ആദ്യരാത്രിയിൽ പൂച്ചയ്ക്കെന്ത് കാര്യം ?

82 Coffee Break final.indd
SHARE

നിലീന കല്യാണപ്പന്തലിലേക്കു പുറപ്പെട്ടതായിരുന്നു.  കറുത്ത പൂച്ച കാറിനു വിലങ്ങൻ ചാടി! പൂ വച്ച് അലങ്കരിച്ച പുത്തൻ കാറിനുള്ളിൽ നവവധുവിനൊപ്പം അമ്മയും ചിറ്റപ്പനും നിലീനയുടെ കൂട്ടുകാരി ചിന്തുവുമുണ്ട്. നിലീനയുടെ അച്ഛൻ ജീവിച്ചിരുപ്പില്ല. ഈ കല്യാണം നടത്തുന്നത് കാറിലിരിക്കുന്ന ചിറ്റപ്പൻ ശരത്ചന്ദ്ര മറാഠേയാണ്. അതിർത്തി രക്ഷാ സേനയിൽ നിന്നു വിരമിച്ച പട്ടാളക്കാരനാണ് അദ്ദേഹം. ശരത്ചന്ദ്രൻ ചിറ്റപ്പൻ ഡ്രൈവറോടു പറ‍ഞ്ഞു.. കാർ നിർത്ത്.. ചിലപ്പോൾ ഈ കല്യാണം തന്നെ മാറ്റി വയ്ക്കേണ്ടി വരും. 

സഡൻ ബ്രേക്കിൽ കാറും കല്യാണപ്പെണ്ണും ഉലഞ്ഞു. നിലീനയ്ക്ക് ബ്യൂട്ടിഷ്യന്റെ കർശന നിർദേശമുണ്ടായിരുന്നു... ആരു പറഞ്ഞാലും സീറ്റ് ബെൽറ്റ് ഇടരുത്.  457 സേഫ്റ്റി പിന്നുകൾ ഉപയോഗിച്ച് നിലീനയുടെ ഉടലിൽ ഒരു കട്ടൗട്ട് പോലെ ഉറപ്പിച്ചിരിക്കുകയാണ് കല്യാണ സാരിയും ബ്ളൗസും ആഭരണങ്ങളും. സീറ്റ് ബെൽറ്റ് ഇട്ടാൽ സാരി ഉടയും. സേഫ്റ്റി പിന്നുകൾ ദേഹത്ത് കുത്തിക്കയറും. മുല്ലപ്പൂക്കൾ കൊഴിയും..നിലീനയുടെ കല്യാണ വണ്ടിയുടെ പിന്നിൽ ബന്ധുക്കളും നാട്ടുകാരും കയറിയ 24 വെളുത്ത ഇന്നൊവകളുണ്ട്. കല്യാണ വണ്ടി നിന്നതോടെ പിന്നിലെ വണ്ടികളെല്ലാം നിന്നു. ബന്ധുക്കളിൽ ചിലർ വിവരം തിരക്കാൻ ചാടിയിറങ്ങുന്നതു കണ്ട് നിലീനയുടെ അമ്മ പറ‍ഞ്ഞു.. കാറിനു പൂച്ച വിലങ്ങൻ ചാടിയ കാര്യം തൽക്കാലം ആരോടും പറയണ്ട. 

ശരത്ചന്ദ്രൻ ചിറ്റപ്പൻ പറഞ്ഞു.. സർവോദയ  സമ്മേളനത്തിന്റെ പന്തലിൽ വച്ച് മഹാത്മാവ് ഒരിക്കൽ എന്നോടു ചോദിച്ചു.. ശരത്ജി മദ്യപിക്കുമോ? ഞാൻ പറഞ്ഞു.. ദിവസവും സായംകാൽ മേ പാൽക്കുപ്പിയുടെ അടപ്പിൽ നാല് ഔൺസ് റം മാത്രം. ഞാൻ ആരോടും കള്ളം പറയാറില്ല.

ചിന്തു പറഞ്ഞു.. നിലീനയ്ക്ക് വൊമിറ്റ് ചെയ്യാനായി കാർ നിർത്തിയതാണെന്നു പറഞ്ഞാൽ മതി. വണ്ടിയിൽ കയറിയാൽ ഇവൾ എപ്പോഴും വൊമിറ്റ് ചെയ്യാറുണ്ടല്ലോ. നിലീന പറഞ്ഞു.. അയ്യോ.. അതു വേണ്ട. കല്യാണത്തിനു മുമ്പ് വൊമിറ്റ് ചെയ്താൽ ആളുകൾ വെറുതെ തെറ്റിദ്ധരിക്കും. അല്ലേ അമ്മേ..ചിറ്റപ്പനാണ് മറുപടി പറ‍ഞ്ഞത്.. പട്ടാളക്കാർ സാധാരണ വാഹനങ്ങളിൽ വൊമിറ്റ് ചെയ്യാറില്ല. അവർ വൊമിറ്റ് ചെയ്യുന്നത് ബോർഡർ ലൈൻ കടന്ന് ശത്രുരാജ്യത്ത് പോയിട്ടാണ്. ചിന്തു ചോദിച്ചു.. വണ്ടിക്കു പൂച്ച വിലങ്ങൻ ചാടിയിട്ട് ഈ ലോകത്ത് ആർക്കെങ്കിലും എന്തെങ്കിലും കുഴപ്പം സംഭവിച്ചിട്ടുണ്ടോ ? ചിറ്റപ്പൻ പറഞ്ഞു.. അതു പൂച്ചയോടു തന്നെ ചോദിക്കേണ്ടി വരും.

ചിന്തു ചോദിച്ചു.. അതിനു പൂച്ചയുടെ ഭാഷ ചിറ്റപ്പന് അറിയാമോ? ചിറ്റപ്പൻ പറഞ്ഞു.. ഹിന്ദിയും മറാഠിയും പൂച്ചകൾക്കു പെട്ടെന്നു മനസ്സിലാകും. ചില പട്ടാളക്കാർ പൂച്ചകളെ വളർത്തുന്നത് കാലിൽ മസാജ് ചെയ്യിക്കാനാണ്. കുറെ നേരം ഷൂസിട്ട് മാർച്ച് പാസ്റ്റ് നടത്തിക്കഴിയുമ്പോൾ വിയർപ്പും ചൊറിച്ചിലും വരും. അന്നേരം പരിശീലനം കിട്ടിയ പൂച്ചകൾ വന്ന് നഖങ്ങൾ കൊണ്ട് കാലിൽ മസാജ് ചെയ്യും. നിലീനയുടെ അമ്മ വിശദീകരിച്ചു.. ഒരു കാര്യത്തിന് ഇറങ്ങുമ്പോൾ ആദ്യം കാണുന്ന കാഴ്ചയാണ് മോളേ, ശകുനം. ആ കാര്യം എങ്ങനെയുണ്ടാകുമെന്നതിന്റെ സൂചനയാണത്.  ചീത്ത ശകുനത്തിന്റെ ദോഷം മാറ്റാ‍ൻ പ്രാർഥിച്ചാൽ മതി.. 

വിവാഹത്തിനും യുദ്ധത്തിനും മുമ്പ് പ്രാർഥിക്കുന്നത് നല്ലതാണെന്ന് ചിറ്റപ്പൻ പറഞ്ഞു. രണ്ടിലും തോൽവിയും ജയവും നിർണായകമാണ്. നിലീനയുടെ വിവാഹം മംഗളമായി നടന്നു. ബന്ധുക്കളെല്ലാം ചിറ്റപ്പന്റെ നേതൃത്വത്തിൽ സന്തോഷമായി മടങ്ങി. ആദ്യ രാത്രിയിൽ പാലുമായി ബെഡ് റൂമിലേക്കു വന്ന നിലീന കല്യാണച്ചെക്കനോടു ചോദിച്ചു.. പൂച്ചയെ പേടിയുണ്ടോ ?

പയ്യൻ പറഞ്ഞു.. പൂച്ചയ്ക്കെന്താ ഈ രാത്രിയിൽ പൊന്നുരുക്കുന്നിടത്ത് കാര്യം ? നിലീന പറഞ്ഞു.. ഞാൻ വന്ന കല്യാണക്കാറിന് ഒരു പൂച്ച ക്രോസ് ചാടി. പയ്യൻ പറഞ്ഞു.. നീ കണ്ണടച്ചു പാലു കുടിക്കുമോ എന്ന് അറിയാൻ വന്നതായിരിക്കും ! വീഡിയോഗ്രാഫറുടെ കൈയിൽ അതിന്റെ വിഷ്വൽസ് ഉണ്ടോ? ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്യാനാണ്. നിലീന പറഞ്ഞു... വിഷ്വൽസ് ഉണ്ടായിരുന്നു. ശരത്ചന്ദ്രൻ ചിറ്റപ്പൻ തോക്കു കാണിച്ച് അതൊക്കെ ഡെലീറ്റ് ചെയ്യിച്ചു. പയ്യൻ ചോദിച്ചു.. പൂച്ച കറുപ്പോ വെളുപ്പോ ?

നിലീന പറഞ്ഞു.. അമ്മപ്പൂച്ച കറുപ്പ്. മൂന്നു കുഞ്ഞിപ്പൂച്ചകൾ വെളുപ്പ്. ആദ്യം അമ്മപ്പൂച്ചയും പിന്നാലെ മൂന്നു കുഞ്ഞിപ്പൂച്ചകളും കാറിനു മുന്നിലൂടെ മറുവശത്തേക്ക് ഓടി.പയ്യൻ നിലീനയെ ചേർത്തു പിടിച്ചിട്ട് ചിരിച്ചു.. അതു നല്ല ശകുനമാണല്ലോ.. ! അതിന്റെ അർഥം ഞാൻ പറഞ്ഞു തരണോ ?നിലീന നാണത്തോടെ പറഞ്ഞു.. വേണ്ടാ.. എന്നാലും അതു വേണ്ടായിരുന്നു. എന്ത് ?അമ്മപ്പൂച്ചയും ഒരു കുഞ്ഞിപ്പൂച്ചയും മതിയായിരുന്നു.. പിന്നെയവർ നിലാവിന്റെ പാലുകുടിച്ച് ഉറങ്ങാൻ കിടന്നു !

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN COFFEE BRAKE
SHOW MORE
FROM ONMANORAMA