ADVERTISEMENT

യാത്രകളിലെ കാഴ്ചകൾ ആത്മരതികളുടെ സെൽഫികളാകുന്ന കാലത്തിനു മുമ്പുള്ള കഥയാണ്. യാത്രയ്ക്കിടയിൽ കണ്ണുടക്കുന്ന കാഴ്ചകൾ കാണുന്ന മാത്രയിൽത്തന്നെ വണ്ടി നിർത്തി ചാടിയിറങ്ങി അവ നോക്കി നിന്ന് രേഖാചിത്രങ്ങളായി വരയ്ക്കുന്ന ഒരാളുണ്ട് – തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രൻ.

ബിപിന്റെ അലമാരയിൽ ഇത്തരം തൽസമയ ചിത്രങ്ങളുടെ കുറെ ആൽബങ്ങളുണ്ട്. ഈയിടെ നോക്കുമ്പോൾ  മൂന്നാറിനെപ്പറ്റിയുള്ള ആൽബത്തിലെ ഒരു ചിത്രം കാണാനില്ല. അത് ഇസബെലിന്റേതാണ്. 

എലീനോർ ഇസബെൽ മേയ്. ഇംഗ്ളീഷുകാരനായ ഹെൻറി മാൻസ്ഫീൽഡ് നൈറ്റിന്റെ ഭാര്യ. ബീവ്ഫോർട്ട് ബ്രാബസോണിന്റെ ഇളയമകൾ. പ്രായം 24 മരണം 23 ഡിസംബർ 1894.

ഈ അടിക്കുറിപ്പുകൾ ആൽബത്തിലെ പേജിൽ ഊരിയിട്ടിട്ട് ഇസബെൽ എവിടേക്കോ ഇറങ്ങിപ്പോയിരിക്കുന്നു !

ഒരു മൂന്നാർ യാത്രയ്ക്കിടെ പരിചയപ്പെട്ട ആനന്ദരാജ് എന്ന തമിഴനാണ് മൂന്നാറിലെ സെമിത്തേരികളെക്കുറിച്ച് ബിപിൻ ചന്ദ്രനോടു പറഞ്ഞത്. അയാളുടെ യഥാർഥ പേര് എ. ആനന്ദരാജ് എന്നാണ്. ഇനിഷ്യലും രൂപവും കവി എ. അയ്യപ്പനെ ഓർമിപ്പിച്ചു.  ടോപ് സ്റ്റേഷനിൽ ലോകത്തിന്റെ അങ്ങേയേറ്റത്താണ് ആനന്ദരാജിന്റെ വീട്.  അയാളുടെ സിരകളിലൂടെ ഒഴുകുന്നത് ചോരയല്ല, കുണ്ടളയാറിലെയും നല്ല തണ്ണിയാറിലെയും മുതിരപ്പുഴയാറിലെയും തണുത്ത വെള്ളമാണ്. മൂന്നാർ എന്നു പേരു വന്നത് ഈ മൂന്ന് ആറുകളിൽ നിന്നാണ്. മൂന്നാറിനെപ്പറ്റി ആനന്ദരാജിന് എല്ലാം അറിയാം.  ഭർത്താവായ ഹെൻറി മാ‍ൻസ്ഫീൽഡിനൊപ്പം മധുവിധു ആഘോഷിക്കാൻ ഹൈറേഞ്ചിലെത്തിയതായിരുന്നു ഇസബെൽ എന്ന ഇംഗ്ളീഷുകാരി. ബോഡ‍ിനായ്ക്കന്നൂരൊക്കെ കറങ്ങി നടന്ന് ഒടുവിൽ മൂന്നാറിലെത്തിയപ്പോൾ അവൾ പറഞ്ഞു.. : എന്നെ ഇവിടെ നിന്ന് വേറൊരിടത്തേക്കും കൊണ്ടുപോകരുത് !അത്ര ഇഷ്ടം തോന്നി അവൾക്ക് മൂന്നാറിനോട്.

മധുവിധുവിന്റെ കുന്നിൻ മുകളിലേക്ക് ഓടിക്കയറാനും ഊർന്നിറങ്ങാനും പറ്റിയ ഭൂമികയാണ് മൂന്നാർ.  പ്രണയം ഉണർത്താൻ ഉടലിൽ വന്നു തൊടുന്ന നാൽപതാം നമ്പർ നൂലു മഴ ! പ്രണയികൾ ചേർന്നു നിൽക്കുമ്പോൾ ചുറ്റും സ്വകാര്യതയുടെ തിരശീലയിടാൻ കുന്നിൻ മുകളിലെ മഞ്ഞ്  ! 

മൂന്നാറിൽ വന്ന് രണ്ടാംദിവസം ഇസബെൽ കോളറ ബാധിച്ചു മരിച്ചു.  ഹൈറേഞ്ചിലെ യാത്രയ്ക്കിടെ രോഗം ബാധിച്ചത് പാവം അറിഞ്ഞിരുന്നില്ല.  അന്നത്തെ മൂന്നാറിൽ വണ്ടികളില്ല. ആശുപത്രിയുള്ളത് അങ്ങു ദൂരെ ആലുവയിലാണ്. മൂന്നാർ ടൗണിലെ കുന്നിൻ ചെരിവിൽ ഇസബെലിനു കല്ലറയൊരുക്കി – 1894 ഡിസംബർ 23ന്. മെല്ലെ.. ആ കുന്നിൻ ചെരിവിലേക്ക് കൂടുതൽ പേരുടെ കല്ലറകൾ വന്നതോടെ അതൊരു സെമിത്തേരിയായി. അതുകഴിഞ്ഞ് അവിടെയൊരു പള്ളി ഉയർന്നു. 

 

ലോകത്ത് പള്ളിക്കു മുമ്പ് സെമിത്തേരി ഉണ്ടായത് മൂന്നാറിലാണ്. ആ സെമിത്തേരിയിലെ ആദ്യ താമസക്കാരിയാണ് ഇസബൈൽ ! ആനന്ദരാജ് പറഞ്ഞതനുസരിച്ച് ഇസബെല്ലിനെത്തേടി കുന്നുകയറിയ ബിപിന് പരേതരുടെ സാമ്രാജ്യത്തിലെത്തിയതുപോലെ തോന്നി. 18, 19 നൂറ്റാണ്ടുകളിൽ എത്തിയവരുടെ ശവകുടീരങ്ങൾ. ഒരു കുഞ്ഞുകല്ലറയുടെ മുന്നിൽ നിൽക്കെ ബിപിൻ ചന്ദ്രൻ ഹെമിങ് വേയുടെ ഒരു കഥ ഓർമിച്ചു. ആറു വരികൾ മാത്രമുള്ള കഥ –  ഫോർ സെയിൽ, ബേബി ഷൂസ്, നെവർ വോൺ. (കുഞ്ഞു ഷൂസുകൾ വിൽപനയ്ക്ക്, ഒരിക്കൽപ്പോലും ഉപയോഗിക്കാത്തത്)

പെട്ടെന്ന് ഒരാൾ മഞ്ഞിൽ നിന്ന് ഇറങ്ങി വന്നു. ഒന്നും ചോദിക്കാതെ തന്നെ അയാൾ ബിപിനോടു പറഞ്ഞു.. വേഗം ചെന്നോളൂ, ഇസബെൽ നിങ്ങളെ കാത്തിരിക്കുകയാണ്. 

 

അയാൾ അണ്ണാമലൈ യൂണിവേഴ്സിറ്റിയിലെ ഒരു പ്രഫസറായിരുന്നു. കേരളത്തിലെ കാർഷിക കുടിയേറ്റങ്ങളെപ്പറ്റി റിസർച്ച് ചെയ്യുകയാണ്. അതിന്റെ ഭാഗമായി മൂന്നാറിലെ ശവക്കല്ലറകൾ കാണാനെത്തിയതാണ്.ഇസബെല്ലിന്റെ കല്ലറയ്ക്കു മുന്നിൽ നിലത്തിരുന്ന് അന്ന് ബിപിൻ അവളുടെ രേഖാചിത്രം വരച്ചു. 

ആ ചിത്രത്തിനു താഴെ ഇങ്ങനെ എഴുതി..എന്തൊരു മൗനമാണീ പരിസരത്ത് !  നിശബ്ദതയ്ക്ക് എന്തൊരു നിശബ്ദത. മൗനത്തിൽ ശോകം അലിയിച്ചു ചേർത്ത സംഗീതമാണ് ഈ സ്ഥലത്തിന്റെ സ്വരം. ഇസബെൽ കുറെക്കാലത്തേക്ക് എന്നെ വിടാതെ പിന്തുടരും..അന്നു വരച്ച മൂന്നാറിലെ ചിത്രങ്ങളെല്ലാം ഇപ്പോഴും ആൽബത്തിലുണ്ട്. ഇസബെലിന്റെ ചിത്രം മാത്രം കാണാനില്ല. എവിടെപ്പോയി അവൾ എന്നുചോദിക്കാൻ ഒരേയൊരാൾ ആനന്ദരാജ് മാത്രമാണ്. എന്തു ചെയ്യാം, അയാൾക്ക് ഇപ്പോൾ ഒന്നും ഓർമയില്ല. പ്രായം നൂറു കഴിഞ്ഞു... !

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com