിന്ന് ദേശീയപാതയിലൂടെ കാളകളെയും തെളിച്ച് സൈക്കിൾ ചവിട്ടി വരുന്ന തമിഴൻ ചെറുക്കന്റേതിനു തുല്യമായ മെയ് വഴക്കമാണിതിനു വേണ്ടത്. കാളകളുടെ വേഗത്തിനൊപ്പം സൈക്കിൾ ചവിട്ടണം. ഓടിക്കുന്നതിനിടെ കാൽ നിലത്ത് ചവിട്ടാതെ ബാലൻസ് ചെയ്യണം.

കുറച്ചു കാലം ഇങ്ങനെ കൊണ്ടു വിടുന്നതോടെ അതിൽ ഒരു പെൺകുട്ടിയുടെ കണ്ണുകൾ ഈ പൂവാലനുമേൽ വീഴും.  പിന്നെ അവർ രണ്ടുപേരും മാത്രമായി ഈ കൊണ്ടുവിടൽ‌ ആചാരം കുറെക്കാലം കൂടി തുടരും. അങ്ങനെ അവർ പ്രണയത്തിലാകും. അതോടെ പയ്യൻ സൈക്കിളിൽ നിന്നിറങ്ങി തള്ളൽ തുടങ്ങും ! ഉദ്ദേശം എത്ര കിലോമീറ്റർ സൈക്കിൾ ചവിട്ടിയാൽ പ്രണയത്തിലെത്തും എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരമില്ല. കാരണം സൈക്കിളിന് സ്പീഡോമീറ്റർ ഇല്ലാത്തതിനാൽ കണക്ക് എവിടെയും രേഖപ്പെടുത്തിയിട്ടില്ല. 

പ്രണയിക്കുന്ന പെൺകുട്ടിയെ സൈക്കിളിന്റെ ക്രോസ്ബാറിലിരുത്തി, അവളുടെ മുടിയിഴകൾ മുഖത്തേക്കു പറത്തി, സൈക്കിൾ ആഞ്ഞു ചവിട്ടുന്നത് മോഹൻലാലിന്റെയും കുഞ്ചാക്കോ ബോബന്റെയും സിനിമകളിൽ മാത്രം കാണുന്ന ഒരു സർക്കസ് ആണ്. നമ്മുടെ റോഡിൽ അത് എളുപ്പമല്ല.  പെൺകുട്ടികളുടെ കണ്ണിൽപ്പെടാൻ ഏറ്റവും നല്ല വഴി സ്പീഡ് കുറച്ച് അവരെ സമീപിക്കുന്നതാണ് എന്ന ഈ ടെക്നിക് പഴയ തലമുറയുടേതാണ്. പുതിയ തലമുറയുടെ സ്റ്റൈൽ അതിവേഗം, ചെറുദൂരം എന്നതാണ്. 

തിരുവനന്തപുരത്ത് ഒരുവാതിൽക്കോട്ടയിലെ ഞരമ്പിന്റെയത്ര വീതിയുള്ള വഴിയുടെ അരികിൽ ഒരു ഹയർ സെക്കൻഡറി സ്കൂൾ. പ്ളസ് ടു വിദ്യാർഥികൾക്കുള്ള എൻട്രൻസ് പരീക്ഷാ കേന്ദ്രമായിരുന്നു  ആ സ്കൂൾ.  ഈയിടെ ഒരു ഞായറാഴ്ച ഉച്ചയ്ക്ക് പരീക്ഷ കഴിഞ്ഞ് പെൺകുട്ടികൾ പുറത്തിറങ്ങിയ തക്കം നോക്കി സ്കൂളിനു മുന്നിലെ ഞരമ്പിലൂടെ നാലു യുവാക്കൾ ബൈക്കിൽ‌ കത്തിച്ചു വിടുന്നു. ഹെഡ് ലൈറ്റൊക്കെ കൊളുത്തി, ഹോണടിച്ച്, ആൾക്കൂട്ടത്തിനിടയിലൂടെ പാഞ്ഞു പോകുന്ന പയ്യന്മാരെ നോക്കി നിന്ന രണ്ടു പെൺകുട്ടികളോടു ചോദിച്ചു..  ആരാ ആ പോയത് ?

ഏതോ വായിനോക്കി ! എന്തിനാ ഇത്ര സ്പീഡ് ? ഞങ്ങൾ നോട്ട് ചെയ്യാൻ.. എന്നിട്ട് നോട്ട് ചെയ്തോ ?

ഒരുത്തന്റെ ടീ ഷർട്ടിൽ എഴുതി വച്ചത് വായിക്കാൻ നോക്കിയതാ.. പറ്റിയില്ല.  അതു വായിക്കണമെങ്കിൽ അവന്റെ പിന്നാലെ വേറെ ബൈക്കിൽ പോകണം. ‌നിങ്ങൾ പെൺകുട്ടികൾക്ക് സ്പീഡ് ഇഷ്ടമല്ലേ ? ഭയങ്കര ഇഷ്ടമാണ്. ഞങ്ങൾ ബൈക്കിൽ‌ കയറിക്കഴിഞ്ഞിട്ട് സ്പീഡിൽ ഓടിക്കണം. അതെന്തിനാ? ഡാഡിയും ചേട്ടനും കാണാതിരിക്കാൻ. നല്ലൊരു ഷോൾ കൂടിയുണ്ടെങ്കിൽ അച്ഛന്റെ മുന്നിൽപ്പെട്ടാൽപ്പോലും തിരിച്ചറിയില്ല ! മെല്ലെ മെല്ലെ മുഖപ‌‌‌ടം തെല്ലുയർത്തി എന്ന പാ‌‌‌‌‌‌ട്ടു കേട്ടാൽപ്പോലും ഷോൾ മുഖത്തു നിന്നു മാറ്റരുതെന്നേയുള്ളൂ. സേഫ് അല്ലാത്ത ഒന്നിലും ഇപ്പോഴത്തെ പെൺകുട്ടികൾ കയറി കൊത്തില്ല !

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN COFFEE BRAKE
SHOW MORE
FROM ONMANORAMA