ADVERTISEMENT

റൈറ്റ് എന്നു പറയുകയും ജീവിതം ലെഫ്റ്റിലൂടെ കൊണ്ടുപോവുകയും ചെയ്തയാളായിരുന്നു മുൻ മുഖ്യമന്ത്രി ഇ.കെ. നായനാർ. അദ്ദേഹം ഒരു ഡ്രൈവറുടെ ജീവിതം ഒരു വാക്കു കൊണ്ട് റൈറ്റ് ട്രാക്കിലേക്കു മാറ്റി ! ശരവണൻ ഒരു പാവം ഡ്രൈവറായിരുന്നു. ക്ളച്ചും ബ്രേക്കും പോലെയായിരുന്നു ജീവിതം. എപ്പോഴും കിട്ടുന്നത് ചവിട്ടുമാത്രം ! വർഷങ്ങളായി കൊച്ചിയിലെ ഒരു വ്യവസായിയുടെ കൂടെയാണ് അയാൾ. വ്യവസായി സ്ഥിരം യാത്രയാണ്. അതിരാവിലെ കുളിച്ച് ഡ്രസ് മാറി പെർഫ്യൂമടിച്ച് കാറിൽ കയറിയിരുന്നിട്ടു പറയും: വണ്ടിയെടുക്കെടാ കഴുതേ...വണ്ടി സ്റ്റാർട്ടാക്കാൻ വൈകിയാൽ ഉടനെ കിട്ടും വഴക്ക്.

‌എന്നാൽ മുതലാളി വരുന്നതിനു മുമ്പേ സ്റ്റാർട്ട് ചെയ്തു നിർത്തിയാൽ അതിനും ചീത്ത..  ചുമ്മാ പെട്രോൾ കത്തിച്ചു കളയുന്നോടാ കന്നാലീ... എങ്ങോട്ടാണ് യാത്രയെന്ന് മുൻകൂട്ടി പറയില്ല. അതുകൊണ്ട് ദൂരെ സ്ഥലങ്ങളിലേക്കാണെങ്കിൽപ്പോലും വേണ്ട തയ്യാറെടുപ്പുകളില്ലാതെ പോകേണ്ടി വരാറുണ്ട് ശരവണന്.  മാറ്റിയുടുക്കാൻ ഡ്രസ് പോലും എടുക്കാതെ മുഷി‍ഞ്ഞും ചുളിഞ്ഞും നാലും അഞ്ചും ദിവസം യാത്ര ചെയ്യേണ്ടി വന്നിട്ടുണ്ട്. ജംങ്ഷനുകളിൽ ചെല്ലുമ്പോൾ എങ്ങോട്ടു തിരിയണമെന്ന് മുൻകൂട്ടി പറയില്ല. ഏതെങ്കിലും സ്ഥലത്ത് നിർത്തണമെങ്കിൽ അടുത്ത് എത്തുന്നതു വരെ മിണ്ടില്ല. തൊഴിലാളിയെ ചീത്ത പറയാൻ ചാൻസ് തേടി നടക്കുന്ന ഒരു മുതലാളി.. 

ആദ്യമൊന്നും ശരവണൻ ഇതു കാര്യമായി എടുത്തില്ല. മുതലാളിയല്ലേ, ശമ്പളം തരുന്നതല്ലേ.. സഹിച്ചേക്കാം എന്ന മട്ടിൽ ഒന്നും മിണ്ടാതെ വണ്ടി ഓടിച്ചു കൊണ്ടേയിരുന്നു. അതോടെ ഉപദ്രവം ടോപ് ഗിയറിലേക്കു മാറി. കൂട്ടുകാരും ബന്ധുക്കളും കൂടെയുള്ളപ്പോഴും ഇതേ പരിഹാസം, പുച്ഛം.. ഇങ്ങനെ ജീവിതം മടുത്തുപോയ ദിവസങ്ങളിലൊരിക്കൽ ശരവണൻ കൊച്ചിയിലെ മറൈൻ ഡ്രൈവിലൂടെ വെറുതെ നടക്കുകയായിരുന്നു. തൊട്ടടുത്ത് ദർബാർ ഹാൾ ഗ്രൗണ്ടിൽ ഭയങ്കര ആൾക്കൂട്ടം.  ഒരു കൗതുകത്തിന് ശരവണനും അങ്ങോട്ടു കേറി. അവിടെ ഇ.കെ. നായനാർ പ്രസംഗിക്കുന്നുണ്ട്.  ചോദ്യവും ഉത്തരവുമായാണ് പ്രസംഗം.  

നായനാരുടെ ചോദ്യം: ആരാടോ ഈ മുതലാളി.. ?

‌ഉത്തരവും നായനാരു തന്നെ പറഞ്ഞു: മുതലിനെ ലാളിക്കുന്നവൻ.

അടുത്ത ചോദ്യം: അപ്പോൾ ആരാടോ തൊഴിലാളി ? 

ഉത്തരം: തൊഴിലിനെ ലാളിക്കുന്നവൻ. 

മുതലിനെ ലാളിക്കുന്നവന് തൊഴിലാളി എന്തു കൊടുക്കണം ?

ഉത്തരം : നല്ല തൊഴി.

ജനക്കൂട്ടം കൈയടിക്കുന്നു. 

ശരവണനു നല്ല രസം തോന്നി. പ്രസംഗം തീർന്നിട്ടാണ് വീട്ടിൽപ്പോയത്. പിറ്റേ ദിവസം ശരവണന്റെ യാത്ര വയനാട്ടേക്കായിരുന്നു.  വണ്ടി തൃശൂരു കഴിഞ്ഞപ്പോൾ മുതലാളി കാറിൽകിടന്ന് ഉറക്കം തുടങ്ങി. ഉണർന്നപ്പോൾ കാർ ഒരിടത്ത് നിർത്തിയിട്ടിരിക്കുകയാണ്. പതിവു ചോദ്യം: വയനാട്ടിൽ എത്തിയോടാ, കന്നാലീ. ? ശരവണൻ ഒന്നും മിണ്ടിയില്ല. എന്താണ് സംഭവിച്ചതെന്ന് പുറത്തിറങ്ങി നോക്കെടാ.. എന്നായി അതോടെ പിൻസീറ്റിൽ നിന്നുള്ള നിർദേശം. ശരവണൻ കാർ തുറന്നുപുറത്തിറങ്ങി.  താമരശേരി ചുരത്തിലെ ബ്ളോക്കാണ്. ദൂരേയ്ക്ക് വണ്ടികളുടെ നീണ്ട നിര കാണാം. 

ശരവണൻ കാറിനടുത്തെത്തി ബാക്ക് ഡോർ തുറന്നിട്ട് വ്യവസായിയോടു പറ‍ഞ്ഞു.. തന്നെപ്പറ്റി സഖാവ് നായനാരു പറഞ്ഞത് കറക്ടാടോ.. ! നായനാരോ, എന്നെപ്പറ്റിയോ.. !  വ്യവസായിക്ക് ഒന്നും പിടികിട്ടിയില്ല.  ശരവണൻ  കാറിന്റെ കീ ചൂണ്ടുവിരലിൽ ഇട്ട് ഒന്നു കറക്കി. എന്നിട്ട് കൊക്കയിലേക്ക് ഒറ്റയേറ് ! അന്തം വിട്ടിരിക്കുന്ന മുതലാളിയോടു ശരവണൻ ‌ പറഞ്ഞു..  തന്റെ ഡ്രൈവറു പണി ഞാൻ മതിയാക്കുവാ.. ഇന്നു രാത്രി താൻ ഇവിടെ കിടന്ന് നരകിക്ക്... തൊഴിക്കുന്നവൻ തൊഴിലാളി... തൊഴി കൊള്ളുന്നവൻ മുതലാളി..  എന്ന് മുദ്രാവാക്യം വിളിച്ച് കാറിന്റെ ടയറിൽ ഒരു തൊഴിയും കൊടുത്തിട്ട് ശരവണൻ കൈയും വീശി ഒറ്റപ്പോക്ക് !  മുമ്പിലെവിടെയോ കിടക്കുന്ന തമിഴ്നാട് രജിസ്ട്രേഷൻ ലോറിയിൽ ശരവണൻ കയറുന്നത് വ്യവസായി നിസ്സഹായനായി നോക്കിയിരുന്നു. 

മൊബൈൽ ഫോൺ ഒന്നും ഇല്ലാത്ത കാലത്ത്, രാത്രിയിൽ, വയനാടു ചുരത്തിലെ റോഡിനു നടുവിൽ കീ പോയ ഒരു വണ്ടിയിൽ ഇരുന്ന് ആ മുതലാളി ആലോചിച്ചു..  ഈ നായനാർ എന്തായിരിക്കും തന്നെപ്പറ്റി പറഞ്ഞത് ! ഉത്തരം കിട്ടാത്ത ഒരു ചോദ്യചിഹ്നം പോലെ വയനാടു ചുരം അയാളുടെ മുന്നിൽ ഇരുളിൽ തെളിഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com