നാഷനൽ ഹൈവേയിലെ ചോര വളവിൽ നിന്നാണ് വനിതാ എസ്ഐ അഞ്ജലി ഐസക്കിന് രണ്ടു കുഞ്ഞു ഷൂസുകൾ കിട്ടിയത്. ചെറിപ്പഴത്തിന്റെ തോലുകൊണ്ടുണ്ടാക്കിയതു പോലെ ചുവന്ന നിറത്തിൽ തിളങ്ങുന്ന കുഞ്ഞു ഷൂസുകൾ ! അവർ അന്ന് മൂന്നാമത്തെ അബോർഷന്റെ ഷോക്കിൽ നിന്ന് പുറത്തു വന്നിരുന്നില്ല. നാലുമാസത്തെ ലീവ് കഴിഞ്ഞ് ഡ്യൂട്ടിക്കു കയറിയിട്ട് ഒരാഴ്ച. രാത്രി സിറ്റി ബീറ്റിനിറങ്ങിയതായിരുന്നു അഞ്ജലി. തട്ടുകട കണ്ടപ്പോൾ പൊലീസ് ജീപ്പിന്റെ ഡ്രൈവർ കുര്യനു ലൈം ടീ വേണം.
അവിടെ ഓംലെറ്റ് ഉണ്ടാക്കുന്ന ബംഗാളിപ്പയ്യൻ കോഴിമുട്ടകൾ ഓരോന്നായി എടുത്ത് ആഘോഷപൂർവം മുകളിലേക്ക് എറിഞ്ഞ് കൈകൊണ്ട് രണ്ടായി പൊട്ടിച്ച് പൊള്ളുന്ന ദോശക്കല്ലിൽ ഒഴിക്കുന്നതു കണ്ടപ്പോൾ അഞ്ജലിയുടെ മനസ്സിൽ വല്ലാത്ത സങ്കടം ചുവന്നൊലിച്ചു. എന്തു പറ്റി മാഡം എന്നു ഡ്രൈവർ ചോദിച്ചെങ്കിലും വേഗം വാ, പോകാം എന്നു മാത്രം പറഞ്ഞു. എസ് പോലെ വളവുള്ള ആ സ്ഥലത്തിന്റെ യഥാർഥ പേര് ശാന്തിപുരം എന്നോ മറ്റോ ആണ്. ഇടയ്ക്കിടെ വണ്ടികൾ അപകടത്തിൽപ്പെടുന്നതുകൊണ്ട് നാട്ടുകാർ വിളിക്കുന്നതാണ് ചോര വളവ്. മഴ പെയ്യാൻ വിളുമ്പി നിൽക്കുന്നുണ്ടായിരുന്നു. പെയ്താൽ ചെളിവെള്ളം ഒഴുകി ആ ഷൂസുകൾ നനയും. അഞ്ജലി അവ എടുത്ത് പൊടി തുടച്ച് ജീപ്പിന്റെ ഡാഷ് ബോർഡിൽ വച്ചു.
ഡ്രൈവർക്കു സംശയം തീരുന്നില്ല.. മാഡം, ഇന്നലെത്തെ ആക്സിഡന്റാണ്. ഫാമിലി മുഴുവൻ ഫിനിഷായി. ഇനി ഇത് ആരും ക്ളെയിം ചെയ്യാൻ വരില്ല. അയാൾ അസാധാരണമായ കാഴ്ച കാണുന്ന മട്ടിൽ ഇടയ്ക്കിടെ ഷൂസിലേക്കു നോക്കിക്കൊണ്ട് ഡ്രൈവ് ചെയ്യാൻ തുടങ്ങി. മാഡത്തിന്റെ റിലേറ്റീവ്സ് ആണോ മരിച്ചത് ?
അല്ല. എനിക്ക് അവരെ അറിയുകയേയില്ല. ഒരു നിമിഷത്തെ ഡ്രൈവറുടെ അശ്രദ്ധയിൽ കുഴിയിൽച്ചാടിയ ജീപ്പ് ഭയങ്കരമായി പ്രതിഷേധിച്ചു. ഡാഷ്ബോർഡിലിരുന്ന ഷൂസുകൾ തെന്നി അഞ്ജലിയുടെ മടിയിലേക്കു വീണു. നമ്മുടെ സിറ്റിയിൽ ഒരു മാസം എത്ര കുഞ്ഞുങ്ങൾ മരിക്കുന്നുണ്ടാകും കുര്യൻ ? അയാൾ പറഞ്ഞു.. എനിക്കറിയില്ല മാഡം. എന്റെ മകൻ ഒരു ബൈക്ക് അപകടത്തിൽ മരിച്ചതാണ്. അവന്റെ ഒരു സാധനവും ഞാൻ വീട്ടിൽ സൂക്ഷിച്ചു വച്ചിട്ടില്ല. കാണുമ്പോൾ പിന്നെയും ആ പഴയ കാര്യങ്ങൾ ഓർമ വരും.
മരിച്ചവരുടെ സാധനങ്ങൾ എടുത്തുവയ്ക്കുന്നത് നല്ലതല്ലെന്ന് പറയണമെന്ന് അയാൾക്കു തോന്നി. പക്ഷേ പറഞ്ഞില്ല. കൈനിവർത്തി ഒരു സല്യൂട്ടിന്റെ അകലമുണ്ട് മേലുദ്യോഗസ്ഥയും താനും തമ്മിൽ. എനിക്കു കുഞ്ഞുങ്ങളുടെ കാലുകളോട് ഭയങ്കര ഇഷ്ടമാണ് കുര്യൻ. അവർ ഉറങ്ങുമ്പോൾ അടുത്തു ചെന്ന് ഉണർത്താതെ കുറെ ഉമ്മ വയ്ക്കാൻ തോന്നും. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ അഞ്ജലി ഷൂസുകൾ രണ്ടും കട്ടിലിന്റെ അരികിൽ വച്ചിട്ടാണ് ഉറങ്ങാൻ കിടന്നത്. മരിച്ചത് ആൺകുഞ്ഞായിരിക്കുമോ? കുഞ്ഞു ഷൂസുകൾ കാഴ്ചയിൽ ആണെന്നോ പെണ്ണെന്നോ തിരിച്ചറിയാൻ കഴിയില്ല. ചിരിക്കുന്നതും കരയുന്നതും പിച്ച നടക്കുന്നതും ഒരുപോലെ..
പിറ്റേന്ന് അഞ്ജലിയുടെ മമ്മി നാട്ടിൽ നിന്നു വന്നു. അവർ വരുന്നതിനു മുമ്പു തന്നെ ഷൂസുകൾ എടുത്ത് അലമാരയ്ക്കുള്ളിൽ വച്ചെങ്കിലും മമ്മിയത് കണ്ടുപിടിച്ചു. അഞ്ജലി പറഞ്ഞു.. ഒരു കുട്ടി സമ്മാനിച്ചതാണ്. ഇൻവെസ്റ്റിഗേഷനു പോയപ്പോൾ.മമ്മിയൊന്നും ചോദിച്ചില്ല. മകളെ കെട്ടിപ്പിടിച്ചു. പൊലീസ് ക്യാപ്പ് ഊരിയെടുത്ത് മകളുടെ നിറുകയിൽ രണ്ടു മൂന്നുമ്മ കൊടുത്തു. അഞ്ജലി പറഞ്ഞു.. മമ്മി കരുതുന്നതുപോലെ എനിക്കു സങ്കടമൊന്നുമില്ല. രണ്ടു വർഷത്തിലേറെയായിട്ടും ആ ഷൂസുകള്‍ അഞ്ജലിയുടെ കൂടെയൂണ്ട്. ഇതിനിടെ രണ്ടോ മൂന്നോ സ്ഥലത്തേക്ക് സ്ഥലംമാറ്റമായി.
ചില രാത്രികളിൽ ആ ഷൂസിന്റെ ഉടമ അഞ്ജലിയോടു സംസാരിക്കാനെത്തുന്നു. സ്വപ്നങ്ങളുടെ കുമിളകള്‍ പൊട്ടി ഉണര്‍ന്നു വന്നാൽ ആ കുഞ്ഞിഷ്ടങ്ങൾ മറക്കാതെ, മാറ്റി വയ്ക്കാതെ അഞ്ജലി സാധിച്ചുകൊടുക്കുന്നു.
ഐസ്ക്രീം പാർലറിൽ, മെട്രോ ട്രെയിനിൽ, ലുലു മാളിൽ, മറൈൻ ഡ്രൈവില്‍, ബീച്ചിൽ ഒക്കെ കൂടെ കൊണ്ടുപോകുന്നു. ലോങ് ഡ്രൈവുകൾക്കോ ട്രിപ്പുകൾക്കോ പോകുമ്പോള്‍ കാറിന്റെ ഡാഷ്ബോർഡിൽ ഏറ്റവും മുന്നിൽ, ചില്ലിനോടു ചേർന്ന്, കാഴ്ചകള്‍ കാണാവുന്ന വിധത്തിൽ വിൻഡോ സീറ്റിലെന്ന പോലെ ഇരുത്തുന്നു.
ജൂണിൽ ആ കുഞ്ഞിന്റെ മൂന്നാം പിറന്നാളായിരുന്നു. ഷൂസ് കിട്ടിയതിന്റെ മൂന്നാം വാർഷികം. മമ്മിയെപ്പോലും അറിയിക്കാതെ അവർ രണ്ടാളും മാത്രം സ്വകാര്യമായി ഒരു ആഘോഷം. കഴിഞ്ഞ ദിവസം ഡ്യൂട്ടി കഴിഞ്ഞ് രാത്രിയിൽ പതിവിലും വൈകി ക്ഷീണിച്ച് തളർന്ന് അഞ്ജലി ഐസക് വീട്ടിൽ തിരിച്ചെത്തുമ്പോൾ മുൻവാതിലിന് അരികിൽത്തന്നെ ആകാംക്ഷയോടെ അവളെ കാത്തിരിക്കുന്നുണ്ടായിരുന്നു, ആ കുഞ്ഞുഷൂസുകൾ ! അപകടത്തിൽ മരിച്ച കുഞ്ഞുങ്ങളുടെ ഷൂസുകൾ വളരാറുണ്ടോ?! അവ തനിയെ സഞ്ചരിക്കാറുണ്ടോ?!