അമ്മ എന്തിനാ ആ കൃഷ്ണനെ ക്രോസ് ചെയ്യാൻ സമ്മതിച്ചത് ?

coffee-brake-march
Illustration : Sreekanth S
SHARE

അന്ന് ജന്മാഷ്ടമിയായിരുന്നു. ഉത്തരേന്ത്യ വൃന്ദാവനമായി. റോഡിലൂടെ ചെറുസംഘങ്ങൾ നാസിക് ധോലിൽ താളമിട്ട് ഭജനകൾ പാടി നീങ്ങുന്നുണ്ടായിരുന്നു. ഉച്ച കഴിഞ്ഞ നേരം നോക്കി ഇഷയും മകൾ ആറുവയസുകാരി അനാമികയും ചെറിയ കാറിൽ കാഴ്ചകൾ കാണാനിറങ്ങിയതാണ്. മഥുരയിലേക്കുള്ള നാലുവരിപ്പാത. സീബ്രാ ക്രോസിങ്ങിൽ കാർ നിർത്തിയപ്പോൾ ഇഷ ചോദിച്ചു.. അനൂന് കൃഷ്ണനെ കാണണോ ? നോക്കൂ..കാറിനു മുന്നിലൂടെ ശ്രീകൃഷ്ണന്റെ വേഷമിട്ട ഒരാൾ റോഡ് ക്രോസ് ചെയ്യുന്നു. 

കയ്യിൽ സ്വർണക്കടലാസ് ചുറ്റിയ ഓടക്കുഴൽ. കിരീടവും കഴുത്തിൽ നിറയെ മാലകളും. ഉടലിന് നീലനിറം. അമർ ചിത്രകഥകളിൽ കാണാറുള്ള അതേ കണ്ണൻ !ജന്മാഷ്ടമി ആഘോഷങ്ങളിൽ പങ്കെടുക്കാൻ കൃഷ്ണന്റെ വേഷമിട്ടു പോകുന്ന ‌കലാകാരന്മാരിൽ ഒരാളാണെന്ന് ഇഷയ്ക്കു മനസ്സിലായി. ഇഷ മെല്ലെ ഹോണടിച്ചു. ഹോൺ ശബ്ദത്തിനു പകരം കേട്ടത് ഓടക്കുഴൽ നാദം !ശബ്ദം കേട്ട് ശ്രീകൃഷ്ണൻ കാറിനുള്ളിലേക്കു തിരിഞ്ഞു നോക്കി. അനാമികയുടെ കുഞ്ഞിക്കണ്ണുകളിലെ അത്ഭുതം കണ്ട് കൈവീശി.. ‌ പിന്നെ ഓടക്കുഴലെടുത്ത് ചുണ്ടിൽ‌ ചേർത്തു ! 

കൃഷ്ണന്റെ വേഷമിട്ടയാൾ കാറിന്റെ മുന്നിലൂടെ നടന്ന് അപ്പുറം കടന്നതും വലതുവശത്തുകൂടി പാഞ്ഞു വന്ന ലോറി അയാളെ ഇടിച്ചു വീഴ്ത്തിയതും ഒരുമിച്ചായിരുന്നു. ചെത്തിപ്പൂങ്കുലയിൽ നിന്ന് ചുവന്ന അല്ലികൾ പോലെ എന്തോ ചിതറുന്നതു കണ്ടു. ചോരയോ, അതോ കഴുത്തിലെ പൂമാലകൾ ഞെട്ടറ്റതോ !? അനാമിക ഉറക്കെ നിലവിളിച്ചു.ഇഷ പറഞ്ഞു.. മോള് കണ്ണടച്ചുപിടിച്ചോ.. അമ്മ പറയുന്നതു വരെ തുറക്കല്ലേ.. ഒരേ സമയം ഒന്നിലധികം വാഹനങ്ങൾ സമാന്തരമായി ഓടുന്ന ദേശീയപാതയാണ്.  ഇഷയുടെ കാറിന്റെ തൊട്ടടുത്തുള്ള ട്രാക്കിലൂടെ പാഞ്ഞുവന്ന ലോറി സീബ്രാ ക്രോസിങ്ങിൽ സ്പീഡ് കുറയ്ക്കാതെ ആളെ ഇടിച്ചു കടന്നു പോയതാണ്.

വാഹനങ്ങൾ അവിടെ നിന്നും ഇവിടെ നിന്നും ഓടിവന്ന് ബ്രേക്കിടുന്ന ശബ്ദം കേൾക്കാൻ തുടങ്ങി. കാക്കക്കൂട്ടങ്ങൾ പറന്നടുക്കുന്നതുപോലെ ഇഷയ്ക്കു തോന്നി.  രക്ഷപ്പെടാൻ കാറുമായി അവൾ വേഗം മുന്നോട്ടോടി. തിരക്കൊഴിഞ്ഞ ഒരിടത്ത് വണ്ടി നിർത്തി, ശ്വാസം അയച്ചു വിട്ട് ഇഷ മകളെ നോക്കി. പാവം കുട്ടി. കണ്ണിറുക്കിപ്പിടിച്ചിരിക്കുകയാണ്. മകളുടെ മുടിയിഴകളിൽ തൊട്ടുകൊണ്ടു ചോദിച്ചു... മോള് പേടിച്ചുപോയോ?

മകൾ ചോദിച്ചുകൊണ്ടേയിരിക്കുന്നു.. നമ്മൾ കണ്ട ആ കൃഷ്ണനു വല്ലതും പറ്റിക്കാണുമോ ?  അമ്മ എന്തിനാ ആ കൃഷ്ണനെ ക്രോസ് ചെയ്യാൻ സമ്മതിച്ചത് ? എന്താ നമ്മുടെ വണ്ടിയിൽ ആശുപത്രിയിൽ കൊണ്ടുപോവാത്തത്.. ? കൃഷ്ണന് അപകടം പറ്റിയാൽ പിന്നെ ആരാ ഇന്ന് ഓടക്കുഴൽ വായിക്കുക.. ?ഉത്തരങ്ങൾ കിട്ടാതെ ഇഷ മകളെ നോക്കിയിരുന്നു. മകൾ പറയുന്നു..  എനിക്കു പേടിയാകുന്നു. നമുക്കു വീട്ടിൽപ്പോകാം, അമ്മേ...ഇഷ കാർ തിരിച്ചുവിട്ടു. ദൂരെ നിന്ന് ജന്മാഷ്ടമിയുടെ മറ്റൊരു ഘോഷയാത്ര വന്ന് വഴി നിറഞ്ഞു. 

കുറെ ഗോപികമാർ പാട്ടിന്റെ താളത്തിനൊത്ത് വട്ടത്തിൽ ചുവടുവച്ച് കോലടിച്ച് നൃത്തം ചെയ്തുകൊണ്ടിരുന്നു. അവരുടെ നടുവിൽ നിന്ന് ആരവങ്ങളോടെ ഒരു മനുഷ്യത്തൂൺ മുകളിലേക്ക് ഉയർന്നു വന്നു. ആ തൂണിന്റെ ഏറ്റവും മുകളിൽ അതാ ശ്രീകൃഷ്ണൻ ! കിരീടം, മയിൽപ്പീലി, ഓടക്കുഴൽ..ആകാശത്ത് തൂങ്ങുന്ന വെണ്ണക്കുടത്തിനു നേരെ ആ കണ്ണൻ ഓടക്കുഴൽ ആഞ്ഞുവീശി.  വെണ്ണക്കുടം പൊട്ടി നാലുപാടും ചിതറിയത് വെളുത്ത് ആർദ്രമായ മേഘത്തുണ്ടുകൾ...

‌ഇഷ ഉറക്കെപ്പറഞ്ഞു.. അതാ നോക്കൂ, മോളുടെ കൃഷ്ണന് ഒന്നും പറ്റിയിട്ടില്ല. മകൾ പറഞ്ഞു.. ഹോ.. ഇത്രയും നേരം ഞാൻ കാറിലിരുന്ന് പ്രാർഥിക്കുവാരുന്നു..അമ്മയുടെ ചോദ്യം : ആരോടാ മോൾ പ്രാർഥിച്ചത്? കൃഷ്ണനോട്... എന്നു മകളുടെ മറുപടി. അമ്മ ചിരിച്ചു.. കൃഷ്ണനൊന്നും പറ്റല്ലേയെന്ന് മോൾ കൃഷ്ണനോടു തന്നെ പ്രാർഥിച്ചോ.. !മകളുടെ ചുണ്ടിലെ ചിരി മായും മുമ്പേ വീട്ടിലെത്താൻ ഇഷ കാർ പായിച്ചു വിട്ടു..

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN COFFEE BRAKE
SHOW MORE
FROM ONMANORAMA