Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലഡു ആദ്യം കയ്ക്കും, പിന്നെ മധുരിക്കും..

വിനോദ് നായർ
Author Details
ak-sasindran-tomin

ട്രാൻസ്പോർട്ട് കമ്മിഷണർ എന്ന നിലയിൽ വിജയമോ പരാജയമോ എന്നു ചോദിച്ചാൽ ടോമിൻ തച്ചങ്കരി ഒരു കഥ പറയും. കോട്ടയത്തെ മത്തായിയുടെ കഥ.

വിരമിച്ച ആർടിഒ ആണ് മത്തായി. മരിക്കാൻ കിടക്കുന്നു. കാലൻ വാഹനവുമായി വന്നു, കൊണ്ടുപോകാൻ. മത്തായിയോടു ചോദിച്ചു: റെഡിയാണോ? പോകാൻ മത്തായിക്കു മടി. കക്ഷി കുറെ ഉടായ്പു ചോദ്യങ്ങൾ എടുത്തിട്ടു.. ഏതു വണ്ടിയിലാണ് നമ്മൾ പോകുന്നത്? വണ്ടീടെ പേപ്പേഴ്സ് ഒക്കെ പക്കാ ആണോ? ലൈസൻസുണ്ടോ? എല്ലാ പേപ്പറും കറക്ടായിരുന്നു. യാത്രയ്ക്കു മുന്നെ പതിവു ഫോർമാലിറ്റിയുടെ ഭാഗമായി കാലൻ മത്തായിയോടു ചോദിച്ചു.. അവസാനമായി എന്തെങ്കിലും ആഗ്രഹമുണ്ടോ ? എന്തെങ്കിലും എടുക്കാനുണ്ടോ ?

ജോലി ചെയ്തിരുന്ന കാലത്തെ ഒരു ബുക്ക് ഉണ്ട്. അതൊന്നു വേണമെന്ന് മത്തായി പറഞ്ഞു. ബുക്കിൽ കുറെ ആളുകളുടെ പേര് അക്ഷരമാലയാക്കി കോർത്തിട്ടിരുന്നു. മത്തായി പറഞ്ഞു.. കോട്ടയം ജില്ലയിൽ ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിന് ഞാൻ പിടികൂടിയതാണ് ഇവരെയെല്ലാം.കാലനു സഹതാപം തോന്നി... ഇവരിൽ ആരെയെങ്കിലും കണ്ട് സോറി പറയാനാണോ? അതോ അന്ന് ഹെൽമെറ്റ് വയ്ക്കാത്തതിന് വീണ്ടും പിഴ ഈടാക്കാനോ? മത്തായി പറഞ്ഞു.. ഇതിനൊന്നുമല്ല.. ഈ ബുക്കിൽ ഒരു ലക്ഷം കോട്ടയംകാരുടെ പേരുണ്ട്. ഇവരിൽ രാഷ്ട്രീയ പിടിപാടില്ലാത്ത ഒരാളെ കണ്ടെത്തിയാൽ പിന്നെ ഏതു നിമിഷം മരിക്കാനും ഞാൻ റെഡിയാ.. കാലൻ ആ ലിസ്റ്റുമായി മത്തായിയെയും കൂട്ടി കെകെ റോഡിലിറങ്ങി. ആദ്യം ഒരു ഓട്ടോഡ്രൈവറെ കണ്ടു. ‌ആർടിഒ എന്നു കേട്ടതോടെ അയാൾ ഫോണെടുത്തിട്ടു പറഞ്ഞു.. ഞാൻ കുഞ്ഞൂഞ്ഞിനെ ഒന്നു വിളിച്ചോട്ടേ..
കാലൻ വണ്ടി വിട്ടു. പിന്നെ ആ ലിസ്റ്റിലെ പലരെയും കണ്ടുമുട്ടി. തിരുവഞ്ചൂർ, പാലാ, പൂ‍ഞ്ഞാർ, വൈക്കം വഴിയുള്ള ബന്ധങ്ങളാണ് എല്ലാവർക്കും. മത്തായി കാലനോടു ചോദിച്ചു.. പ്ളിങ്ങായോ ! ആയി..!

മത്തായിയുടെ പേജ് ക്ളോസ് ചെയ്തിട്ട് കാലൻ വണ്ടി വിട്ടു. മത്തായിക്കു മരണമില്ല.
കോട്ടയത്തെ മാത്രമല്ല കേരളത്തിലെ എല്ലായിടത്തെയും സ്ഥിതി ഇതാണെന്ന് ടോമിൻ തച്ചങ്കരി പറയുന്നു. എല്ലാവർക്കും രാഷ്ട്രീയ പിൻബലമുണ്ട്. നിയമത്തെ പേടിയില്ല, രാഷ്ട്രീയത്തിൽ പിടിയുണ്ട്, ഇതു രണ്ടുമാണ് കേരളത്തിലെ റോഡുകളിലെ പ്രധാന പ്രശ്നം. ഹെൽമെറ്റ് ഇല്ലെങ്കിൽ പെട്രോളില്ലെന്ന് പരിഷ്കാരം കൊണ്ടു വരാൻ നോക്കിയ തച്ചങ്കരി ഇപ്പോഴും ഇടയ്ക്കൊക്കെ ബൈക്കിൽ സഞ്ചരിക്കാറുണ്ട്. ഞായറാഴ്ച പള്ളിയിൽ പോകാനും മറ്റുമുള്ള ചെറിയ യാത്രകൾ ബൈക്കിലാണ്. ഹെൽമറ്റ് വയ്ക്കുന്നതിനാൽ ട്രാഫിക്കിലുള്ള പൊലീസുകാരൊന്നും തിരിച്ചറിയാറില്ലെന്നു മാത്രം.
ആദ്യം ബൈക്ക് ഓടിക്കുന്നത് ചങ്ങനാശേരി എസ്ബി കോളജിൽ പഠിക്കുന്ന കാലത്താണ്. എസ്റ്റേറ്റിലെ കൊലപാതകം കഴി‍ഞ്ഞ് ‍ഡ്രാക്കുളയുടെ അനിയൻ തച്ചങ്കരിക്കു സമ്മാനിച്ചതാണ് ആ ബൈക്ക്. ഒരു ജാവാ.

അന്ന് ഡിക്റ്ററ്റീവ് നോവലുകളെഴുതി പ്രസിദ്ധീകരിക്കുമായിരുന്നു. എസ്റ്റേറ്റിലെ കൊലപാതകം, ഡ്രാക്കുളയുടെ അനിയൻ അങ്ങനെ കുറെ നോവലുകൾ പുസ്തകമായി. ഒരു നോവലിന് ഒരു രൂപയാണ് വില. ഗിറ്റാർ പഠിപ്പിക്കാനും സംഗീത പരിപാടികൾക്കും പോകും. ഇങ്ങനെയൊക്കെ കിട്ടിയ പണം കൊണ്ടു ബൈക്ക് വാങ്ങിയ കാര്യം വീട്ടിൽ പറഞ്ഞില്ല. കാരണം ബൈക്ക് ഓടിക്കുന്നതിന് വീട്ടുകാർ എതിരാണ്. അന്ന് ചങ്ങനാശേരി ഡിവൈഎസ്പി ആയിരുന്ന വാസുദേവ മേനോന്റെ വീട്ടിൽ ബൈക്ക് വച്ചിട്ട് സ്വന്തം വീട്ടിലേക്ക് നടന്നു പോകും. ബൈക്കിന്റെ ശബ്ദം വീടുവരെ എത്താതിരിക്കാൻ ഇതേയുള്ളു വഴി. അന്നൊന്നും ഹെൽമറ്റില്ല. ലൈസൻസ് ഇല്ല. പൊലീസ് ചെക്കിങ്ങും ഇല്ല. ടോമിന്റെ സ്വർഗരാജ്യം !

അപകടങ്ങൾ പലതവണ നേരിട്ടിട്ടുണ്ട്. ഒരിക്കൽ പൊലീസ് ജീപ്പിൽ യാത്ര ചെയ്യുമ്പോൾ രാത്രിയിൽ മീൻലോറി വന്നിടിച്ച് ജീപ്പിന്റെ ചില്ലു മുഴുവൻ തകർന്നു. ജില്ലാ പൊലീസ് മേധാവി ആയിരിക്കുമ്പോൾ കരുനാഗപ്പള്ളിയിൽ വച്ചാണ് മറ്റൊരു അപകടം. ഡ്രൈവർ ഉറങ്ങിപ്പോയി. കാർ ഡിവൈഡ‍റിൽ കയറി തലകീഴായി മറിഞ്ഞു. റോഡിലെ ഈ അപകടങ്ങളിൽ നിന്നെല്ലാം പരുക്കേൽക്കാതെ രക്ഷപ്പെട്ടിട്ടുണ്ട് തച്ചങ്കരി. ചില അപകടങ്ങളിൽ നിന്ന് പുതിയ പാഠങ്ങൾ പഠിക്കുകയും ചെയ്തു. ട്രാൻസ്പോർട്ട് കമ്മിഷണറായിരിക്ക രാത്രിയിൽ തിരുവനന്തപുരത്തു കൂടി യാത്ര ചെയ്യുമ്പോൾ‌ എകെജി സെന്ററിനടുത്തുള്ള പാറ്റൂരിലെ വളവിൽ ഒരു ബൈക്ക് മറിഞ്ഞ് രണ്ടുപേർ റോഡിൽ കിടക്കുന്നു. ഹെൽമറ്റില്ല. തല പൊട്ടി ചോരയൊലിക്കുന്നുണ്ട്. രണ്ടാളും നന്നായി മദ്യപിച്ചിരുന്നു. ഈ അപകടമാണ് ഹെൽമെറ്റില്ലെങ്കിൽ പെട്രോളുമില്ലെന്ന കേരളമാകെ ചർച്ചയായ തച്ചങ്കരിയുടെ ആശയത്തിനു പിന്നിൽ.

ബൈക്കിന്റെ പിന്നിലിരിക്കുന്നവർക്കും ഹെൽമെറ്റ്, മദ്യപിച്ചും ഫോൺ വിളിച്ചുമുള്ള ഡ്രൈവിങ്ങിന് സഡൻ ബ്രേക്ക്, എല്ലാ റോഡിലും സൈൻ ബോർഡുകൾ, ഗതാഗത നിയമലംഘനങ്ങളെക്കുറിച്ച് ബോധവൽക്കരണം.. ഇങ്ങനെ ഒരുപാട് ആശയങ്ങളുണ്ടായിരുന്നു മനസ്സിൽ. പരിഷ്കാരങ്ങളും ആഗ്രഹങ്ങളും പാതി വഴിയിൽ നിർത്തി ട്രാൻസ്പോർട്ട് വകുപ്പിന്റെ പടിയിറങ്ങാ‍ൻ കാരണം ഒരു ലഡു പൊട്ടിയുണ്ടായ അപകടമാണ്. അപകടങ്ങളിൽ നിന്നെല്ലാം പോറൽ പോലും ഏൽക്കാതെ രക്ഷപ്പെട്ട ടോമിൻ തച്ചങ്കരി ഈ അപകടത്തിൽ നിന്ന് എന്തു പാഠം പഠിച്ചുകാണും ?
ഷുഗർ ഇല്ലാത്തവർക്കു മാത്രമേ ലഡു കൊടുക്കാവൂ എന്നായിരിക്കുമോ !
പ്രമേഹമുള്ളതുകൊണ്ട് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ ലഡു കഴിക്കാറേയില്ല !

Your Rating: