ADVERTISEMENT

നൊസ്റ്റാൾജിയ തോന്നുമ്പോഴൊക്കെ മലയാളികൾ മുല്ലപ്പൂ ചൂടും, കസവുമുണ്ടുടുക്കും. ഇതു രണ്ടും കിട്ടിയില്ലെങ്കിൽ സത്യൻ അന്തിക്കാടിന്റെ സിനിമ കാണും. വരിക്കച്ചക്ക, വെളിച്ചെണ്ണ, കുടംപുളിയിട്ട മീൻകറി, നെല്ലുകുത്തരി തുടങ്ങി കേരളത്തിന്റെ പ്രിയപ്പെട്ട ബ്രാൻഡുകളിലൊന്നാണ് അന്തിക്കാട്. കുറെ നാൾ മുമ്പ് ഒരു സിനിമയുടെ ഷൂട്ടിങ്ങിനായി ഒരുമാസത്തോളം തിരുവനന്തപുരത്ത് താമസിക്കുന്നതിനിടെ സത്യൻ പെട്ടെന്ന് അന്തിക്കാട്ടേക്കു പോന്നു.

സന്ധ്യയ്ക്കുള്ള‍ വിമാനത്തിൽ കയറി അത്താഴം കഴിക്കാൻ നേരത്ത് തൃശൂരിലെ വീട്ടിൽ വന്നിട്ട് അതിരാവിലെ വിമാനത്തിൽ തിരുവനന്തപുരത്തിനു തിരിച്ചു പോയി. എന്താ ഇത്ര അത്യാവശ്യമെന്നു ചോദിച്ചപ്പോൾ സത്യൻ ആ രഹസ്യം പറഞ്ഞു.. വീട്ടിൽച്ചെന്ന് കഞ്ഞിയും മുതിരപ്പുഴുക്കും കഴിക്കണം. അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ വളർന്നത് ഈ കാഴ്ചകൾ കണ്ടിട്ടാണ്. അച്ഛനും അമ്മയും മൂന്നു മക്കളും ഒരുമിച്ച് ഒരു കാറിൽ യാത്ര ചെയ്യുമ്പോൾ കാർ നമ്മുടെ വീടായി മാറുന്നു എന്ന് അനൂപ് പഠിച്ചത് അച്ഛനിൽ നിന്നാണ്. 

അച്ഛന്റെ അമ്മ അച്ഛമ്മ. അച്ഛമ്മയ്ക്ക് പ്രായം 80 കഴിഞ്ഞു.  ഓർമക്കുറവുണ്ട്.  ഒരു ദിവസം രാവിലെ എഴുന്നേൽക്കുമ്പോൾ അവർക്കു തോന്നുകയാണ്, താമസിക്കുന്നത് സ്വന്തം വീട്ടിലല്ല. ആരു പറഞ്ഞിട്ടും മനസ്സിലാകുന്നില്ല. വഴക്കായി. കരച്ചിലായി. പെയ്യാൻ തുടങ്ങി.  80 വയസ്സുകഴിഞ്ഞ ഒരമ്മ കരയുന്നത്  ലോകത്തെ ഏറ്റവും സങ്കടകരമായ കാഴ്ചയാണ്. അതിനു ശബ്ദമുണ്ടാവില്ല. സത്യൻ അമ്മയുടെ കൈയിൽ പിടിച്ചിട്ടു പറഞ്ഞു.. അമ്മ വരൂ, നമുക്കു നമ്മളുടെ വീട്ടിൽപ്പോകാം.  കാറിൽ അമ്മയെയും കൂട്ടി അന്തിക്കാട്ടെ നാട്ടുവഴിയിലൂടെ സത്യൻ ഒരു യാത്ര പോയി. 

ഓരോ ഇടവും അമ്മയ്ക്ക് ഓരോ ഓർമകളാണ്.  പ്ളാവു നിൽക്കുന്നിടം പഞ്ചായത്ത് ഓഫിസ്. ആലു നിൽക്കുന്നിടം ആറാട്ടു കടവ്.  നെല്ലു നിൽക്കുന്നിടം ഭർത്താവിന്റെ വിയർപ്പിന്റെ വീതം. ഷാപ്പു നിൽക്കുന്നിടം പണ്ടത്തെ പഞ്ചാരമുക്ക്. ഇടവഴി മായുന്നിടം മരിച്ചു പോയ കൂട്ടുകാരിയുടെ വാക്ക്.  അമ്മ പറഞ്ഞിടത്തൊക്കെ കാർ നിർത്തി. ചോദിച്ചതിനൊക്കെ പിശുക്കില്ലാതെ മറുപടി പറഞ്ഞു. കേട്ടില്ലെന്നു തോന്നിയപ്പോൾ അതേ കാര്യങ്ങൾ പിന്നെയും പറഞ്ഞു. കുറെ ദൂരം പോയപ്പോൾ അമ്മ തന്നെ പറഞ്ഞു.. മതി, ഇനി നമ്മൾക്കു വീട്ടിൽപ്പോകാം. പുറപ്പെട്ട അതേ വീടിന്റെ മുറ്റത്ത് കാർ തിരിച്ചു വന്നപ്പോൾ അമ്മ ആശ്വസിച്ചു..  ദേ നമ്മുടെ വീട്. സത്യാ, ഇപ്പോഴാണ് സമാധാനമായത്. 

തിരിച്ചെത്തുമ്പോഴാണ് ഓരോ യാത്രയും വിനോദയാത്രയാകുന്നതെന്ന് അനൂപ് സത്യൻ അന്നു പഠിച്ചു.  അച്ഛനും അച്ഛമ്മയും കൂടിയുള്ള ആ യാത്രയെപ്പറ്റി ഒരു ഡോക്യുമെന്ററി ചെയ്തു – വാപസി. വാപസി എന്നാൽ തിരിച്ചുവരവ്. ഓരോ തിരയും കരയിലേക്ക് ഓടി വരുന്നത് കടലിലേക്കു തിരിച്ചു പോകാനുള്ള റിട്ടേൺ ടിക്കറ്റുമായാണ്. ഈ റിട്ടേൺ ടിക്കറ്റിനെ  വരനെ ആവശ്യമുണ്ടെന്ന തന്റെ ആദ്യ സിനിമയിൽ അനൂപ് സത്യൻ പ്രധാന വിഷയങ്ങളിലൊന്നാക്കി.  ഈ സിനിമയിൽ പട്ടാളക്കാരനായ സുരേഷ് ഗോപി ഒരു ഹിമാലയൻ ബൈക്ക് റാലി ഫ്ളാഗ് ഓഫ് ചെയ്യുന്ന സീൻ ഉണ്ട്.  വരനെ ആവശ്യമുണ്ടെന്ന സിനിമയിലെ പ്രധാന രംഗങ്ങളിലൊന്നാണ് സുരേഷ് ഗോപിയുടെ പ്രസംഗം. ആദ്യം ഷൂട്ട് ചെയ്തപ്പോൾ ഓഡിയൻസിന്റെ പ്രതികരണം തൃപ്തി വരാഞ്ഞിട്ട് അനൂപ് വേറെ ഓഡിയൻസിനെ വച്ച് വീണ്ടും ഷൂട്ട് ചെയ്തു. 

ഓഡിയൻസിന്റെ പ്രതികരണത്തിനു വേണ്ടി രണ്ടാമതു ഷൂട്ട് ചെയ്തപ്പോൾ പ്രസംഗിച്ചത് അനൂപ് സത്യൻ തന്നെയാണ്. സ്റ്റേജിൽ കയറി മൈക്കെടുത്ത് അനൂപ് പറയാൻ തുടങ്ങി. പ്രസംഗിക്കാൻ എനിക്കും പേടിയാണ്. മുട്ടു വിറയ്ക്കുന്നുണ്ട്. എങ്കിലും പറയാം. എനിക്കൊരു ട്വിൻ ബ്രദറുണ്ട്. നഴ്സറി മുതലേ ഞങ്ങളൊരുമിച്ചാണ് പഠിച്ചത്. കാണാനും സംസാരവുമൊക്കെ എന്നെപ്പോലെ തന്നെ. ഭയങ്കര പാരയായിരുന്നു അവൻ. സ്കൂളിൽ പഠിക്കുമ്പോൾ എനിക്കൊരു പ്രേമമുണ്ടായിരുന്നു. അവളെയും ഒടുവിൽ അവൻ തട്ടിയെടുത്തു. കാരണം അവൾക്ക് ഞങ്ങളുടെ രണ്ടുപേരുടെയും പേരു തമ്മിൽ മാറിപ്പോയി. ജോലി കിട്ടിയതോടെയാണ് ഞാൻ ഒന്നു രക്ഷപ്പെട്ടത്. ചിത്രം വരയ്ക്കുന്നതാണ് എന്റെ ഹോബി. സത്യത്തിൽ അതു ഹോബിയല്ല. എന്റെ അമ്മയ്ക്കു സംസാരിക്കാൻ കഴിയില്ല. അമ്മയോടു വിവരങ്ങൾ പറയാൻ ഞാൻ കണ്ടുപിടിച്ച വഴിയാണ് ചിത്രം വര. എനിക്ക് ആവശ്യമുള്ള എല്ലാ കാര്യങ്ങളും വരയിലൂടെ ചോദിക്കും. അവിയലും ചിക്കൻകറിയും പായസവും എല്ലാം.   വരയിലൂടെ അമ്മയ്ക്കു മുന്നിൽ എന്റെ മനസ്സു വരച്ചു കാട്ടി

ജോലിസ്ഥലത്തും ഇടയ്ക്കൊക്കെ ഞാൻ ഇതു തന്നെ പ്രയോഗിച്ചു. മാനേജർ ലീവ് തരാത്തപ്പോൾ അയാളുടെ തലയിൽ ഇടിത്തീ വീഴുന്ന പടം വരച്ച് അയച്ചുകൊടുത്തു. അതോടെ അയാൾ പേടിച്ച് ലീവ് തരും. അങ്ങനെയിരിക്കെ ഒരു ദിവസം അനിയത്തിക്ക് ഒരു അപകടം സംഭവിച്ചു.  കോളജിൽ നിന്നു വരുമ്പോൾ വണ്ടി ഇടിച്ചതായിരുന്നു.  ഞാൻ വീട്ടിലെത്തുമ്പോൾ അമ്മ വിവരം അറിഞ്ഞിട്ടില്ല. മകളുടെ മരണം അമ്മയോടു പറയാൻ എല്ലാവർക്കും പേടി. ഞാൻ വന്നിട്ടു പറയാനായി എല്ലാവരും കാത്തിരിക്കുകയാണ്. 

ഞാൻ അമ്മയുടെ അടുത്തു ചെന്നിരുന്നു. എന്നിട്ട് ഒരു കടലാസിൽ അനിയത്തിയുടെ ചിത്രം വരച്ച് അമ്മയ്ക്കു കൊടുത്തു. അമ്മ ആ ചിത്രം നോക്കി, പിന്നെ എന്നെ നോക്കി. ഞാൻ വരച്ചത് വേണ്ടത്ര ശരിയായില്ലെന്ന മട്ടിൽ. ഞാൻ അതിന്റെ മുകളിലേക്ക് കുറെ ചോരത്തുള്ളികൾ വരച്ചു. പിന്നെ ഞങ്ങൾ രണ്ടു പേരും കെട്ടിപ്പിടിച്ചു കരഞ്ഞു. പ്രസംഗം ഇത്രയുമായപ്പോൾ ക്യാമറമാൻ വിളിച്ചു പറഞ്ഞു.. ഇത്രയും മതി. ഓഡിയൻസ് കരയാൻ തുടങ്ങി. ഷോട്ട് ഓകെയാണ്.

അതോടെ അനൂപ് സത്യൻ മൈക്കിലൂടെ വിളിച്ചു പറഞ്ഞു.. ഞാൻ ഇതുവരെ പറഞ്ഞതൊക്കെ കള്ളക്കഥയാണ്. നിങ്ങൾ ഇതു കേട്ട് സങ്കടം വരുമോ എന്ന് അറിയാൻ വെറുതെ പറഞ്ഞതാണ്. എനിക്ക് സഹോദരിയില്ല. എന്റെ അമ്മയ്ക്ക് ഒരു കുഴപ്പവുമില്ല. അച്ഛനാണെ സത്യം ! വരനെ ആവശ്യമുണ്ടെന്ന സിനിമയിൽ ദുൽഖർ സൽമാന് ഏറ്റവും പ്രിയപ്പെട്ട രംഗങ്ങളിലൊന്നാണ് ഇത്. ഷൂട്ടിങ്ങിന്റെ പെർഫെക്ഷനു വേണ്ടി പറഞ്ഞ കള്ളക്കഥ കേട്ടിട്ട് ആ സിനിമയുടെ നിർമാതാവു കൂടിയായ ദുൽഖർ അനൂപ് സത്യനോടു പറഞ്ഞു.. ഈ കഥ കേട്ടാൽ നിന്റെ അമ്മ നിന്നെ ഓടിക്കും. തൽക്കാലം വീട്ടിൽപ്പോകണ്ട. എന്റെ കൂടെ ഒരു ട്രിപ്പിനു പോരൂ..

ദുൽഖർ യാത്രകളുടെ ആളാണ്. ദുൽഖറോടൊപ്പം ഒരുയാത്ര പോകണമെന്ന് അനൂപിനും ആഗ്രഹമുണ്ട്.  എന്നിട്ടും അനൂപ് പറഞ്ഞു.. വരാൻ ഞാൻ റെഡി. പക്ഷേ അതിനു മുമ്പ് വീട്ടിലേക്ക് ഒരു റിട്ടേൺ ടിക്കറ്റ് എടുക്കട്ടെ.. വീട്ടിൽച്ചെന്നിട്ടേ വേറെങ്ങോട്ടേയ്ക്കും ഉള്ളൂ.. അതാണ് അന്തിക്കാട്ടെ ചിട്ട !

English Summary: Coffee Brake Anoop Sathyan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com