ADVERTISEMENT

ആറുമാസം ജോലി, പിന്നെ ആറുമാസം അവധി; അതാണ് പ്രശസ്ത ഛായാഗ്രാഹകൻ സന്തോഷ് ശിവന്റെ ജീവിതത്തിന്റെ കലണ്ടർ.  അവധിക്കാലം എഴുത്തിനും വായനയ്ക്കും യാത്രകൾക്കും വെറുതെ മടിപിടിച്ചിരിക്കാനുമുള്ളതാണ്. പുണെയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ മുതൽ ആഫ്രിക്കയിൽ മീരാ നായരുടെ മയിഷ ഫിലിം സ്കൂളിൽ വരെ സന്തോഷ് ക്ളാസെടുക്കാൻ പോകുന്നത് ആറുമാസ അവധിക്കാലത്താണ്. ഒരിക്കൽ അരുണാചൽപ്രദേശിലെ ഒരു ഇൻസ്റ്റിറ്റ്യൂട്ടിൽ പോയി. കാട്ടിനുള്ളിലാണ് സ്ഥാപനം. മൂന്നു ദിവസത്തെ യാത്ര വേണ്ടി വന്നു സ്ഥലത്തെത്താൻ‍. വിദ്യാർഥികളും അധ്യാപകരുമെല്ലാം ആയുധങ്ങളുമായാണ് വരുന്നത്. കാരണം ഇടയ്ക്ക് വന്യമൃഗങ്ങൾ ക്ളാസിൽ കയറാറുണ്ട് !

 

ഒരു ദിവസത്തെ ക്ളാസ് കഴിഞ്ഞ് തിരിച്ചു വരുമ്പോൾ വഴിയിൽ കടുവയുടെ കാൽപ്പാടുകൾ കണ്ടു. പഗ്‍മാർക് അളന്നു നോക്കിയിട്ട് ഒരാൾ പറഞ്ഞു; കക്ഷി ഭീകരനാണ്. സന്തോഷ് ശിവന്റെ കൈയിൽ മാത്രം ആയുധമില്ല. കടുവ തന്നെ കേരള ബിരിയാണിയാക്കുമോ?  സന്തോഷ് ചോദിച്ചു: കടുവ വന്നാൽ ആയുധമില്ലാത്തവർ എന്തു ചെയ്യും? കൂടെയുള്ളവർ ഒറ്റ ശബ്ദത്തിൽ പറഞ്ഞു... ഓടി മരത്തിൽ കയറും. 

സന്തോഷ് ശിവൻ പറഞ്ഞു... അയ്യോ, അതിനുള്ള സ്കിൽ എനിക്കില്ല. ഞാനൊരു മാങ്ങാ പറിക്കാൻ പോലും മരത്തിൽ കയറിട്ടില്ല. ആകെ കയറിയിട്ടുള്ളത് ഷൂട്ടിങ് സെറ്റിലെ അകേല ക്രെയിനിലാണ്. 

 

കേട്ടുനിന്നയാൾ പറഞ്ഞു... ഇതൊന്നും ആരും ഉണ്ടാക്കുന്ന സ്കിൽ അല്ല. തൊട്ടുമുന്നിൽ വന്നു നിൽക്കുന്ന കടുവ ഒരു നോട്ടം നോക്കുമ്പോൾ ആ സ്കിൽ താനേ വരും. ജീവനാണല്ലോ എല്ലാവർക്കും വലുത്. 

പിന്നീട് സിനിമാ സ്കൂളുകളിൽ പോകുമ്പോഴെല്ലാം സന്തോഷ് ശിവൻ കടുവാനോട്ടത്തെക്കുറിച്ചു പറയാറുണ്ട്. കടുവാനോട്ടം എന്നൊരു വെല്ലുവിളി നമ്മുടെ ജീവിതത്തിലുണ്ടെങ്കിൽ പിന്നെ ഒന്നും നമ്മൾ നാളേയ്ക്ക് മാറ്റിവയ്ക്കില്ല. എല്ലാം കൃത്യമായി ചെയ്യും. നിലനിൽപ്പു തന്നെ അപകടത്തിലാക്കുന്ന ഒരു കടുവാ നോട്ടം നമ്മുടെ ജീവിതത്തിൽ വല്ലപ്പോഴുമൊക്കെ സംഭവിക്കണമെന്നാണ് സന്തോഷിന്റെ ഫിലോസഫി. 

 

മറ്റൊരു അവധിക്കാലത്താണ് നെല്ലിനെക്കുറിച്ചൊരു ഡോക്യുമെന്ററി ചെയ്യാൻ ചമ്പക്കുളത്തു ചെന്ന് ബോട്ടിറങ്ങിയത്. കുട്ടനാട്ടിൽ നാലുമാസം താമസിച്ചു, കർഷകരോടും കർഷകത്തൊഴിലാളികളോടും ഒപ്പം പാടത്തിറങ്ങി, നെല്ലിന്റെ ദൃശ്യങ്ങൾ പത്തായത്തിലാക്കി. ഷൂട്ടിങ് പായ്ക്കപ്പ് പറഞ്ഞ ദിവസം ഒരു കർഷകൻ അടുത്തു വന്നു...  ഈ സിനിമായ്ക്ക് നിങ്ങൾക്ക് എങ്ങനെയാ ലാഭം? സന്തോഷ് പറഞ്ഞു... അങ്ങനെയൊന്നുമില്ല, മുടക്കുമുതൽ കിട്ടിയാൽ സന്തോഷം. സ്വർണ നിറമുള്ള കന്നി വെയിലാൽ ലൈറ്റപ്പ് ചെയ്ത പാടത്തെ വിളഞ്ഞ നെൽക്കതിരിൽ നിന്ന് ഒരു മണി ഉതിർത്തെടുത്ത് കടിച്ചു നോക്കിയിട്ട് ആ കർഷകൻ പറഞ്ഞു... ഞങ്ങൾ കർഷകരുടെ മോഹം നൂറു മേനിയാണ്.  

 

അതു പറയുമ്പോൾ അയാളുടെ മുഖത്തു വിളഞ്ഞ സംതൃപ്തി ഷൂട്ട് ചെയ്യാൻ കഴിഞ്ഞില്ലല്ലോ എന്ന സങ്കടത്തോടെ സന്തോഷ് പാടവരമ്പിൽ നിന്നു. മണിരത്നത്തിന്റെ ആറു സിനിമകൾക്കു ഛായാഗ്രഹണം ചെയ്തിട്ടുണ്ട് സന്തോഷ് ശിവൻ.  റോജ എന്ന സിനിമയ്ക്കു വേണ്ടി 15 പാട്ടുകളാണ് മണിരത്നം തയാറാക്കിയത്.  അതിൽ നിന്ന് ആറു പാട്ടാക്കി കുറയ്ക്കേണ്ട ചുമതല ഛായാഗ്രാഹകനായ സന്തോഷ് ശിവനായിരുന്നു. 15 പാട്ടുകളുമായി മണിരത്നവും സന്തോഷും ഒരു യാത്രയ്ക്കിറങ്ങി. റോജയ്ക്കുപറ്റിയ ലൊക്കേഷൻ തേടിയുള്ള ആ യാത്രയിൽ പാട്ടുകൾ വീണ്ടും വീണ്ടും കേട്ടു. ഒടുവിൽ ഒമ്പതെണ്ണത്തെ വഴിയിൽ ഇറക്കിവിട്ട് ബാക്കി ആറെണ്ണത്തിനു പറ്റിയ ദൃശ്യങ്ങളും മനസ്സിൽ ഉറപ്പിച്ചാണ് സന്തോഷ് ശിവൻ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയത്.  അവ പിന്നെ ചിന്ന ചിന്ന ആശൈയും പുതുവെള്ളൈ മഴൈയുമായി.

 

മുംബൈയിലെ ഫ്ളാറ്റിൽ ഒരു പൂന്തോട്ടവും പോണ്ടിച്ചേരിയിൽ സ്വന്തമായി ഒരു കാടുമുണ്ട് സന്തോഷിന്. ഫ്ളാറ്റിലെ തോട്ടത്തിൽ ചിത്രശലഭങ്ങളെ ആകർഷണമന്ത്രം ചൊല്ലി വിളിച്ചു വരുത്തുന്ന ഒരു മഞ്ഞച്ചെടിയുണ്ട്. ചാലക്കുടിയിൽ നിന്നൊരു ചങ്ങാതി സമ്മാനം കൊടുത്തതാണ്. അതിനു ചുറ്റും ഏതുസമയവും ചിത്രശലഭങ്ങൾ പറന്നു നടക്കും. പോണ്ടിച്ചേരിയിൽ മൂന്നേക്കറിലെ കാട്ടിൽ മാനുകളും മയിലുകളും വരും. ഈ രണ്ടിടവും ക്യാമറയിൽ ഷൂട്ട് ചെയ്യാറില്ല സന്തോഷ്. ചില കാര്യങ്ങൾ ഷൂട്ട് ചെയ്യാതിരിക്കൽ കൂടിയാണ് ഒരു സിനിമറ്റോഗ്രഫറുടെ തീരുമാനം. ജീവിതത്തെ ഈ മട്ടിൽ ഒരു സെൻ കഥ പോലെ സമീപിക്കാനാണ് സന്തോഷ് ശിവന് ഇഷ്ടം. കാരണം ഓരോ സെൻകഥയിലും ഒരു ദൃശ്യം ഒളിച്ചിരിപ്പുണ്ട് !

 

English Summary: Coffee Brake Santhosh Sivan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com