ADVERTISEMENT

ബൈക്ക് അപകടത്തിൽ മക്കൾ നഷ്ടപ്പെട്ട അച്ഛന്മാർക്കെല്ലാം അടുത്തു ചെന്നു നോക്കിയാൽ ഒരേ മുഖമാണ്. അക്ഷരങ്ങൾ മാഞ്ഞുപോയ സ്ളേറ്റിലെ ശൂന്യത ! ഏക മകൻ അപകടത്തിൽ മരിച്ച ഒരു ‍ഡ്രൈവറുടെയൊപ്പം രാത്രിയിൽ യാത്ര ചെയ്യുകയായിരുന്നു ഞാൻ.. ഇരുളിലൂടെ കാറോടുമ്പോൾ പിന്നിൽ നിന്നും മുന്നിൽ നിന്നും ഇടയ്ക്കിടെ വന്നു മൂളിപ്പാഞ്ഞുപോകുന്ന ബൈക്കുകളെ നോക്കി അയാൾ നിശബ്ദനായി ഒരേ വേഗതയിൽ ഡ്രൈവ് ചെയ്തുകൊണ്ടേയിരുന്നു. കൊച്ചി നഗരത്തിലെ ഒരു കോൾ ടാക്സിയുടെ ഡ്രൈവറാണ് അയാൾ. ‍‍ മകൻ മരിച്ചതോടെ ആറുമാസം മുമ്പാണ് ഗൾഫിലെ ജോലി രാജിവച്ച് നാട്ടിലെത്തിയത്.  

ഗൾഫിലും അയാൾ ഡ്രൈവറായിരുന്നു.  ഉറുദു കവി കൂടിയായ ഒരു ബിസിനസുകാരനായിരുന്നു അവിടെ അയാളുടെ മുതലാളി.  മുതലാളിക്ക് മലയാളി ഡ്രൈവർമാരെ വലിയ മതിപ്പായിരുന്നു.  കാമുകിയുടെ കവിളുകളിൽ വിരലോടിക്കുന്നതുപോലെ സ്മൂത്തായി ഡ്രൈവ് ചെയ്യുന്നവർ എന്നായിരുന്നു മലയാളികളെപ്പറ്റി അദ്ദേഹത്തിന്റെ കമന്റ് !  ഒരിക്കൽ ബംപിൽ കയറി കാറൊന്നു പാളിയപ്പോൾ  മുതലാളി പറഞ്ഞത്രേ... കാമുകിയുടെ കവിളിൽ പിംപിളും ഉണ്ട്, ശ്രദ്ധിക്കണം..!

ഡിഗ്രിക്കു പഠിക്കുമ്പോഴായിരുന്നു ബൈക്ക് അപകടത്തിൽ ആ ഡ്രൈവറുടെ മകന്റെ മരണം.  ആ സമയത്തൊക്കെ അയാൾ ഗൾഫിലായിരുന്നു. ഭാര്യയും രണ്ടു മക്കളും നാട്ടിലും. ഓരോ തവണയും അവധിക്കു നാട്ടിലെത്തി റോഡിലൂടെ യാത്ര ചെയ്യുമ്പോൾ പിന്നിൽ നിന്നു വന്ന് റോങ്സൈഡിലൂടെ ഓവർടേക്ക് ചെയ്യുന്ന യുവാക്കൾ അയാളെ വല്ലാതെ പേടിപ്പിച്ചിരുന്നു. എന്തിനാണ് എല്ലാ ചെറുപ്പക്കാരും റോങ്സൈഡിലൂടെ മാത്രം ഓവർടേക് ചെയ്യുന്നത് ?ആരോ പറഞ്ഞു.. നാട്ടിലെ റോഡുകളിൽ  വലത്തു വശത്തുകൂടി ഓവർടേക് ചെയ്യാൻ  ഒരിക്കലും സ്പേസ് കിട്ടില്ല.

അതുകൊണ്ടു തന്നെ എത്ര ആവശ്യപ്പെട്ടിട്ടും മൂത്ത മകന് അയാൾ ബൈക്ക് വാങ്ങിക്കൊടുത്തതുമില്ല. മകനാകട്ടെ അച്ഛനും അമ്മയും അറിയാതെ കൂട്ടുകാരന്റെ ബൈക്കിൽ കറങ്ങി നടക്കലായിരുന്നു ഹോബി. അങ്ങനെ ഒരു യാത്രയ്ക്കിടെയായിരുന്ന അപകടം. രാത്രിയിൽ അവൻ ഓടിച്ച ബൈക്ക് ഓവർടേക്കിങ്ങിനിടെ കാറിൽ തട്ടി നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു.  ഗൾഫിൽ നിന്ന് അച്ഛൻ വരാനായി  ആ മകൻ അഞ്ചു ദിവസം വെന്റിലേറ്ററിൽ കാത്തുകിടന്നു.  അയാൾ വന്ന ദിവസം തന്നെ മകന്റെ മരണ വിവരം ഡോക്ടർമാർ അറിയിച്ചു.  അഞ്ചുലക്ഷം രൂപയോളം ആശുപത്രിയിലെ ബില്ലടച്ചിട്ട് മൂത്തമകന്റെ മൃതദേഹവുമായി വീട്ടിലേക്കു മടങ്ങുമ്പോൾ ആ അച്ഛന്റെ ഗൾഫ് സമ്പാദ്യത്തിൽ ഒന്നര ലക്ഷം രൂപ മാത്രം ബാക്കി. 

ആ തുക കൊണ്ട് അയാൾ ഇളയ മകന് ഒരു ബൈക്ക് വാങ്ങിക്കൊടുത്തു !വീണ്ടും ഒരു ബൈക്ക് ! കേട്ടവർക്ക് അതു വിശ്വസിക്കാൻ കഴിഞ്ഞില്ല.  പലരും ചോദിച്ചു.. നിങ്ങൾക്ക് എങ്ങനെ ധൈര്യം വന്നു.?ചെറിയ കുട്ടിയായിരിക്കെ മൂത്തമകനെയും കൊണ്ട് റോഡിലൂടെ നടക്കുമ്പോൾ ആ അച്ഛനും അമ്മയും അവനെ അവരുടെ നടുക്കു നിർത്തുമായിരുന്നു. പാഞ്ഞു പോകുന്ന വണ്ടികളിൽ നിന്ന് അവന് അപകടം പറ്റാതിരിക്കാൻ അവന്റെ കൈയിലെ പിടി ഒരിക്കലും അവർ അയച്ചിരുന്നില്ല. പുതിയ ബൈക്കിന്റെ കീ ഇളയ മകന്റെ കൈയിൽ വച്ചുകൊടുക്കുമ്പോൾ അയാൾ പറഞ്ഞു.. നിന്റെ ചേട്ടൻ ഒരുപാടു തവണ ചോദിച്ചിട്ടും ഞാൻ ബൈക്ക് വാങ്ങിക്കൊടുത്തില്ല. എന്നിട്ടെന്തുണ്ടായി.. !ഇളയ മകൻ അച്ഛന്റെ കൈകളിൽ മുറുകെപ്പിടിച്ചിട്ടു പറഞ്ഞു... അച്ഛന് എന്നെ വിശ്വസിക്കാം. ഇനി ഒരു അപകടം കൂടി താങ്ങാൻ നമ്മുടെ വീടിന് ശക്തിയില്ല.  അതുകൊണ്ട് ഞാൻ ഒരിക്കലും തെറ്റായി ബൈക്ക് ഓടിക്കില്ല. അവന്റെ അമ്മ അതിനു സാക്ഷിയായി അരികെ നിൽപ്പുണ്ടായിരുന്നു !

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com