പിന്നിൽ പെരുമ്പാമ്പുമായി ബൈക്കിൽ യാത്ര ചെയ്യുന്നത് അന്നാണ് !

coffee-brake
SHARE

രാത്രി 11.30. ലാസ്‌റ്റ് ബസിന്റെ പുക പോലും ബാക്കിയില്ല. ആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമത്തിൽ കായലോരത്ത് ബസ് സ്‌റ്റോപ്പിൽ ഞാനുണ്ട്, മെനക്കേടുമഴയുണ്ട്, തണുത്ത കാറ്റുമുണ്ട്. ഓലമേഞ്ഞ വെയ്‌റ്റിങ് ഷെഡിന്റെ ദാരിദ്ര്യം മുതലെടുത്ത് ശരീരത്തിൽ കയറി കളി തുടങ്ങിരിക്കുകയാണ് മഴയും കാറ്റും! മറുകരയിൽനിന്ന് കടത്തു ബോട്ടിൽ വന്നിറങ്ങിയതാണ്. പരിചയമില്ലാത്ത സ്‌ഥലം. രാത്രി എത്ര വൈകിയാലും കോട്ടയത്ത് എത്തണം. 

ഇരുട്ടത്ത് വെളിച്ചം കിട്ടാൻ ചിരിച്ചു കാണിക്കാൻ പോലും ഒരാളും അവിടെയെങ്ങും ഇല്ല. പെട്ടെന്ന്.. പ്രാർഥിച്ചുകൊണ്ടിരുന്നയാളുടെ കൺമുന്നിൽ ദൈവം ബൈക്കിൽ പ്രത്യക്ഷപ്പെട്ടാലെന്നപോലെ അതാ ഒരാൾ ! എൻഫീൽഡ് ബുള്ളറ്റിലാണ് അയാളുടെ വരവ്! നനഞ്ഞ റെയിൻകോട്ടും തൊപ്പിയും വേഷം. ഫാന്റത്തെ ഓർമ വന്നു.  നീട്ടിയ കൈയ്‌ക്കുമുന്നിൽ അയാൾ ബൈക്ക് നിർത്തി. ചേട്ടൻ കോട്ടയത്തിനാണോ? ഞാൻ കൂടി കയറിക്കോട്ടെ – എന്നു ഞാൻ. കോട്ടയത്തിനല്ല, കുമരകം വരെ വിടാം – എന്ന് അയാൾ. കുമരകമെങ്കിൽ കുമരകം. ഈ അസമയത്ത് ആംബുലൻസ് വന്നാലും കയറും. 

പുറപ്പെടുംമുമ്പ് അയാൾ പറഞ്ഞു: ഞാൻ അൽപം ഫിറ്റാ! പക്ഷേ ബാലൻസൊന്നും പോയിട്ടില്ല. എന്നാലും ഒന്നു പിടിച്ചിരുന്നോണം! രണ്ടുവശവും വെള്ളം കയറിക്കിടക്കുന്ന നെൽപ്പാടങ്ങൾക്കു നടുവിലൂടെ ചെളിയിൽ കുഴഞ്ഞ റോഡ്. തെന്നിയും തെറിച്ചും ബൈക്ക് മുന്നോട്ടു പോകുമ്പോൾ ഞാൻ സന്ധ്യനാമം ജപിക്കാൻ തുടങ്ങി. മനസ്സിനൊരു ധൈര്യം കിട്ടട്ടെ!കുറച്ചുനേരം കേട്ടപ്പോൾ അയാൾ ചോദിച്ചു: താനെന്താ പിറുപിറുക്കുന്നെ! പാട്ടുപാടുന്നതാ! ഏതു പാട്ടാ? ഉറക്കെപ്പാടെടോ, ഞാനും കേൾക്കട്ടെ..

ഞാനൊന്നും മിണ്ടിയില്ല. പാടെടാ – ആ എടാ വിളിക്ക് ശക്‌തി കൂടുതലായിരുന്നു. എന്റെ പ്രതികരണം അറിയാൻ അയാൾ ഇടയ്‌ക്കിടെ പിന്നോട്ടു തിരിഞ്ഞു നോക്കാനും തുടങ്ങി. ചെളിയുള്ള വഴിയിലൂടെ ഫുൾ ഫിറ്റായി ബൈക്ക് ഓടിക്കുന്ന ആൾ പിന്നോട്ടു നോക്കാനും തുടങ്ങിയാലോ! ഈ രാത്രിയിൽ മുറിവേൽക്കാതെ ആയി വീട്ടിലെത്താൻ വേണ്ടി എന്തുചെയ്യാനും തയാർ. ഞാൻ പേടിച്ച് പേടിച്ച് പാടി: നന്ദിയാരോടു ഞാൻ ചൊല്ലേണ്ടു.. ചൊല്ലേണ്ടൂൂൂ നിർത്തെടോ, ഇതിലും നന്നായി ഞാൻ പാടും. താൻ കേട്ടോ!

അയാൾ പാടാൻ തുടങ്ങി: പൂമാാാാനം പൂൂൂൂൂത്തുലഞ്ഞേ.. ഞ്ഞേ.. ഞ്ഞേ.. ഹോ ഹോാാാാ! ഹോയ്‌ക്കൊപ്പം രണ്ടു കൈയും ഹാൻഡിലിൽനിന്നുവിട്ട് ആകാശത്തേക്കുയർന്നു. ബൈക്ക് ഫിറ്റല്ലാത്തതുകൊണ്ട് ബാലൻസ് പോകുന്നില്ല. പേടിച്ചു മൂത്രമൊഴിക്കാൻ എനിക്കു തോന്നി. ഒരു പാട്ടു കേട്ട് പേടിക്കുന്നത് ജീവിതത്തിൽ രണ്ടാമതാണ്.  ഞാൻ ചോദിച്ചു: ഒന്നു നിർത്താമോ, ഒന്നിന്?റോഡരികിൽ നിർത്തി ഞങ്ങൾ രണ്ടാളും കാര്യം സാധിച്ചു. ആ സമാധാന  വേളയിൽ എനിക്കൊരു ആശയം തോന്നി: ചേട്ടന് ഓടിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ ഞാൻ ഓടിക്കാം.

ബുദ്ധിമുട്ടുണ്ടെങ്കിൽ ഞാൻ ഇവിടെ വരെ വരുമോടോ? ബുള്ളറ്റ് ഓടിക്കാൻ കൊതിയുണ്ടെങ്കിൽ അതു പറ. പക്ഷേ, തനിക്ക് ഡ്രൈവിങ് അറിയാമോയെന്ന് നോക്കട്ടെ.. ഞാൻ നന്നായി ഓടിക്കും ചേട്ടാ! എന്നാൽ താൻ ഇവിടെ എട്ട് എടുത്തേ? ഞാനൊന്നു കാണട്ടെ! ഞാൻ മഴയത്ത് കുഴഞ്ഞ വഴിയിലിട്ട് ബുള്ളറ്റിൽ എട്ടെടുത്തു. ഈശ്വരനാണ് എട്ടെടുത്തത്. അയാൾ എന്റൊപ്പം ബൈക്കിൽ കയറി.

പിന്നിൽ ഒരു  പെരുമ്പാമ്പുമായി ബൈക്കിൽ യാത്ര ചെയ്യുന്നത് അന്നാണ്. അൽപം കഴിഞ്ഞപ്പോൾ ഞാൻ ചോദിച്ചു: ചേട്ടൻ എന്തിനാ എന്നോട് എട്ട് എടുക്കാൻ പറഞ്ഞത്? അയാളൊരു വെഹിക്കിൾ ഇൻസ്‌പെക്‌ടറായിരുന്നു. ഡ്രൈവിങ് ടെസ്‌റ്റിൽ കണ്ടമാനം അഴിമതി നടത്തിയതിന് ഒരു വർഷം മുമ്പ് സസ്‌പെൻഷനിലായ ആൾ!

English Summary: Coffee Brake Column

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചോക്ലേറ്റ് ചാക്കോച്ചനൊക്കെ പണ്ട്, ഇപ്പോ കൈയിൽ ചോക്ലേറ്റിന്റെ കവർ മാത്രമേയുള്ളു | Nna Thaan Case Kodu

MORE VIDEOS