ADVERTISEMENT

വെട്ടുക്കിളികൾ അതായിരുന്നു ആ സംഘത്തിന്റെ പേര്. നാട്ടിലെ നാലു പയ്യന്മാർ. രാജേഷ്, ശ്രീജേഷ്, ജോജോ, നിമിഷ്. നാലുപേരും ചങ്ക് ഫ്രണ്ട്സ്.  പിഎസ്‍സി ടെസ്റ്റുകളിൽ ഭാഗ്യം പരീക്ഷിക്കലും ജീവിതം ആഘോഷിക്കലുമായിരുന്നു നാലുപേരുടെയും ഹോബി. ഇന്ത്യയുടെ ആറാമത്തെ ഇലക്ഷൻ കമ്മിഷണറുടെ പ്രായം, പാനിപ്പത്ത് യുദ്ധം ആരൊക്കെ തമ്മിൽ,  സിറാജ് ഉദ്ദൗളയുടെ ഇനിഷ്യൽ തുടങ്ങി കാര്യങ്ങൾ കോപ്പിയടിച്ച് എഴുതുമ്പോൾ സംഭവിച്ച നിസ്സാരമായ തെറ്റു മൂലം പല തവണ എഴുതിയിട്ടും പി.എസ്.സി കനി‍ഞ്ഞില്ല. ഒടുവിൽ രാജേഷിന് പൊലീസിൽ ജോലി കിട്ടി. ശ്രീജേഷ് പ്രൈവറ്റ് ബസിൽ കണ്ടക്ടറായി. ജോജോ ഗൾഫിലാണ്. നിമിഷ് എവിടെയാണെന്ന് ഒരു അറിവുമില്ല.

തിരക്കുള്ള പ്രൈവറ്റ് ബസുകൾ തിരഞ്ഞുപിടിച്ച് യാത്ര ചെയ്യലായിരുന്നു ചെറുപ്പത്തിൽ ഈ വെട്ടുക്കിളികളുടെ ഹോബി. സീറ്റ് വേണ്ട, നിന്നേ യാത്ര ചെയ്യൂ.. അക്കാലത്ത് എല്ലാ പ്രൈവറ്റ് ബസുകളിലും മുഴുവൻ സമയവും ഉറക്കെ പാട്ടു വയ്ക്കുമായിരുന്നു. പെൺകുട്ടികളുടെ അംഗഭംഗി വിവരിക്കുന്ന പാട്ടുകളാണ് പൊതുവേ ചെറുപ്പക്കാരായ ബസ് ഡ്രൈവർമാർ സെലക്ട് ചെയ്തിരുന്നത്.  ഉല്ലാസ പൂത്തിരികൾ കണ്ണിലണിഞ്ഞവളേ...പെണ്ണിന്റെ ചെഞ്ചുണ്ടിൽ പുഞ്ചിരി പൂത്തൂ..

ശ്യാമമേഘമേ.. നീ.. യദുകുല പ്രേമദൂതുമായി വാ.. സരിഗമ.. മീനുക്കൂട്ടീ... ഐലവ് യു സുധീ.. തുടങ്ങിയ പാട്ടുകൾ.. 

കാലത്ത് ഒമ്പതു മണിയുടെ ട്രിപ്പ്, തീപ്പെട്ടിക്കുള്ളിൽ അടുക്കി വച്ച കൊള്ളികൾ പോലെ ബസ് നിറയെ കോളജ് വിദ്യാർഥിനികൾ.. പാട്ട്.. ഇത്തരം ബസുകളിൽ ഫ്രണ്ട് ഡോറിലൂടെ കയറുക. വളഞ്ഞും തിരിഞ്ഞും സഡൻ ബ്രേക്കിൽ ഉലഞ്ഞും ബസ് ഓടുന്നതിനൊപ്പം തിരക്കിനിടയിലൂടെ കമ്പിയിൽ കൈപിടിക്കാതെ കണ്ണുമടച്ച് പിന്നിലേക്ക് നടക്കുക. അടുത്ത സ്റ്റോപ്പിൽ എത്തുമ്പോൾ ഇറങ്ങുക. അടുത്ത ബസിൽ കയറുക.. ഇതു തന്നെ ആവർത്തിക്കുക.

എട്ടുനോമ്പ് പെരുനാ‍ൾ, ഏറ്റുമാനൂർ ഏഴരപ്പൊന്നാന, തിരുനക്കര ഉൽ‍സവം, ക്രിസ്മസ് ഷോപ്പിങ്, തൃപ്പൂണിത്തുറ അത്തച്ചമയം, താഴത്തങ്ങാടി വള്ളം കളി ഇങ്ങനെ ഉൽസവങ്ങളും പെരുനാളുകളുമായാൽ ബസുകളിലെ തിരക്ക് പിന്നെയും കൂടും.

എട്ടുനോമ്പ് പെരുന്നാളിന്റെ കാലത്ത് ഒരു തവണ ജോജോയെ ബസിന്റെ ഉള്ളിൽ നിന്ന് എസ്ഐ പിടികൂടി.. എന്താടാ, കുറെ നേരമായല്ലോ നീ ഷട്ടിലടിക്കുന്നത് ? ജോജോ പറഞ്ഞു.. ഈ പെരുനാളിന് ലാസ്റ്റ് ചാൻസാ സാറേ.. അടുത്തമാസം കല്യാണമാ, അതു കഴിഞ്ഞാൽ ഗൾഫിൽപ്പോകും. പിന്നെ പെരുന്നാളൊന്നുമില്ലല്ലോ..

എസ്ഐയ്ക്കു കാര്യം പിടികിട്ടിയില്ല. ജോജോ വിശദീകരിച്ചു.. ഗൾഫിൽപ്പോയാൽ പിന്നെ നാലഞ്ചു വർഷത്തേക്ക് നാട്ടിൽ വരാൻ പറ്റില്ല. തിരിച്ചു വന്നാൽ ആദ്യം തന്നെ ഒരു കാറു വാങ്ങും. പിന്നെ ആ കാറെടുത്തേ പെരുന്നാളിനും ഉൽസവത്തിനു പോകൂ. ധാരാളം പെർഫ്യൂം പൂശി തിരക്കിനിടയിലൂടെ ആരെയും തൊടാതെ നടക്കും. ഇത്തവണത്തേക്ക് ക്ഷമിക്ക് സാറേ..

എസ്ഐ വിട്ടു. ജോജോ വാക്കു പാലിക്കുകയും ചെയ്തു. രാജേഷ് എസ്ഐ ആയതോടെ ഒരാളോടും ക്ഷമിച്ചില്ല. സ്ത്രീകളെ ശല്യം ചെയ്യുന്നവരെ പിടിക്കാൻ യൂണിഫോമിലല്ലാത്ത വനിതാ പൊലീസുകാരെ ബസുകളിൽ ഡ്യൂട്ടിക്ക് ഇട്ടു. ഓണക്കാലത്ത് കസവു സെറ്റ് ഉടുത്തും പെരുനാളിന് വോയിൽ സാരി ചുറ്റിയും തിരക്കുളള ബസിൽ കയറിയ വനിതാ പൊലീസ് ഒരുപാട് പയ്യന്മാരെ പിടികൂടി രാജേഷിന്റെ മുന്നിലെത്തിച്ചു.. ലാത്തി കൊണ്ട് ചന്തിക്ക് അടിക്കുന്നതിനു മുമ്പ് എസ്ഐ രാജേഷ് അവരോടെല്ലാം ചോദിച്ചു.. നിന്നെയൊക്കെ ആരാടാ ഈ നാണംകെട്ട തൊഴിൽ പഠിപ്പിച്ചത് ?!

പാലാ റൂട്ടിലോടുന്ന മോഹിനി എന്ന ബസിൽ കണ്ടക്ടറായതോടെ ശ്രീജേഷിന്റെ സ്വഭാവവും മാറി. വലിയ തിരക്കുള്ള ട്രിപ്പാണെങ്കിൽ ശ്രീജേഷ് ടിക്കറ്റുമായി  ബസിന്റെ ഉള്ളിലൂടെ നടക്കാറേയില്ല. ഫുട്ബോർഡിന്റെ താഴെ ഒരു ചെറിയ ബക്കറ്റുമായി നിൽക്കും. ഇറങ്ങി വരുന്ന യാത്രക്കാരെല്ലാം കൈയിലുള്ള തുക ആ ബക്കറ്റിൽ ഇടും. ടിക്കറ്റും വേണ്ട, ബാക്കി കൊടുക്കുകയും വേണ്ട. നോട്ടിനു പകരം ആരും കാണാതെ പഴയ ലോട്ടറി ടിക്കറ്റ് മടക്കി ബക്കറ്റിലിട്ട വിതരുന്മാരെ ശ്രീജേഷ് കൈയോടെ പിടിക്കുകയും ചെയ്യും.

വെട്ടുക്കിളി സംഘത്തിൽ നിമിഷിനെക്കുറിച്ചു മാത്രം ഒരു സൂചനയുമില്ല. കൈയിൽ അൽപം കൂടുതൽ കാശുവന്നാൽ ബൈക്കുമെടുത്ത് കൂട്ടുകാരോടു പോലും പറയാതെ മുങ്ങുന്ന സ്വഭാവമായിരുന്നു.  ഒന്നോ രണ്ടോ മാസം കഴിഞ്ഞേ തിരിച്ചു വരാറുള്ളൂ. തമിഴ്നാട്ടിലായിരുന്നു, കർണാടകയിലായിരുന്നു, ഗുണ്ടൽപേട്ടിനു പോയി എന്നൊക്കെ നിമിഷ് തിരിച്ചു വന്ന ശേഷമേ മറ്റുള്ളവർക്ക് പിടികിട്ടൂ. ഓരോ തവണ വരുമ്പോഴും ഒരു പുതിയ ഭാഷ പഠിച്ചിട്ടുണ്ടാകും. ഏറെ നാളായി നിമിഷിനെ കാണാനില്ല. എവിടെയാണെന്നും ആർക്കും അറിയില്ല. മാർച്ച് കഴിഞ്ഞതോടെ കാലം മാറി. ബസുകളിലെ തിരക്ക് പഴയ കഥയായി.എന്നെങ്കിലും ഒരു ബസിൽ ആറുമണിയുടെ ട്രിപ്പിൽ നിമിഷ് നാട്ടിലെ സ്റ്റോപ്പിൽ വന്നിറങ്ങിയെങ്കിൽ... 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com