ചില ഐഎഎസ് ചിന്തകൾ (ഇന്ത്യൻ ആക്സിഡന്റ് സർവീസ്!)

Prasanth-Nair-IAS
പ്രശാന്ത് നായർ ഐഎഎസ്
SHARE

മഹാഭാരത യുദ്ധം കഴിഞ്ഞ സായാഹ്നങ്ങളിലൊന്നിൽ നിണം വീണു ചുവന്ന യുദ്ധഭൂമികയിലൂടെ വിജയികളായ മക്കളെയും കൂട്ടി അമ്മ മഹാറാണി കുന്തി നടക്കാനിറങ്ങി. ശവങ്ങളുടെ മഴ പെയ്തതുപോലെ കുരുക്ഷേത്രം.  കാക്കകളും കഴുകന്മാരും എത്ര തവണ കൊത്തിവലിച്ചിട്ടും തീരാതെ.. തീരാതെ.. മനുഷ്യ ശരീരങ്ങൾ. 

ചക്രങ്ങൾ ഉടഞ്ഞ്, രഥവേഗങ്ങൾ നിലച്ചു പോയ തേരുകൾ പഴയ രാജപ്രഭാവത്തിന്റെ ശവമഞ്ചങ്ങൾ‌ പോലെ !  യുദ്ധം ജയിച്ച് കരുക്ഷേത്രത്തിലൂടെ നടക്കുമ്പോൾ യുധീഷ്ഠിരൻ ശ്രദ്ധിച്ചു; ശത്രുവിനും മിത്രത്തിനും അന്ത്യയാത്രയിൽ ഒരേ മുഖം, ഒരേ ഭാവം ! മഹാഭാരതത്തിലെ ഈ കഥ കേട്ടപ്പോഴാണ് കലക്ടർ ബ്രോ എന്ന പ്രശാന്ത് നായർക്ക് ഒരു തോന്നൽ വന്നത്.  നമ്മുടെ നാട്ടിലെ റോഡുകൾ ഓരോ ദിവസവും ചോര വീണ് കുരുക്ഷേത്ര ഭൂമികളായി മാറുന്നു. എന്താണ് ഇതിന് ഒരു പരിഹാരം ?

ബ്രോ കോഴിക്കോട് കലക്ടറാകുന്നതിനും മുമ്പാണ് സംഭവം. അന്ന് അദ്ദേഹം ആഭ്യന്തര വകുപ്പിൽ ജോലി ചെയ്യുകയാണ്. ഓരോ ദിവസവും വൈകുന്നേരം അന്നത്തെ ചോരയുടെ കണക്ക് ബ്രോയുടെ മേശപ്പുറത്തെത്തും. വാഹനാപകടങ്ങളുടെയും കുറ്റകൃത്യങ്ങളുടെയും ആ ദിവസത്തെ പട്ടികയാണ്. കേരളത്തിൽ റോഡപകടങ്ങളിൽ ദിവസവും ശരാശരി 13 പേർ മരിക്കുന്നു.  ഒരു വർഷം 4745 പേർ. നിയമം കർശനമാക്കുകയാണ് എല്ലാ കുറ്റകൃത്യങ്ങൾക്കും പരിഹാരം. റോഡിൽ കൂടുതൽ ക്യാമറകൾ, മുട്ടിനു മുട്ടിനു പൊലീസ്, തൊട്ടാലും മുട്ടിയാലും കനത്ത പിഴ.. ഇതെല്ലാം ഇപ്പോഴും ഉണ്ട്. എന്നിട്ടും അപകടങ്ങൾക്കു കുറവൊന്നുമില്ല. 

എഎഎസിനെക്കാൾ അഭിഭാഷക ജോലി ഇഷ്ടപ്പെടുന്നയാളാണ് പ്രശാന്ത് നായർ. വാദിക്കാനാണ് കൂടുതലിഷ്ടം. നിയമ സംഹിതകളിൽ കുറ്റകൃത്യങ്ങൾക്കു ശിക്ഷ വിധിച്ചിട്ടുള്ളത് നാലുവിധത്തിലാണ്. ആദ്യത്തേത് പ്രതികാരം ചെയ്യുക. രണ്ട് ഇരയെ സന്തോഷിപ്പിക്കുക. അതായത് തെറ്റു ചെയ്തയാളെ ശിക്ഷിക്കുമ്പോൾ ഇരയ്ക്കു സന്തോഷം കിട്ടുന്നു. മൂന്ന് നഷ്ടപരിഹാരം കൊടുക്കുക. 

നാല് തിരുത്തൽ. അതൊരു തരം ബോധവൽക്കരണമാണ്. പക്ഷേ പ്രശാന്ത് നായർ നിർദേശിക്കുന്ന പോംവഴി ഇതൊന്നുമല്ല. റോഡിൽ കുറ്റം ചെയ്യുന്നവർക്കു ജയിൽവാസത്തിനു പകരം ആശുപത്രിവാസം ! നിയമം തെറ്റിച്ച് വണ്ടി ഓടിക്കുന്നവരെയും അപകടമുണ്ടാക്കുന്നവരെയും പിഴ അടപ്പിക്കുന്നതിനു പകരം നമ്മുടെ നാട്ടിലെ ആശുപത്രികളിലെ ട്രോമാ കെയർ യൂണിറ്റുകളിൽ സൗജന്യ സേവനത്തിനു ശിക്ഷിക്കണം. വാഹനാപകടങ്ങളിൽപ്പെട്ട് പരുക്കേറ്റു കഴിയുന്ന രോഗികളെ ശുശ്രൂഷിക്കുക,  വാർഡുകൾ വൃത്തിയാക്കുക, വസ്ത്രങ്ങൾ നനയ്ക്കുക, കക്കൂസുകൾ കഴുകുക തുടങ്ങിയ ജോലികൾ പ്രതിഫലമില്ലാതെ ഇവർ ചെയ്യണം. അപകടങ്ങളിൽ പരുക്കേറ്റു കിടക്കുന്നവരുടെ വാർഡുകളിൽ അറ്റൻഡർമാരായും ഇവരെ നിയോഗിക്കണം. 

സത്യത്തിൽ ഇതു കൂടാതെ അവർക്കു വേറൊരു ജോലി കൂടിയുണ്ട്, അതു കഥകൾ കേൾക്കലാണ്. ആരുടെയോ അഹങ്കാരം മൂലം റോഡിൽ തന്റെ കൺമുന്നിൽ മകന്റെ ജീവൻ പൊലിഞ്ഞതിനു സാക്ഷിയായ അമ്മ പറയുന്ന സങ്കടകഥ അവർ കേൾക്കേണ്ടി വരും.   അച്ഛൻ നഷ്ടപ്പെട്ട പെൺമക്കളെ ആശ്വസിപ്പിക്കാൻ പറ്റാതെ അവർക്കു നിൽക്കേണ്ടി വരും,  ജീവിതത്തിന്റെ വസന്തകാലങ്ങളിൽ ഭർത്താവ് ഇല്ലാതായ യുവതികളുടെ ചോദ്യങ്ങൾക്കു മുന്നിൽ തലകുനിച്ച് മറുപടിയില്ലാതെ നിൽക്കേണ്ടി വരും, ലോറിയിടിച്ചു മരിച്ച ഓട്ടോഡ്രൈവറുടെ അനാഥയായ മകൾക്ക് വിശപ്പിന് ഉച്ചയൂണും പനിത്തണുപ്പിനു പുതപ്പും വാങ്ങിക്കൊടുക്കേണ്ടി വരും.

ഇത്തരം അനുഭവങ്ങളിലൂടെ കടന്നു പോകുമ്പോൾ ചുവപ്പ് സിഗ്നലിന്റെ അർഥം ചോരയാണെന്നും പച്ചയായ ജീവിതമാണെന്നും അവർ തിരിച്ചറിയും. ഇപ്പോൾ പൊലീസ് കൊടുക്കുന്ന ശിക്ഷ പോക്കറ്റിനും ഉടലിനുമാണെങ്കിൽ ഈ ശിക്ഷ മനസ്സിനാണ്.  മനസ്സിനു കിട്ടുന്ന ശിക്ഷ ഒരാളും ഒരിക്കലും മറക്കില്ല.മഹാഭാരത യുദ്ധത്തിലേക്കു തിരിച്ചുവരാം. സഹോദരങ്ങളോടൊപ്പം അന്ന് യുദ്ധഭൂമിയിലൂടെ നടന്നു പോയ കഥയിലെ യുധീഷ്ഠിരൻ ഒരുവേള ആലോചിച്ചിട്ടുണ്ടാവില്ലേ, വേണ്ടിയിരുന്നില്ല, ഈ യുദ്ധമെന്ന്.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN COFFEE BRAKE
SHOW MORE
FROM ONMANORAMA