നാട്ടിലെ കാട്ടാനയല്ലേ, വേണമെങ്കിൽ ബവ്റിജസിൽ ക്യൂവും നിൽക്കും

Mail This Article
അണക്കെട്ടുകൾ ചിരി തടഞ്ഞു നിർത്തിയിരിക്കുന്ന ഒരിടമാണെന്ന മട്ടിൽ വളരെ സീരിയസ്സായിരുന്നു സംവിധായകൻ ലാൽ ജോസ്. അദ്ദേഹം പറഞ്ഞു: ജലബോംബെന്നു പലരും വിളിക്കുന്ന മുല്ലപ്പെരിയാർ അണക്കെട്ടിനു മുകളിലാണ് നമ്മൾ നിൽക്കുന്നത്. എല്ലാവരും താഴേക്കു നോക്കൂ. വിനോദയാത്രാ സംഘത്തിലെ എല്ലാവരും താഴേക്ക് നോക്കി. അങ്ങു താഴെ റോഡരികിലെ ഓടയിലൊക്കെ കിടക്കുന്നതുപോലെ ഒരു ബക്കറ്റ് വെള്ളം.
ജോണി ആന്റണി ഉറക്കെ ചിരിച്ചു... ഇതുപൊട്ടിയിട്ടാണോ ലാലൂ എല്ലാവരും മുങ്ങിച്ചാകാൻ പോകുന്നത് !
എൻജിനീയർ ജോനാഥൻ അതുകേട്ട് റിവോൾവറെടുത്ത് ആകാശത്തേക്ക് ഒറ്റവെടി. എന്നിട്ടു പറഞ്ഞു.. മുല്ലപ്പെരിയാറിനെ കളിയാക്കിയാൽ സുട്ടിടുവേൻ.. ലാൽ ജോസ് അയാളെ സമാധാനിപ്പിച്ചു.. സോറി നാഥൻ സാർ, ഇവന് ചരിത്ര ബോധം കുറവാണ്. അണക്കെട്ടുകൾ ഇന്ത്യയിലെ ക്ഷേത്രങ്ങളാണ് എന്നാണ് നെഹൃ പറഞ്ഞിട്ടുള്ളത്. അതൊന്നും ഇവന് അറിയില്ല. അയാൾ ഒരു വെടി കൂടി പൊട്ടിച്ചു. എന്നിട്ടു പറഞ്ഞു: നിങ്ങൾ കണ്ടത് അണക്കെട്ടിന്റെ മുൻഭാഗത്തുള്ള ടാപ്പ് ലീക്ക് ചെയ്തതാണ്. മറുഭാഗത്താണ് ശരിക്കുള്ള വെള്ളം..
സംവിധായകൻ ജോണി ആന്റണിയുടെ നേതൃത്വത്തിൽ ഒരു സംഘം അണക്കെട്ടുകൾ കാണാൻ നടത്തിയ യാത്രയായിരുന്നു. ജോണിയുടെ ജന്മനാടായ ചങ്ങനാശേരിയിൽ നിന്ന് പുറപ്പെട്ടതാണ്. സംവിധായകരായ ലാൽ ജോസും അനൂപ് കണ്ണനും നടൻ സാദിഖും തിരക്കഥാകൃത്ത് ജയിംസ് ആൽബർട്ടുമൊക്കെയുണ്ട്. കൂടെ ജോപ്പൻ, മാമച്ചൻ തുടങ്ങി ജോണിയുടെ നാട്ടുകാരായ ചില കൂട്ടുകാരും. ഒരു ടെംപോ ട്രാവലറിലായിരുന്നു യാത്ര.
പുറപ്പെട്ട ഉടനെ ലാൽ ജോസ് നയം വ്യക്തമാക്കി... ഈ യാത്രയിൽ ആരും പുകവലിക്കരുത്, മദ്യപിക്കരുത്.
ആലായാൽ തറ വേണമെന്ന മട്ടിൽ പിൻസീറ്റിൽ ഇരുന്ന മാമച്ചൻ വിളിച്ചു പറഞ്ഞു.. അതു നടക്കുവേല. ധാരാളം വെള്ളം ഉണ്ടെന്നു ജോണിച്ചായൻ പറഞ്ഞതു കൊണ്ടാ ഞാൻ വന്നത്..
അത് അണക്കെട്ടിലെ വെള്ളത്തിന്റെ കാര്യമാണെന്ന് ലാൽ ജോസ്. എന്നാൽ ഈ ടെംപോ ട്രാവലറിന്റെ കുടിയൻ എന്നുള്ള പേര് ഇപ്പോൾ മാറ്റണം എന്നായി മാമച്ചൻ. ലാൽ ജോസ് സംശയഭാവത്തിൽ ഡ്രൈവറെ നോക്കി. അയാൾ പറഞ്ഞു.. കുടിയൻ അല്ല സാർ, പേര് ഒടിയൻ എന്നാണ്.. എല്ലാവരും നിർബന്ധിച്ചപ്പോൾ ലാൽ ജോസ് ഒരുവിധം വഴങ്ങി. അൽപ സ്വൽപമേ കഴിക്കാവൂ, സ്മെൽ അടിക്കരുത് എന്നൊക്കെ കണ്ടിഷൻ. ആദ്യ ദിവസത്തെ താമസം കുട്ടിക്കാനത്ത് ജോണിയുടെ ഒരു സുഹൃത്തിന്റെ ഒരു ബംഗ്ളാവിലായിരുന്നു. ജോണിയുടെ കൂടെ ലാൽ ഉണ്ടെന്നു പറഞ്ഞപ്പോൾ വീട്ടുകാർ പ്രതീക്ഷിച്ചത് മോഹൻലാലിനെയാണ്. ഒടിയൻ എന്നുപേരുള്ള വണ്ടി കണ്ടതോടെ എല്ലാവരും ഉറപ്പിച്ചു, എന്തായാലും ലാലേട്ടൻ വരും !വരാനൊക്കെ റെഡിയായതാ. ഇറങ്ങാൻ നേരം ആന്റണി പെരുമ്പാവൂര് വന്ന് ലാലേട്ടന്റെ ചെവിയിൽ എന്തോ രഹസ്യം പറഞ്ഞു. അതോടെ പുള്ളി പറഞ്ഞു. നടന്നതെല്ലാം നല്ലതിന്, നടക്കാനിരിക്കുന്നതും നല്ലതിന്. ഞാൻ വരുന്നില്ല. നീ പോ മോനേ ജോണി ആന്റണീ... സവാരി ഗിരിഗിരി..
വീട്ടുകാർ ചോദിച്ചു... അതെന്തു രഹസ്യം ? അവരു വലിയ ഫ്രണ്ട്സ് അല്ലിയോ? അതു ചോദിക്കുന്നതു ശരിയാണോ.. എന്നു പറഞ്ഞ് ജോണി സ്കൂട്ടായി.പിറ്റേന്നാണ് സംഘം മുല്ലപ്പെരിയാറിലെത്തിയത്. അവിടെ വച്ചാണ് ജോനാഥനെ കണ്ടത്. അണക്കെട്ടിലെ എൻജിനീയറാണ്. കൈയിൽ എപ്പോഴും റിവോൾവറുണ്ട്. ഇടയ്ക്കിടെ തോക്കെടുത്ത് ആകാശത്തേക്ക് ഠ്യേ.. എന്നു വെടിവയ്ക്കും. ചങ്ങനാശേരിയിൽ നിന്നുള്ള ജോപ്പൻ ചോദിച്ചു.. ഉണ്ട ചെലവാകുന്നതിന് കണക്ക് കൊടുക്കണ്ടേ? ജോനാഥൻ പറഞ്ഞു.. സംശയം തോന്നിയിട്ട് വെടിവച്ചതാണെന്നു പറയും. എന്തു സംഭവിച്ചാലും അണക്കെട്ട് സംരക്ഷിക്കണമെന്ന് കോടതിയുടെ ഉത്തരവുണ്ട്.
കാട്ടിനുള്ളിൽ ഗസ്റ്റ് ഹൗസിലായിരുന്നു അന്നത്തെ താമസം. ഒരു വലിയ ഗസ്റ്റ് ഹൗസും ദൂരെ ചെറിയൊരു ഔട്ട്ഹൗസും. ഗസ്റ്റ് ഹൗസിൽ താമസിക്കാനും ഔട്ട്ഹൗസിൽ ജലസേചനത്തിനും സൗകര്യം.
രാത്രിയായപ്പോൾ പുറത്ത് ഒരു ബഹളം. ജോണി ആന്റണി ഇറങ്ങി നോക്കി. റോഡിലൂടെ എന്തോ ഉരുണ്ടു വരുന്നു. ജോപ്പനാണ്. ഔട്ട് ഹൗസിൽ നിന്ന് ഉരുണ്ടതാണ്. കാട്ടുവഴിയിലൂടെ ഗസ്റ്റ് ഹൗസ് വരെ. ചാടിയെണീറ്റ് ജോപ്പൻ പറഞ്ഞു.. ഭാഗ്യം, സേഫാണ്. ജീവനാണോ ? അല്ല ബോട്ടിൽ...
രണ്ടു ഫുൾ ബോട്ടിലുമായിട്ടാണ് ജോപ്പൻ ഔട്ട്ഹൗസിൽ നിന്ന് ഇറങ്ങിയത്. ചെന്നത് കാട്ടാനയുടെ മുന്നിൽ. തുമ്പിക്കൈ നീട്ടി. കുപ്പി കൊടുത്തില്ല. ഓടി. ആന പിന്നാലെ. അപ്പോഴാണ് ഓർത്തത് കാട്ടാന കുത്താൻ വന്നാൽ ഓടരുത്, ഉരുളണം. കുപ്പിയും കെട്ടിപ്പിടിച്ചാണ് ഉരുണ്ടത്. പൊട്ടിയില്ല. വാതിൽക്കൽ നിൽക്കുന്ന ലാൽ ജോസ് പറഞ്ഞു.. കുപ്പിയൊക്കെ പുറത്തു വച്ചിട്ട് അകത്തു കേറിയാൽ മതി.മനസ്സില്ലാ മനസ്സോടെ ജോപ്പൻ പുറത്തു വച്ച് വാതിലടച്ചു. പിറ്റേന്ന് രാവിലെ നോക്കുമ്പോൾ രണ്ടു കുപ്പിയും കാണാനില്ല. ഗസ്റ്റ് ഹൗസിന്റെ മുറ്റത്തെ വാഴയൊക്കെ ഒടിഞ്ഞു കിടക്കുന്നു. രാത്രിയിൽ കാട്ടാന വന്നിട്ടു പോയതാണ്. ജോപ്പൻ ചോദിച്ചു.. കാട്ടാന മദ്യപിക്കുമോ? ജോണി ചിരിച്ചു... നമ്മുടെ നാട്ടിലെ കാട്ടാനയല്ലേ. വേണമെങ്കിൽ ബവ്റിജസിൽ ക്യൂവും നിൽക്കും..