ADVERTISEMENT

ഇന്ദ്രൻസ് ആദ്യമായി മദ്രാസിൽ പോകുമ്പോൾ യാത്രയാക്കാൻ അച്ഛനും അമ്മയും മാമനും ചേച്ചിയുമൊക്കെ തമ്പാനൂർ റയിൽവേ സ്റ്റേഷനിൽ വന്നു. വീട്ടിൽ‍ നിന്ന് ഒരാൾ ട്രെയിനിൽ ദൂരെയാത്ര ചെയ്യുകയാണ്.  ട്രെയിൻ നീങ്ങിയപ്പോൾ എല്ലാവരും ഉറക്കെ കരഞ്ഞു. അന്നൊക്കെ കണ്ണീരിലാണ് സ്നേഹം! ഇപ്പോൾ ചിരിയിലും..!

കണ്ണീരിൽ നിന്നു ചിരിയിലേക്ക്... ഇന്ദ്രൻസിന്റെ ജീവിത യാത്രകളെ ഒറ്റവാക്കിൽ അങ്ങനെ പറയാം. തിരുവനന്തപുരത്ത് കുമാരപുരത്താണ് ഇന്ദ്രൻസിന്റെ വീട്.  ജോലി ചെയ്യുന്ന തയ്യൽക്കട സ്റ്റാച്യുവിലും.  കടയിലേക്കു നടക്കുന്ന വഴിയിൽ കണ്ണമ്മൂലയിൽ എന്നും ഒരു സ്റ്റോപ്പുണ്ട്. അവിടെയാണ് നടൻ മധുവിന്റെ വീട്. മുറ്റത്ത് 4242 ഉണ്ടോ എന്നു നോക്കും. ഉണ്ടെങ്കിൽ അകത്ത് മധുസാറുണ്ട്. മധുവിന്റെ അംബാസഡർ കാറാണ് 4242.  അദ്ദേഹം പുറത്തുവരുന്നതും നോക്കി റോഡരികിൽ എത്ര നേരം വേണമെങ്കിലും നിൽക്കും.  അന്നൊന്നും ഇന്ദ്രൻസിന്റെ വീട്ടിലേക്ക് കാർ വരാൻ വഴിയുമില്ല, കാരണവുമില്ല.

ഓർമ വച്ച നാൾ മുതൽ നാടകവും സിനിമയും  ഇന്ദ്രൻസിനു ജീവനാണ്.  രാത്രിയിൽ കൂട്ടുകാരോടൊപ്പം സൈക്കിൾ വാടകയ്ക്കെടുത്ത് നാടകം കാണാൻ പോകും. സൈക്കിളിനു നൈറ്റ് വാടക കുറവാണ്. മൂന്നു പേരു ചേർന്ന് എടുത്താൽ വാടകക്കാശ് വീതിക്കാം. അതിൽത്തന്നെ സൈക്കിൾ ചവിട്ടുന്നയാൾ ഏറ്റവും കുറച്ച് ഷെയർ ഇട്ടാൽ മതി. പകൽ മുഴുവൻ തയ്യൽ മെഷീൻ ചവിട്ട്, രാത്രിയിൽ സൈക്കിൾ ചവിട്ട് !

നാടകം കഴിഞ്ഞു വരുമ്പോൾ പലപ്പോഴും പൊലീസ് ചാടി വീഴും. ഡൈനാമോ ഇല്ല, ട്രിപ്പിളടിച്ചു. ഇങ്ങനെ കേസുകൾ പലതാണ്.  ഡൈനാമോ ഉള്ളതിനു വാടക കൂടുതലായതിനാൽ ഇല്ലാത്ത സൈക്കിൾ നോക്കി എടുക്കുന്നതാണ്. പിഴയടയ്ക്കാൻ കാശില്ലാത്തതിനാൽ സൈക്കിൾ പൊലീസ് കൊണ്ടുപോകും. പിറ്റേന്ന് രാവിലെ സ്റ്റേഷനിൽ ചെല്ലണം. എസ്ഐ വന്നാലേ സൈക്കിൾ തിരിച്ചുകിട്ടൂ.  

ഒരു തവണ സൈക്കിൾ തിരിച്ചെടുക്കാൻ പോയതേയില്ല. കാരണം എസ്ഐ ബൈക്കിൽ നിന്നു വീണ് കാലൊടിഞ്ഞ് ഒരു മാസത്തേക്കു ലീവായിരുന്നു. പുള്ളി തിരിച്ചു വന്നപ്പോഴേക്കും സൈക്കിളിന്റെ വിലയെക്കാ‍ൾ കൂടുതലായിപ്പോയി തിരിച്ചു കൊടുത്താലുള്ള വാടക.  അങ്ങനെ പിശുക്കാൻ തേച്ചത് പാരയായി !  പിന്നെ പൊലീസ് പിടിച്ചത് ഓവർ സ്പീഡിനായിരുന്നു. അപ്പോഴേക്കും ഇന്ദ്രൻസ് പേരെടുത്ത നടനായിക്കഴിഞ്ഞിരുന്നു. 

ഒരു ദിവസം ലൊക്കേഷനിലേക്ക് സ്വയം കാറോടിച്ചു പോവുകയായിരുന്നു. നേരം വെളുക്കുന്നതേയുള്ളൂ. കിളിമാനൂരു കഴിഞ്ഞ് ഒരു വളവു തിരിഞ്ഞ് ചെന്നപ്പോഴേക്കും പൊലീസ് കൈനീട്ടി. ഓവർസ്പീഡിൽ റോങ് സൈഡിലൂടെ ഓവർടേക് ചെയ്തത് ഒരേ സമയം രണ്ടു വണ്ടികളെയാണ്. പൊലീസ് ഫൈൻ അടിച്ചില്ല, വഴക്കും പറഞ്ഞില്ല.  നിങ്ങളെപ്പോലെയുള്ളവർ ഇങ്ങനെ നിയമം തെറ്റിക്കുന്നത് കഷ്ടമാണ് എന്നു മാത്രമേ പറഞ്ഞുള്ളൂ.

ഡ്രൈവിങ് സ്കൂളിലെ സാർ പഠിപ്പിച്ചത് എപ്പോഴും ഇടതുവശം ചേർന്നു പോകാനാണ്. അതുകൊണ്ടു ചെയ്തു പോയതാണെന്ന് കോമഡി പറഞ്ഞു നോക്കി, ഏറ്റില്ല. മര്യാദയോടെയുള്ള പൊലീസിന്റെ പെരുമാറ്റം വലിയ ശിക്ഷയായിരുന്നു. രണ്ടു തല്ലു കിട്ടിയതിനെക്കാൾ നാണവും സങ്കടവും തോന്നി ഇന്ദ്രൻസിന്. പോയ്ക്കോളൂ എന്നു പൊലീസ് പറഞ്ഞിട്ടും പോയില്ല. പൊലീസിനൊപ്പം അടുത്ത തട്ടുകടയിൽപ്പോയി ചായയൊക്കെ കുടിച്ച് കുറെ സമയം ചെലവിട്ടിട്ടാണ് ഷൂട്ടിങ്ങിനു പോയത്.

തിരിച്ചു കാറിൽ കയറാൻ നേരം വാച്ചിൽ നോക്കിയിട്ട് ആരും കേൾക്കാതെ പറഞ്ഞു..  ഓവർസ്പീഡ് മൂലം ലാഭിക്കാൻ നോക്കിയ സമയം ഇവിടെ ചെലവാക്കി. ഇനി കുറ്റബോധമില്ലാതെ സമാധാനത്തോടെ പോകാം..

സ്വയം ഡ്രൈവ് ചെയ്യുന്നതാണ് ഇന്ദ്രൻസിന് തൃപ്തി. വേറെ ആരെങ്കിലുമാണ് ഓടിക്കുന്നതെങ്കിൽ മുഴുവൻ സമയവും ശ്രദ്ധയോടെ റോഡിലേക്കു നോക്കിയിരിക്കും. എതിരെ ഒരു ടിപ്പർ ലോറി  ഭ്രാന്തെടുത്ത് വരുമ്പോൾ, പിഞ്ചുകുഞ്ഞിന്റെ കൈയിൽ അലക്ഷ്യമായി പിടിച്ച് ഒരമ്മ മൊബൈൽ ഫോണിൽ നോക്കി റോഡ് ക്രോസ് ചെയ്യുന്നതു കാണുമ്പോൾ ഒക്കെ നെഞ്ചിൽ വല്ലാത്ത ബുദ്ധിമുട്ടാണ്. സ്വസ്ഥത പോകും. അതുകൊണ്ട് ട്രെയിൻ യാത്രയാണ് കൂടുതലിഷ്ടം. സ്വസ്ഥമായിട്ട് വല്ലതുമൊക്കെ ആലോചിച്ച് ഇരിക്കാം, ഉറങ്ങാം, വായിക്കാം. 

ട്രെയിനിൽ കയറിയാൽ പതുക്കെ, കണ്ണടയൊക്കെ ഊരിവച്ച് ഒരേ ദിശയിൽതന്നെ നോക്കി പല കാര്യങ്ങൾ ആലോചിച്ച് ഇങ്ങനെ ഇരിക്കും. എതിർസീറ്റിൽ ആളു വരുന്നതും പോകുന്നതും പലപ്പോഴും അറിയാറേയില്ല. ഒരു തവണ എതിർസീറ്റിൽ ഇരുന്ന സ്ത്രീ അവരെയാണ് നോക്കുന്നതെന്നു തെറ്റിദ്ധരിച്ച് കർട്ടൻ വലിച്ചിട്ടു. കുറെ നേരം കഴിഞ്ഞ് കർട്ടൻ മാറ്റി അവർ വീണ്ടും പ്രത്യക്ഷപ്പെട്ടപ്പോഴും ഇന്ദ്രൻസ് അതേയിരുപ്പു തന്നെ.. !

അവർ ചോദിച്ചു.. എന്നെയല്ലേ നോക്കിയത് ?! ഇന്ദ്രൻസ് സ്വയം ആലോചിച്ചു... ഞാൻ കയറുമ്പോൾ എതിർസീറ്റിൽ കറുത്ത ഷർട്ടിട്ട ഒരു യുവാവായിരുന്നു. അയ്യാളെങ്ങനെ ചുവന്ന ചുരിദാറിട്ട യുവതിയായി മാറി !

English Summary: Actor Indrans Driving Experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com