ADVERTISEMENT

മഞ്ജു വാരിയരും ചാർലിയും കൂടി ഒരു യാത്ര പോവുകയാണ്. ഡ്രൈവിങ് സീറ്റിൽ മഞ്ജു, സൈഡ് സീറ്റിൽ ചാർലി. മഞ്ജുവിന്റെ പുത്തൻ റേ‍ഞ്ച് റോവർ ബ്ളാക്ക് വേലാറിലാണ് യാത്ര. ചുവന്ന ടുലിപ് പൂക്കൾ വിരിഞ്ഞു നിൽക്കുന്ന പാടങ്ങൾക്കു നടുവിൽ ഒറ്റ വരയിട്ടതുപോലെ നീണ്ട റോഡ്. പ്രിയദർശൻ സിനിമയിലെ പാട്ടുസീൻ കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുന്ന 52 പെൺകുട്ടികൾ തലയിൽ പൂക്കുട്ടകളുമായി ഒരേ പോലെ വേഷമിട്ട് റോഡരികിലൂടെ ഓടിപ്പോകുന്നുണ്ട്. ചാർലി ചോദിച്ചു... നമ്മളെങ്ങോട്ടാ ?

 

മഞ്ജു പറഞ്ഞു... എന്റെ കുട്ടിക്കാലത്തേക്ക്. തമിഴ്നാട്ടിലെ നാഗർകോവിൽ. അവിടെയായിരുന്നു അച്ഛനു ജോലി. അച്ഛന് അന്നൊരു രാജ്ദൂത് മോട്ടോർ സൈക്കിളുണ്ടായിരുന്നു. എന്നും രാവിലെ അച്ഛന്റെ ടൈയെടുത്ത് കഴുത്തിൽ ചുറ്റി ഞാൻ ബൈക്കിന്റെ പെട്രോൾ ടാങ്കിനു മുകളിൽ കയറിയിരിക്കും. ടൈ കെട്ടിയാൽ എന്നെയും സ്കൂളിൽ കൊണ്ടുപോകുമെന്നായിരുന്നു എന്റെ വിശ്വാസം.  ചാർലി ചിരിച്ചു... എന്നിട്ട്.. ?

 

ഞാനന്ന് സ്കൂളിൽ ചേർന്നിട്ടു പോലുമില്ല.  ഞാനും ചേട്ടനും അമ്മയും കൂടി അച്ഛന്റെയൊപ്പം ആ ബൈക്കിലായിരുന്നു യാത്രകളെല്ലാം. എന്നെ പെട്രോൾ ടാങ്കിന്റെ മുകളിലിരുത്തും. ചേട്ടൻ കാരിയറിലും. ഞങ്ങൾ നാലുപേരും ഇരുന്നാൽ പിന്നെ ബൈക്ക് കാണാനേയുണ്ടാവില്ല.  പാവം ബൈക്ക്. അതിന്റെ നമ്പർ ഓർമയുണ്ടോ? മഞ്ജു പറഞ്ഞു.. ഉണ്ടല്ലോ, ടി.എൻഇ. 3210 ചാർലി പറഞ്ഞു... തിരിച്ചെഴുതിയാൽ സൂപ്പറായേനെ – 0123 ! നമ്പറുകൾ പഠിക്കുന്നത് എന്റെ ഹോബിയാണ്. 

 

എന്നാൽ മമ്മൂക്കയുടെ കാറിന്റെ നമ്പർ എത്രയാ? പുള്ളി മാസ്സല്ലേ.. ! എല്ലാ വണ്ടിക്കും ഒരേ നമ്പർ 369 !

നാഗർകോവിലിൽ അമ്പലത്തിൽ ഉൽസവത്തിന് ധാരാളം ചിന്തിക്കടകൾ. എല്ലാവരും കുപ്പിവളകളും ചാന്തുമൊക്കെ വാങ്ങുമ്പോൾ ഞാനെന്താ വാങ്ങുന്നതെന്നറിയുവോ? പല നിറത്തിലുള്ള കൂളിങ് ഗ്ളാസുകൾ!  അതിങ്ങനെ വച്ച് അച്ഛന്റെ കൂടെ ബൈക്കിൽ പോകാൻ എന്തു രസമായിരുന്നു ! ചുവന്ന കണ്ണാടി വച്ച് പച്ചപ്പാടങ്ങളിലേക്കു നോക്കും, മഞ്ഞ സൂര്യകാന്തിപ്പൂക്കൾ വിരിയുന്നതു കാണാം ! ചേച്ചിയെന്താ ഇത്രയും സ്ളോമോഷനിൽ വണ്ടിയോടിക്കുന്നത് ? 

 

ആരെയും ബുദ്ധിമുട്ടിക്കാതെ, മീഡിയം സ്പീഡിൽ എന്റേതായ പാവം വഴിയിലൂടെ പോകുന്ന സാരഥിയാണ് ഞാൻ. അഡ്വഞ്ചറസായിട്ട് പോകാൻ ആഗ്രഹിക്കുന്ന നിന്നെപ്പോലുള്ളവർക്കു ഞാനൊരു വളരെ ബോറിങ് ഡ്രൈവറാണ്. പക്ഷേ അമ്മയ്ക്കും സിസ്റ്റർ ഇൻ ലോയ്ക്കും ഒക്കെ എന്റെ ഡ്രൈവിങ് ഭയങ്കര ഇഷ്ടമാണ്.  എന്റെ കൂടെ യാത്ര ചെയ്യുമ്പോൾ വളരെ സേഫ് ആണെന്ന് അവരൊക്കെ പറയാറുണ്ട്.   സേഫ് ആണ് എന്നൊക്കെ ഉറപ്പായാലേ ഞാൻ ഓവർടേക് ചെയ്യാറുള്ളൂ. റിസ്കെടുത്ത് ഒന്നും ചെയ്യാറില്ല. ചാർലി പറഞ്ഞു.... മനസ്സിലായീ... മനസ്സു കൊണ്ടാണ് ചേച്ചി ഒരാളെ ഓവർടേക് ചെയ്യുന്നത്. നിലപാടുകൾ കൊണ്ടാണ് പലരെയും പിന്നിലാക്കുന്നത് ! പക്ഷേ ഇങ്ങനെ പോയാൽ നമ്മൾ മീശപ്പുലിമലയിൽ എത്തുമ്പോഴേക്കും മഞ്ഞുപെയ്തു തീരും, കേട്ടോ.. 

 

മഞ്ജു സ്റ്റിയറിങ്ങിൽ നിന്ന് രണ്ടുകൈയും എടുത്ത് മുകളിലേക്കുയർത്തിയിട്ട് പറഞ്ഞു..  ഓരോ യാത്രയിലെയും ലക്ഷ്യമല്ല, ആ യാത്രയാണ് ഞാൻ ആസ്വദിക്കാറുള്ളത്. ഞാനും അങ്ങനെ തന്നെയാ ചേച്ചീ.  ഇന്നലെ രാത്രി തട്ടുകടയിൽ നിന്ന് ബുൾസൈ കഴിച്ച് പൈസ കൊടുക്കാതെ മുങ്ങി കെഎസ്ആർടിസി ബസിന്റെ വിൻഡോയിലൂടെ ചാടിക്കയറി സൈഡ് സീറ്റ് പിടിച്ചാണ് ഇന്നു രാവിലെ ഇവിടെ എത്തിയത്.

 

​മഞ്ജു പറഞ്ഞു... ഞാനും തട്ടുകടയിൽ പോയി  ദോശ കഴിക്കാറുണ്ട്. നിലക്കടല കച്ചവടക്കാരനെ കണ്ടാൽ കാർ നിർത്തി വാങ്ങാറുണ്ട്. ഓട്ടോയിലും കെഎസ്ആർടിസി ബസിലും യാത്ര ചെയ്യാറുമുണ്ട്.  എനിക്ക് ആഗ്രഹമുള്ള യാത്രകളെല്ലാം ഞാൻ ചെയ്യാറുണ്ട്. അതൊന്നും ആരും അറിയാറില്ലെന്നു മാത്രം. സഡൻ ബ്രേക്കിൽ കാർ നിന്നു. തൊട്ടുമുന്നിൽ ഒരു ട്രെയിൻ ! റോഡിനു കുറുകെ നിർത്തിയിട്ടിരിക്കുകയാണ്. കടുംനിറങ്ങളിൽ പെയിന്റടിച്ച കംപാർട്ട്മെന്റുകൾ ശിവകാശിയിലെ തീപ്പെട്ടിക്കവറുകൾ പോലെ ! ഏതോ ലെവൽ ക്രോസാണ്. 

 

മഞ്ജു പറഞ്ഞു...  ഈ സ്ഥലം ഏതാണെന്നറിയാമോ? തമിഴ്നാട്ടിലെ ബൊമ്മിടി. ചേച്ചി ഇവിടെ വന്നിട്ടുണ്ടോ ? ഉണ്ടോന്നോ, ഒരിക്കൽ മദ്രാസിൽ നിന്ന് നാട്ടിലേക്കു വരുമ്പോൾ ഞങ്ങളുടെ ട്രെയിൻ ഒരു ദിവസം മുഴുവൻ ഇവിടെ പിടിച്ചിട്ടു. കൊച്ചിൻ ഹനീഫിക്കയും ആ ട്രെയിനിലുണ്ടായിരുന്നു. മൊബൈൽ ഫോണൊന്നും ഇല്ലാത്ത കാലമാണ്. വാട്സാപ്പും ഫെയ്സ്ബുക്കുമില്ല. അന്ന് ഞങ്ങളെല്ലാവരും പുറത്തിറങ്ങി ഇതുവഴിയൊക്കെ കറങ്ങി നടന്നു, സമയം കളയാൻ വട്ടംകൂടിയിരുന്നു ചീട്ടുകളിച്ചു.  ഈ ഗ്രാമത്തിലെ ആളുകളാണ് അന്ന് ഞങ്ങൾക്കു ഭക്ഷണമൊക്കെ തന്നത്. ഈ സ്ഥലം കാണുമ്പോൾ ഓർമ വരുന്നത് ഹനീഫിക്കയെയാണ്.

 

ചേച്ചി ഇങ്ങനെ ഇടയ്ക്കിടെ ജീവിതത്തിലേക്കു തിരിഞ്ഞു നോക്കാറുണ്ടോ ? ഇല്ലെടാ ചാർലീ.. ഈ കാറിനു റിയർവ്യൂ മിററുണ്ട്. ചുറ്റും ക്യാമറയുമുണ്ട് ! എന്തിനാ വെറുതെ തിരിഞ്ഞു നോക്കുന്നെ.. മുന്നോട്ടു തന്നെ പോയാൽപ്പോരേ !

 

∙(സിനിമയിലെ ഒരു കഥാപാത്രത്തിനൊപ്പം യാത്ര പോകാൻ ആഗ്രഹിച്ചാൽ ആരെ കൂട്ടും ? അതായിരുന്നു മഞ്ജു വാരിയരോടുള്ള എന്റെ ചോദ്യം. ചാർലി എന്നായിരുന്നു മഞ്ജുവിന്റെ മറുപടി.  ആ കഥാപാത്രം ചെയ്യുന്ന യാത്രകളും പെട്ടെന്നുള്ള പ്ളാനുകളും ലൈഫ് സ്റ്റൈലുമൊക്കെ ആ സിനിമ കണ്ടപ്പോൾ എന്നെ വല്ലാതെ കൊതിപ്പിച്ചു എന്നും  മഞ്ജു ഉത്തരം പറഞ്ഞു. ആ ഉത്തരത്തിൽ നിന്നാണ് ഭാവനയിലൂടെയുള്ള ഈ യാത്ര ആരംഭിക്കുന്നത്.)

 

English Summary: Coffee Brake Manju Varrier

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com