ADVERTISEMENT

കലൂരിലൂടെ കാറിൽ പോകുമ്പോൾ ഉണ്ണിമായ ശ്യാംപുഷ്കരനോടു പറ‍ഞ്ഞു..  നോക്കൂ, മെട്രോ പില്ലേഴ്സ്.. ഇവയാണ് ഇനി കൊച്ചിയുടെ പുതിയ മുഖം. ശ്യാം പെട്ടെന്നു പറഞ്ഞു.. ഇവിടെ രണ്ടു മെട്രോ പിള്ളേഴ്സിനെക്കൂടി ഉൾപ്പെടുത്തിയാൽ അതൊരു കൊച്ചിയുടെ സിനിമയാകും ! ഉണ്ണിമായ ആർക്കിടെക്ടും നടിയുമാണ്. ഭർത്താവായ ശ്യാം പുഷ്കരൻ മലയാളത്തിലെ തിരക്കുള്ള തിരക്കഥാകൃത്തും. ഉണ്ണി തൂണിൽക്കണ്ടു, ശ്യാം സ്ക്രീനിലും..  അങ്ങനെ മായാനദി എന്ന സിനിമയുടെ കഥയുണ്ടായി. കൊച്ചി മെട്രോയെ തോളിലേറ്റി ഭീമനെപ്പോലെ നിസ്സംഗമായി നിൽക്കുന്ന തൂണുകൾക്ക് കീഴിലൂടെ മാത്തനും അപ്പുവും പ്രണയിച്ചും വഴക്കിട്ടും നടക്കുന്ന കാഴ്ച രാത്രിയുടെ നിയോൺ വെളിച്ചങ്ങളിൽ നമ്മൾ കണ്ടു. 

കൊച്ചി മെട്രോയുടെ തൂണുകൾക്ക് രാത്രിയാണ് കൂടുതൽ ഭംഗി.  പ്രണയം തോന്നും. പ്രണയിക്കാൻ തോന്നും.   മഹാരാജാസ് കോളജിൽ നിന്നിറങ്ങി മറൈൻ ഡ്രൈവിൽ വന്നു നിൽക്കുന്ന ഒരു തരം അർബൻ നൊസ്റ്റാൾജിയ !  മതിലുകളിൽ പെയിന്റു കൊണ്ടെഴുതിയ പരസ്യങ്ങളായിരുന്നു പണ്ടത്തെ ഇടുക്കിയുടെ മുഖശ്രീ.  ഇടുക്കി ഗോൾഡ് എന്ന സിനിമയുടെ തിരക്കഥയെഴുതാനായി ഇടുക്കിയിലൂടെ യാത്ര ചെയ്യുമ്പോൾ‌ ശ്യാം കണ്ടു; പഴയ ബോർഡുകളെല്ലാം മാഞ്ഞുപോയിരിക്കുന്നു.  ഇടുക്കിയുടെ പുതിയ തലേവര ഫ്ളെക്സാണ്. ആ അറിവ് അടുത്ത തിരക്കഥയായ മഹേഷിന്റെ പ്രതികാരത്തിൽ പ്രതിഫലിച്ചു.  ആർട്ടിസ്റ്റ് ബേബി എന്ന കഥാപാത്രത്തിന്റെ ജോലി തന്നെ ഫ്ളെക്സ് ഉണ്ടാക്കലാണ്. മഹേഷിലെ പല സീനുകളിലും ഫ്ളക്സ് കാണാം. 

കാണുന്ന കാഴ്ചകളെല്ലാം ഓർമിച്ചു വയ്ക്കുകയും അവസരം കിട്ടിയാൽ അവയെ സിനിമയിലെടുക്കുകയും ചെയ്യാറുണ്ട് ശ്യാംപുഷ്കരൻ.  എനിക്ക് ഒരു സൂപ്പർ പവറേയുള്ളൂ, അതു മെമ്മറിയാണ് എന്ന എംടി വാസുദേവൻ നായരുടെ വാചകം തന്നെപ്പറ്റിയുമാണ് എന്ന് എപ്പോഴും ഓർമിക്കാറുമുണ്ട് ശ്യാം. സിനിമയിൽ ഉപയോഗിക്കാൻ മാറ്റി വച്ച ഒരു കാര്യം ആദ്യമായി പറയുകയാണെന്ന ആമുഖത്തോടെ ശ്യാം പുഷ്കരൻ പറയുന്നു:  എന്റെ ജീവിത യാത്രകളിൽ രണ്ടു പ്രധാന അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. രണ്ടെണ്ണവും തമ്മിൽ ബന്ധവുമുണ്ട്. 

2004–ലാണ് ആദ്യ അപകടം. മംഗലാപുരത്ത് പഠിക്കുന്ന സമയം. ശ്യാമിന് ഒരു യമഹ ആർ എക്സ് 100 ഉണ്ടായിരുന്നു. ഇളം പച്ച.മംഗലാപുരം ബീച്ചിലേക്കു പോകുമ്പോൾ ആ ബൈക്ക് സ്കൂട്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഓവർസ്പീഡായിരുന്നു. 

ബീച്ചിൽ ഫുട്ബോൾ കളിച്ചിരുന്ന പിള്ളേര് ബോളല്ലാതെ മറ്റെന്തോ കടൽ ഭിത്തിയിൽ വന്നു വീഴുന്നത് കണ്ട് ഓടിയെത്തി. ശ്യാമിനെയുമെടുത്ത് ആശുപത്രിയിലേക്ക് പാഞ്ഞു. എല്ലാ ആശുപത്രിയിലെയും പോലെ അവിടെയും ഒരു മലയാളി നഴ്സുണ്ടായിരുന്നു. നെറ്റിയിൽ എത്ര സ്റ്റിച്ചുണ്ടെന്ന് അവരോടു ശ്യാമിന്റെ ചോദ്യം. പത്തുപതിനഞ്ചെണ്ണം കാണും എന്ന് നഴ്സിന്റെ കാഷ്വലായ മറുപടി.

എന്നാലൊരു തയ്യൽ മെഷീൻ കൊണ്ടുവന്നു കൂടേ എന്ന് ശ്യാമിന്റെ കോമഡി. ചെറുപ്പമല്ലേ, ചോരയൊലിക്കുമ്പോഴും കൂളാണെന്ന് കാണിക്കാനുള്ള ശ്രമമായിരുന്നു.നഴ്സിനു ദേഷ്യം വന്നു. അവർ പറഞ്ഞു.. തനിക്ക് അഹങ്കാരമാണ്.  അടുത്ത തവണ താൻ പഠിച്ചോളും. അതൊരു തിരിച്ചറിവായി.  ഇനിയൊരിക്കലും ഓവർസ്പീഡിനില്ലെന്ന് ആ നിമിഷം തീരുമാനിച്ചു. പക്ഷേ, അക്കാര്യം നഴ്സിനോടു പറയാനൊന്നും നിന്നില്ല.. ! 

എന്നിട്ടും ഉണ്ടായി വീണ്ടും അപകടം – 2015ൽ. കാസർകോട് യാത്ര കഴിഞ്ഞ് തിരിച്ചു വരികയായിരുന്നു. പുലർച്ചെ ഒന്നര. ഇന്നൊവയും ഡ്രൈവറുമുണ്ട്.  മുൻസീറ്റിൽ ഉണ്ണിമായയുടെ സഹോദരൻ. പിന്നിൽ ശ്യാം. മടിയിൽ തലവച്ച് ഉണ്ണിമായ ഉറങ്ങുന്നു. 

ജോൺസൺ മാസ്റ്ററുടെ പാട്ടാണ് വണ്ടിയിൽ. അത്രയും സൗമ്യമായ സ്പീഡേയുള്ളൂ.  പെട്ടെന്ന് ഒരു ഹെഡ് ലൈറ്റ് കണ്ണിനു നേരെ വന്നു. അതൊരു ടിപ്പർ ലോറിയായിരുന്നു. എല്ലാ അപകടങ്ങളും ഇങ്ങനെയാണെന്ന് ശ്യാം പറയുന്നു. അപകടത്തിന് തൊട്ടുമുമ്പുള്ള നിമിഷം ഓർമകൾ സ്വിച്ച് ഓഫാകും. പിന്നെ നമ്മൾ വീണു കിടക്കുന്നിടത്താണ് ഓണാകുന്നത്. ആദ്യത്തെ ഓർമ വരുമ്പോൾ തകർന്ന കാറിനുള്ളിൽ ഞാൻ കുടുങ്ങി കിടക്കുകയാണ്.  കാൽ ഒടിഞ്ഞു മടങ്ങിയിരിക്കുന്നു.  നെറ്റിയിൽ തൊട്ടുനോക്കി. തലയ്ക്കു കുഴപ്പമൊന്നുമില്ല. നന്ദി, മംഗലാപുരത്തെ നഴ്സിനെ ഓർമ വന്നു.  

ഉണ്ണിമായ എങ്ങനെയോ പുറത്തു വന്ന് വണ്ടിയിൽ ചാരിവച്ചതുപോലെ നിൽക്കുന്നുണ്ട്. ശ്യാം സ്വയം പറഞ്ഞു..   റിലാക്സ്.. ആളുകൾ വരട്ടെ, അതുവരെ ഡെഡ്ബോഡി പോലെ അനങ്ങാതെ കിടക്കാം. വണ്ടിയിൽ നിന്നു പുറത്തെടുക്കാൻ വന്നവരോടു ശ്യാം പറഞ്ഞു.. എന്നെ സൂക്ഷിച്ച് എടുക്കണം.  ഞാൻ പൂർണമായി സഹകരിക്കാം. രണ്ടു കാലും  ഒടി‍ഞ്ഞു തൂങ്ങി, ഷോൾഡർ വിട്ടു പോയിരിക്കുന്ന നിമിഷങ്ങളിലും ഇത്തരം ഡയലോഗുകൾ പറയാൻ മറ്റാർക്കു കഴിയും, എന്തു പ്രഹസനമാ സജീ എന്നെഴുതിയ എഴുത്തുകാരനല്ലാതെ !

അപകടത്തിൽപ്പെട്ടവരെ പെട്ടെന്ന് വലിച്ചു പുറത്തെടുക്കുമ്പോൾ കൂടുതൽ പരുക്കു പറ്റിയതായി കേട്ടിട്ടുണ്ട്. എടുത്തുകൊണ്ട് ഓടുമ്പോൾ എല്ലുകൾ തകർന്ന് ശ്വാസകോശത്തിൽ കയറിയ സംഭവങ്ങളുമുണ്ട്. ഒരു കെഎസ്ആർടിസി ബസിനുള്ളിൽ നിലത്ത് അടുത്തടുത്തു കിടന്ന് യാത്ര ചെയ്യുമ്പോൾ ശ്യാം പുഷ്കരൻ ആലോചിച്ചു. ഒരുപക്ഷേ ഞങ്ങൾ ഒരുമിച്ചുള്ള അവസാന യാത്രയായിരിക്കും ഇത്.   ഉണ്ണിമായയ്ക്കു ശ്വാസം കിട്ടുന്നില്ല.  അവർ ആറു റിബും ഒരു കോളർ ബോണും ഒടിഞ്ഞ നിലയിലാണ്. പിന്നീടുള്ള രണ്ടര മാസം എറണാകുളം ലേക് ഷോർ ആശുപത്രിയിൽ കിടപ്പു തന്നെയായിരുന്നു.

വശങ്ങളിലേക്കു തിരിയാൻ പോലും പറ്റാതെ മുകളിലേക്കു  നോക്കി കിടക്കുമ്പോൾ മച്ചിലെ വെള്ളത്തിരയിൽ പല കഥകളും തെളിയാൻ തുടങ്ങി. അതിലൊന്നാണ് മഹേഷിന്റെ പ്രതികാരം എന്ന സിനിമ. ശ്യാം പറയുന്നു..  ഞാനും ഉണ്ണിമായയും രണ്ടരമാസം ഒരേ ബെഡിലായിരുന്നു.  വിവാഹം കഴിഞ്ഞിട്ട് ഇതുപോലെ തിരക്കൊന്നുമില്ലാതെ ഒരുമിച്ച് കഴിഞ്ഞിട്ടില്ല, ഒരിക്കലും.. ! 

മംഗലാപുരത്തെ നഴ്സിനെ വീണ്ടും ഓർമ വരുന്നു.  രണ്ടാമത്തെ അപകടം അറിഞ്ഞാൽ അവർ എന്തു പറയുമായിരുന്നു ?!

ഒരു പക്ഷേ തമിഴ് സൂപ്പർ സ്റ്റാർ ചിയാൻ വിക്രമിന്റെ കഥ പറഞ്ഞേനെ.. ഇതുപോലെ രണ്ടു കാലും ഒടിഞ്ഞ് ആശുപത്രിയിൽ കിടന്ന ശേഷമായിരുന്നു സിനിമയിൽ വിക്രം കാലെടുത്തു വച്ചതും പേരെടുത്തതും. 3 വർഷത്തിനിടെ വിക്രമിന്റെ രണ്ടുകാലിലും 23 ഓപ്പറേഷൻ.  അന്ന് പരിചരിക്കാൻ വന്ന പെൺകുട്ടി വിക്രമിന്റെ ജീവിത സഖിയുമായി !

English Summary: Syam Pushkaran and Unnimaya In Coffee Brake

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com