ADVERTISEMENT

പ്രധാനമന്ത്രി നരേന്ദ്രമോദിയും പൗഡിക്കോണത്തെ രാധാമണി ടീച്ചറും തമ്മിൽ എന്തു സാമ്യം ? ചെരിപ്പിടാതെ നടക്കാൻ കഴിയുന്നത്ര വൃത്തിയുള്ള റോഡുകൾ രണ്ടുപേരും സ്വപ്നം കാണുന്നു.. കോവളത്ത് എൽപി സ്കൂൾ ടീച്ചറായിരുന്നു രാധാമണി. 25 വർഷം മുമ്പ് റിട്ടയർ ചെയ്തു. 80 വയസ്സുണ്ട്. അഞ്ചുകിലോമീറ്റർ വരെയൊക്കെ എന്ത് ആവശ്യത്തിനായാലും ഇപ്പോഴും നടന്നേ പോകൂ.

അങ്ങനെ നടക്കുമ്പോഴാണ് തിരുവനന്തപുരത്തെ റോഡിൽ‌ നിന്ന് ടീച്ചറുടെ കാലിൽ അപൂർവമായൊരു വസ്തു കുത്തിക്കേറിയത്.  ഓണക്കാലത്ത് റേഷൻ വാങ്ങി വരുമ്പോഴായിരുന്നു സംഭവം. അരി തലയിലും, പഞ്ചസാരയും മണ്ണെണ്ണയും രണ്ടുകൈയിലും തൂക്കിപ്പിടിച്ചു നടക്കുകയായിരുന്നു. നല്ല മഴ. കാലിൽ എന്തോ തറച്ചു. അയ്യോ എന്ന് നിലവിളിച്ചു കൊണ്ട് ഒരടി മുന്നോട്ടു വച്ചപ്പോൾ വീണ്ടും തറച്ചു. അതോടെ നടക്കാൻ പറ്റാതെയായി.

അരി, പഞ്ചസാര, മണ്ണെണ്ണ എന്തു താഴെ വച്ചാലും നനയും.  എങ്കിൽ പഞ്ചസാര വെള്ളത്തിൽ വച്ചേക്കാമെന്ന് ടീച്ചർ തീരുമാനിച്ചു. പ്രമേഹം ഉള്ളതിനാൽ ജീവിതത്തിൽ പഞ്ചസാര കൊണ്ട് വലിയ കാര്യമില്ല. താഴോട്ടു നോക്കുമ്പോൾ കാൽച്ചുവട്ടിൽ ചെളിവെള്ളത്തിനും ചോരയ്ക്കും ഒരേ നിറം ! ആശുപത്രിയിലേക്കു കൊണ്ടുപോകുമ്പോൾ കാലിൽ തറച്ച വസ്തു കൂടി എടുക്കാൻ രാധാമണി ടീച്ചർ മറന്നില്ല.  കൈയ്ക്കുള്ളിൽ ഒതുക്കി വയ്ക്കാവുന്ന ചെറിയ പന്തുപോലെ ഒരു സാധനം. ഇരുമ്പാണ്. അതിൽ നാലുപാടും മുള്ള്. രാധാമണി ടീച്ചറെ പരിശോധിച്ച ഡ‍ോക്ടർ പറഞ്ഞു.. ഇതാണു ടീച്ചറേ അള്ള് ! മുള്ളൻപന്നി മുട്ടയിടുമെങ്കിൽ ഇതുപോലെയിരിക്കുമല്ലോ എന്നാണ് ടീച്ചർ കരുതിയത് !

ഡോക്ടർ വിശദീകരിച്ചു.. അള്ള് എങ്ങനെ വീണാലും മുള്ള് മുകളിൽ കാണും. അതിൽ കയറിയാൽ വണ്ടികളുടെ ടയർ പഞ്ചറാകും. വണ്ടികളുടെ ടയർ പഞ്ചറാക്കിയ ശേഷം അത് റിപ്പയർ ചെയ്യുന്നത് ഒരു ബിസിനസാണെന്ന് ഡോക്ടർ പറഞ്ഞെങ്കിലും ടീച്ചർ കേട്ടില്ല. അപ്പോഴേക്കും അനസ്തേഷ്യയുടെ നിലാവിൽ ടീച്ചർ മയങ്ങിപ്പോയി. ഓപ്പറേഷൻ തീയറ്ററിലെ ടേബിളിൽക്കിടന്ന് മയക്കത്തിൽ ടീച്ചർ ആ കഥ പറയാൻ തുടങ്ങി..  ടീച്ചറുടെ കുട്ടിക്കാലത്ത് എല്ലായിടത്തും മൺവഴികൾ.  മതിലുകളില്ല. വഴിയുടെ അതിരുകളിൽ മുല്ലയും പിച്ചിയും ചെമ്പകവും ചെമ്പരത്തിയും പൂത്തു നിൽക്കുന്ന വേലികൾ.  

ഓരോ നാട്ടുവഴിക്കും അന്ന് ഓരോ ഗന്ധമായിരുന്നു. നടക്കുന്നവരുടെയൊക്കെ കാലുകൾക്ക് ഓരോരോ പൂക്കളുടെ സുഗന്ധം ! അമ്പലത്തിലേക്കുള്ള വഴിയിലൂടെ നടന്നാൽ കൃഷ്ണതുളസിയുടെയും മുല്ലപ്പൂവിന്റെയും വാസന. കുന്നിൻപുറങ്ങൾ കയറി വന്നാൽ കാലിനു പനിക്കൂർക്കയുടെ മണം. രാധാമണി ടീച്ചറുടെ യൗവന കാലത്ത് കാമുകൻ അവരുടെ കാലുകൾ വാസനിച്ചു പോയ ഇടങ്ങൾ പറയുമായിരുന്നു.  അന്നൊന്നും കള്ളം പറയാനേ പറ്റില്ല. കാലുകൾ കഴുകിയാൽപ്പോലും സുഗന്ധം മാറില്ല.

അബോധാവസ്ഥയിൽ നിന്ന് ഉണർന്നപ്പോൾ ടീച്ചർക്ക് പറഞ്ഞ കഥകളൊന്നും ഓർമയില്ല. ഡോക്ടർ ചിരിച്ചു... നമ്മുടെ റോഡുകളൊന്നും ഇപ്പോൾ കാലുകൾക്കു പറ്റിയതല്ല. ഒന്നുകിൽ ചെരിപ്പിടുക. ഇല്ലെങ്കിൽ നടപ്പു നിർത്തുക.  ഇനി മുറിഞ്ഞാൽ ടീച്ചറുടെ കാലു മുറിച്ചു കളയേണ്ടി വരും. 

മരിക്കുന്നതുവരെ ചെരിപ്പിടില്ലെന്നായിരുന്നു ടീച്ചറുടെ മറുപടി. ഡോക്ടർ പിന്നെ തിരുത്താൻ പോയില്ല. പകരം ഒരു മരുന്നു കണ്ടുപിടിച്ചു. രാവിലെ നടക്കാനിറങ്ങുന്ന ചെറുപ്പക്കാരുടെ ഒരു വാട്സാപ് കൂട്ടായ്മയുണ്ടാക്കി. 15 പേരുണ്ട് ഈ സംഘത്തിൽ. ഇവരുടെ മോണിങ് വോക് ക്ളീനിങ് വോക്കാണ്. ടീച്ചർ സാധാരണ നടക്കാനിറങ്ങുന്ന റോഡിൽ കാലിനു മുറിവേൽക്കുന്ന എന്തു വസ്തു കണ്ടാലും ഇവർ പെറുക്കിമാറ്റും. ഇക്കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിൽ ഡോക്ടറും സംഘവും രാധാമണി ടീച്ചറുടെ കൂടെ ചെരിപ്പിടാതെ നടന്നു പിന്തുണ പ്രഖ്യാപിച്ചു! 

ഡോക്ടർ പറഞ്ഞു.. മൻ കി ബാത്തിൽ പ്രധാനമന്ത്രി ആഹ്വാനം ചെയ്ത പ്ളോഗിങ്ങാണ് ഞങ്ങളും ചെയ്യുന്നത്.  ഓട്ടത്തിനിടയിൽ കുനിയലും ഇരിക്കലും ശരീരം നിവർ‌ത്തലും കൂടി നടക്കുമെന്നതാണ് ഇതിന്റെ ഗുണം ! ഇതു തന്നെയല്ലേ കാൽനൂറ്റാണ്ടു മുമ്പ് കുഞ്ഞുണ്ണി മാഷും എഴുതിയത് ! വഴിയിൽക്കിടക്കുന്ന മുള്ളെടുത്തങ്ങോട്ട് വഴിവക്കിലുള്ളൊരു വേലിമേൽ വയ്ക്കുകിൽ വലിയവൻ ചെറുതാകയില്ല ചെറിയവൻ വലിയവനാകും...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com