ആറ്റാമംഗലം പള്ളിക്കു മുന്നിലെ ബസ് സ്റ്റോപ്പിൽ നിൽക്കുന്ന പെൺകുട്ടിയെ കണ്ട് പ്രൈവറ്റ് ബസ് നിർത്തി. ഡോറിൽ തൂങ്ങിക്കിടന്ന് പോർട്ടർ വിളിച്ചുചോദിച്ചു.. എന്താ മൈനേ വരുന്നില്ലേ..? അവൾ ചിരിച്ചു കൊണ്ടു പറഞ്ഞു.. ഇല്ലെടാ പച്ചക്കിളീ..അനാമിക അവറാച്ചൻ. അവൾ കുറെ നേരമായി അജയിനെ കാത്തു നിൽക്കുകയാണ്. പതിവായി കയറുന്ന പ്രൈവറ്റ് ബസിനോട് ഇന്ന് മൈൻഡില്ല. അജയ് കാറുമായി വരും.
നേർരേഖപോലുള്ള റോഡിലൂടെ ഡ്രൈവ് ചെയ്തു വരുമ്പോൾ ദൂരെ നിന്നേ അജയിനെ അവളെ കാണാം. പള്ളിയുടെ മുറ്റത്ത്, മഴയുടെ വെളുത്ത കുട ചൂടി നിൽക്കുന്ന പെൺകുട്ടി ! നല്ല ഭംഗിയുള്ള ഒരു സിനിമാഫ്രെയിം അവന്റെ മനസ്സിൽ രൂപം കൊണ്ടു. അവൾ നിൽക്കുന്ന ഭാഗത്തെ മതിലിൽ ഇങ്ങനെയെഴുതിയിരുന്നു.. ആത്മാവിൽ സൗന്ദര്യമുള്ളവർ ഭാഗ്യവാന്മാർ ! സ്വർഗരാജ്യം അവർക്കുള്ളതാണ് ! ആറ്റാമംഗലം കുമരകത്തെ പേരെടുത്ത പള്ളിയാണ്. പ്രധാനമന്ത്രിയായിരിക്കെ ഒരു പുതുവർഷത്തിൽ വാജ്പേയി പള്ളി സന്ദർശിച്ചിട്ടുണ്ട്. സത്യത്തിൽ കുമരകത്തിന് ഇപ്പോഴത്തെ പേരു കിട്ടിയത് വാജ്പേയിയുടെ ആ വരവോടെയാണ്.
പാരമ്പര്യത്തിന്റെ വെളുത്ത പെയിന്റടിച്ച ആഢ്യത്തമുള്ള പള്ളി മഴത്തുള്ളികൾ കൊണ്ട് ജപമാല പ്രാർഥന ചൊല്ലുന്നുണ്ടായിരുന്നു. അവൾ അജയിന്റെ കാറിനടുത്തേക്കു വന്നു. അജയ് ചോദിച്ചു.. പാതിരാമണലിനു വിട്ടാലോ? സൈറ്റ് സീയിങ്ങിനു പറ്റിയ സ്ഥലമാണ് ! കാറിൽ കേറുമ്പോൾ അനാമിക പറഞ്ഞു.. ഗൂഗിൾ മാപ് സെറ്റ് ചെയ്യൂ, ദാറുസ്സലാം, സക്കറിയ ബസാർ, ആലപ്പുഴ.അജയിനു സംശയം : അവിടെ ആരെക്കാണാനാ?! ഫാസിൽ, സിനിമാ ഡയറക്ടർ !
സിൽമേൽ അഭിനയിക്കുന്നത് എനിക്കിഷ്ടമല്ല, നിനക്ക് നസ്രിയയുടെയത്ര ഗ്ളാമറൊന്നുമില്ലെന്നു പറഞ്ഞ് അജയ് കളിയാക്കിയപ്പോൾ അവൾ പറഞ്ഞു.. ഞാൻ സീരിയസായി പറഞ്ഞതാ. നമ്മടെ ഇന്നത്തെ യാത്ര ഫാസിലിന്റെ വീട്ടിലേക്കാണ്. ഒരു സിനിമക്കഥ പോലെ അനാമിക പറയാൻ തുടങ്ങി. അവളുടെ ഡാഡിയും മമ്മിയും പ്രണയിച്ചു വിവാഹം കഴിച്ചവരാണ്. രണ്ടു പേരും രണ്ടു സമുദായത്തിൽപ്പെട്ടവർ. ആലപ്പുഴ എസ്ഡി കോളജിൽ പ്രീഡിഗ്രിക്കു പഠിക്കുന്ന കാലത്ത് തുടങ്ങിയ പ്രണയമാണ്. ആദ്യം മുതലേ രണ്ടുപേരുടെയും വീട്ടുകാർക്ക് കട്ട എതിർപ്പായിരുന്നു.
മൊബൈൽ ഫോൺ ഇല്ലാത്ത കാലത്തെ പ്രണയം. അന്നത്തെ കുട്ടികൾക്ക് ഇപ്പോഴത്തെ അത്രയും ധൈര്യമില്ല. വിവാഹപ്രായമായി ജോലികിട്ടിയിട്ടും വീട്ടുകാർ വഴങ്ങുന്നില്ലെന്ന് മനസ്സിലായതോടെ രണ്ടാളും ബ്രേക്കപ്പ് ആകാൻ തീരുമാനിച്ചു. അവസാനമായി ഒരുമിച്ച് ഒരു സിനിമ കാണണം. അന്ന് അവർ കാണാൻ പോയത് അനിയത്തിപ്രാവ്. ആലപ്പുഴയിലെ പങ്കജ് തീയറ്ററിൽ സിനിമ കണ്ട് ഇറങ്ങുമ്പോൾ ഒരാഗ്രഹം കൂടി തോന്നി. ഈ സിനിമയുണ്ടാക്കിയ ഫാസിലിനെ കണ്ട് ഉപദേശം തേടണം! പിരിയാതിരിക്കാൻ അവസാന ശ്രമം ! അങ്ങനെ രണ്ടാളുംകൂടി ഫാസിലിന്റെ വീടു തിരക്കിപ്പോയി.
സംഭവബഹുലമായി പ്രണയകഥ കേട്ടുകഴിഞ്ഞ് ഫാസിൽ വീട്ടിലുള്ള സഹായിയോടു പറഞ്ഞു... ആദ്യം ഇവർക്ക് എന്തെങ്കിലും കഴിക്കാൻ കൊണ്ടുവരൂ..വീടിനടുത്തുള്ള ഹോട്ടലിൽ നിന്ന് രണ്ടു പ്ളേറ്റ് ചൂടു ബിരിയാണി വന്നു. മട്ടണും ചിക്കനും ! കൂടെ ഒരു ഗ്ളാസ് സുലൈമാനി ! ഫാസിൽ തന്നെയാണ് വിളമ്പിയത്. രണ്ടു പേരുടെയും പ്ളേറ്റിലേക്ക് ചിക്കനും മട്ടണും വിളമ്പിയിട്ടു ഫാസിൽ പറഞ്ഞു.. മിക്സ് ചെയ്തു കഴിക്കൂ. ടേസ്റ്റ് ഇല്ലെങ്കിൽ പറയണം. വിളമ്പുന്നത് ഫാസിലാണ്. വിശപ്പുള്ള നേരമാണ്. രണ്ടാളും പറഞ്ഞു.. ജീവിതത്തിൽ ഇതുവരെ കഴിച്ചതിലും രുചിയുള്ള ബിരിയാണി.
ഫാസിൽ പറഞ്ഞു.. ഇതാണ് നിങ്ങളുടെ ജീവിതം. പരസ്പരം സത്യസന്ധമായി ഇഷ്ടമുണ്ടെങ്കിൽ ഒരുമിച്ചുള്ള ജീവിതത്തിനും രുചിയും മണവുണ്ടാകും. നിങ്ങളുടെ പേരന്റ്സിനോടു ഞാൻ സംസാരിക്കാം. സിനിമയിലെ ഒരു കുരുക്കഴിക്കുന്നതുപോലെ ഫാസിൽ ഇടപെട്ട് പ്രശ്നം പരിഹരിച്ചു. വീട്ടുകാരുടെ സമ്മതത്തോടെ ഡാഡിയുടെയും മമ്മിയുടെയും കല്യാണവും നടന്നു. അനാമിക പറഞ്ഞു.. നമ്മുടെ കാര്യത്തെപ്പറ്റി ആലോചിക്കുമ്പോൾ എനിക്കും ഒരു തോന്നൽ, ഫാസിൽ സാറിനെ ഒന്നു കാണാൻ..
പുതിയ കാലത്തെ പ്രണയികളുടെ കഥ കേട്ട് ഫാസിൽ പറഞ്ഞത്രേ.. അനിയത്തി പ്രാവ് കഴിഞ്ഞ് ഞാനെടുത്ത പടം ഹരികൃഷ്ണൻസാണ്, മക്കളേ. രണ്ടു ആണുങ്ങൾ ഒരു പെൺകുട്ടിയെ പ്രേമിക്കുന്ന വിഷയത്തിലേ ഇപ്പോൾ ഞാൻ ഇടപെടാറുള്ളൂ.. !