മകൾ വിവാഹം കഴിഞ്ഞു പോയതോടെ വലിയ വീട്ടിൽ അയാളും കുറെ മുറികളും തനിച്ചായി. ആളൊഴിഞ്ഞ കപ്പലിലെ കപ്പിത്താനെപ്പോലെ അയാൾ രണ്ടാം നിലയുടെ ബാൽക്കണിയിൽ നിന്നു. രാത്രി ഒരു കടലാണെന്നും വീട് അതിൽ ഒരു കപ്പൽ പോലെ പൊങ്ങിക്കിടക്കുകയാണെന്നും അയാൾക്കു തോന്നി. തനിച്ചാവലിന്റെ നോവ് അയാളെ വേട്ടയാടാൻ തുടങ്ങി.
അയാളും മകളും മാത്രമായിരുന്നു 18 വർഷമായി ആ വീട്ടിലെ താമസക്കാർ. മകൾക്ക് പത്തു വയസ്സുള്ളപ്പോൾ അയാളുടെ ഭാര്യ മരിച്ചു പോയിരുന്നു. പിന്നെ ലോകം അവരുടെ മാത്രമായിരുന്നു.
മൂന്നോ നാലോ മണിക്കൂർ മുമ്പു വരെ തിരക്കും ബഹളവും മൊബൈൽ ഫോൺ ചിരികളും പലതരം ചെരിപ്പുകളുമൊക്കെയായി ഒരു കല്യാണ വീടായിരുന്നു അത്. അതിതീവ്രമഴയിലെ വെള്ളംപോലെ ശൂ എന്ന വേഗത്തിലാണ് ബന്ധുക്കളെല്ലാം മടങ്ങിപ്പോയത്. മിന്നിക്കത്തിയും കെട്ടും കളിക്കുന്ന ലൈറ്റുമാലകൾ വാരിയണിഞ്ഞ വീടും മുറ്റത്തും പന്തലിലും അവിടെയും ഇവിടെയുമായി പിണങ്ങിയിരിക്കുന്ന കുറെ പ്ളാസ്റ്റിക് കസേരകളും മാത്രം ബാക്കി.
അയാൾ ഓരോ മുറിയിലും കയറി നോക്കി. സ്വീകരണ മുറിയിലെ ഷോകേസിൽ കുറെ കളിപ്പാട്ടങ്ങൾ വൃത്തിയായി അടുക്കി വച്ചിരുന്നത് അയാളുടെ ശ്രദ്ധയിൽപ്പെട്ടു. മകൾക്ക് കുട്ടിക്കാലത്ത് അയാൾ വാങ്ങിക്കൊടുത്തതാണ്. എത്ര കാറുകളാണ് മകളുടെ ശേഖരത്തിൽ! അവൾക്ക് പാവകളെക്കാൾ ഇഷ്ടം വണ്ടികളായിരുന്നു. മകൾ പോയിക്കഴിഞ്ഞപ്പോഴാണ് അയാളതൊക്കെ ശ്രദ്ധിച്ചതെന്നു മാത്രം. ഓരോ കളിപ്പാട്ടവും ഓരോ കഥകളുമായി അയാളുടെ അടുത്തേക്ക് ഓടിയെത്താൻ തുടങ്ങി.
തൊപ്പി വച്ച കുരങ്ങൻ കൈമണി കൊട്ടിക്കൊണ്ട് ഓടിക്കുന്ന സൈക്കിൾ അച്ഛനും മകളും കൂടി മഹാ സർക്കസ് കണ്ടുവരുമ്പോൾ വാങ്ങിയതാണ്. സർക്കസിൽ ദാമു എന്നൊരു കുരങ്ങൻ സൈക്കിളോടിക്കുന്നുണ്ടായിരുന്നു. അതുകണ്ടാണ് അവൾ ആ കളിപ്പാട്ടം വാങ്ങിയത്. അതിന് രാമു എന്നു പേരിട്ടു. അത് അവളുടെ പി.ടി. അധ്യാപകന്റെ പേരായിരുന്നു! റേസിങ് ബൈക്കായും നിവർത്തി വച്ചാൽ റോബട്ടായും രൂപംമാറ്റാവുന്ന ട്രാൻസ്ഫോർമറായിരുന്നു മകൾക്ക് ഏറ്റവും പ്രിയപ്പെട്ട കളിപ്പാട്ടം. അങ്ങനെയാണ് അവൾ ബൈക്കറായത്.
കളിപ്പാട്ടങ്ങളെല്ലാം എടുത്ത് അയാൾ സ്വീകരണ മുറിയിൽ നിലത്തു നിരത്തി വച്ചു. കളിപ്പാട്ടങ്ങൾക്കു കീ കൊടുക്കുന്നത് ഇടത്തോട്ടോ, വലത്തോട്ടോ? അയാൾ അതൊക്കെ മറന്നുപോയിരുന്നു. ബാറ്ററിയും റിമോട്ടും കൊണ്ട് ഓടുന്ന ബസും വിമാനവും വർഷങ്ങളായി വെറുതെയിരുന്ന് ഓടാനും മറന്നു പോയിരുന്നു.
എല്ലാ കളിപ്പാട്ടങ്ങളും കിട്ടിയിട്ടും ഒന്നു മാത്രം കണ്ടില്ല. നെറ്റിയിൽ ചുവപ്പും നീലയും ലൈറ്റുകൾ കത്തിച്ച് അലാം മുഴക്കി ഓടുന്ന ഒരു ആംബുലൻസ്. അതിന്റെ പിന്നിലെ വാതിൽ തുറന്നാൽ ഉള്ളിൽ ഡോക്റുടെയും നഴ്സിന്റെയും ചെറിയ പാവകൾ ഇരിപ്പുണ്ടായിരുന്നു. അവരുടെ മുന്നിൽ സ്ട്രെച്ചറിൽ കിടക്കുന്ന ഒരു രോഗിപ്പാവ. ഡ്രസും ഷൂസും മാറ്റുന്നതനുസരിച്ച് ആ പാവ ആണും പെണ്ണും കുട്ടിയുമൊക്കെയായി മാറും. ആംബുലൻസ് കളിപ്പാട്ടമാകുന്നതിനോട് അയാൾക്ക് ഒട്ടും ഇഷ്ടമുണ്ടായിരുന്നില്ല. മകൾ വാശിപിടിച്ചിട്ട് വാങ്ങിക്കൊടുത്തതാണ്. അതു മാത്രം കാണാതിരുന്നതിൽ അയാൾക്കു സന്തോഷമാണ് തോന്നിയത്.
മകളെ ഉടനെ കാണണമെന്നു തോന്നി. അയാൾ കാറെടുത്ത് രാത്രിയിൽത്തന്നെ പുറത്തേക്കു പോയി. രണ്ടു ദിവസത്തെ ഉറക്കക്ഷീണമുണ്ടായിരുന്നു. 100 കിലോമീറ്ററോളം അകലെ മറ്റൊരു നഗരത്തിലായിരുന്നു മകളെ വിവാഹം കഴിച്ച് അയച്ച വീട്. അതൊന്നും കാര്യമായെടുത്തതേയില്ല. വീട്ടിലേക്കുള്ള ചെറിയ റോഡിൽ നിന്ന് ഹൈവേയിലേക്ക് എത്തി അയാളുടെ കാർ വേഗം ഒഴുകാൻ തുടങ്ങി. രാത്രിയിലെ റോഡിൽ തിരക്കു കുറവായിരുന്നു. ഇടയ്ക്കിടയ്ക്കു വന്ന് പോകുന്ന കണ്ടെയ്നർ ലോറികളും മീൻ ലോറികളും പത്രവണ്ടികളും. വാർത്തകളും മീനും ഒരുപോലെയാണ്. വൈകിയാൽ ചീഞ്ഞു പോകും !
മകളോടൊപ്പമുള്ള കാർ യാത്രകൾ അയാൾ ഓർത്തു. സ്പീഡിൽ ഓടിക്കുന്നത് അവൾക്ക് വലിയ ഇഷ്ടമായിരുന്നു. ഒരുപാടു നീളമുള്ള ട്രെയിലർ ലോറികളെ ഓവർടേക്ക് ചെയ്യുന്നതിനെ ദൂരയാത്ര എന്നാണ് അവൾ പറഞ്ഞിരുന്നത്. ഹൈവേകളുടെ നടുവിൽ പോക്കാച്ചിത്തവളകളെപ്പോലെ പതുങ്ങിക്കിടക്കുന്ന ചെറിയ ഡിവൈഡറുകളുടെ മുകളിലൂടെ ടക് ടക് ശബ്ദങ്ങൾ കേൾപ്പിച്ച് കാറോടുന്നത് അവൾക്കിഷ്ടമായിരുന്നു.
അയാൾ ഹൈവേയുടെ നടുവിലൂടെ വേഗത്തിൽ വണ്ടിയോടിക്കാനും വലിയ വലിയ ട്രെയിലർ ലോറികളെ ഓവർടേക് ചെയ്യാനും തുടങ്ങി. നിസംഗതയാണ് ട്രെയിലർ ലോറികളുടെ മുഖഭാവം. റോഡിലെ ചെറിയ വാഹനങ്ങളെ മൈൻഡ് ചെയ്യാതെ മാനത്തേക്കു നോക്കി എന്തോ ആലോചിച്ചും ചിന്തിച്ചുറപ്പിച്ചും ഇങ്ങനെ ഓടിക്കൊണ്ടേയിരിക്കും.
ദിനപത്രങ്ങൾ പ്രഭാത സവാരിക്കിറങ്ങുന്ന നേരത്ത് അയാൾ മകളുടെ പുതിയ വീട്ടിലെത്തി. ഹണിമൂൺ കഴിഞ്ഞ ആലസ്യത്തിൽ വീട് ഉണരാൻ വൈകി. പുതിയ വീട്ടിലേക്കുള്ള പറിച്ചു നടലിന്റെ അപരിചിതത്വം തീരാത്ത അത്ഭുതാശങ്കകളോടെ പുറത്തിറങ്ങിയ മകൾ ഞെട്ടിപ്പോയി. അച്ഛൻ കൺമുന്നിൽ ! ആദ്യം പേടിയാണ് തോന്നിയത്. എന്താ പറ്റിയത്! അച്ഛൻ ചമ്മലോടെ ചോദിച്ചു... ആ കളിപ്പാട്ടം നീ എവിടെ വച്ചു?
ഏതു കളിപ്പാട്ടമെന്ന് ചോദിക്കേണ്ടി വന്നില്ല. അയാൾ തന്നെ വിശദീകരിച്ചു... ആ ആംബുലൻസ്. എല്ലായിടത്തും നോക്കിയിട്ടും അതു മാത്രം കാണാനില്ല.
ചെറുപ്പത്തിൽ വാശി പിടിച്ചതു കൊണ്ടു മാത്രം അയാൾ വാങ്ങിക്കൊടുത്ത കളി ആംബുലൻസിനെ മകൾ എന്നേ മറന്നു പോയിരുന്നു. അതെടുത്ത് കളിച്ചതിനാണ് അച്ഛൻ തന്നെ അടിച്ചത് എന്നു മാത്രം അവൾക്ക് ഓർമയുണ്ടായിരുന്നു. മകളെ അയാൾ ഒരിക്കലേ അടിച്ചിട്ടുള്ളൂ. പിന്നെ ആ ആംബുലൻസ് അവളും കൈകൊണ്ടു തൊട്ടിട്ടില്ല ! അവൾ ഉള്ളുനിറയുന്ന സ്നേഹത്തോടെ ചിരിച്ചു... എന്റെ പാവം അച്ഛന് കള്ളം പറയാനും അറിഞ്ഞുകൂടാ...! അയാളും കൂടെച്ചിരിച്ചു.
English Summary: Coffee Brake Father Daughter Love