വരൂ അമ്മേ, നമ്മുക്കൊരു നൈറ്റ് റൈഡിനു പോകാം !

coffee-brake
SHARE

പൊറോട്ടയും ബീഫും ജിഞ്ചർ ടീയും കഴിക്കാൻ എല്ലാ ആഴ്ചയും 60 കിലോമീറ്റർ ബൈക്ക് ഓടിച്ച് എറണാകുളത്തിനു പോകുന്ന പയ്യൻ എന്നു കേട്ടപ്പോൾ അന്നക്കുട്ടി പറഞ്ഞു... എനിക്ക് ഇയാളു മതി !

അന്നക്കുട്ടിക്ക് വിവാഹ ആലോചനകൾ നടക്കുന്ന സമയമായിരുന്നു. പയ്യന്റെ വീട് തൊടുപുഴ. പോർച്ചിൽ വിന്റേജ് കാർ ഉൾപ്പെടെ വണ്ടികൾ നാലെണ്ണം. വല്ലപ്പോഴും ട്രെക്കിങ്ങിനു പോകാൻ‍ ഓഫ്റോഡ് ഓടുന്ന ഫോർ വീൽ ഡ്രൈവ് ജീപ്പ് വേറെ. എന്നിട്ടും എറണാകുളത്തിനു ബൈക്ക് എന്നു കേട്ടപ്പോൾ അന്നക്കുട്ടിയുടെ മമ്മി എലിസബത്തിനു പിടിച്ചില്ല... ഇച്ചിരി ജാടപ്പാർട്ടിയാണെന്നു തോന്നുന്നു.

അന്നക്കുട്ടി തിരിച്ചടിച്ചു... ഹൃദയത്തിലെ പ്രണവിന്റെ പൊറോട്ട സീൻ കണ്ടോണ്ടിരുന്നപ്പോൾ മമ്മിയല്ലേ പറഞ്ഞത് ആണുങ്ങളായാൽ ഇങ്ങനെ വേണമെന്ന്... മമ്മിയും വിട്ടുകൊടുത്തില്ല... സിനിമയിലെ പൊറോട്ട ജീവിതത്തിൽ വേവത്തില്ല, മോളേ. അന്നക്കുട്ടിയുടെ പപ്പ അഡ്വക്കേറ്റാണ്. എന്താ ഈ കാര്യത്തിൽ നീ കാണുന്ന ലോ പോയിന്റ്സ് എന്നായി മകളോട് അദ്ദേഹത്തിന്റെ ചോദ്യം. അന്നക്കുട്ടി പറഞ്ഞു... ഞാനവന്റെ ഇൻസ്റ്റ നോക്കി. കാര്യം സത്യമാണ്. എല്ലാ ശനിയാഴ്ചയും അവനും അമ്മയും ഫുഡ് കഴിക്കാൻ എറണാകുളത്തു പോകാറുണ്ട്. അതിന്റെ ഫോട്ടോസ് പോസ്റ്റ് ചെയ്യാറുമുണ്ട്.  അതിന് എന്താ ഇത്ര പ്രത്യേകത ?

അവൾ പറഞ്ഞു... അച്ഛനെ കൊണ്ടുപോയാൽ അലമ്പാകുന്ന കാര്യങ്ങൾക്കാണ് പയ്യന്മാർ സാധാരണ അമ്മയെ രംഗത്തിറക്കുന്നത്. പക്ഷേ ബൈക്ക് റൈഡിനു പോകുമ്പോൾ അവർ അച്ഛനെയും അമ്മയെയും കൊണ്ടുപോകാറേയില്ല. പേരന്റ്സും ബൈക്കും ഒരുമിച്ചു വന്നാൽ ട്രിപ്പ് കുളമാകുന്നതാണല്ലോ പതിവ്.

അതെന്താ ഇപ്പോഴത്തെ പേരന്റ്സും ബൈക്ക് ഒക്കെ ഓടിച്ചിട്ടുള്ള തലമുറ അല്ലേ? എങ്കിലും മക്കളുടെ ബൈക്ക് കാണുമ്പോൾ അവർക്കു ഭയങ്കര ഈഗോയാ, പ്രത്യേകിച്ച് 40നും 60നും ഇടയിൽ പ്രായമുള്ള പേരന്റ്സിന്.    

അന്നക്കുട്ടിയുടെ മമ്മി പറഞ്ഞു... നല്ല മകൾ ! എന്തായാലും ഈ വിവാഹത്തിനോട് എനിക്ക് അത്ര അഭിപ്രായമില്ല. അതു കേട്ടതോടെ അന്നത്തെ വാദം നിർത്തി അന്നക്കുട്ടിയുടെ പപ്പ മുറിവിട്ടു. 

അടുത്ത ദിവസം വിഷയം ഇടവക വികാരി ഫാ. ജയിംസ് സ്നേഹദീപത്തിന്റെ മുന്നിലെത്തി.  സ്നേഹദീപം അച്ചൻ പറഞ്ഞു... ഈ ഇടവകയിൽ ഞാൻ ഏറ്റവും കൂടുതൽ ഇടപെടേണ്ടി വന്നിട്ടുള്ളത് ആൺകുട്ടികളുടെ ബൈക്കിന്റെയും പെൺകുട്ടികളുടെ പ്രേമത്തിന്റെയും കാര്യത്തിലാണ്. ഈ രണ്ടു വിഷയങ്ങളുടെയും പിടിയിൽ നിന്ന് മക്കളെ മോചിപ്പിക്കണമെന്ന പരാതിയുമായി എന്നെ കാണാൻ‍ വരാറുള്ളത് പൊതുവേ അമ്മമാരാണ്. അപ്പോൾ‍ ഇതാ മാതാവിനെയും കൂട്ടി എല്ലാ ആഴ്ചയും നൈറ്റ് റൈഡിനു പോകുന്ന ഒരു മകൻ! അത് ഒരു അപൂർവ സംഭവം തന്നെ..

സ്നേഹദീപം തുടർന്നു.. സൈക്കളോജിക്കലായി വിലയിരുത്തിയാൽ എല്ലാ ആഴ്ചയും ആ മാതാവ് ഇത്രയും ദൂരം റൈഡിനു പോകണമെങ്കിൽ പയ്യൻ വളരെ സേഫ് ആയി ഡ്രൈവ് ചെയ്യുന്ന ആളായിരിക്കും. മാത്രമല്ല, മഴക്കാലത്തും അവർ യാത്ര മുടക്കാറില്ല എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്.  അതെങ്ങനെ അച്ചനു മനസ്സിലായി?

മഴയത്ത് തൊടുപുഴ മൂവാറ്റുപുഴ ഹൈവേയിലെ ഒരു വെയിറ്റിങ് ഷെഡിൽ വച്ച് മകൻ അമ്മയുടെ തല തോർത്തിക്കൊടുക്കുന്ന പടം ഇൻസ്റ്റഗ്രാമിലുണ്ട്. ജൂൺ ഡ്രീംസ് എന്നാണ് മകൻ അതിനു കൊടുത്ത ക്യാപ്ഷൻ ! മഴ നനഞ്ഞാൽ തല തോർത്തുന്നതൊക്കെ എല്ലാവരും ചെയ്യുന്നതല്ലേ അച്ചോ ? 

പക്ഷേ, ഇത്തരം ഫോട്ടോകൾക്ക് പൊതുവേ അമ്മമഴക്കാറ്, അമ്മമനസ്സ് എന്നൊക്കെയാണ് എല്ലാവരും ക്യാപ്ഷൻ എഴുതുന്നത്. അമ്മയെ വെറുതെ പുകഴ്ത്തി പണി കൊടുക്കുന്ന ഒരു ആചാരം മലയാളികൾക്കിടയിൽ കാണാറുണ്ട്. അതുകൊണ്ടാണല്ലോ ഹോട്ടലുകൾക്ക് അമ്മരുചി, അമ്മയുടെ കൈപ്പുണ്യം, അമ്മ കെട്ടിയ പൊതിച്ചോറ്, അമ്മയുടെ അടുക്കള എന്നൊക്കെ പേരിടുന്നത്. 

അച്ഛൻ രുചി, അച്ഛന്റെ കട, അച്ഛന്റെ കൈപ്പുണ്യം എന്നൊന്നും ആരും പറയാറേയില്ല. ഇക്കാര്യത്തിൽ അന്നക്കുട്ടിയുടെ ആഗ്രഹത്തിന് എതിരു നിൽക്കാൻ എനിക്കു മടിയുണ്ട്. കാരണം ഈസ്റ്ററിന്റെ പിറ്റേ ഞായറാഴ്ച എന്റെ അമ്മച്ചിയേംകൊണ്ട് ബുള്ളറ്റിൽ വേളാങ്കണ്ണിക്കു പോകാമെന്ന് ഞാനും വാക്കു കൊടുത്തിട്ടുണ്ടായിരുന്നു.  ബൈക്ക് ഓടിക്കുമ്പോൾ എന്റെ കുപ്പായത്തിനുള്ളിൽ കാറ്റുനിറഞ്ഞ് അത് വെള്ള ബലൂൺ പോലെ വീർക്കും. അത് ഞെക്കിപ്പൊട്ടിക്കാൻ അമ്മച്ചിക്കു ഭയങ്കര ഇഷ്ടമാണ്. 

ഫാ. സ്നേഹദീപം തുടർന്നു... ഞാൻ ആലോചിക്കുന്നത് മറ്റൊരു പ്രശ്നത്തെപ്പറ്റിയാണ്.  വിവാഹം കഴിഞ്ഞ് തൊട്ടടുത്ത ശനിയാഴ്ച നമ്മുടെ പയ്യൻ പതിവുപോലെ രാത്രിയിൽ ബൈക്കുമായി എറണാകുളത്തു പോകാൻ ഇറങ്ങുമ്പോൾ അവന്റെ മാതാവും അന്നക്കുട്ടിയും ഒരുമിച്ച് കൂടെയിറങ്ങി വന്നാൽ അവൻ ആരെ ഉപേക്ഷിക്കും ? 

അന്നക്കുട്ടിക്ക് എന്തെങ്കിലും പറയാൻ കഴിയുംമുമ്പ് അവളുടെ മമ്മി ചാടിപ്പറഞ്ഞു... അന്നേരം ഞങ്ങൾ രണ്ട് അമ്മമാരും കൂടി വേറെ ബൈക്കെടുത്തു ഇവരുടെ മുന്നിൽക്കയറിപ്പോകും അച്ചോ.. അന്നക്കുട്ടി ആമേൻ എന്നും അവളുടെ പപ്പാ ഈശോയേ എന്നും ഉറക്കെ വിളിക്കെ, ഫാ. സ്നേഹദീപത്തിന്റെ കാർമികത്വത്തിൽ പള്ളിയിൽ അന്നക്കുട്ടിയുടെ വിവാഹശുശ്രൂഷയുടെ പുതിയ കുടുംബത്തിൻ കതിരുകൾ മുഴങ്ങാൻ തുടങ്ങി.

English Summary: Coffee Brake Mother and Son Night Ride

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അമ്പരപ്പിക്കുന്ന ആഡംബരം; നിറയെ സർപ്രൈസുകൾ ഒളിപ്പിച്ച വീട്

MORE VIDEOS