ADVERTISEMENT

പാതിരാത്രിയിൽ ദോശ തിന്നാൻ ഇറങ്ങിയ രണ്ടു ചെറുപ്പക്കാരുടെ ബൈക്കിനു നേരെ ഒരു പെൺകുട്ടി കൈനീട്ടി... എന്നെ പനമ്പിള്ളി നഗർ വരെ വിടാമോ? പാലാരിവട്ടം റോഡിലാണ് സംഭവം. ബൈക്ക് നിർത്തി പയ്യന്മാർ പരസ്പരം നോക്കി.. എന്തു ചെയ്യണം ?

അവർ അഖിലും ശരണും. കാക്കനാട് ഇൻഫോ പാർക്കിൽ നിന്ന് സെക്കൻഡ് ഷിഫ്റ്റിലെ ജോലി കഴിഞ്ഞ് 11 മണിയോടെ ഇറങ്ങി ബൈക്കോടിച്ച് കൊച്ചി നഗരത്തിലെ എംജി റോഡിൽ പൈയുടെ തട്ടുകടയിലെത്തി എഗ് ദോശ കഴിക്കുക, അതൊരു പതിവാണ്.  പെൺകുട്ടി പ്രതീക്ഷയോടെ നോക്കുന്നു... പനമ്പിള്ളി നഗറിൽ മമ്മൂട്ടിയുടെ വീടിന്റെ അടുത്ത ക്രോസ് റോഡിൽ വിട്ടാൽ മതി. അവിടെയാണ് എന്റെ ഹോസ്റ്റൽ. 

അഖിൽ ചോദിച്ചു.. എന്താ പേര് ? എവിടെ നിന്നു വരുന്നു ? പെൺകുട്ടി പറഞ്ഞു.. മൈലാഞ്ചി ഷെമിൻ. ടൂറിസ്റ്റുകളുടെ കൈയിൽ മൈലാഞ്ചി കൊണ്ട് ഡിസൈൻ ചെയ്യുന്ന ആർട്ടിസ്റ്റാണ്.  ശരണിന്റേതാണ് ബുള്ളറ്റ്.  അഖിലാണ്  ഓടിച്ചിരുന്നത്.  രണ്ടാളും ഇരുട്ടത്തേക്ക് അൽപം മാറി നിന്ന് ചർച്ച ചെയ്യാൻ തുടങ്ങി. പേരു കൊള്ളാം. പക്ഷേ സംസാരത്തിൽ ഒരു സ്പെല്ലിങ് മിസ്റ്റേക്കുണ്ട്.പേര് മൈലാഞ്ചി ! രണ്ടു കൈയിലും മുട്ടുവരെ മൈലാഞ്ചി ! ഒരു മിസ്റ്റേക്കും ഇല്ല.. 

ഇവളെ കയറ്റിയാൽ എവിടെ ഇരുത്തും ? നടുക്ക് ഇരുത്തേണ്ടി വരും. എങ്കിൽ ഞാൻ കയറില്ല. എനിക്കതൊന്നും താൽപര്യമില്ല. ശരണിനു ദേഷ്യം വന്നു... എന്നാൽപ്പിന്നെ ഒരു കോയിൻ ഇട്ട് ടോസ് ചെയ്തു നോക്കാം. അല്ലാതെ എന്തു ചെയ്യും !മൈലാഞ്ചി ഷെമിൻ അവരുടെ അടുത്തേക്കു വന്നിട്ടു പറഞ്ഞു..   ‌ബുദ്ധിമുട്ടാണെങ്കിൽ വേണ്ട. ശരൺ പറഞ്ഞു.. അതല്ല പ്രശ്നം. നിങ്ങളെ കയറ്റിയാൽ ഞങ്ങളിൽ ഒരാൾ നടന്നു പോകേണ്ടി വരും. ഇവനു നടക്കാൻ വയ്യാ..

അഖിൽ പറഞ്ഞു.. നടക്കാൻ എനിക്കു പ്രശ്നമൊന്നുമില്ല. ഈ കുട്ടിയും ഞാനും കൂടി നടന്നോളാം.  നീ ബൈക്ക് ഓടിച്ചോ..പെൺകുട്ടിക്കു ചിരി വന്നു. അവൾ പറഞ്ഞു..  ബുള്ളറ്റല്ലേ, ഒന്ന് അഡ്ജസ്റ്റ് ചെയ്താൽ മൂന്നു പേർക്ക് ഇതിൽ പോകാമല്ലോ, കുറച്ചു ദൂരമല്ലേയുള്ളൂ.. പ്ളീസ്.. രണ്ടുപേരും  സമ്മതിച്ചു. ശരൺ ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു. അഖിൽ നടുവിൽ ഇരുന്നു. മൈലാഞ്ചി ഷെമിൻ പിന്നിലും.  ബൈക്ക് ഓടാൻ തുടങ്ങി.  രണ്ടാളും പെട്രോൾ ടാങ്കിനു മുകളിലേക്ക് കയറി മാക്സിമം സ്ഥലം വിട്ടുകൊടുത്ത് ഇരിക്കുന്നതു കണ്ട് മൈലാഞ്ചി പറഞ്ഞു..  ഇത്രയും ദൂരെ മാറിയിരിക്കേണ്ട. എനിക്ക് കൊറോണ ഒന്നുമില്ല. 

രണ്ടുപേരും ഒന്ന് അയഞ്ഞിരുന്നു. ഷെമിൻ ചോദിച്ചു..  അത്തറിന്റെ പെർഫ്യൂമാണോ.. ? കൊള്ളാം കേട്ടോ.. ! അഖിലിനു സന്തോഷമായി.. എങ്ങനെ മനസ്സിലായി ? അവൾ പറഞ്ഞു.. കാറ്റ് വന്നു പറ‍ഞ്ഞു. അഖിലിനു സംശയം.... ആണുങ്ങളും മൈലാഞ്ചി ഇടാറുണ്ടോ ? പെൺകുട്ടി പറ‍ഞ്ഞു.. മലയാളികളും അമേരിക്കക്കാരും ഇല്ല. പക്ഷേ പോർച്ചുഗീസുകാർക്ക് ഇഷ്ടമാണ്.   ആണുങ്ങൾ ഇപ്പോൾ കണ്ണിൽ സുറുമയെഴുതാറുണ്ട്. ശരണിനു ദേഷ്യം വന്നു. അവൻ അഖിലിനോടു പറഞ്ഞു..  എന്നാൽപ്പിന്നെ നിന്റെ കൈയിലും കാലിലും മൈലാഞ്ചി കൂടി  ഇട്ടോ.. 

മൈലാഞ്ചി ഷെമിൻ പറഞ്ഞു..  ഞാൻ കൈനീട്ടിയിട്ട് പലരും ബൈക്ക് നിർത്തിയില്ല. കഞ്ചാവ് കടത്താൻ പെൺകുട്ടികളും ഉണ്ടെന്നു ന്യൂസ് വന്നതോടെ രാത്രിയിൽ ലിഫ്റ്റ് തരാനൊക്കെ പലർക്കും പേടിയാണ്.  നിങ്ങൾക്കു നല്ല ധൈര്യമാണല്ലോ. ശരൺ പറഞ്ഞു.. മൈലാഞ്ചിക്കല്ലേ കൂടുതൽ ധൈര്യം. രാത്രിയിൽ റോഡിൽ നിന്ന് ആണുങ്ങളോടു ലിഫ്റ്റ് ചോദിക്കാനൊക്കെ.. ബൈക്ക് പിന്നെയും മുന്നോട്ട്. പനമ്പിള്ളി നഗറിലെത്തി. നന്ദി പറഞ്ഞ് മൈലാഞ്ചി ഷെമിൻ ഏഴാമത്തെ ക്രോസ് റോഡിൽ എവിടെയോ മാഞ്ഞു. 

പിറ്റേന്നു രാവിലെ ഉണർന്ന അഖിൽ സ്വന്തം കൈ കണ്ടപ്പോൾ ഞെട്ടി. ഇടത്തെ കൈത്തണ്ട മുതൽ മുട്ടുവരെ മൈലാഞ്ചി കൊണ്ട് കുറെ ചിത്രപ്പണികൾ ! പൂക്കളും കിളികളും ഇലകളുമൊക്കെയായി കൈനിറയെ സ്വർണ വരകളുടെ ആഘോഷം. ശരണിനെ വിളിച്ചു. അവന്റെ കൈയിൽ ഒരു വര പോലുമില്ല. ഇത് ആ ചിത്രകാരി വരച്ചതായിരിക്കുമെന്ന് ഉറപ്പാണ്, ആ മൈലാഞ്ചി ഷെമിൻ !  പക്ഷേ, 13 കിലോമീറ്റർ ബൈക്ക് യാത്രയ്ക്കിടെ കൈപോലും അറിയാതെ ഇത്ര ഭംഗിയായി എങ്ങനെ വരയ്ക്കാൻ പറ്റും !

തനിക്കൊന്നും അറിയില്ലെന്ന് അഖിൽ എത്ര തവണ പറഞ്ഞിട്ടും ശരൺ വിശ്വസിക്കുന്നില്ല. നിനക്ക് അവളെ നേരത്തെ അറിയാം, നീയും കൂടി അറിഞ്ഞിട്ടാണ് അവൾ രാത്രിയിൽ റോഡിൽ വന്നു നിന്നത് എന്നൊക്കെ പറഞ്ഞു ചൂടായി നിൽക്കുകയാണ് അവൻ.  അന്നു രാവിലെ ഓഫിസിൽ ചെന്ന അഖിലിനു ചുറ്റും പെൺകുട്ടികൾ കൂടി. എല്ലാവർക്കും സംശയം: ആണുങ്ങൾ മൈലാഞ്ചി ഇടുമോ?

അഖിൽ പറഞ്ഞു.. ഇപ്പോൾ ഇട്ടു തുടങ്ങിയിട്ടുണ്ട്. പോർച്ചുഗീസുകാരൊക്കെ നേരത്തെ മൈലാഞ്ചി ഇടും.. പെൺകുട്ടികളുടെ ഗ്രൂപ്പിൽ നിന്ന് ആകാംക്ഷാ ജയിംസ് ശബ്ദം താഴ്ത്തി ചോദിച്ചു.. മൈലാഞ്ചി ഷെമിനു നീ ലിഫ്റ്റ് കൊടുത്താരുന്നോ ?!  അഖിൽ ഒന്നു ഞെട്ടി.. കൊടുത്തല്ലോ.. എന്തേ.. ? അയ്യോ അപ്പോൾ നീയും.. !  ആകാംക്ഷ പിന്നെ ഒന്നും പറഞ്ഞില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com