ചോര.. വെടിയൊച്ച.. ഛാബ്രിയ...ബോ ചെ!

boby-chemmanur
Boby Chemmanur
SHARE

ദൈവത്തിന്റെ സ്വന്തം കാർ കേരളത്തിൽ കേടായാൽ ദൈവം തള്ളാൻ വിളിക്കുന്നത് ബോബി ചെമ്മണൂരിനെ ആയിരിക്കും! ഇതൊരു ട്രോളാണെങ്കിലും സത്യമാണ്. കാരണം സഹായം ആവശ്യമുള്ളിടത്ത് ആദ്യം ഓടിയെത്തും ബോബി. ദൈവത്തിന് ഇങ്ങനെയൊരു ആവശ്യം വന്നാൽ ആദ്യം അറിയുന്നതും ബോബിയായിരിക്കും. അത്ര വലിയ ശൃംഖലയാണ് ബോബി ഫാൻസ് അസോസിയേഷന് കേരളത്തിൽ. ബോബി അവർക്ക് പ്രിയപ്പെട്ട ബോ ചെയാണ്. ചിലർക്ക് ബോബി ചെമ്മണൂർ, ചിലർക്ക് ബോബി ചെഗുവേര. ആരാധകരുടെ ബൈക്കുകൾ ബോബിയുടെ കാറിന്റെ പിന്നാലെ സഞ്ചരിക്കുന്നത് പതിവു കാഴ്ചയാണ്.

ബോചെ തൊട്ടാൽ പൊന്നാകുമെന്ന് കരുതുന്ന ഒരുപാടു പേരുണ്ട്. പല ദിവസങ്ങളിലും രണ്ടും മൂന്നും ഉദ്ഘാടനങ്ങൾ. ഇതിനു കിട്ടുന്ന പ്രതിഫലമെല്ലാം ഫാൻസ് അസോസിയേഷൻ നിർദേശിക്കുന്ന ആൾക്ക് കവർ പോലും പൊട്ടിക്കാതെ അതേ വേദിയിൽ വച്ചു കൈമാറും. കോട്ടയത്ത് ഒരു കട ഒരുക്കമെല്ലാം പൂർത്തിയാക്കി മൂന്നു മാസമായി ബോബിയെ കാത്തിരിക്കുന്നു. വിവരം അറിയാൻ വൈകിയതാണ്. മൊബൈൽ ഫോണിൽ തുറക്കാത്ത വാട്സാപ് മെസേജുകൾ പതിനോരായിരം കവിഞ്ഞു. ബോബി കടയുടമയോടു പറഞ്ഞു: ആ മൂന്നുമാസത്തെ നഷ്ടം പലിശ സഹിതം ​ഞാൻ തന്നിരിക്കും!

സ്കൂളിൽ പഠിക്കുമ്പോൾ ബാംഗ്ളൂർ വരെ കാറോടിച്ച ബോബി, ഒരു വയസ്സിൽ റം കുടിച്ച ബോബി, കഥകൾ പലതുണ്ട്. ഇതൊക്കെ സത്യമാണോ എന്നു ചോദിച്ചാൽ ബോബി ചിരിച്ചു കൊണ്ടു പറയും: നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാത്തതുകൊണ്ട് ഒരു കാര്യം സത്യമല്ലെന്നു കരുതരുത്! ഒരു ഗ്ളാസ് വൈനുമായി വെറുതെയിരിക്കുമ്പോളാണ് മനസ്സിൽ പല ആശയങ്ങളും നുരപൊട്ടുക. അതിലൊരെണ്ണമാണ് സഞ്ചരിക്കുന്ന സ്വർണക്കട.  ഇക്കാര്യം ആദ്യം സംസാരിച്ചത് വിശ്രുത വാഹന ഡിസൈനർ ദിലീപ് ഛാബ്രിയയോട്. സ്വർണം ആവശ്യക്കാരന്റെ അടുത്തേക്ക് ചെല്ലുന്നു എന്ന ആശയം ഛാബ്രിയയ്ക്കും പിടിച്ചു. സ്കാനിയയുടെ  ഒരു മൾട്ടി ആക്സിൽ ബസ് ചെമ്മണൂർ ജ്വല്ലറിയായി രൂപംമാറി.  ബസിന്റെ സുരക്ഷയായിരുന്നു പ്രശ്നം. 24 മണിക്കൂറും ഗൺമാൻ.  ആഭരണങ്ങൾ സൂക്ഷിക്കാൻ സ്ട്രോങ് റൂം.  കട അടച്ചു കഴിഞ്ഞാൽ ബസിൽ ആരെങ്കിലും കയറാൻ നോക്കിയാൽ അലറി വിളിക്കാൻ അലാം.

മറ്റൊരു തോന്നലായിരുന്നു റോൾസ് റോയ്സ് കാർ ടാക്സിയാക്കുക. ബോബി ഓക്സിജൻ എന്ന ടൂറിസം പദ്ധതിയുടെ പൈലറ്റ് പ്രോജക്ടാണത്. റോൾസ് റോയ്സിന്റെ ടാക്സി പലരെയും ഞെട്ടിച്ചു. കൊള്ളയടിക്കാൻ വന്നവരെയും ഞെട്ടിച്ചിട്ടുണ്ട് ബോബി. ബാംഗ്ളൂരിൽ നിന്നു വരുമ്പോഴായിരുന്നു അത്. സുഹൃത്തും കൂടെയുണ്ട്.  ഗുണ്ടൽപേട്ടിൽ നിന്ന് വാങ്ങിയ മട്ടൺ റോഡരികിലെ കലുങ്കിൽ ഇരുന്നു കഴിച്ച് നിർത്തി നിർത്തിയുള്ള വരവാണ്. ജീപ്പിൽ വന്ന ഒരു സംഘം റോഡിനു കുറുകെ നിർത്തിയിട്ട് ചോദിച്ചു... കേരൾ ജാനേ കാ രാസ്താ ക്യാ ഹേ.. വളവും തിരിവുമില്ലാതെ ഒറ്റ വഴി. ഇവർ ഒന്നുകിൽ മന്ദബുദ്ധികൾ, അല്ലെങ്കിൽ കൊള്ളക്കാർ. രണ്ടായാലും അപകടമാണ്.

മലയാളികളെ ഇടിച്ചു പഞ്ചറാക്കി കാറിനുള്ളിൽ പൂട്ടിയിട്ട് 72 ലക്ഷവുമായി കടന്നത് രണ്ടാഴ്ച മുമ്പ് ഇതേ സ്ഥലത്താണ്. ബോബി കാറിൽ നിന്നു പുറത്തിറങ്ങി, ഹിന്ദിയിൽ നാലു ചീത്ത പറഞ്ഞു. അവർ കാര്യമായി എടുത്തില്ല. അതോടെ ബോബി തോക്കെടുത്ത് ആകാശത്തേക്ക് രണ്ടു റൗണ്ട് വെടി പൊട്ടിച്ചു. എന്നിട്ടു ചോദിച്ചു: കേരളത്തിലേക്കുള്ള വഴി അറിയണോ, അതോ സ്വർഗത്തിലേക്കോ? അന്നൊക്കെ വേഷം ജീൻസും ഷർട്ടുമാണ്. ഷർട്ടിനുള്ളിൽ എപ്പോഴുമുണ്ടാകും തോക്ക്. പാലക്കാട് റൈഫിൾ ക്ളബിൽ അംഗമാണ് ബോബി. 

റോൾസ് റോയ്സും റേഞ്ച് റോവറും സ്പോർട്സ് കാറുകളും ഉൾപ്പെടെ വണ്ടികൾ പലതുണ്ട്. ഒരു വാഹനവും രണ്ടു വർഷത്തിലധികം ഉപയോഗിക്കാറില്ല. ഏറ്റവും പുതിയത് മെഴ്സി‍ഡിസ് ഇക്യു ഇക്കോ ഫ്രണ്ട‍്‍ലി ഇലക്ട്രിക് കാറാണ്.

ശവക്കോട്ടയിൽ പൂത്ത എരിക്കിൻ പൂവിന്റെ നിറമാണ് ബോബിയുടെ വേഷത്തിന്. ഗ്രാൻഡ് ഫാദർ ഈനാശുവിന്റെ വേഷമായിരുന്നു അത്, ചട്ടയും മുണ്ടും.  ബോബി മൂന്നാം ക്ളാസിൽ പഠിക്കുന്ന കാലം. സ്കൂളിൽ നിന്നുള്ള വഴിയിൽ ഒരു ശവക്കോട്ട. അതിന്റെ മതിലിൽ പൂത്തു നിൽക്കുന്ന എരിക്കിൻ ചെടികൾ. കുഞ്ഞു ബോബി സ്കൂളിൽ നിന്നു വരുമ്പോൾ എരിക്കിന്റെ ഇലകൾ പൊട്ടിച്ചു കൊണ്ടു വരും. അമ്മച്ചി അത് അരച്ചു കുഴമ്പാക്കും. അപ്പച്ചന്റെ കാലിൽ കുഴമ്പു പുരട്ടുന്നത് ബോബിയാണ്. മിഠായി വാങ്ങാൻ അപ്പച്ചൻ അഞ്ചു പൈസ തരും.

അപ്പച്ചന്റെ മരണശേഷം ഒരിക്കൽ ആ വേഷമിട്ട് കണ്ണാടിക്കു മുന്നിൽ നിന്നു. അതിനോട് ഒരിഷ്ടം തോന്നി. ഇപ്പോൾ ഏതു രാജ്യത്തുപോയാലും ചട്ടയും മുണ്ടും തന്നെ ബോബിയുടെ വേഷം.  ബാംഗ്ളൂർ നഗരത്തോട് പ്രണയമുണ്ട് ബോചെയ്ക്ക്. പണ്ട് അവിടെയൊരു കൂട്ടുകാരിയുണ്ടായിരുന്നു. ഒരിക്കൽ പുത്തൻ കാറിൽ അവരെ കാണാൻ പോകുമ്പോൾ മൈസൂർ റൂട്ടിൽ ഒരു വാഹനാപകടം കണ്ടു. ജീപ്പും ട്രക്കും കൂട്ടിയിടിച്ചതാണ്. ജീപ്പിന്റെ അസ്ഥികൂടത്തിനുള്ളിൽ തകർന്ന നെഞ്ചുമായി ഒരാൾ ഇരിക്കുന്നുണ്ട്. അയാളെ ആശുപത്രിയിൽ എത്തിക്കണമെന്നു തോന്നിയെങ്കിലും മടിച്ചു. പുതിയ കാറാണ്. നല്ല കാര്യത്തിനുള്ള യാത്രയാണ്.

അപകടസ്ഥലത്തു കണ്ട ഒരു മലയാളിയുടെ കൈയിൽ ഫോൺ നമ്പരും കുറച്ചു പണവും കൊടുത്തിട്ടു പറഞ്ഞു: ആവശ്യമുണ്ടെങ്കിൽ വിളിക്കൂ. പിറ്റേന്ന് അയാൾ വിളിച്ചു പറഞ്ഞു.. ആ ഡ്രൈവർ മരിച്ചു. നാലു മണിക്കൂർ കാത്തിരുന്നിട്ടും രക്തം കിട്ടാതെ.. വല്ലാത്ത കുറ്റബോധം തോന്നി. പ്രണയിനിയോടു പറഞ്ഞു.. ഹൃദയം കൊടുത്താൽ മാത്രം പോരാ, ചോരയും കൊടുക്കണം.

അങ്ങനെയാണ് രക്തദാനത്തിന്റെ പ്രചാരകനാകാൻ തീരുമാനിച്ചത്.  സ്പോർട്സ്മാനാണ് ബോബി. ഓട്ടവും ഹെജംപുമാണ് ഐറ്റംസ്.  രക്തദാനത്തിന്റെ സന്ദേശവുമായി കേരളം മുഴുവൻ ഓടി. ആ ഓട്ടത്തിലൂടെയായിരുന്നു മലയാളികൾക്കിടയിലേക്ക് ബോബി ചെമ്മണൂരിന്റെ മാസ് എൻട്രി. അത്തരമൊരു ഓട്ടം ഇനി നടക്കുമോ?ആഗ്രഹമുണ്ടെങ്കിലും എളുപ്പമല്ലെന്ന് ബോചെ.  കാരണം അന്ന് ഇത്രയും  സെൽഫിയുണ്ടായിരുന്നില്ല.

English Summary: Boby Chemmanur Coffee Brake

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എനിക്ക് മലയാളം വായിക്കാനറിയില്ല. അമ്മ വായിച്ചുതരും

MORE VIDEOS