ജയസൂര്യ സിനിമയിൽ ആരെയും ഓവർടേക് ചെയ്യാറില്ല. ആരൊക്കെ ഓവർടേക് ചെയ്യുന്നു എന്നു ശ്രദ്ധിക്കാറുമില്ല. സ്വന്തം വഴികളിലൂടെ 18 വർഷമായി ഇങ്ങനെ യാത്ര ചെയ്തുകൊണ്ടേയിരിക്കുന്നു.. അമിത വേഗതയില്ലാതെ, അതീവ ശ്രദ്ധയോടെ, സേഫായി..
ജയസൂര്യയും സരിതയും വിവാഹം കഴിച്ചിട്ട് 16 വർഷമായി. ഇത്ര നാളായി മാറ്റം വരാത്ത ഒരു ചിട്ടയുണ്ട്. അത്താഴം കഴിഞ്ഞ് കൊച്ചി നഗരത്തിലൂടെ ഒരു കാർ സവാരി. ഉറങ്ങുന്നതിനു മുമ്പ് വീട്ടുമുറ്റത്ത് ഒന്ന് ഉലാത്തുന്നതുപോലെ.. ചിലപ്പോൾ ജയനും സരിതയും മാത്രം. ചിലപ്പോൾ മക്കളെയും കൂട്ടും. അധികം ദൂരേയ്ക്കൊന്നുമല്ല, ഒട്ടും വേഗത്തിലുമല്ല. ഒരിടത്തും നിർത്തില്ല. ആരെയും സന്ദർശിക്കാനുമല്ല. വീട്ടിലുള്ളപ്പോഴൊക്കെ വെറുതെ ഒരു ചുറ്റിയടിക്കൽ.
ജയസൂര്യ വളർന്ന നഗരമാണ് കൊച്ചി. മക്കൾ വളരുന്ന നഗരവും. മറൈൻ ഡ്രൈവിലൂടെ വന്ന് എംജി റോഡിലൂടെ പനമ്പിള്ളി നഗറിലെത്തി കലൂർ കത്രിക്കടവ് റോഡിലൂടെ ഡ്രൈവ് ചെയ്ത് തിരികെ വീട്ടിൽ വരുമ്പോൾ മനസ്സിനൊരു സുഖം, സമാധാനം ! റോഡിൽ വണ്ടികൾ അധികം ഉണ്ടാവില്ല. അടഞ്ഞു കിടക്കുന്ന തീയറ്ററുകൾ സങ്കടക്കാഴ്ചയാണ്. മുഖംമിനുക്കി വലിയ മാറ്റത്തിനൊരുങ്ങുന്ന ഷേണായീസ് പ്രതീക്ഷയും !
സരിത വീട്ടുകാര്യങ്ങളും നാട്ടുകാര്യങ്ങളും പറയുന്നത് ഈ യാത്രയിലാണ്. ഇതേപോലെ അതിരാവിലെ കൊച്ചിയിലെ റോഡുകളിലൂടെ സവാരിക്കിറങ്ങുന്ന രണ്ടു പേരുണ്ട് – മമ്മൂട്ടിയും ജയറാമും ! അവരുടെ യാത്ര സൈക്കിളിലാണെന്നു മാത്രം ! നീല ലെക്സസാണ് ജയസൂര്യയുടെ കാർ. വണ്ടികളോട് ക്രേസ് തീരെയില്ലാത്ത നടനാണ് ജയസൂര്യ. അതിലും ഇഷ്ടം ഇല്ക്ട്രോണിക് സാധനങ്ങളോടാണ്. കാലത്തിനൊപ്പം ഏറ്റവും ആദ്യം അപ്ഡേറ്റാകുന്നത് അവയാണ്.
വീണ്ടും കാണാൻ മോഹം തോന്നിയ സ്ഥലങ്ങൾ കാശിയും ഋഷികേശും ഹരിദ്വാറുമാണ്. യൂറോപ്യൻ നഗരങ്ങളുടെ വടിവും വെടിപ്പുമൊന്നും ഉണ്ടാവില്ല. പക്ഷേ ഈ നഗരങ്ങൾക്ക് ജീവന്റെയും മരണത്തിന്റെയും ചന്തമുണ്ട്. തേക്കാത്ത ചുമരുകളുടെ ഭംഗിയുണ്ട്. ചെളി പറ്റിയ വസ്ത്രങ്ങളുടെ ലാളിത്യമുണ്ട്. കാശിയിൽ ചെന്ന് മരണം കാണുന്നത് ജീവിതത്തിന്റെ നിസ്സാരത ഓർമിപ്പിക്കും.
മറൈൻ ഡ്രൈവിലാണ് ജയസൂര്യയുടെ ഫ്ളാറ്റ്. ബാൽക്കണിയിൽ ഇരുന്നാൽ കൊച്ചിയിലെ രണ്ടു സൂപ്പർ താരങ്ങളെ കാണാം – കായലും കടലും ! കൂടെ അവരുടെ നായികമാരുണ്ട് – അഴിമുഖവും തുറമുഖവും.
തുറമുഖത്ത് നങ്കൂരമിട്ട കപ്പലുകൾ കാണാനെന്തു രസം ! രാത്രിയിൽ നിറയെ വിളക്കു കൊളുത്തിയ കപ്പലുകൾ കണ്ടാൽ ഹയാത് ഹോട്ടൽ വെള്ളത്തിൽ പാർക്ക് ചെയ്തതുപോലെയാണെന്ന് ജയസൂര്യയ്ക്കു തോന്നാറുണ്ട്. ബോൾഗാട്ടി പാലസിനു മുന്നിൽ നങ്കൂരമിട്ട ആഡംബര നൗകകളെ നോക്കി നിൽക്കുമ്പോൾ ഒരു കടൽയാത്രയ്ക്കുള്ള ക്ഷണവുമായി ഉപ്പുരുചിയുള്ള കാറ്റു വന്നു തൊടും.
കുടുംബസമേതം കപ്പലിൽ ഒരു ദീർഘ യാത്ര പോകാൻ പദ്ധതിയിട്ടിരിക്കുമ്പോഴാണ് ലോക്ഡൗൺ വന്നതും ലോകം നിശ്ചലമായതും. അതോടെ ലോകത്തെ ലോക്ഡൗൺ എങ്ങനെയൊക്കെ മാറ്റിയെന്നായി ജയസൂര്യയുടെ ചിന്ത. ആ ആലോചന കപ്പലുകയറി നടുക്കടലിലെത്തിയപ്പോൾ സരിത ഇടപെട്ടു.. ഓരോന്നു ചിന്തിച്ചിരിക്കാതെ, വാ നമ്മൾക്കൊന്നു കറങ്ങിയിട്ടു വരാം. കാറെടുത്ത് വീണ്ടും കറങ്ങാനിറങ്ങുമ്പോൾ ജയസൂര്യ ആലോചിച്ചു; ഇനിയെന്നാണ് മാസ്കും മൗനവുമില്ലാതെ കൊച്ചിയുടെ മുഖം കാണാൻ കഴിയുക !