പ്രണയം നല്ലതാണ്, വെപ്രാളം പാടില്ല; അഭിലാഷ് ടോമി ഓർമിപ്പിക്കുന്നു

coffee-brake
Illustration: S.Sreekanth
SHARE

പ്രിയപ്പെട്ടവളുടെ ചുണ്ടുകളിൽ താഴ്ന്നു വന്നു ചുംബിക്കുന്നതുപോലെയാണ് പൈലറ്റ് ഒരു വിമാനം ലാൻഡ് ചെയ്യിക്കുന്നതെന്നു തോന്നും അഭിലാഷ് ടോമിയോടു സംസാരിച്ചാൽ !
ജീവിതത്തിൽ ആദ്യമായി കാറോടിക്കുമ്പോൾ അഭിലാഷിനു തോന്നി സ്പീഡ് കുറവാണെന്ന്. കാരണം വിമാനം പറത്താൻ പഠിച്ചതിനു ശേഷമാണ് അഭിലാഷ് കാറോടിച്ചു തുടങ്ങിയത്. വിമാനത്തിന്റെ ടേക് ഓഫ് സ്പീഡ് ഏകദേശം 150 കിലോമീറ്ററാണ്. എത്ര കാലമർത്തിയിട്ടും ഈ കാർ പതുക്കെയാണ് പോകുന്നത്..


ഒരേ സമയം ഡ്രൈവറും നാവികനും കപ്പിത്താനുമാണ് ഈ മലയാളി. മഹാസമുദ്രങ്ങളോടു മലയാളത്തിൽ സംസാരിച്ചിട്ടുള്ള ആൾ ! നാവികസേനാ കമാൻഡർ അഭിലാഷ് ടോമി.
നാവികസേനയിൽ ഡോണിയർ നിരീക്ഷണ വിമാനത്തിന്റെ പൈലറ്റായിരുന്നു അഭിലാഷ്. പൈലറ്റ് പഠനകാലത്ത് അഭിലാഷ് ഒരിക്കൽ യൂറോപ്പിലെ സ്ലൊവേനിയയിൽ പരിശീലന പറക്കലിനു പോയി.
15 ദിവസത്തിനുള്ളിൽ 15 മണിക്കൂർ പറത്തണം. സ്ളോവേനിയയിൽ ആ സമയത്ത് കാലാവസ്ഥ വളരെ മോശമാണ്. പറക്കൽ നടക്കില്ലെന്ന് ഉറപ്പായി. കാലാവസ്ഥ മാറുന്നതുവരെ കാത്തിരിക്കാനും പരിശീലനം ഒഴിവാക്കാനും കഴിയില്ല. ഇനിയെന്താ വഴിയെന്ന് ആലോചിച്ചു.


തൊട്ടടുത്ത രാജ്യമായ ഇറ്റലിയിലെ കാലാവസ്ഥ നല്ലതാണ്. നാട്ടിൽ സൈക്കിളൊക്കെ ഓട്ടോയുടെ മുകളിൽ കെട്ടിവച്ച് കൊണ്ടു പോകുന്നത് ഓർമ വന്നു ! ഐഡിയ !ചെറുവിമാനത്തിന്റെ ചിറകുകളൊക്കെ അഴിച്ചു പാഴ്സലാക്കി ഒരു വലിയ ട്രക്കിൽ ലോഡ് ചെയ്തു. ട്രക്ക് നേരെ വിട്ടു ഇറ്റലിയിലേക്ക്. പറക്കേണ്ട വിമാനവുമായി റോഡിലൂടെ പറന്ന് ഇറ്റലിയിലെത്തിയപ്പോൾ കാലാവസ്ഥ അനുകൂലം. 15 മണിക്കൂർ പറന്ന് പരിശീലനം പൂർത്തിയാക്കി അഭിലാഷ് ഇന്ത്യയിലേക്കു മടങ്ങി.


ആശയങ്ങൾക്കും അഭിലാഷങ്ങൾക്കും അതിരില്ലല്ലോ ! വിമാനം ട്രക്കിൽ‍ കൊണ്ടുപോയതുപോലെ പായ് വഞ്ചി കപ്പലിൽ കൊണ്ടുപോയിട്ടുണ്ട് അഭിലാഷ്. ഗോൾഡൻ ഗ്ലോബ് സമുദ്ര പ്രയാണത്തിന് ഉപയോഗിച്ച തുരീയ എന്ന വഞ്ചി നിർമിച്ചത് ഗോവയിലാണ്. കപ്പലിൽ ഫ്രാൻസിൽ എത്തിച്ച് അവിടെ നിന്നാണ് കടൽ യാത്ര തുടങ്ങിയത്. കടൽ ആരെയും അടയാളപ്പെടുത്തുന്നില്ല. കടന്നുപോകുന്നതോടെ അത് നാവികനെ മറക്കുന്നു, യാത്രയുടെ അടയാളങ്ങൾ അടുത്ത നിമിഷം മായ്ച്ചു കളയുന്നു.

ഓർമകളുടെ കടൽ നാവികന്റെ മാത്രം സമ്പാദ്യമാണ്. ഇക്കാര്യം നന്നായി അറിയാവുന്ന നാവികനാണ് അഭിലാഷ്. മുംബൈയിൽനിന്ന് തുടങ്ങി ലോകംചുറ്റി മുംബൈയിൽ തന്നെ തിരിച്ചെത്തിയ 151 ദിവസത്തെ ‘സാഗർ പരിക്രമ 2’ പ്രയാണത്തിന്റെ ഭാഗമായുള്ള കടൽ ജീവിതത്തിൽ ദിവസവും ബ്ളോഗ് എഴുതുമായിരുന്നു. എഴുത്തുപോലെ ഇഷ്ടമാണ് എഴുത്തുകാരെയും.. ചിലെയിലെ സാന്റിയാഗോയിൽ വച്ചാണ് കവി പാബ്ലോ നെരൂദയുടെ വീടു തേടിപ്പോയത്. ചുരുണ്ട മുടിയുള്ള രഹസ്യ കാമുകി മെറ്റിൽഡ ഉറൂഷ്യയ്ക്കു വേണ്ടി നെരുദ പണിതതാണ് ബാരിയോ ബെല്ലാവിസ്റ്റയിലെ ആ വീട്. കാമുകിയുടെ മുടിയുടെ ഓർമയ്ക്കായി വീടിന് ലാ ഷാസ്കോണ എന്നു പേരിട്ടു. ഒരു ഉടലും രണ്ടു മുഖങ്ങളുമുള്ള കാമുകിയുടെ പെയിന്റിങ് ഉണ്ട് ആ വീട്ടിൽ. ഒന്ന് എല്ലാവരും അറിയുന്ന മെറ്റിൽ‍ഡ എന്ന ഗായികയുടെ മുഖം. മറ്റൊന്ന് കവി മാത്രം അറിഞ്ഞ കാമുകിയുടെ മുഖം! മെറ്റിൽഡയുടെ ചുരുണ്ട മുടികളുടെ ഉള്ളിൽ വരച്ചിട്ടുണ്ട് രഹസ്യ കാമുകൻ നെരൂദയുടെ മുഖം !

നെരൂദയെ കണ്ടെത്തിയതുപോലെ എളുപ്പമായിരുന്നില്ല സ്പെയിനിൽ മാർക്കേസിനെ കണ്ടുപിടിക്കാൻ. ഗബ്രിയേൽ ഗാർഷ്യ മാർക്കേസിന് ബാർസിലോനയിൽ ഒരു ഫ്ളാറ്റുണ്ടെന്നും അദ്ദേഹം ഓട്ടം ഓഫ് പേട്രിയാർക്ക് എന്ന നോവൽ എഴുതിയത് അവിടെയിരുന്നാണെന്നും വായിച്ചറിഞ്ഞാണ് അഭിലാഷ് ആ സ്ഥലം തേടിയിറങ്ങിയത്. കുറെ ഓട്ടം വേണ്ടി വന്നു ആ ഫ്ലാറ്റ് കണ്ടെത്താൻ. പെറുവിയൻ എഴുത്തുകാരൻ മാരിയോ വർഗേസ് ലോസയും മാർക്കേസും ആദ്യം ഫ്രണ്ട്സായതും പിന്നെ ഉടക്കിയതും ലോസ മാർക്കേസിന്റെ മൂക്കിന് ഇടിച്ചതുമൊക്കെ ഓർമ വന്നു.
ഉർമിമാലയുമായി പ്രണയ വിവാഹം കഴിഞ്ഞ് പായ് വഞ്ചിയുമായി കടൽ യാത്രയ്ക്കിറങ്ങിയ കാമുകനാണ് അഭിലാഷ് ടോമി. ഗോൾഡൻ ഗ്ലോബ് കടൽ യാത്രയ്ക്കിടെ ഉർമിയുമായി സംസാരിക്കാൻ പറ്റാതിരുന്നിട്ടുണ്ട് ആഴ്ചകളോളം. കടലിൽ വച്ചു കണ്ട ഒരു കപ്പലിലെ ഇന്ത്യൻ ക്യാപ്റ്റന്റെ വരെ സഹായം തേടി ഉർമിക്ക് ഒരു മെസേജ് അയയ്ക്കാൻ..
ഒരു തവണ സാറ്റലൈറ്റ് ഫോണിലൂടെ ഒരു സന്ദേശം വന്നു. ദക്ഷിണാഫ്രിക്കൻ റേഡിയോ കേന്ദ്രത്തിലെ ഓപ്പറേറ്റർ പറഞ്ഞു: താങ്കൾക്ക് അതിപ്രധാനമായ ഒരു സന്ദേശം വീട്ടിൽ നിന്ന് വന്നിട്ടുണ്ട്.ടെൻഷനോടെ അഭിലാഷ് ചെവിയോർത്തു. റേഡിയോ പാടാൻ തുടങ്ങി.. മഞ്ഞേറും വിണ്ണോരം.

അഭിലാഷിന് ഗപ്പിയിലെ ആ പാട്ട് സന്ദേശമായി അയച്ചത് ഉർമി !
എട്ടാംക്ളാസിലെ ജോഗ്രഫി പരീക്ഷയിൽ ടീച്ചറുടെ സഹായത്തോടെ എല്ലാവരും കടക്കുന്ന രണ്ടു പ്രധാന മുനമ്പുകളാണ് കേപ് ഓഫ് ഗുഡ് ഹോപ്പും കേപ് ഹോണും.
ഈ രണ്ടു മുനമ്പുകളിലൂടെയും കാറ്റിന്റെ കൈ പിടിച്ചു പായ്‍വഞ്ചിയിൽ യാത്ര ചെയ്തു അഭിലാഷ് ടോമി. ക്രൈസ്റ്റ് ചർച്ച്, ബാർസിലോന, സാന്റിയാഗോ, പാരിസ്, ആംസ്റ്റർഡാം, ലണ്ടൻ, റിയോ ഡി ജനീറോ ഇങ്ങനെ എത്ര രാജ്യങ്ങളിലെ തുറമുഖങ്ങൾ കണ്ടു. കണ്ടതിൽ ഏറ്റവും ഇഷ്ടം ദക്ഷിണാഫ്രിക്കയിലെ കേപ് ടൗൺ ആണ്.


ഗുഡ്ഹോപ് മുനമ്പ് കടലിൽ നിന്നു കാണുന്നതിനെക്കാൾ ഭംഗി കരയിൽ നിന്നു കാണാനാണ്. കേപ്ടൗണിലെ കുന്നിൻ മുകളിൽ നിന്നുള്ള കാഴ്ച. കുന്നിൻ ചെരുവിൽ ഒരു വശത്ത് ഇന്ത്യൻ മഹാസമുദ്രം. അപ്പുറം അറ്റ്‌ലാറ്റിക് സമുദ്രം. രണ്ടു സമുദ്രങ്ങളുടെയും നിറം രണ്ടാണ്. സമുദ്രങ്ങൾ ചേരുന്നിടത്ത് അത് വ്യക്തമായി കാണാം.പ്രണയിക്കുമ്പോഴും യാത്ര ചെയ്യുമ്പോഴും മലയാളികൾക്കു വെപ്രാളം കൂടുതലാണെന്ന് അഭിലാഷ് ടോമി പറയും.

യാത്രക്കാരന് പ്രണയം നല്ലതാണെങ്കിലും വെപ്രാളം പാടില്ല. അഭിലാഷ് ഓർമിപ്പിക്കുന്നു– Go Slow, Go Easy. ഒരു ദിവസം കൊണ്ട് എല്ലാ കാഴ്ചകളും കണ്ടുതീർക്കാൻ പുറപ്പെടരുത്. കാഴ്ചകൾ പരമാവധി അനുഭവിക്കുക, ഓരോ നിമിഷവും ആസ്വദിക്കുക. കാണുന്ന ഒന്നും കേടുവരുത്താൻ യാത്രക്കാരന് അവകാശമില്ല. കാരണം ഒരു യാത്രയും നിങ്ങളിൽ അവസാനിക്കുന്നില്ല.
അടുത്തയാൾ പിന്നാലെ വരുന്നുണ്ട്...

English Summary: Abhilash Tomy In Coffee Brake

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എനിക്ക് മലയാളം വായിക്കാനറിയില്ല. അമ്മ വായിച്ചുതരും

MORE VIDEOS