ശരിക്കും മിന്നലടിച്ചിട്ടുണ്ട് ബേസിലിനെ, അന്നും കൂടെയുണ്ട് ടൊവിനോ !

basil
SHARE

ചെന്നൈയിൽ ബസിറങ്ങിയ ബേസിൽ ജോസഫിനെയും കൂട്ടി വിനീത് ശ്രീനിവാസൻ ആദ്യം പോയത് ബസന്റ് നഗർ ബീച്ചിലെ ഹോട്ടലിലേക്കാണ്. തലപ്പാക്കട്ടി ബിരിയാണിയും മട്ടൻ ബ്രെയിൻ ഫ്രൈയും വാങ്ങിക്കൊടുത്തിട്ട് വിനീത് ചോദിച്ചു... ഇഷ്ടപ്പെട്ടോ? ബേസിൽ പറഞ്ഞു... പെട്ടു !

ബേസിൽ അന്നു ചേർന്നതാണ് വിനീതിന്റെ സൗഹൃദവാടി ആർട്സ് ക്ളബിൽ.  വിനീത് ചെന്നൈ വാസനായതു കൊണ്ടാണ് താനും ചെന്നൈയിലെത്തിയതെന്നു ബേസിൽ പറയും. 

തിര എന്ന സിനിമയെപ്പറ്റി ആലോചിക്കുന്ന സമയത്താണ് വിനീത്  ബേസിലിനെ സിനിമയിലേക്കു ക്ഷണിക്കുന്നത്. ഇപ്പോൾ ചെന്നൈയിൽ നിന്ന് കൊച്ചിയിലേക്കു വലിച്ചു കെട്ടിയ ഒരു റബർ ബാൻഡുപോലെയായി ബേസിലിന്റെ മനസ്സ്. അഴിച്ചുവിട്ടാൽ അടുത്ത നിമിഷം ചെന്നൈയിലെത്തും. അത്രയിഷ്ടമാണ് ആ നഗരം. 

നിറയെ രുചിയും അഭിരുചിയുമുള്ള നഗരമാണ് ചെന്നൈ എന്ന് ബേസിൽ പറയും. എല്ലാവരും കലാകാരന്മാർ, എവിടെ നോക്കിയാലും നല്ല ഭക്ഷണശാലകൾ. സ്നേഹിച്ചാൽ ഇരട്ടിയായി തിരിച്ചു സ്നേഹിക്കുന്ന നാട്ടുകാർ. തിരയുടെ പ്രിപ്രൊഡക്ഷൻ ജോലികൾ‍ക്കായി തിരുവാൺമിയൂർ ബീച്ചിന് അടുത്തുള്ള ഗസ്റ്റ് ഹൗസിലായിരുന്നു താമസം. ആദ്യ ജോലി ഇൻഫോസിസിന്റെ ഷോളിംഗനല്ലൂർ ക്യാംപസിൽ.  അണ്ണാ നഗറിലെ ഒരു ബാങ്കിൽ കുറച്ചു നാൾ. പ്രണയിക്കുമ്പോൾ ഭാര്യ എലിസബത്തിന് ജോലി നുങ്കംമ്പാക്കത്ത്. വിവാഹം കഴിഞ്ഞ് വീടെടുത്തത് ടി നഗറിൽ.  ഗോദ എന്ന സിനിമയുടെ എഴുത്തും പ്രിപ്രൊഡക്ഷനും ഒഎംആറിൽ. ഇങ്ങനെ ചെന്നൈയോടുള്ള അടുപ്പം പലവിധമാണ്. 

കേടായ ഒരു ബസും ഓടുന്ന മറ്റൊരു ബസും ചങ്ങലയിൽ കൊളുത്തിയിട്ട് ഓടിക്കുന്ന സിറ്റി ബസുകളിൽ അതിരാവിലെ കയറിയാൽ മല്ലിപ്പൂവിന്റെയും മുരുകൻ ഇഡ്ഡലിയുടെയും മണം. വൈകിട്ടായാൽ വാടിയ പൂവിന്റെ വിയർപ്പും തലപ്പാക്കട്ടി ബിരിയാണിയും ചേർന്ന മണം ! പൊതുവേ പിശുക്കനായ വിനീത് ശ്രീനിവാസൻ കൂട്ടുകാരെ ആദ്യം കൊണ്ടുപോകുന്നത് ഹോട്ടലിലും പിന്നെ സത്യം തീയറ്ററിലുമാണ്. രണ്ടിടത്തും വിനീത് പഴ്സ് പുറത്തെടുക്കും.  റിവേഴ്സ് എടുക്കുമ്പോൾ കണക്കുതെറ്റി പല തവണ ഇടിച്ച് പിൻവശം ചളുങ്ങിയ ഒരു വെളുത്ത ഐ ട്വന്റിയായിരുന്നു അന്നൊക്കെ വിനീതിന്റെ കാർ. 

വിനീതേട്ടന്റെ യാത്രകളെല്ലാം ഫുഡ‍് കഴിക്കാനോ സിനിമ കാണാനോ ആണ്. ഇത്ര വലിയൊരു ഫുഡിയെ വേറെ കണ്ടിട്ടില്ല. എല്ലാ ഭക്ഷണശാലകളും അറിയാം. സിനിമ കാണാൻ സത്യം തീയറ്ററിൽ പോകുന്നതു തന്നെ അവിടെ നിന്ന് ബട്ടർ ഡോണറ്റും കോൾഡ് കോഫിയും കഴിക്കാനാണ്. ചെന്നൈ വിട്ടാൽ വയനാട് – കൊച്ചി റൂട്ടിലോടുന്ന മിന്നലാണ് ബേസിൽ.  വീട് വയനാട്ടിൽ, സിനിമയുടെ ജോലികൾ മുഴുവൻ കൊച്ചിയിൽ. ഡ്രൈവിങ് നല്ല ഇഷ്ടമാണ്. കൊച്ചിയിൽ നിന്ന് അതിരാവിലെ ഇറങ്ങണമെന്ന് നിർബന്ധമുണ്ട്.  

ബ്രേക്ക് ഫാസ്റ്റിന്റെ സമയമാകുമ്പോൾ കോഴിക്കോട്ടെത്താം. താമരശ്ശേരിയിൽ കസിന്റെ വീടുണ്ട്. അവിടത്തെ ചേച്ചി എന്തുണ്ടാക്കിയാലും ഇരട്ടി രുചിയാണ്. മേശപ്പുറത്തിരിക്കുന്ന അപ്പവും മട്ടൺ സ്റ്റൂവും കണ്ട് കൊതി തോന്നി ഒരു ചെറിയ സ്പൂണിങ്ങെടുത്തേ, ചേച്ചീ എന്നു പറയുമ്പോഴേക്കും ചിക്കനും ബീഫും മുന്നിലെത്തും. മീൻ പിന്നാലെ വരും. ഇതൊക്കെ വൻകുടലിന്റെ താമരശ്ശേരി ചുരമിറങ്ങി വീട്ടിലെത്തുമ്പോഴേക്കും ഉച്ചയൂണിന്റെ സമയമാകും. ഇങ്ങിനെയാണ് എല്ലാ യാത്രകളും !

വയനാട്ടിലെ വീട്ടിലെത്തിയാലോ? ഇടത്തോട്ടു മൂന്നു മണിക്കൂർ പോയാൽ മൈസൂർ, വലത്തോട്ടു പോയാൽ ഊട്ടി. കന്നഡ വേണോ തമിഴ് വേണോ എന്നു തീരുമാനിച്ചാൽ മതി.  മുത്തങ്ങ, ബന്തിപ്പൂർ, നാഗർഹോള കാടുകളിലൂടെ ഡ്രൈവിനു പോകാറുണ്ട്. ഗുണ്ടൽപ്പേട്ടിൽ ഗോപാൽസ്വാമിപേട്ട് എന്നൊരു മലയുണ്ട്. മലമുകളിലൊരു അമ്പലം. അവിടെ കാറ്റാണ് കാറ്റ് ! അവിടെ റോഡരികിൽ കിട്ടുന്ന പച്ചക്കറിയാണ് പച്ചക്കറി !

കാറിൽ ഒരു സീറ്റ് ഒഴിഞ്ഞു കിടന്നാലും മിന്നൽ മുരളിയെയോ കുഞ്ഞിരാമായണത്തിലെയോ ഗോദയിലെ നായകന്മാരെ കൂടെ കയറ്റാറില്ല ബേസിൽ. കൂടെക്കൂട്ടാൻ ഇഷ്ടം മിന്നൽ മുരളിയിലെ കൊച്ചു ജോസ്മോനെയാണ്.

ചെറുപ്പത്തിൽ ഞാൻ ജോസ്മോനെപ്പോലെ തന്നെയായിരുന്നു. രൂപവും സംസാരവും ചിരിയുമൊക്കെ അതുപോലെ. സൂപ്പർ ഹീറോകളെ കൂടെ കൊണ്ടുപോകാൻ ധാരാളം ആളുകളുണ്ടാവില്ലേ. എനിക്കു ജോസ് മോൻ മതി ! മിന്നൽ മുരളിയുടെ മൂക്കിൽ തൊഴിച്ച ബ്രൂസ്‍ലി ബിജിയോ ? എന്റെ മേൽ ഏറ്റവുമധികം സ്വാധീനം ചെലുത്തുന്ന ആളാണ് എന്റെ ഭാര്യ. എന്റെ കസിൻ സഹോദരിമാരും അങ്ങനെ തന്നെ. എന്നെ തല്ലുകയും കൊല്ലുകയും ചെവിക്കു പിടിക്കുകയുമൊക്കെ ചെയ്യാറുണ്ട് അവർ. ഭയങ്കര പൗരുഷം തുളുമ്പുന്ന മനുഷ്യനല്ല ഞാൻ. എന്റെ ചുറ്റുമുള്ള സ്ത്രീകൾ എന്നെക്കാൾ ഡോമിനേറ്റിങ് ആവാറുണ്ട്. അവരുടെ ഒരു പ്രതിനിധിയാണ് ബ്രൂസ്‍ലി ബിജി.   ഈയൊരു സിനിമയിൽ മാത്രം ഒതുങ്ങിപ്പോകില്ല അവൾ ! ബ്രൂസ് ലി ബിജി ഇനിയും വരും.

ശരിക്കും മിന്നലടിച്ചിട്ടുണ്ട് ബേസിലിനെ! ഗോദ എന്ന സിനിമയുടെ പ്രചാരണ ജോലികൾക്കായി ടൊവിനോയും നായിക വാമികയും ബേസിലും ഒപ്പമുള്ളപ്പോഴായിരുന്നു അത്. ഒരു അപ്പാർട്മെന്റിന്റെ ബാൽക്കണിയിൽ നിൽക്കുകയായിരുന്നു മൂന്നുപേരും. ലൈറ്റു കൊണ്ട് ആരോ തലയ്ക്കടിച്ചതുപോലെ. ടൊവിനോയെ മാത്രം കാണാനില്ല. കുറച്ചു കഴിഞ്ഞ് മുറിയിൽ നിന്ന് തലമാത്രം പുറത്തേക്കു നീട്ടി ടൊവിനോ ചോദിച്ചു: സേഫല്ലേ, കുഴപ്പമൊന്നുമില്ലല്ലോ, അച്ചാ ഹേ...

മിന്നലിനു മുമ്പേ ടൊവിനോ മുറിക്കുള്ളിലെത്തിയിരുന്നു. അപ്പോൾ മനസ്സിലായി ആൾ ഭീകരനാണെന്ന്.. ! അന്നു തന്നെ തോന്നി മിന്നലടിക്കാതെ തന്നെ അവൻ മിന്നൽ മുരളിയാകുമെന്ന്: ടൊവിനോയെപ്പറ്റി പറയുമ്പോൾ ബേസിലിന്റെ ചിരി നിലാവു പോലെ...

English Summary: Coffee Brake Basil Joseph

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അമ്പരപ്പിക്കുന്ന ആഡംബരം; നിറയെ സർപ്രൈസുകൾ ഒളിപ്പിച്ച വീട്

MORE VIDEOS