ADVERTISEMENT

ഇലഞ്ഞിയിൽ പൂത്ത മുല്ലയാണ് ജീത്തു ജോസഫ്. മുല്ലക്കൃഷി ചെയ്തിടത്ത് പൊലീസ് സ്റ്റേഷൻ വന്നാലെന്നതുപോലെ ഒരു മാറ്റം ജീവിതത്തിൽ വന്നത് ഒരു പഴയകാലദൃശ്യം പോലെ ജീത്തുവിന്റെ മനസ്സിലുണ്ട്. കുറവിലങ്ങാടിന് അടുത്ത് ഇലഞ്ഞിയിലാണ് സംവിധായകൻ ജീത്തുവിന്റെ തറവാട്. വിവാഹം കഴിഞ്ഞ് ജീത്തു ആദ്യം തുടങ്ങിയത് മുല്ലക്കൃഷിയാണ്. ഒരേക്കർ സ്ഥലം അച്ഛൻ വിട്ടുതന്നു. അവിടെ നിന്ന തെങ്ങും കൊക്കോയുമൊക്കെ വെട്ടി മാറ്റി. നന്നായി ലൈറ്റപ്പ് ചെയ്താലേ മുല്ല വളരൂ എന്നു ജീത്തു പറയും. നല്ല വെയിൽ അടിക്കണമെന്ന് അർഥം. പാലായിലെ ഓശാനക്കുന്നിൽപ്പോയി നല്ല മുല്ലത്തൈകൾ നോക്കി വാങ്ങിയതും കുഴിയെടുത്തതും നട്ടതുമൊക്കെ ജീത്തു തന്നെ. 

 

അങ്ങനെ ബിസിനസിൽ മുല്ല പൂത്തു, ലാഭത്തിന്റെ മണം പരന്നു. അതിരാവിലെ പൂമൊട്ടുകൾ പറിച്ച് കുട്ടയിലാക്കി പാലാ കൊട്ടാരമറ്റത്തെ ബസ് സ്റ്റാൻഡിൽ എത്തിക്കണം. അവിടെ നിന്ന് തൊടുപുഴയ്ക്കുള്ള ആവേ മരിയ ബസിന്റെ ഫസ്റ്റ് ട്രിപ്പിൽ കയറ്റി വിടുന്നതാണ് ബിസിനസ്. വാടുംമുമ്പ് പൂക്കൾ കസ്റ്റമേഴ്സിന്റെ മുടിയിലെത്തണം ! ജോലിക്കാരെ നിർത്തിയാൽ ലാഭത്തിൽ പോകില്ല. അതുകൊണ്ട് നാട്ടിലെ കുട്ടികളെ അസോസിയേറ്റ്സാക്കി. അവർ രാവിലെ സ്കൂളിൽ പോകുന്നതിനു മുമ്പ് പൂപറിക്കാനെത്തും. ജീത്തു കൊടുക്കുന്ന പോക്കറ്റ് മണി അവർക്കു നല്ല വരുമാനമായി. വരുമാനം മെച്ചപ്പെട്ടതോടെ കുട്ടികളെല്ലാം അതിരാവിലെ ട്യൂഷനു പോകാൻ തുടങ്ങി. അവർ തോട്ടത്തിൽ വരാതായി. പൂപറിക്കാൻ ആളില്ല. വാടി വീഴുന്ന പൂക്കൾ മുല്ലയുടെ സങ്കടമാണ്. മുല്ലപ്പൂങ്കുട്ടകളുമായി പാലാ സ്റ്റാൻഡിൽ തനിയെ ബസ് കാത്തു നിൽക്കുമ്പോൾ ജിത്തു തിരിച്ചറിഞ്ഞു;   ഇനി പൂവിന്റെ പണം വേണ്ട, മണം മതി. 

 

അങ്ങനെ മുല്ലച്ചെടികളെല്ലാം വെട്ടിക്കളഞ്ഞ് അവിടെ സിനിമ നട്ടു !  ലൈഫ് ഓഫ് ജോസൂട്ടിയുടെ ഷൂട്ടിങ് ന്യൂസീലാൻഡിലെ റോട്ടറൂവയിലായിരുന്നു. ഷൂട്ടിങ്ങ് ഒക്കെ തീർത്ത് തിരിച്ചു പോകാൻ എല്ലാവരും തയാറാകുമ്പോൾ ലൊക്കേഷനിൽ ഒരു കാർ കണ്ടു. ന്യൂസീലാൻഡിന്റെ തലസ്ഥാനമായ വെല്ലിങ്ടണിൽ നിന്ന് ഷൂട്ടിങ്ങിനായി കൊണ്ടു  വന്നതാണ്. തിരിച്ചെത്തിക്കണം.  ജീത്തു പറഞ്ഞു.. ഞാൻ ആ റൂട്ടിലാണ് പോകുന്നത്. കാർ ഞാൻ തിരിച്ചുകൊടുത്തോളാം. ന്യൂസീലാൻഡിലൂടെ ഒരു ലോങ് ഡ്രൈവിനു കിട്ടിയ ചാൻസ് വിട്ടില്ല.  കൃഷിയിടങ്ങളിലൂടെ നടുവിലൂടെയുള്ള റോഡ്.  ഒരിടത്ത് റോഡരികിലെ പന്തലിൽ ഫ്രഷ് പഴങ്ങൾ വിൽക്കാൻ വച്ചതു കണ്ട് കാർ നിർത്തി. കടയിൽ ആരുമില്ല. പാടത്തിനക്കരെ, ദൂരെ കർഷകന്റെ വീടു കണ്ടു. ഉറക്കെ വിളിച്ചു ചോദിച്ചു.. കെയ് ഹിയാ തേ കൈതിയാകി ടോവാ?മറുപടിയില്ല.  

 

ഒന്നൂടെ വിളിച്ചു. അതോടെ മാവോറി ഭാഷയിൽ മറുപടി വന്നു...  കണ്ണുണ്ടായാൽപ്പോരാ കാണണം. 

പഴങ്ങളുടെ അടുത്തു തന്നെ ഒരു ത്രാസും പൂട്ടില്ലാതെ പണപ്പെട്ടിയും വച്ചിട്ടുണ്ട്. ആവശ്യത്തിന് എടുക്കുക, തൂക്കുക, പൈസ പെട്ടിയിലിടുക, അതാണ് അവിടത്തെ രീതി.   നമ്മുടെ നാട്ടിലും ഇങ്ങനെയൊരു ദൃശ്യം കാണാൻ കൊതി തോന്നിയെന്ന് ജീത്തു. പുതിയ സിനിമയായ റാമിനു പറ്റിയ ലൊക്കേഷൻ തേടി ബ്രിട്ടനിലെ ഗ്രാമങ്ങളിലൂടെ ഒരുപാടു യാത്ര ചെയ്തു. ഇനി പോകാൻ മോഹം സ്കാൻഡിനേവിയൻ രാജ്യങ്ങളിലാണ്. അവിടത്തെ പ്രകൃതിയുടെ ലൈറ്റിങ് വ്യത്യസ്തമാണെന്ന് ജീത്തു പറയും. അവിടെ പകലിന് ഒരു ഡിം ലൈറ്റാണ്. 

 

ചിന്തയുടെ ഗതി മാറ്റിവിടുന്ന പ്രവൃത്തിയാണ് ജീത്തുവിന് ഡ്രൈവിങ്.  സിനിമയിലെ പല നല്ല സീനുകളും മനസ്സിൽ വരുന്നതു ഡ്രൈവിങ്ങിനിടെയാണ്. തിരക്കഥയെഴുത്തിലെ ബ്ളോക്കുകൾ മാറാൻ വിജനമായ ഹൈവേയിലൂടെ പാട്ടും കേട്ട് ലോങ് ഡ്രൈവിനു പോകാറുമുണ്ട്. ഞാനും ഭാര്യ നിമ്മിയും മൂന്നു മക്കളും കൂടി ഒരു കാറിൽ കയറുമ്പോൾ അത് എന്റെ വീടായി മാറുന്നു എന്ന് പറഞ്ഞത് സംവിധായകൻ സത്യൻ അന്തിക്കാടാണ്.  മക്കളോടു സംവദിക്കാൻ ഏറ്റവും പറ്റിയ ഇടം കാർ യാത്രകളാണെന്ന് ജീത്തുവും കരുതുന്നു. 

 

മെമ്മറീസ് മുതൽ ജീത്തുവിന്റെ എല്ലാ മലയാള സിനിമകൾക്കും വസ്ത്രാലങ്കാരം ചെയ്തത് ഭാര്യ ലിന്റയാണ്.  മൂത്തമകൾ ഇപ്പോൾ അസിസ്റ്റന്റ് ഡയറക്ടറായി കൂടെയുണ്ട്.  അങ്ങനെ സിനിമയ്ക്കായുള്ള യാത്രകളിലും കുടുംബാംഗങ്ങൾ കൂടെയുണ്ടെന്നർ‍ഥം.തന്റെ  സിനിമ കാണാൻ പ്രേക്ഷകൻ വരുമ്പോഴും കുടുംബം കൂടെയുണ്ടാകണമെന്നാണ് എന്നും ജീത്തുവിന്റെയും ആഗ്രഹം.

 

ഡ്രൈവിങ് ഹരമാണ്. വേഗത്തിലോടിക്കാൻ ഇഷ്ടമാണെങ്കിലും നിയമം തെറ്റിക്കാറില്ല. ഈയിടെ തിരുവനന്തപുരത്തിനു പോകുമ്പോൾ കൊല്ലത്തു വച്ച് ഹൈവേ പൊലീസ് കൈ കാണിച്ചു.  പൊലീസുകാരൻ അടുത്തേക്കു വന്ന് മുഖത്തേക്കു സൂക്ഷിച്ചു നോക്കിയിട്ട് സംശയത്തോടെ ചോദിച്ചു.. താങ്കൾ...? അതെ, ജിത്തു ജോസഫ് തന്നെ. പൊലീസുകാരൻ പറഞ്ഞു: യേസ്, മനസ്സിലായി, ഏഷ്യൻ പെയിന്റിന്റെ പരസ്യത്തിലുള്ള ആളല്ലേ? പൊലീസുകാരന്റെ മനസ്സിൽ പതിഞ്ഞ ദൃശ്യമോർത്ത് ജീത്തു ചിരിച്ചുപോയി. 

 

English Summary: Coffee Brake Jeethu Joseph

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com