തീവ്രവാദികൾ ചുരുണ്ടു കിടന്ന് ഉറങ്ങാറില്ല

coffee-brake
SHARE

രാത്രിയിൽ അമ്മ അടുക്കള അടച്ചു പോയിക്കഴിഞ്ഞാൽ ഭരണത്തിനു വരുന്ന കുഞ്ഞിച്ചുണ്ടെലിയെപ്പോലെ തോന്നി അവനെ കണ്ടാൽ ! പതിനാറോ പതിനേഴോ കാണും പ്രായം. മുറ്റത്തെ പോർച്ചിൽ കാറിന്റെ അടിയിലേക്ക് തല വച്ച് ചുരുണ്ടു കിടക്കുകയാണ്. പുറത്തിറങ്ങി വന്ന സന്ദീപ് ആദ്യം നോക്കിയത് ജീവനുണ്ടോ എന്നാണ്..  ഉണ്ട്,  കുട്ടികൾ  ചെറിയ ബലൂൺ വീർപ്പിക്കും പോലെ ടീഷർട്ടിനുള്ളിൽ നെഞ്ച് സാവധാനം ഉയരുകയും താഴുകയും ചെയ്യുന്നുണ്ട്. അവൻ ഉറങ്ങുകയാണ്. 

രാത്രി ഉണർ‍ന്നപ്പോൾ സരിതയാണ് അതു മണത്തറിഞ്ഞത്. എവിടെ നിന്നോ പെട്രോളിന്റെ മണം. സമയം ഒന്നര കഴിഞ്ഞു. അടുക്കളയിൽ ഗ്യാസ് ലീക്ക് ചെയ്യുന്നതാണോ? സന്ദീപിന്റെ അമ്മ ഗ്യാസ് സിലിണ്ടർ ഓഫ് ചെയ്യാനും കതകിന്റെ കുറ്റിയിടാനും ഇടയ്ക്കിടെ മറക്കാറുണ്ട്. അടുക്കളയിൽചെന്നു മണം പിടിച്ചു. സിലിണ്ടർ ഓഫാണ്. പിന്നെ എവിടെ നിന്നാണ് ? വല്ല ബോഡോ തീവ്രവാദികളും വീടിനു തീവയ്ക്കാൻ വന്നതാണോ ? സന്ദീപ് ജേണലിസ്റ്റാണ്. തീവ്രവാദം ഉയർത്തുന്ന വെല്ലുവിളികളെപ്പറ്റി ഈയിടെ ഇംഗ്ളീഷിൽ ഒരു ലേഖനം എഴുതിയിരുന്നു. അതാണ് സരിതയുടെ ആശങ്ക.

ചുമ്മാ പേടിപ്പിക്കാതെയെന്നു പറഞ്ഞ് സന്ദീപ് പുറത്തേക്കിറങ്ങുമ്പോൾ സരിത ഒരു പായ്ക്കറ്റ് മുളകു പൊടിയും  മീൻ വെട്ടുന്ന കത്തിയും കൈയിൽ കൊടുത്തു. അത്യാവശ്യം വന്നാൽ പ്രയോഗിക്കാമല്ലോ. അൽ‍പം മുമ്പ് വറ്റിപ്പോയ ഒരു ചെറിയ അരുവി പോലെ പെട്രോൾ മുറ്റത്ത് ഒഴുകിപ്പരന്നിരിക്കുന്നു. അരുവിയുടെ ഉറവിടം തേടി പോർച്ചിൽ ചെന്നപ്പോഴാണ് കാറിന്റെ അടിയിലേക്ക് തലവച്ച് ഒരു പയ്യൻ ! പോർച്ചിൽ വെളിച്ചം കുറവാണ്. വീടിന്റെ രണ്ടാംനിലയുടെ മുകളിൽ നിന്ന് പുറത്തേക്ക് കഴുത്തു നീട്ടി നൽക്കുന്ന ലൈറ്റുണ്ട്. അതു പഞ്ചായത്ത് പ്രസിഡന്റിനെപ്പോലെ എല്ലാവർക്കും വേണ്ടിയാണ് കത്തുന്നത്. ചെറിയ ഒരു കീറ് വെളിച്ചം പോർച്ചിലും വീഴുമെന്നു മാത്രം. 

അടുത്ത വീട്ടിലെ ജോണിക്കുട്ടി മാമ്മനെ  വിളിച്ചു. ജോണിക്കുട്ടിച്ചായൻ വിരമിച്ച സൈനികനാണ്. റബർ ടാപ്പർമാർ ഉപയോഗിക്കുന്ന ടോർച്ച് നെറ്റിയിൽ കത്തിച്ചു വച്ച് ഫയർ എൻജിൻ പോലെ പുള്ളി പാഞ്ഞെത്തി. പയ്യനെ നോക്കിയിട്ടു പറഞ്ഞു:  തീവ്രവാദിയല്ല. ആണെങ്കിൽ ഇങ്ങനെ ചുരുണ്ടു കിടന്ന് ഉറങ്ങില്ല. മുറ്റത്ത് പെട്രോൾ ഒലിച്ചു കിടക്കുന്നതിന്റെ ഷേപ്പ് നോക്കിയിട്ട് പുള്ളി പറഞ്ഞു: പാക്കിസ്ഥാൻ അല്ല. ബംഗ്ളാദേശ് ആണെന്നു തോന്നുന്നു. ആരും തീപ്പെട്ടി ഉരയ്ക്കരുത്, കൈകൾ കൂട്ടി തിരുമ്മരുത്. തീയാണ്. ജാഗ്രതൈ !

നെറ്റിയിലെ ഹെഡ് ലൈറ്റും കത്തിച്ച് കാറിന്റെ അടുത്തു പോയി ജോണിക്കുട്ടിച്ചായൻ പയ്യന്റെ നേരെ നോക്കി.  ഉറക്കത്തിൽ സൂര്യൻ അടുത്തു വന്നതുപോലെ പയ്യൻ ഞെട്ടി ഉണർ‍ന്നു.  ഒരു മെലിഞ്ഞ പയ്യൻ. കാറ്റുപിടിച്ച മുടിയും കഴിഞ്ഞ മഴയത്ത് മുളച്ച താടിയും. ടി ഷർ‍ട്ടും ബർമുഡയുമാണ് വേഷം.  മുഷിഞ്ഞ ടീ ഷർട്ടിൽ കാണാം ഹാർലി ബൈക്കിന്റെ പടം. ജോണിക്കുട്ടി മാമ്മൻ നിലത്ത് ആഞ്ഞു ചവിട്ടിക്കൊണ്ട് അലറി: തു കോൻ ഹേ, ബദ്മാശ് ?

ചവിട്ടു കൊണ്ടത് പയ്യന്റെ കാലിലാണ്. പയ്യൻ ഉറക്കെക്കരഞ്ഞു.. അയ്യോ, അമ്മേ.. ജോണിക്കുട്ടിക്ക് ദേഷ്യം ഇരട്ടിച്ചു.. ചില്ലാത്താ ഹേ, കുത്തെ ? കഹാംസെ ആയാ ഹേ, ചോർ ? ബംഗ്ളാദേശ്, പാക്കിസ്ഥാൻ, നേപ്പാൾ, ഭൂട്ടാൻ.. ഓർ ?

സരിത പറഞ്ഞു.. അച്ചായാ, മലയാളിയാണ്. കരഞ്ഞതു കേട്ടില്ലേ.. ജോണിക്കുട്ടി അക്കാര്യം സമ്മതിച്ചു.. കലി വന്നാൽ ഞാൻ വടക്കെ ഇന്ത്യയിൽ നിന്ന് തിരിച്ചു വരാ‍‍ൻ കുറച്ചു സമയമെടുക്കും. പയ്യന്റെ മുഖം കണ്ടപ്പോൾ സരിതയ്ക്ക് അലിവു തോന്നി.... നീ ആരാ? എന്തിനാ ഞങ്ങളുടെ കാറിന്റെ പെട്രോൾ ഒഴുക്കിക്കളഞ്ഞത് ? 

അവൻ കാറിന്റെ അടിയിൽ നിന്ന് ഒരു ചെറിയ പ്ളാസ്റ്റിക് ജാർ എടുത്തിട്ട് സംഭവം വിവരിച്ചു. കാറിൽ നിന്ന് പെട്രോൾ ഊറ്റാൻ വന്നതാണ്. പെട്രോൾ ടാങ്കിൽ നിന്നുള്ള ട്യൂബ് ഊരി ജാറിലേക്ക് വച്ചിട്ട് നിറയാൻ കാത്തിരുന്ന് ഉറങ്ങിപ്പോയി. ജോണിക്കുട്ടിച്ചായൻ പയ്യന്റെ കൈയിൽ പിടിച്ചു വലിച്ചു മാറ്റിയിട്ട് ചോദിച്ചു.. പെട്രോൾ എന്തിനാടാ ? ബോംബുണ്ടാക്കാനാണോ ? സത്യം പറയണം.

പയ്യൻ കാര്യം തുറന്നു പറഞ്ഞു: വർക് ഷോപ്പിൽ സർവീസിനു വരുന്ന ബൈക്കുകളാണ്.  സ്പീഡോമീറ്ററിന്റെ കണക്ഷൻ ഊരും. എന്നിട്ട് രാത്രിയിൽ അതുമെടുത്ത് ഫ്രണ്ട്സെല്ലാം കൂടി റൈഡിനു പോയി.  തിരിച്ചു വന്നപ്പോൾ ടാങ്കും പഴ്സും കാലി. സന്ദീപ് ചോദിച്ചു.. മോഷണക്കേസല്ലേ.. ? പൊലീസിൽ റിപ്പോർട്ട് ചെയ്യണ്ടേ?  ജോണിക്കുട്ടി മാമ്മൻ പറഞ്ഞു.. പട്ടാളം ഉള്ളപ്പോൾ പൊലീസ് എന്തിനാ? ഞാൻ  ഇവനെ കസ്റ്റഡിയിൽ എടുക്കുന്നു. ഇന്നു രാത്രി ഞാനും ഇവനും കൂടി എന്റെ വീട്ടിലെ ഔട്ട്ഹൗസിൽ താമസിക്കും. പയ്യൻ പറഞ്ഞു.. ഇനി ഒരിക്കലും പെട്രോൾ മോഷ്ടിക്കില്ല, സാർ..

ജോണിക്കുട്ടി പറ‍ഞ്ഞു.. ഇവന് ഒരാഴ്ചത്തെ ട്രെയിനിങ്.  രാവിലെ ഇംഗ്ളീഷ്, ഹിന്ദി പത്രങ്ങൾ ആദ്യ പേജു മുതൽ എഴുതിയെടുക്കണം. പിന്നെ ഓട്ടം, ചാട്ടം ഒക്കെയുണ്ടാകും. രാത്രിയിൽ ഗാന്ധിജിയുടെ ആത്മകഥ വായിച്ചു പഠിക്കണം. ഏഴാം ദിവസം പരീക്ഷ. പാസ്സായാൽ ഇവനെ ഞാ‍ൻ വിടാം. സരിത സംശയിച്ചു.. ഇത്രയും ശിക്ഷ വേണോ, ജോണിച്ചായാ? പയ്യൻ നിസ്സഹായനായി നോക്കി. ജോണിക്കുട്ടി മാമ്മൻ ചോദിച്ചു.. ആരുടെയാടാ വർക് ഷോപ്?

പയ്യൻ പറഞ്ഞു.. സിക്കന്തർ എന്ന ചേട്ടായീടെ.. ദേശീയ ഗാനം കെട്ടതുപോലെ ജോണിക്കുട്ടി മാമ്മൻ പെട്ടെന്ന് അറ്റൻഷനായി: സിക്കന്തർ ! ജലന്ധർ മിഷൻ മേം മേരാ മേജർ കാ നാം !  

കൈയിലെ പിടിവിട്ടതോടെ പയ്യൻ ഒറ്റയോട്ടം. ഇരുളിൽ ഒരു തുളയുണ്ടാക്കി വെടിയുണ്ട പോലെ അവൻ പാഞ്ഞു. നെറ്റിയിലെ വെളിച്ചം അവനു പിന്നാലെ ഓടിച്ചു വിട്ടിട്ട് ജോണിക്കുട്ടി മാമ്മൻ പറഞ്ഞു..  ഒരു സെക്കൻ‍ഡിൽ അഞ്ചു മില്ലിലിറ്റർ വച്ച് രണ്ടു ലീറ്റർ പെട്രോൾ ഒഴുകാൻ എത്ര ടൈം എടുക്കുമെന്നു പോലും അറിഞ്ഞു കൂടാത്ത മണ്ടൻ. ആ സമയം കണക്കു കൂട്ടി ഫോണിൽ  അലാം വച്ചിട്ടു വേണ്ടേ ഉറങ്ങാൻ  ! ബേവകൂഫ് ! സരിതയും ഓർത്തു: സത്യമാണല്ലോ. അപ്പോഴേക്കും മണ്ണിൽ വീണ അവസാന പെട്രോൾ തുള്ളിയും ആവിയായിക്കഴിഞ്ഞിരുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Best Home Renovation | ഇത് ഒരസാധാരണ വീട്!

MORE VIDEOS