പോത്തേട്ടൻസ് തിയറി ഓഫ് ഡ്രൈവിങ്; ഒരു തിരക്കുമില്ല, തിരക്കിടാനുമില്ല

HIGHLIGHTS
  • ദിലീഷിന്റെ നാട്ടുകാരനായ സാബു ചേട്ടായിക്ക് ഒരു ജീപ്പുണ്ടായിരുന്നു
  • സാബു ചേട്ടായി തന്നെയാണ് ദിലീഷിനെ ഡ്രൈവിങ് പഠിപ്പിച്ചത്
dileesh-pothan
SHARE

മറ്റൊരാളുടെ തിരക്കഥയ്ക്കും സംഭാഷണത്തിനും അനുസരിച്ച് വണ്ടി ഓടിക്കാൻ ഇഷ്ടമില്ലാത്ത ആളാണ് സംവിധായകനും നടനുമായ ദിലീഷ് പോത്തൻ. അതുകൊണ്ടു തന്നെ ഷൂട്ടിങ്ങിനു പോകുമ്പോൾ ഡ്രൈവറും വീട്ടിലേക്കു മടങ്ങുമ്പോൾ ദിലീഷുമാണ് ഡ്രൈവ് ചെയ്യുക. ഷൂട്ടിങ്ങിനെത്താൻ കൃത്യം സമയം ഉണ്ട്. തിരിച്ചു പോരുമ്പോൾ അതില്ല. ഒരു തിരക്കുമില്ല, തിരക്കിടാനുമില്ല എന്നതാണ് പോത്തൻസ് തിയറി ഓഫ് ഡ്രൈവിങ്.

മാന്നാനം കെ.ഇ. കോളജിൽ ഡിഗ്രിക്കു പഠിക്കുന്ന കാലത്ത് കൂട്ടുകാരെല്ലാം ജോളി മോട്ടോഴ്സിലും ആവേ മരിയയിലും കയറുമ്പോൾ ദിലീഷ് പോത്തൻ ഗുഡ് വിൽ മോട്ടോഴ്സിൽ മാത്രമേ കയറൂ. ഒമ്പതുമണിക്ക് ഓടുന്ന ജോളിയിലും ആവേ മരിയയിലും നല്ല തിരക്കായിരിക്കും. എട്ടരയ്ക്കുള്ള ഗുഡ് വിൽ ബസിൽ കുറച്ച് അധ്യാപകരും മെഡിക്കൽ കോളജ് സ്റ്റോപ്പിൽ ഇറങ്ങുന്ന കുറെ രോഗികളും നഴ്സുമാരും മാത്രം. ഷർട്ടും പാന്റ്ം ഒട്ടും ചുളുങ്ങാതെ സ്മാർട്ടായി കോളജിലെത്തുന്നതിന്റെ സീക്രട്ട് തിരക്കിയ കൂട്ടുകാരോട് ദിലീഷ് പറഞ്ഞു.. ഇടി കൊള്ളണ്ട. ഏറ്റുമാനൂരിലെത്തുമ്പോൾ സീറ്റും കിട്ടും!

അതുകേട്ട് കൂട്ടുകാർ ഓരോരുത്തരായി ദിലീഷിന്റെ ബസിലാക്കി യാത്ര. അതോടെ തിരക്കായ ഗുഡ് വില്ലിനോടു ഗുഡ്ബൈ പറഞ്ഞ് ദിലീഷ് ജോളി മോട്ടോഴ്സിൽ കയറാൻ തുടങ്ങി. അക്കാര്യം കൂട്ടുകാരോടു പറഞ്ഞതുമില്ല!
പബ്ളിക് ട്രാൻസ്പോർട്ടിനോട് ദിലീഷിന് ഒരൽപം ഇഷ്ടക്കൂടുതലുണ്ട്. ദിലീഷ് സംവിധാനം ചെയ്ത രണ്ടു സിനിമകളിലും ബസ് പ്രധാന കഥാപാത്രമായി വന്നത് അതുകൊണ്ടു തന്നെ. തൊണ്ടി മുതലും ദൃക്സാക്ഷിയുമെന്ന സിനിമയിലെ കെഎസ്ആർടിസിയും മഹേഷിന്റെ പ്രതികാരത്തിലെ പ്രകാശ് ബസും. സിനിമാ അഭിനയവും സംവിധാനവുമൊക്കെയായി രണ്ടു മൂന്നു വർഷമായി നല്ല തിരക്കായിരുന്നു. ഷൂട്ടിങ് കഴിഞ്ഞ് വീട്ടിൽ വരുമ്പോഴെല്ലാം ദിലീഷ് ഭാര്യയോടു പറയും: കുറച്ചു ദിവസം ഒന്നും ചെയ്യാതെ വെറുതെയിരിക്കണം. ആ ആഗ്രഹം സാധിച്ചു കിട്ടി ഈ കോവിഡ് കാലത്ത്!

20 ദിവസത്തെ ഷൂട്ടിങ്ങിനായി മാർച്ച് മൂന്നിന് ആഫ്രിക്കയിൽപ്പോയ ദിലീഷ് പോത്തൻ തിരിച്ചു വന്നത് 90 ദിവസം കഴിഞ്ഞാണ്. ദിലീഷിന്റെ ഷൂട്ട് തീരേണ്ട മാർച്ച് 23ന് ഇന്ത്യയിൽ ലോക്ഡൗൺ ആയതോടെ ജിബൂട്ടിയിൽ കുടുങ്ങി. മലനിരകൾക്കടുത്തായിരുന്നു ജിബൂട്ടിയിലെ താമസസ്ഥലം. ദിവസവും മലകയറാം. ഉയരങ്ങളിൽ ചെന്ന് തനിയെ നിൽക്കാം. അങ്ങനെ നിൽക്കുമ്പോൾ നാട്ടിൽ നിന്നു വിളിച്ചവരെല്ലാം പറ‍‍ഞ്ഞു: ധാരാളം സമയമുണ്ടല്ലോ. അടുത്ത സിനിമയുടെ കഥയെഴുതാമല്ലോ.!

ദിലീഷ് ആലോചിച്ചു... കീ കൊടുക്കാത്ത ക്ളോക്ക്, ബാറ്ററി പോയ സ്കൂട്ടർ, അവധികൾ മാത്രമുള്ള കലണ്ടർ, ചലനമറ്റ ലോകം. ലോകം മുഴുവൻ അനിശ്ചിതാവസ്ഥയിൽ നിൽക്കുമ്പോൾ ചിന്തകൾ ഫ്രീസറിൽ വച്ച ചിക്കൻ പോലെയാണ്. മനസ്സമാധാനം കള്ളൻ കൊണ്ടുപോകുന്നു. ഒന്നും ചെയ്യാൻ പറ്റിയില്ല. ഒരുപക്ഷേ, സാഹചര്യം അനുകൂലമല്ലെങ്കിൽ നാട്ടിലേക്കു തിരിച്ചു വരാൻ ഒരു വർഷം വരെ കാത്തിരിക്കാൻ പോലും തയാറായിരുന്നു ദിലീഷ് പോത്തൻ. നാട്ടിലെത്താൻ വൈകിയതിൽ ആകെയുള്ള സങ്കടം സാബു ചേട്ടായിയുടെ മരണത്തിന് എത്താൻ പറ്റാതെ പോയതതാണ്.

ദിലീഷിന്റെ നാട്ടുകാരനായ സാബു ചേട്ടായിക്ക് ഒരു ജീപ്പുണ്ടായിരുന്നു. ചുവന്ന നിറമുള്ള ജീപ്പ്. സിസി അടയ്ക്കൽ മുടങ്ങിപ്പോയ ജീപ്പായിരുന്നു. അക്കാര്യം അറിയാതെയാണ് വാങ്ങിയത്. മോഹിച്ചു വാങ്ങിയ ജീപ്പ് റോഡിലിറക്കിയാൽ സിസിക്കാരുടെ ഗുണ്ടകൾ പിന്നാലെ വരും. ചുവന്ന നിറമായതിനാൽ ജീപ്പ് വേഗം കണ്ണിൽപ്പെടും. ഒടുവിൽ ആ വണ്ടി സിസിക്കാരെ പേടിച്ച് ദിലീഷ് പോത്തന്റെ വീടിന്റെ അടുക്കളയുടെ പിന്നിൽ ഒളിപ്പിച്ചു പാർക്ക് ചെയ്തു. അന്ന് അഞ്ചാംക്ളാസിൽ പഠിക്കുന്ന കൊച്ചു ദിലീഷ് സ്കൂളിൽ നിന്നു വന്നാലുടൻ ജീപ്പിൽ കയറി ഓടിക്കാൻ തുടങ്ങും. അല്ലെങ്കിൽ ഓടിക്കുന്നതായി അഭിനയിക്കും ! ഒരു മഴക്കാലത്ത്, സാബു ചേട്ടായിയുടെ കടം തീരുംവരെ ആ ജീപ്പ് ദിലീഷിന്റെ കളിപ്പാട്ടമായിരുന്നു.

സാബു ചേട്ടായി തന്നെയാണ് ദിലീഷിനെ ഡ്രൈവിങ് പഠിപ്പിച്ചതും. ദിലീഷ് ജിബൂത്തിയിൽ ആയിരിക്കുമ്പോളായിരുന്നു സാബു ചേട്ടായിയുടെ മരണം. മഴയത്തെ ഡ്രൈവിങ് ദിലീഷിനു ഹരമായത് ആ ജീപ്പിലെ കളിയോടെയാണ്. ഈ മഴക്കാലത്ത് കേരളത്തിലെ 14 ജില്ലകളിലൂടെയും യാത്ര ചെയ്ത് ഗ്രാമങ്ങളിൽച്ചെന്നു മഴ കാണാൻ ദിലീഷും സഹസംവിധായകൻ റോയിയും കൂടി ഒരു ഡ്രൈവ് പ്ളാൻ ചെയ്തിരുന്നു. റോയിയുടെ പോളോയിൽ ഒരു മാസത്തെ മഴയാത്ര. പണ്ടത്തെ ജീപ്പിന്റെ പടുതയിൽ മഴ പെയ്യുന്നത് കോതനെല്ലൂർ പള്ളിയിലെ റാസയുടെ ബാൻഡ് മേളം പോലെയാണ്. ആ നൊസ്റ്റാൾജിയ ദിലീഷ് ഇപ്പോഴും വിട്ടിട്ടില്ല.

English Summary: Dileesh Pothan Driving Memory In Coffee Brake

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.