ADVERTISEMENT

ഫുട്പാത്തുകളിലെ മുഷിഞ്ഞ കിടക്കപ്പായയിൽ നിന്ന് നഗരം എഴുന്നേൽക്കുന്നതേയുള്ളൂ. നേരം വെളുത്തിട്ടില്ല. ഒരു തിരക്കുമില്ലാത്തവർ പോലും റോഡിലൂടെ കൈവീശി അതിവേഗം നടക്കുന്നുണ്ടായിരുന്നു. ഓട്ടം കണ്ടാൽ ആറുമണിക്കു മുമ്പ് ചെന്നില്ലെങ്കിൽ ആരോഗ്യത്തിന്റെ ഡിസ്കൗണ്ട് സെയിൽ തീർന്നുപോകും എന്നു തോന്നും !  പ്രഭാത സവാരിക്കിറങ്ങിയതായിരുന്നു രഘുനന്ദൻ. പുതിയ സിനിമയ്ക്ക് കഥയെഴുതാനായി രണ്ടാഴ്ചയായി നഗരത്തിലെ സ്റ്റാർ ഹോട്ടലിൽ താമസിക്കുകയാണ് അയാൾ. 

രാവിലെ നടക്കാനിറങ്ങിയ മഹാത്മാഗാന്ധിയുടെ നിറംമങ്ങിയ പ്രതിമയുള്ള ജംക്ഷനിൽ നിന്ന് അയാൾ പതിവുപോലെ പൂക്കടത്തെരുവിലേക്കു തിരിഞ്ഞു. നഗരത്തിന്റെ പൂക്കൊട്ട പോലെ ഒരു റോഡ്. ഇരുവശവും പൂക്കടകളും ചൂടുദോശയും വടയും വിൽക്കുന്ന ഒന്നോ രണ്ടോ ചെറിയ ടീഷോപ്പുകളും. ആ വഴി ചെന്നെത്തുന്നത്  നഗരത്തിലെ ഏറ്റവും പ്രധാന ക്ഷേത്രത്തിന്റെ മുന്നിലാണ്.   അവിടെ എന്നും രാവിലെ ഒരേ പാട്ടു പാടാൻ  എംഎസ് സുബ്ബലക്ഷ്മി വരും ! 

ഈ തെരുവിന്റെ അങ്ങേയറ്റത്താണ് രഘുനന്ദന്റെ കൂട്ടുകാരിയുടെ വീട്. കണ്ണൂർ സ്വദേശിയായ അവൾ പല്ലിന്റെ ഡോക്ടറാണ്. അവിടെയൊരു വീട്ടിന്റെ രണ്ടാം നിലയിൽ പേയിങ് ഗസ്റ്റായി താമസിക്കുന്നു. മദ്രാസിലാണ് പഠിച്ചത്. ഇന്റിമസി വന്നാൽ അവളുടെ സംസാരത്തിൽ തമിഴ് കലരും, മലയാള ഭാഷയ്ക്ക് മുക്കുത്തി ഇട്ടതുപോലെ ചെറുപ്പത്തിൽ രഘുനന്ദന് പൂക്കടകളെ പേടിയായിരുന്നു. അന്നൊക്കെ പല പൂക്കടകളിലും ശവപ്പെട്ടികളും വിൽക്കുമായിരുന്നു. എല്ലാ പൂക്കടകളുടെയും മുന്നിൽ ഒരു തൂണിൽ നിറയെ റീത്തുകൾ തൂക്കിയിട്ടിരിക്കും. മരണത്തിന്റെ സ്റ്റിയറിങ്ങുകൾ !

ഇപ്പോൾ റീത്തുകളുടെ രൂപം മാറിയത് എത്ര ആശ്വാസകരം. അഭിനന്ദനങ്ങൾക്കും ആദരാഞ്ജലികൾക്കും ഒരേ രൂപമുള്ള ബൊക്കെകൾ വന്നു. പൂക്കടകളുടെ മുഖം കൂടുതൽ സൗമ്യമായി. ഈ പൂക്കടത്തെരുവിലൂടെ രണ്ടാഴ്ചയായി രഘുനന്ദൻ പ്രഭാത സവാരി തുടങ്ങിയിട്ട്.  പിച്ചി, ജമന്തി, മുല്ല, താമര, ട്യൂബ് റോസ് ഉൾപ്പെടെ ഒരുപാടു പൂക്കൾ വിരിഞ്ഞു നിൽക്കുന്ന ഒരു പൂന്തോട്ടത്തിലൂടെ നടക്കുന്നതുപോലെ രാവിലെ സുഖം. എഴുത്തു തുടങ്ങാൻ നല്ല ഊർജം ! അന്നു നടക്കാൻ തുടങ്ങിയപ്പോഴാണ് രഘുനന്ദന് പെട്ടെന്ന് മനസ്സിലായത്, പൂക്കളെല്ലാം പതിവു ചിരിയോടെയുണ്ട്, ഒന്നിനും മണമില്ല. 

അയാൾ ഒന്നു പേടിച്ചു. ഉള്ളിലിരുന്ന് ആരോ പറയുന്നതു കേട്ടു.. കോവിഡ് 19 ! രാജ്യമെമ്പാടും ആരംഭിച്ചിരിക്കുകയാണ്. മണം കിട്ടാതെ വരുന്നത് കോവിഡിന്റെ ലക്ഷണമാണ്. അയാൾ ആക്രാന്തം പിടിച്ച പൂമ്പാറ്റയെപ്പോലെ ഓരോ പൂക്കടയുടെയും മുന്നിൽ ചെന്നു മണം പിടിച്ചു. ഒന്നിനും മണമില്ല. ടെൻഷനടിച്ച് കൂട്ടുകാരിയെ വിളിച്ചു.. എനിക്ക് ഒരു മണവും കിട്ടുന്നില്ല. കോവിഡ് ആണെന്നു തോന്നുന്നു. എന്തു ചെയ്യും ?

അവൾ പറഞ്ഞു.. എതുക്ക് രഘൂ, നീ വേഗം വാ. നമ്മൾക്കൊന്നു ടെസ്റ്റ് ചെയ്യാം. രഘുനന്ദൻ അവളുടെ വീട്ടിന്റെ ഗേറ്റിലെത്തി. അമ്പലത്തിൽ പോകാനായി സെറ്റു സാരിയൊക്കെ ഉടുത്ത് ഒരുങ്ങി നിൽക്കുകയായിരുന്നു കൂട്ടുകാരി. സ്കൂട്ടർ സ്റ്റാർട്ട് ചെയ്തിട്ട് അവൾ പറഞ്ഞു.. പിന്നാടി കേറ് നൻപാ... രഘു പിന്നിൽ കയറി. സ്കൂട്ടി പറന്നു. വളവു തിരിയുമ്പോൾ അപ്രതീക്ഷിതമായി ഒരു ബ്രേക്ക്. രഘുവിന്റെ മുഖം കൂട്ടുകാരിയുടെ ഹെൽമറ്റിന്റെ പിന്നിൽ ഒറ്റയിടി ! അവൾ പറഞ്ഞു..  എന്റെ മുടിയിലെ മുല്ലപ്പൂവിന്റെ മണം നിനക്കു കിട്ടുന്നുണ്ടോ എന്നറിയാനുള്ള ആന്റിജൻ ടെസ്റ്റായിരുന്നു. കിട്ടിയോ ? 

രഘു പറഞ്ഞു.. അയ്യോ ഇല്ല. എന്റെ മൂക്കിന്റെ പാലം ഒടിഞ്ഞു. സ്കൂട്ടർ വീണ്ടും മുന്നോട്ട്. അമ്പലം കഴിഞ്ഞ് അടുത്ത കവലയിൽ നിന്ന് മറ്റൊരു റോഡിലേക്ക്.  ഫ്രീഡം റോഡ് എന്നാണ് അതിന്റെ പേര്. പണ്ട് ഇന്ത്യയ്ക്കു സ്വാതന്ത്ര്യം നേടിയതറ‍ിഞ്ഞ് ജാഥ നയിച്ചു വന്ന ഒരു സ്വാതന്ത്ര്യ സമര സേനാനി അന്നേരം അതുവഴി വന്ന ഒരു ട്രെയിൻ തടഞ്ഞു നിർത്തി അതിൽ കയറി ഡൽഹിക്ക് പോയി. അതിന്റെ ഓർമയ്ക്കായാണ് റോഡിന് ആ ഫ്രീഡം റോഡെന്നു പേരിട്ടത്. അവിടെ ഇപ്പോൾ ഒരു റയിൽവേ ക്രോസാണ്. 

ഫ്രീഡം റോഡിൽ സ്കൂട്ടർ നിർത്തിയിട്ട് കൂട്ടുകാരി പറഞ്ഞു... ഈ റോഡിലൂടെ നാലു കിലോമീറ്റർ നടക്കണം.  അപ്പോഴേക്കും ഞാൻ അമ്പലത്തിൽ പോയിട്ടു വരാം.  കൂട്ടുകാരി പോയി. രഘുനന്ദൻ നടക്കാൻ തുടങ്ങി. 

അമ്പലത്തിൽ ചെല്ലുന്നതിനു മുമ്പ് രഘുവിന്റെ ഫോൺ വന്നു... മണം കിട്ടുന്നുണ്ട്, നന്നായി കിട്ടുന്നുണ്ട്. എന്ത മാതിരി സ്മെൽ ? ചീഞ്ഞു നാറിയ ചിക്കൻ വേസ്റ്റ്, പഴയ ബീഫ്, അളിഞ്ഞ പച്ചക്കറികൾ..  അവൾ ചോദിച്ചു..  റോഡിന്റെ ഇടതു വശത്തൂടെ നടന്നോ?അവിടെ ഓടയാണ്. അവിടെ വേറെ മണമാണ്.  കൂട്ടുകാരി പറ‍ഞ്ഞു..  നീ നെഗറ്റീവാണ്. നിനക്ക് കോവിഡ് ഇല്ല. ഇപ്പോൾ സമാധാനമായല്ലോ.  

ഹോട്ടലിലെത്തിയിട്ട് രഘുനന്ദൻ സുഹൃത്തായ തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രനെ വിളിച്ചു.. ചേട്ടാ, ഒരു സംശയം ?  മണം എനിക്കു കിട്ടാതെ പോയത് എന്തുകൊണ്ടായിരിക്കും ? ബിപൻ അയാളെ ആശ്വസിപ്പിച്ചു.. മൂക്കിൽ നാറ്റം മാത്രം കിട്ടുന്നത്  രോഗമല്ല രഘൂ, രോഗലക്ഷണമാണ്. ഞാനടക്കമുള്ള എഴുത്തുകാർ ഭാവനയുടെ മഴവില്ല് പിഴിഞ്ഞ് സമസ്ത സൗന്ദര്യങ്ങളും  സന്നിവേശിപ്പിച്ച് സുഗന്ധപൂരിതമായൊരു ജീവിതകഥാഖ്യാനം നടത്തിയാൽ ഒരു സംവിധായകൻ അതിൽനിന്ന് ചീഞ്ഞതും കെട്ടതും മാത്രം തെരഞ്ഞുപിടിച്ച് നെഗറ്റീവ് അംശങ്ങളെക്കുറിച്ച് മാത്രം വിസ്തരിച്ചു പറഞ്ഞു നമ്മളെ കട്ട ഡാർക്ക് ആക്കിക്കളയും. രഘു, നിന്നിലെ തിരക്കഥാകൃത്ത് മരിച്ചിരിക്കുന്നു, പകരം ഒരു സംവിധായകൻ ജനിച്ചിരിക്കുന്നു. അതുകൊണ്ട് നീ തിരക്കഥ വിട്ടു പിടിച്ചിട്ട് സംവിധാനത്തിലേക്ക് കോൺസെൻട്രേറ്റ് ചെയ്യൂ.

(ലളിതമായ പരിഭാഷ - എൻറെ കഞ്ഞിയിൽ മണ്ണ് വാരിയിടുന്ന കോമ്പറ്റീഷന് നിൽക്കാതെ വേറെ വല്ല പണിക്കും പോഡേയ്)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com