ADVERTISEMENT

ഭാര്യയുടെ കാറിൽ സ്വന്തം ബോസിന്റെ ഭാര്യ ഓടിച്ചിരുന്ന കാറിടിച്ചതോടെ വെട്ടിലായിരിക്കുകയാണ് സനീഷ് കരണാട്ടുകര എന്ന ചെറുപ്പക്കാരൻ.  സംഗതി പൊലീസ് കേസായി.  രണ്ടു ഭാര്യമാരെയും സ്റ്റേഷനിലേക്കു വിളിപ്പിച്ചിരിക്കുകയാണ് കത്രിക്കടവ് പൊലീസ്.  ഇൻഫോ സൊല്യൂഷൻസ് മൾട്ടി എന്ന സ്വകാര്യ കമ്പനിയിലെ യൂണിറ്റ് മാനേജരാണ് സനീഷ്. സ്ഥാപനത്തിന്റെ ഉടമ താരാകൃഷ്ണ ബോലോനാഥ് സിൻഹ ബോംബെക്കാരൻ. അയാളുടെ ഭാര്യ മലയാളിയാണ് – മാനസി കോശി മരങ്ങാട്ടുപിള്ളി. സനീഷിന്റെ ഭാര്യ നിമിഷ കരണാട്ടുകര. 

 

രണ്ടു കാറുകൾക്കിടയിൽപ്പെട്ട് മനസ്സമാധാനം പഞ്ചറായതോടെ എന്തു നിലപാട് എടുക്കണമെന്ന് അറിയാത്ത അവസ്ഥ. ഉപദേശത്തിനായി കച്ചേരിപ്പടിയിലെ ഗുരുജിയെ സമീപിച്ചതാണ് സനീഷ്.  കച്ചേരിപ്പടിയിൽ വിത്ത് ഗുരു, സത്ത് ഗുരു എന്ന സ്ഥാപനം നടത്തുന്ന ഗുരുജി കൃഷ്ണകുമാർ വാഹന, വസ്തു, വിവാഹ ഇടപാടുകളിലെ തർക്കം പരിഹരിക്കുന്നതിൽ വിദഗ്ധനാണ്.  ഗുരുജി ചോദിച്ചു... യഥാർഥത്തിൽ കുറ്റം ആരുടേതാണ് ?

 

സംഭവം കേട്ടിരുന്ന അജയൻ അത്തിപ്പറ്റ എന്ന യുവസാഹിത്യകാരൻ ഇടപെട്ടു... ആ ചോദ്യത്തിനു പ്രസക്തിയില്ല, ഗുരുജീ. കഴിഞ്ഞയാഴ്ച കലൂർ – കടവന്ത്ര റോഡിൽ ഒരു ഓട്ടോ ഇടിച്ചതിനു കാരണം ഒരൊറ്റ തുമ്മലാണ്. ഓട്ടോയിലെ യാത്രക്കാരൻ മൂക്കുപ്പൊടി വലിക്കാൻ ഡപ്പി തുറന്നു. ഡ്രൈവർ തുമ്മി. ഓട്ടോ ചെന്ന് ഡിവൈഡറിൽ ഇടിച്ചു.  ഈ അപകടത്തിൽ ആരാണ് കുറ്റക്കാരൻ?  സത്യത്തിൽ റോഡിലെ പല അപകടങ്ങളിലും കുറ്റം ആരുടേതെന്ന് കൃത്യമായി പറയാൻ കഴിയില്ല. 

സനീഷ് സംഭവം വിവരിച്ചു... വെള്ളിയാഴ്ച ഉച്ചയ്ക്ക് ഭാര്യ നിമിഷ കാറുമായി എംജിറോഡിലേക്കു പോവുകയായിരുന്നു. മഹാരാജാസ് കോളജിന്റെ മുന്നിൽ വച്ച് രണ്ടു കുട്ടികൾ അപ്രതീക്ഷിതമായി റോഡ് ക്രോസ് ചെയ്ത് സുഭാഷ് പാർ‍ക്കിന്റെ ഉള്ളിലേക്ക് ഓടിപ്പോയി. 

 

അജയൻ‍ ചോദിച്ചു... പൂച്ച റോഡ് ക്രോസ് ചെയ്യുന്നതുപോലെ. അല്ലേ? ഗുരുജി ഒരു നിമിഷം കണ്ണടച്ച് ആലോചിച്ചിട്ട് പറഞ്ഞു... അതൊരു ആൺകുട്ടിയും പെൺകുട്ടിയുമായിരുന്നു.  സനീഷ് ഞെട്ടിപ്പോയി...  കറക്ടാണ് ഗുരുജീ, അത് അങ്ങേയ്ക്ക് എങ്ങനെ മനസ്സിലായി ! ഗുരുജി ഒന്നു ചിരിച്ചു. എന്നിട്ട് താടിയുഴിഞ്ഞിട്ടു പറഞ്ഞു... ആ പെൺകുട്ടി നിങ്ങളുടെ മകളായിരുന്നു. അല്ലേ? കഥ തുടരട്ടെ. സനീഷ് പറഞ്ഞു... ഡിഗ്രിക്കു പഠിക്കുന്ന ഞങ്ങളുടെ മകൾ നന്ദിത കരണാട്ടുകര ഒരു ഫ്രീക്കൻ പയ്യന്റെ കൈയിൽ പിടിച്ച് റോഡ് ക്രോസ് ചെയ്യുന്നതു കണ്ടാണ് നിമിഷ സഡൻ ബ്രേക്കിട്ടത്.  അന്നേരം തൊട്ടുപിന്നാലെ വന്ന മാനസി കോശിയുടെ കാർ നിമിഷയുടെ കാറിന്റെ പിന്നിൽ ശക്തിയായി ഇടിക്കുകയാണ് ഉണ്ടായത്.

ഗുരുജി ചോദിച്ചു... ആ കാർ ആരുടേതാണ് എന്ന് നിമിഷ അറിഞ്ഞില്ലേ?

 

ഇല്ല. ഇടിച്ച ഉടനെ മാനസി സ്വന്തം കാർ റോഡരികിൽ നിർത്തിയിട്ട് ആരെയൊക്കെയോ ഫോൺ വിളിച്ചു.  അവരുടെ ഓഫിസിൽ നിന്ന് ഡ്രൈവർ വേറൊരു കാറുമായി വന്നു. ഡ്രൈവറെ സ്പോട്ടിൽ നിർത്തിയിട്ട് അവർ കാറിൽക്കയറി സ്ഥലം വിട്ടു. ഗുരുജി ചോദിച്ചു... നിങ്ങളുടെ ഭാര്യ നിമിഷ നിങ്ങളുടെ ബോസിന്റെ ഭാര്യയുമായി വഴക്കിട്ടോ ?

സനീഷ് പറഞ്ഞു... നിമിഷയുടെ കാറിന്റെ ബ്രേക്ക് ലൈറ്റ് കത്തുന്നില്ലെന്നും അതുകൊണ്ടാണ് സഡൻ ബ്രേക്ക് ഇട്ടപ്പോൾ അപകടം ഉണ്ടായതെന്നും പൊലീസിനോടു പറഞ്ഞിട്ടാണ് അവർ പോയത്. അതു കേട്ടതോടെ നിമിഷയുടെ ബ്രേക്കും പോയി.  അവൾ ബോസിന്റെ ഭാര്യയെ പരസ്യമായി ചീത്ത വിളിച്ചു. അവിടെ നിന്ന ഓഫിസിലെ ഡ്രൈവർ അതു മൊബൈൽ ഫോണിൽ റെക്കോർഡ് ചെയ്തിട്ടുണ്ട്.

 

അത്തിപ്പറ്റ ചോദിച്ചു... സത്യത്തിൽ ബ്രേക്ക് ലൈറ്റ് ഇല്ലായിരുന്നോ? സനീഷ് പറഞ്ഞു... അതിനി അറിയാൻ പാടാണ്. രണ്ടു ബ്രേക്ക് ലൈറ്റുകളും പൊട്ടിപ്പോയി. കത്തുന്നുണ്ടായിരുന്നു എന്നാണ് നിമിഷ ഉറപ്പ് പറയുന്നത്.  ഗുരുജി പറഞ്ഞു... ഒരു ഡ്രൈവറും സ്വന്തം വണ്ടിയുടെ ബ്രേക്ക് ലൈറ്റ് കത്തുന്നുണ്ടോ എന്ന് അറിയാറില്ല.  മറ്റുള്ളവരുടെ ബ്രേക്ക് ലൈറ്റാണ് സാധാരണ ശ്രദ്ധിക്കാറുള്ളത്.  സനീഷ് പറ‍ഞ്ഞു...  ഒരു പോറലോ പൊടിയോ പോലും പറ്റാതെ നിമിഷ സൂക്ഷിക്കുന്ന കാറാണ്. ബോസിന്റെ ഭാര്യയ്ക്ക് നാലു കാറുണ്ട്.  അവരൊക്കെ ഒരു കാർ പരമാവധി 25000 കിലോമീറ്റർ മാത്രമേ ഓടിക്കാറുള്ളൂ.

 

ഗുരുജി പറഞ്ഞു... ഇക്കാര്യത്തിൽ ബോസ് എന്തെങ്കിലും പറഞ്ഞോ ? ഇന്നലെ അദ്ദേഹം എന്നെ ക്യാബിനിലേക്കു വിളിപ്പിച്ചിട്ട് ഒരു ഗിഫ്റ്റ് തന്നു. അത് വീട്ടിൽകൊണ്ടുപോയി വൈഫിനു കൊടുക്കാൻ പറഞ്ഞു. അത് നിമിഷയ്ക്കുള്ള ബർത്ഡേ ഗിഫ്റ്റായിരുന്നു.  കുറെ കാറുകളുടെ പടങ്ങളുള്ള വർണക്കടലാസ് കൊണ്ടാണ് ആ ഗിഫ്റ്റ് പൊതിഞ്ഞിരുന്നത്.  

ഗുരുജി പറഞ്ഞു... അയാളുടെ നിലപാട് വ്യക്തമാണ്.  സനീഷ് പറഞ്ഞു... ജീവൻ പോയാലും നിമിഷ അതു സമ്മതിക്കില്ല. അവൾ ആ ഗിഫ്റ്റ് കണ്ടഭാവം പോലെ നടിച്ചിട്ടില്ല. നിമിഷയുടെ കാറിന്റെ ബ്രേക്ക് ലൈറ്റ് കത്താത്തതുകൊണ്ടാണ് അപകടം ഉണ്ടായതെന്ന് ഞാൻ പൊലീസ് സ്റ്റേഷനിൽ പറയണം.  അതാണ് ബോസിന്റെ ആവശ്യം. 

 

ഗുരുജി ചോദിച്ചു... നിങ്ങളുടെ മകളെപ്പറ്റി ചോദിക്കാൻ മറന്നു. അവൾ എന്തെങ്കിലും പറഞ്ഞോ?

സനീഷ് പറഞ്ഞു... അപകടം നടന്നയുടനെ അവൾ പാർക്കിൽ നിന്ന് ഓടിവന്നു. അന്നേരം അവളുടെ കൂടെയുണ്ടായിരുന്നത് ഒരു കൂട്ടുകാരിയായിരുന്നു. മകൾ പറയുന്നത് ഇടിച്ച കാർ മാറ്റി പുതിയ കാർ വാങ്ങണമെന്നാണ്. ഞാൻ എന്തു ചെയ്യണം ഗുരുജീ. അജയൻ അത്തിപ്പറ്റ പറഞ്ഞു... ആ ഗിഫ്റ്റ് പാക്കറ്റിൽ എന്തായിരിക്കും ഗുരുജീ ?

ഗുരുജി കണ്ണടച്ച് കുറച്ചു നേരം ഇരുന്നു. പിന്നെ ലാപ്ടോപ്പിൽ എന്തോ തിരഞ്ഞിട്ടു പറഞ്ഞു... പൊലീസ് സ്റ്റേഷനിലേക്കു പോകാൻ ഇറങ്ങുന്നതിനു മുമ്പ് ആ പൊതി തുറന്നു നോക്കിക്കോളൂ. അത് പ്രശ്നപരിഹാരത്തിനുള്ള താക്കോലായിരിക്കും ! ഉറപ്പാണ് ! അജയനും സനീഷും അന്തംവിട്ടു പരസ്പരം നോക്കി. 

 

English Summary: Vinod Nair Column Coffee Brake 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com