ADVERTISEMENT

രാത്രിയിൽ ഓട്ടം കഴിഞ്ഞു പോകുന്നതിനു മുമ്പ് ജയദേവൻ കോട്ടയം നഗരത്തിലൂടെ ഓട്ടോയുമായി ഒന്നു കറങ്ങാറുണ്ട്. കിടക്കാൻ നേരത്ത് അടുക്കളയിൽ ഒന്നു കയറിയിറങ്ങി അടച്ചു വച്ചിരിക്കുന്ന പാത്രങ്ങളും ഫ്രിജ്ജുമൊക്കെ തുറന്ന്, വല്ലതും ബാക്കിയിരിപ്പുണ്ടോ എന്നു നോക്കുന്നതുപോലെ. ആ കറക്കത്തിനിടയിൽ നല്ല ഓട്ടം കിട്ടാറുമുണ്ട്.

 

പാസഞ്ചർ പോയിക്കഴിഞ്ഞാൽ പ്ളാറ്റ് ഫോമുകളിൽ പായ വിരിക്കുന്ന റയിൽവേ സ്റ്റേഷൻ, തട്ടുകടകളിൽ ഓംലെറ്റ് കഴിക്കാനിരിക്കുന്ന കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, തെരുവുനായ്ക്കൾക്കു നടുവിൽ വടിയുമായി ഗാന്ധിപ്രതിമ നിൽക്കുന്ന ജംക്ഷൻ, ലഹരി പിടിച്ചു ചുവന്ന കണ്ണുള്ള ബോർഡുമായി പഞ്ചമി ബാർ, പകൽ‍ സാക്ഷിയായ അരുതായ്മകളെച്ചൊല്ലി ആകാശത്തേക്കു നോക്കി പ്രാർഥിക്കുന്ന ചെറിയ കുരിശടി,  കാശില്ലാത്ത എടിഎം... ഇവിടെ നിന്നൊക്കെ ആരെങ്കിലും ഓട്ടോയിൽ കയറും. ഒരിക്കൽ രാത്രിയിൽ ഹെഡ് ലൈറ്റൊക്കെ കെടുത്തി, ന്യൂട്രലാക്കി, തിരക്കൊഴിഞ്ഞ ശാസ്ത്രി റോഡിലെ ഇറക്കത്തിലൂടെ നാട്ടു നാട്ടു എന്ന പാട്ടിന്റെ സ്റ്റെപ്പ് വച്ച് ഓട്ടോയുമായി വരുമ്പോഴാണ് ആ യുവതി ജയദേവന്റെ ഓട്ടോയ്ക്കു കൈനീട്ടിയത്. അവർ പറഞ്ഞു... നാഗമ്പടം.

 

രാത്രിയിൽ‍ ട്രെയിനിറങ്ങി വന്ന യാത്രക്കാരിയാണെന്ന് ജയദേവനു തോന്നി. ജീൻസും കറുത്ത ബുഷ് ഷർട്ടുമാണ് വേഷം. 35 വയസ്സു തോന്നും. കൈയിൽ ഫോൺ അല്ലാതെ മറ്റൊന്നുമില്ല. ഓട്ടോ നാഗമ്പടം പാലത്തിന്റെ നടുവിൽ എത്തിയപ്പോൾ യുവതി പറ‍ഞ്ഞു.. ഇവിടെ നിർത്തിയാൽ മതി. ജയദേവന്  അദ്ഭുതം തോന്നി. സാധാരണ ആരും പാലത്തിന്റെ നടുവിൽ ഇറങ്ങാറില്ല. യുവതി ഇറങ്ങി. ജയദേവൻ പറഞ്ഞു... 90 രൂപ.  തർക്കമൊന്നും പറയാതെ 100 രൂപ  കൊടുത്തിട്ട് അവർ നടപ്പാതയിലേക്കു കയറി. പിന്നെ പാലത്തിന്റെ കൈവരിയുടെ നേർക്കു നടക്കുന്നത് ഓട്ടോയുടെ കണ്ണിലൂടെ ജയദേവൻ കണ്ടു. അയാൾ വണ്ടി തിരിച്ച് അവളുടെ അടുത്തെത്തി.

 

തിരിച്ചു വരുന്ന ഓട്ടോക്കാരനെ യുവതി സംശയത്തോടെ നോക്കി. അയാൾ പറഞ്ഞു.. 10 രൂപ ബാലൻസുണ്ട്. തരാൻ വന്നതാണ്. യുവതി പറഞ്ഞു... അതു കൈയിൽ വച്ചോളൂ. നിങ്ങൾ‍ തിരിച്ചു വന്നത് അതിനല്ല. അവൾ ബുദ്ധിമതിയാണെന്ന് ജയദേവനു തോന്നി. അയാൾ ചോദിച്ചു... എവിടെ പോകാനാണ്?  താഴെ മീനച്ചിലാറാണ്. അതുകൊണ്ടാണല്ലോ പാലം. നല്ല ഒഴുക്കുണ്ടോ? അറിയില്ല. ഞാൻ ചാടിയിട്ടില്ല. ഞാൻ ചാടി നോക്കട്ടേ? നിങ്ങൾ കൂടെച്ചാടുമോ? ജയദേവന് ആ എടുത്തടി സംസാരം ഇഷ്ടപ്പെട്ടില്ല. അയാൾ പറഞ്ഞു.. എന്തിനാണ് ഇവിടെ ഇറങ്ങിയത് ? സത്യം പറഞ്ഞില്ലെങ്കിൽ ഞാൻ പൊലീസിനെ വിളിക്കും.

 

അവൾക്കു ദേഷ്യം വന്നു... എന്താണ് നിങ്ങൾ പറയുന്ന ഈ സത്യം?  നിങ്ങൾ എന്നെ ഓട്ടോയിൽ കയറ്റിക്കൊണ്ടു വന്ന് ഇവിടെ ഇറക്കിവിട്ടു. എന്നിട്ടും പോകാതെ എന്തോ ഗൂഢലക്ഷ്യത്തോടെ ഇവിടത്തന്നെ നിൽക്കുന്നു എന്നതാണ് ഇപ്പോഴത്തെ സത്യം. അതു ഞാൻ പൊലീസിനോടു പറയും. പിന്നെ എന്തുണ്ടാകുമെന്ന് അറിയാമല്ലോ. അതുകൊണ്ട് നിങ്ങൾ ഇപ്പോൾ  പോകൂ. എനിക്ക് അൽപം ജോലിയുണ്ട്. ജയദേവൻ ഒന്നു പേടിച്ചു. ഇവരെ തനിച്ചാക്കി പോയാൽ ശരിയാവില്ല.  എവിടെപ്പോകുന്നു എന്നത് മറച്ചു വയ്ക്കാൻ ചില യാത്രക്കാർ സ്ഥലം മാറി ഇറങ്ങാറുണ്ട്. ഓട്ടോക്കാർ അതു ശ്രദ്ധിക്കാറുമുണ്ട്.

യുവതി ചോദിച്ചു... നിങ്ങൾക്കു പേടിയുണ്ടോ? രാത്രി വല്ലാതെ വിജനമായതുപോലെ അയാൾക്കു തോന്നി. പരിചയമുള്ള ആരെങ്കിലും അതുവഴി വന്നെങ്കിൽ...

 

പാലത്തിന് അപ്പുറത്തു നിന്ന് തിളങ്ങുന്ന എന്തോ വരുന്നത് അയാൾ കണ്ടു.  പല നിറങ്ങളിൽ‍ ലൈറ്റുകൾ കത്തിച്ച ഒരു ഉന്തുവണ്ടിയാണ്. പരമേശ്വർ മഹാരാജ് ബേൽപൂരി എന്ന ബോർഡും ശിവന്റെ വലിയ പടവും കാണാം.  ബസ് സ്റ്റാൻഡിന്റെ പുറത്ത് ചാട്ടും ബേൽപൂരിയും വിൽക്കുന്ന ബോംബെവാലാ കച്ചവടം കഴിഞ്ഞ് മടങ്ങുകയാണ്. വെളിച്ചത്തിന്റെ ഘോഷയാത്ര പാലം കടന്നു. ഇരുട്ട് തിരിച്ചു വന്നു. നിങ്ങൾ പോകുന്നില്ലേ?  വീട്ടിൽ ഭാര്യയും മക്കളുമില്ലേ? അവർ പേടിക്കില്ലേ? ജയദേവൻ മറുപടി പറഞ്ഞില്ല. ഉടനെ ഏതായാലും പോകുന്നില്ല എന്നു മാത്രം അയാൾ തീരുമാനിച്ചു. അയാൾ ഓട്ടോ പാലത്തിനു നടുവിൽ നിന്നു മാറ്റിയിട്ടിട്ട് തിരിച്ചു വന്നു. 

 

അവൾ ചോദിച്ചു.. നിങ്ങളുടെ ഓട്ടോയിലിരുന്ന് ഞാനൊന്നു കരഞ്ഞോട്ടെ? അയാൾ അവളെ ഓട്ടോയിലേക്കു കൂട്ടിക്കൊണ്ടു പോയി. അവൾ ചോദിച്ചു.. ഇതിനു മുമ്പ് ആരെങ്കിലും ഇങ്ങനെയൊരു ആവശ്യം പറഞ്ഞിട്ടുണ്ടോ? എൻട്രൻസ് പരീക്ഷയുടെ റിസൽറ്റ് വന്ന ദിവസം ഓട്ടോയിൽ കയറിയ ഒരു പെൺകുട്ടിയെ ജയദേവന് ഓർമ വന്നു. അവൾക്ക് വീട്ടിലേക്ക് പോകാൻ ഇഷ്ടമില്ലായിരുന്നു. വെറുതെ ഓടുന്ന ഓട്ടോയിലിരുന്ന് അവൾ ഒരുപാടു നേരം കരഞ്ഞു. കണ്ണീരടങ്ങിയപ്പോൾ വീട്ടിലേക്കു തിരിച്ചു പോയി. പിന്നെ അവളെ നിങ്ങൾ കണ്ടോ?

 

കണ്ടു, പക്ഷേ എന്നെ തിരിച്ചറിഞ്ഞില്ല. അന്ന് കണ്ണീരിനിടയിൽ എന്നെ കണ്ടിട്ടുണ്ടാവില്ല. ജയദേവൻ കൂറെ ദൂരെ മാറി പാലത്തിന്റെ നടപ്പാതയിൽ ഇരുന്നു. നേരം വെളുക്കുന്നു. വെളുത്ത ചെമ്പകപ്പൂക്കൾ മോണിങ് വോക്കിനിറങ്ങിയതുപോലെ കുറെ കന്യാസ്ത്രീമാർ ദൂരെ നിന്നു നടന്നു വരുന്നു. പ്രഭാത പ്രാർഥനയ്ക്ക് ദേവാലയത്തിൽ പോകുന്നതാണ്. യുവതിയെ റയിൽവേ സ്റ്റേഷനിൽ തിരിച്ചു വിട്ടിട്ട് ജയദേവൻ വീട്ടിലെത്തുമ്പോഴേക്കും എല്ലാവരും ഉണർന്നിരുന്നു. കഥ മുഴുവൻ കേട്ടപ്പോൾ അയാളുടെ ഭാര്യ പറഞ്ഞു..  ഇന്നു രാത്രി കൂടി റയിൽവേ സ്റ്റേഷനിൽ പോയി നോക്കണം. എന്തിന്? വെറുതെ...

 

English Summary:  Coffee Brake Nagampadam Bridge

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com