ADVERTISEMENT

തൃപ്പൂണിത്തുറയിലെ ഇടവഴികളിലൂടെ സഞ്ചരിക്കുമ്പോളെല്ലാം മുൻപിൽ ഒരു രാജാവുണ്ടെന്നു തോന്നും.  ഒരു ഘോഷയാത്ര നമ്മുടെ വാഹനത്തിന്റെ മുന്നിൽപ്പോകുന്നതുപോലെ സദാസമയവും വണ്ടികളെല്ലാം മെല്ലെ മെല്ലെയാണ് നീങ്ങുന്നത്.

അങ്ങനെയൊരു യാത്രയിൽ ഇടവഴിയിൽ പുത്തൻ ബിഎംഡബ്ല്യുവിൽ ഓട്ടോ വന്നു തട്ടി. വൺവേ തെറ്റിച്ചു വന്ന ആ ഓട്ടോ ഏതോ സൈഡ് റോഡിലേക്ക് തിരിഞ്ഞ് വേഗം മാഞ്ഞുപോകുകയും ചെയ്തു.

മലയാള സിനിമയിലെ ഒരു പ്രമുഖ നിർ‌മാതാവിന്റെ കാറാണ്. കഴിഞ്ഞ സിനിമ 101 ദിവസം ഓടിയതിന്റെ ഓർമയ്ക്ക് അതേ നമ്പർ വലിയ വില കൊടുത്തു വാങ്ങിയതാണ്. പെരുമാറ്റത്തിൽ മമ്മൂട്ടിയെപ്പോലെയാണ് ആ പ്രൊഡ‍്യൂസറും ! ശരീരവും വണ്ടിയും നന്നായി നോക്കും. പുത്തൻ ബിഎംഡബ്ല്യുവിന്റെ കീ കൈയിൽ കൊടുക്കുമ്പോൾ ഡ്രൈവറോട് അദ്ദേഹം തൃശൂർ ഭാഷയിൽ പറഞ്ഞു.. ഡാ മോനേ, ദ് നീ പ്രേമിച്ചു കല്യാണം കഴിച്ച പെണ്ണാന്ന് വിചാരിക്കണം. 

ഇദെന്തിനാ മുതലാളീ എന്ന മട്ടിൽ‌ വണ്ടറടിച്ചു നിന്ന ഡ്രൈവറോട് ഇങ്ങനെ വിശദീകരിച്ചു..  നെന്റെ കല്യാണപ്പെണ്ണിനെ ആരെങ്കിലും വന്നു മാന്താൻ നീ സമ്മതിക്ക്വോടാ, ശവീ.. ഇതു മനസ്സിലുള്ളതുകൊണ്ട് ഓട്ടോ തട്ടിയതോടെ ഡ്രൈവർ വിയർക്കാൻ തുടങ്ങി. അയാൾ കാറിലിരുന്ന ആളോടു ചോദിച്ചു..  സാർ, ആ ഓട്ടോ നമ്മുടെ വണ്ടിയിൽ ശരിക്കും മുട്ടിയോ?കാറിലിരുന്നയാൾ പാട്ടു പോലെ പറഞ്ഞു.. തൊട്ടു, തൊട്ടില്ല, തൊട്ടു തൊട്ടില്ല, മൊട്ടിട്ടുവല്ലോ മേലാകെ.. 

അത് മലയാള സിനിമയിലെ ഒരു കവിയായിരുന്നു.  കവിയെ എറണാകുളത്തേക്കു കൂട്ടിക്കൊണ്ടു വരാൻ തൃപ്പൂണിത്തുറയ്ക്കു പോയതായിരുന്നു പ്രൊഡ്യൂസറുടെ കാർ. സംഗീത സംവിധായകൻ സ്റ്റുഡിയോയിൽ കാത്തിരിക്കുന്നു. പുതിയ പടത്തിന്റെ പാട്ടു കംപോസിങ്.  അതിനായി ഗാനരചയിതാവിനെ കൊണ്ടുവരുമ്പോഴായിരുന്നു അപകടം. ഓട്ടോ കാറിൽ ഉരഞ്ഞു എന്ന് ഡ്രൈവർക്ക് ഉറപ്പാണ്. മുന്നിലും പിന്നിലും ധാരാളം വണ്ടികൾ. കാർ നിർത്താൻ പറ്റാത്ത സ്ഥിതിയാണ്.  

കുറെ ദൂരം മുന്നോട്ടു പോയി തിരക്കില്ലാത്ത സ്ഥലം നോക്കി വണ്ടി നിർത്തി ചാടിയിറങ്ങിയിട്ട് ഡ്രൈവർ പറഞ്ഞു... കല്യാണപ്പെണ്ണിന്റെ ബോഡിയിൽ പാടു വീണു.. ഓട്ടോക്കാരൻ പണി തന്നു സാറേ..പൊലീസിൽ പരാതി കൊടുക്കാൻ തീരുമാനിച്ചു. കവിയോടു ഡ്രൈവർ പറഞ്ഞു.. പൊലീസ് ചോദിക്കുമ്പോൾ കണ്ട കാര്യങ്ങൾ കറക്ടായി പറഞ്ഞേക്കണേ..കവി സമ്മതിച്ചു. പൊലീസു വന്നു, വിവരം തിരക്കിയപ്പോൾ കവി പറഞ്ഞു.. ഞാൻ കണ്ടു. എന്ത് ?വെള്ളക്കല്ലു വച്ച ഒരു മൂക്കുത്തി.

പൊലീസുകാരൻ പറഞ്ഞു.. അതൊരു തെളിവായി എടുക്കാൻ കഴിയില്ല. വേറെന്തെങ്കിലും കണ്ടോ ? ഓട്ടോയുടെ റജിസ്റ്റർ നമ്പർ ?കവി പറഞ്ഞു..  എന്റെ കണ്ണ് ഓട്ടോയിലായിരുന്നില്ല. അതിലെ യാത്രക്കാരിയിൽ ആയിരുന്നു.  മുന്നിലേക്ക് മെടഞ്ഞിട്ട സ്വർണ മുടി.  മുഖത്ത് യൗവനത്തിന്റെ വിഷാദം ! അവൾ പെട്ടെന്ന് ഒന്നു പേടിച്ചതുപോലെ തോന്നി. പൊലീസുകാരൻ.. അത് വണ്ടി തട്ടിയപ്പോഴായിരിക്കും. 

ശബ്ദം കേട്ടോ ?കവി പറഞ്ഞു..  ഒറ്റക്കമ്പി നാദം കേട്ടു.. പൊലീസുകാരൻ പറഞ്ഞു.. അത് ഹോണടിച്ചതായിരിക്കും. കവി വിശദീകരിച്ചു... പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമല സിനിമയ്ക്കു പാട്ടെഴുതാനായി കൊച്ചിയിലെ ഒരു ഹോട്ടലിൽ താമസിക്കുകയാണ്. രാത്രിയിൽ കറന്റ് പോയി. ജനറേറ്ററില്ല. മുറിയിൽ കൊടുംചൂട്. ജനാലകൾ തുറന്നിട്ടു. അതോടെ പുറത്തു നിന്ന് കൊതുകുകൾ‌ കയറി വരാൻ തുടങ്ങി. അവ സംഘമായി കവിയുടെ ചുറ്റും പാട്ടുംമുളി പറക്കാൻ തുടങ്ങി. കവിക്ക് ഉറങ്ങാനേ പറ്റിയില്ല. അന്നു രാത്രി മുഴുവൻ ഉണർന്നിരുന്ന കവി കൊതുകുകളുടെ പേരും മേൽവിലാസവും ചോദിക്കുകയല്ല ചെയ്തത്. പകരം ഒരു പാട്ടെഴുതി. ഒറ്റക്കമ്പി നാദം മാത്രം മൂളും വീണാഗാനം ഞാൻ... വയലാറിനും ഭാസ്കരൻ മാഷിനും ഒഎൻവിക്കും കൈതപ്രത്തിനുമൊക്കെ ഇതുപോലുള്ള കഥകൾ പറയാനുണ്ടാകും. 

പൊലീസുകാരൻ വണ്ടറടിച്ചു ചോദിച്ചു... അപ്പോൾ സാർ സത്യത്തിൽ‌ എന്താ കണ്ടത് ? കവി പറഞ്ഞു..  കണ്ടു ഞാൻ മിഴികളിൽ.. ആലോലമാം നിൻ ഹൃദയം... കേട്ടു ഞാൻ മൊഴികളിൽ വാചാലമാം നിൻ നൊമ്പരം.. പൊലീസുകാരൻ ആശയക്കുഴപ്പത്തിലായി. അയാൾ പറഞ്ഞു..  ഈ സംഭവത്തിന് സാറു മാത്രമാണ് സാക്ഷി.  കണ്ടതു മുഴുവൻ എസ്ഐയ്ക്കുള്ള ഒരു പരാതിയായി എഴുതിത്തരാമോ?

കവി പറഞ്ഞു.. പരാതിയായല്ല,  ആ ഓട്ടോയിലെ രാജകുമാരിക്കുള്ള പ്രണയഗാനമായി എഴുതാം. അതു കേൾക്കാൻ എസ്ഐ അടുത്ത സിനിമ റിലീസ് ചെയ്യുന്നതുവരെ കാത്തിരിക്കേണ്ടി വരും !പിന്നെ പൊലീസുകാരൻ തെളിവൊന്നും ചോദിച്ചില്ല !

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com