സംയുക്ത നന്നായി ഡ്രൈവ് ചെയ്യും, എന്നാലും ബിജു മേനോന് ഒരു ടെൻഷൻ

biju-menon-1
ബിജുമേനോൻ, സംയുക്ത വർമ
SHARE

നടനല്ല ബിജുമേനോൻ, നാടനാണ് ! ചെന്നു ചെന്ന് അടുത്തെത്തുമ്പോൾ കാണുന്ന ഒരു നിഷ്കളങ്കതയാണ് ബിജു മേനോന്റെ മുഖമുദ്ര.  കുഴിച്ചു കുഴിച്ചു ചെല്ലുമ്പോൾ തെളിനീരു കിട്ടുന്നതുപോലെ !

ഭാര്യ സംയുക്താ വർമയുമൊത്ത് ഒരിക്കൽ ബിജു തൃശൂരു നിന്ന് എറണാകുളത്തേക്കു പോവുകയാണ്. ഡ്രൈവിങ് സീറ്റിൽ സംയുക്തയാണ്. യാത്ര തുടങ്ങിയപ്പോൾ മുതൽ ബിജു മേനോൻ ഇടപെട്ടു തുടങ്ങുന്നു.

ചിന്നൂ ബ്രേക്ക് ചെയ്യൂ.. ബ്രേക്ക്..ആ ടിപ്പർ ഭായിയെ ശ്രദ്ധിക്കണേ.

ഈ ഓട്ടോ ചിലപ്പോൾ റോങ്സൈഡിൽ വരും. ഓവർ ടേക് ചെയ്യൂ.. വേഗം. സംയുക്ത നന്നായി ഡ്രൈവ് ചെയ്യുന്നയാളാണ്.  അറിയാഞ്ഞിട്ടല്ല. എങ്കിലും ഒരു ടെൻഷൻ. ഡ്രൈവിങ് അറിയാവുന്നവർ മുമ്പിലിരുന്നാൽ ഓടിക്കുന്നവർക്കു പണി കിട്ടുമെന്നാണല്ലോ. ആദ്യമൊന്നും മൈൻഡ് ചെയ്യാതിരുന്ന സംയുക്ത കുറെക്കഴിഞ്ഞപ്പോൾ ഒരു പാട്ടു മൂളാൻ തുടങ്ങി... തനനാന താനാ താനാ തനനന.

ഇത് എവിടെയോ കേട്ടിട്ടുണ്ടല്ലോ... ബിജു ആലോചിച്ചു. തനനാന നാന നാനന.. തനനാന നാന നാനന...

ബിജുവിനു കാര്യം മനസ്സിലായി. അഴകിയ രാവണൻ. സംഗീത സംവിധായകനെ പാട്ടു പഠിപ്പിക്കാൻ‍ നോക്കുന്ന മമ്മൂട്ടിയോട് കുഞ്ചൻ പറയുന്ന ഡയലോഗ് ഓർമ വന്നു.  എന്നാപ്പിന്നെ താൻ ചെയ്യ് !

അന്നു നിർത്തി ഇടപെടൽ. എന്നിട്ടും ഫ്രണ്ട് സീറ്റിൽ ഇരിക്കുമ്പോൾ സ്വയം ബ്രേക്കും ക്ളച്ചും ചവിട്ടാറുണ്ട്, സംയുക്ത അറിയാതെ...

വൈഫിനോടുള്ള ഓവർ കെയറിങ്ങാണോ, ഡ്രൈവിങ്ങിന്റെ കാര്യത്തിലുള്ള ശ്രദ്ധ കൊണ്ടാണോ ഈ ഇടപെടൽ എന്നു ചോദിച്ചാൽ ബിജു മേനോൻ പറയും... വൈഫല്ല, ഞങ്ങളുടെ ലൈഫല്ലേ, ഭായീ...

യാത്രകളും ഡ്രൈവിങ്ങും ഒരുപാട് ഇഷ്ടമുള്ളയാളാണ് ബിജു മേനോൻ. വാഹനങ്ങളോട് അത്ര ഭ്രമമൊന്നുമില്ല. റേഞ്ച് റോവറിലായിരുന്നു മുമ്പ് യാത്രകളെല്ലാം. ഇപ്പോൾ ഉള്ളത് ഇന്നൊവയും ഹോണ്ട സിആർവിയും. 

ഒരിക്കൽ മക്കാവോ യാത്രയിൽ മകൻ ദക്ഷിന് ഒരു ആഗ്രഹം. റോളർ കോസ്റ്ററിൽ കയറണം.  കുറെ നേരം ക്യൂ നിന്ന് ടിക്കറ്റ് എടുത്തപ്പോഴാണ് അറിഞ്ഞത് കുട്ടികളെ തനിയെ കയറ്റില്ല. മുതിർന്നവരും കൂടെ കയറണം. അങ്ങനെ ബിജു മേനോനും കയറി. കോസ്റ്റർ ആകാശത്തേക്കു കുതിച്ചപ്പോൾത്തന്നെ തോന്നി; വേണ്ടായിരുന്നു. താരം എന്നൊക്കെയാണ് പേരെങ്കിലും മണ്ണിൽ നിന്നുള്ള പിടിവിട്ടാൽ മനുഷ്യന് ഒരു വെയ്റ്റുമില്ലെന്ന് അന്നു മനസ്സിലായി. തലകുത്തി മറിയുകയാണ് റോളർ കോസ്റ്റർ.  മകനെ ഒരു കൈകൊണ്ട് പിടിച്ച് കണ്ണടച്ചാണ് ബിജു ഇരുന്നത്. മകൻ ചോദിച്ചു.. അച്ഛനു പേടിയുണ്ടോ?

ഇല്ലെടാ.. പിന്നെന്തിനാ എന്നെ പിടിച്ചിരിക്കുന്നത് ?

നീ  വീഴാതിരിക്കാൻ

അപ്പോൾ കണ്ണടച്ചിരിക്കുന്നതോ ?

​ഞാൻ വീണാൽ‍ കാണാതിരിക്കാൻ.

അടുത്ത യാത്രയിൽ കൂടുതൽ ശ്രദ്ധിച്ചാണ് കരുക്കൾ നീക്കിയത്. സിനിമാ താരങ്ങളും കുടുംബാംഗങ്ങളും ചേർന്ന് 50 പേരുടെ ടീം അമേരിക്കയിൽ. ഒരു ദിവസം എല്ലാവരും സ്കൈഡൈവിങ്ങിനു പോകാൻ തീരുമാനിച്ചു. വിമാനത്തിൽ നിന്ന് താഴേക്കുള്ള ചാടാൻ റെഡിയായി എല്ലാവരും ചാടിയിറങ്ങി.  ബിജു പറഞ്ഞു... നിങ്ങൾ ആദ്യം പൊയ്ക്കോളൂ. ഞാൻ പിന്നാലെയെത്താം.

എല്ലാവരെയും യാത്രയാക്കിയിട്ട് ഹോട്ടൽ മുറിയിൽ‍ പോയി സമാധാനമായി കിടന്നുറങ്ങി.  അതാണ് ബിജു മേനോൻസ് തിയറി. വെറുതെ റിസ്ക് വേണ്ട, സിനിമയിലായാലും ജീവിതത്തിലായാലും. 

ആദ്യമായി ബൈക്ക് കിട്ടിയ കാലത്ത് ബിജു മേനോന് ബൈക്ക് റാലികളോടു ഭയങ്കര കമ്പം തോന്നിയിരുന്നു. തൃശൂരിൽ നിന്നൊരു ബൈക്ക് റാലിയിൽ പങ്കെടുക്കുകയും ചെയ്തു.  ബിജുവിന്റെ സംഭാഷണം കേട്ടപ്പോൾ റാലിയുടെ സംഘാടകർക്കു തോന്നി, കക്ഷി നല്ല എക്സ്പേർട്ടാണല്ലോ.  അങ്ങനെ അവർ ബിജുവിനെ നാവിഗേറ്ററാക്കി. റാലിയുടെ റൂട്ട് മാപ്പുമായി ബിജു കൂട്ടുകാരന്റെ ബൈക്കിന്റെ പിൻസീറ്റിൽ കയറി.  തൃശൂർ ആതിരപ്പള്ളി റൂട്ടിലാണ് റാലി. ബൈക്ക് ഓടിക്കുന്ന കൂട്ടുകാരന് മാപ്പ് നോക്കി  വഴി പറഞ്ഞുകൊടുത്തുകൊണ്ടിരിക്കുകയാണ് ബിജു.

ചാലക്കുടി പാലത്തിൽ കയറിയപ്പോൾ കാറ്റടിച്ച് മാപ്പ് കൈയിൽ നിന്ന് പറന്നു പുഴയിൽ വീണു. ബിജു മിണ്ടിയില്ല. ഫ്രണ്ട് ഇടയ്ക്കിടെ ചോദിക്കും: ഇനിയെങ്ങോട്ടാ? ലെഫ്റ്റ് എന്നു ബിജു.

ഇനി?സ്ട്രെയ്റ്റ്.അങ്ങനെ എത്ര ഓടിയിട്ടും റാലി അവസാനിക്കുന്നില്ല. ഓടിച്ചോടിച്ച് ബൈക്ക് എറണാകുളത്ത് എത്തിയപ്പോൾ ഫ്രണ്ട് ചോദിച്ചു.... നമ്മളെങ്ങോട്ടാ പോകുന്നേ? നീ മാപ്പൊന്നു നോക്കിക്കേ.

ബിജു മേനോൻ പറഞ്ഞു... മാപ്പ്  നൽകൂ മഹാമതേ...

English Summary: Coffee Brake Biju Menon

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിജയിക്കണമെങ്കിൽ കംഫർട് സോണിനു പുറത്തു വരണം‌‌ | Roopa George Interview | SheTalks

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}