Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉമ്മകളുടെ ഉസ്താദ് !

ഉമ്മകളുടെ ഉസ്താദ് !

ഫഹദ് ഫാസിൽ ഉമ്മകളുടെ ഉസ്താദാണ് ! ഒരു തിങ്കളാഴ്ച നല്ല ദിവസം. രാവിലെ ഒമ്പതുമണിയുടെ ട്രാഫിക് ബ്ലോക്കിൽ രക്തയോട്ടം നിലച്ച് ചത്തുകിടക്കുകയാണ് കൊച്ചിയുടെ ഞരമ്പുകൾ. എറണാകുളത്തെ പ്രശസ്തമായ വനിതാ കോളജിനു മുന്നിലെ റോഡിൽ, ബ്ലാക്കിൽപ്പെട്ട കാറിൽ ഫഹദ് ഫാസിൽ ഉണ്ടെന്നു കരുതുക !

പണ്ടായിരുന്നെങ്കിൽ ആരും അറിയില്ലായിരുന്നു. കാറിലിരുന്ന് മൊബൈൽ ഫോണിൽ ഗെയിം കളിക്കാം, മാഗസിൻസ് വായിക്കാം, എന്നിട്ടും ബോറടിച്ചാൽ റോഡിലൂടെ പോകുന്ന പെൺകുട്ടികളെ അവർ കാണാതെ ഒബ്സർവ് ചെയ്യാം !

നിയമപ്രകാരം സൺ ഫിലിം കീറിക്കളയേണ്ടിവന്നതിനാൽ നാലുവശവും വാതിൽ തുറന്നിട്ട വീടുപോലെയാണ് ഇപ്പോൾ കാർ. അതിനാൽ റോഡിലൂടെ നടക്കുന്നവർ ഫഹദിനെ ഒറ്റനോട്ടത്തിൽ തിരിച്ചറിയും.

22 എഫ്കെയിൽ റീമാ കല്ലിങ്കലിനെ വട്ടംചുറ്റിച്ച് ഡയമണ്ട് നെക്സലേസും കഴുത്തിലിട്ടു നിൽക്കുന്ന യുവരാജാവിനെ പെൺകുട്ടികൾ വളയും. കാറിന്റെ ചില്ലെങ്ങാനും തെല്ല് താഴ്ത്തിയാൽ ആ സ്വീറ്റ്, ഹോട്ട്, കൂൾ മൊട്ടത്തലയിൽ തൊടാൻ ആരാധികമാർ മത്സരിക്കും ! ഫ്ളൈയിങ് കിസ്സുകൾ പറന്നു നടക്കും.

ഇതാണ് ഇപ്പോൾ സിനിമാ താരങ്ങളെ പേടിപ്പിക്കുന്ന കാര്യം !

കോടതിയെപ്പേടിച്ച് പൊലീസുകാർ സൺഫിലിമിന്റെ മേലാട ഊരിക്കളഞ്ഞാൽ താരങ്ങൾ എവിടെപ്പോയി ഒളിക്കും !

മnമ്മൂട്ടിയെ ഫോണിൽ വിളിക്കുന്നത് രസമാണ്.

പരിചയമില്ലാത്ത നമ്പരാണു ഫോണിൽ തെളിയുന്നതെങ്കിൽ കേൾക്കുക കറുമുറ പോലുള്ള ശബ്ദത്തിൽ ഒരു ഹലോയാണ് ! മമ്മൂട്ടിയെ വിളിച്ചപ്പോൾ നമ്പരുതെറ്റി വേറെയേതോ ചമ്മട്ടിയെ ഫോണിൽ കിട്ടി എന്നു കരുതി വിളിക്കുന്നയാൾ പെട്ടെന്നു ഫോൺ കട്ട് ചെയ്തോളും.

അപരിചിതരും ശല്യക്കാരും വിളിച്ചാൽ റോങ് നമ്പരെന്നു പറഞ്ഞ് ഒഴിവാക്കാനുള്ള മമ്മൂട്ടിയുടെ ഗുട്ടൻസാണ് ശബ്ദം ഒന്നു മാറ്റി സംസാരം തുടങ്ങുക.ഇത്തരം ഒരുപാടു തന്ത്രങ്ങൾ കൊണ്ടാണ് സിനിമാതാരങ്ങൾ റോഡിലും വീട്ടിലും രക്ഷപ്പെട്ടു നിൽക്കുന്നത്.

മമ്മൂട്ടി ഒരിക്കൽ ആറാം തമ്പുരാനെ കാണാൻ പൂമുള്ളി മനയിലേക്കു പോവുകയാണ്. സത്യൻ അന്തിക്കാടിന്റെ സ്വന്തം കെഎൽ 7 എ 183 എന്ന മാരുതി കാറിലാണ് യാത്ര. മുന്തിയ കാറുകളിൽ നടക്കുന്ന മമ്മൂട്ടിക്ക് മാരുതി കണ്ടതോടെ ഓടിക്കാൻ മോഹം. മമ്മൂട്ടിയുടെ ഡ്രൈവിങ് ആയതിനാൽ നടൻ ശ്രീരാമനും ബാക്ക്സീറ്റിൽ കയറി.

ഗുരുവായൂർ — കുന്നംകുളം റൂട്ടിലൂടെയുള്ള യാത്രയ്ക്കിടെ ഒരു കൊച്ചുകവലയിൽ വച്ച് കാറിന്റെ ഹോൺ പെട്ടെന്ന് സ്റ്റക്ക് ആയി. പാപാപിപീീീീന്ന് ഉറക്കെ നിലവിളിക്കുകയാണ് കാർ.

ബഹളത്തിനിടയിൽ എൻജിനും ഓഫായി.

തീയറ്ററിലെ ഫാൻസ് അസോസിയേഷൻകാരെപ്പോലെ ഹോൺ ചുമ്മാ കൂവുകയാണ്. നടുറോഡിൽ നിന്നുപോയ കാർ സ്റ്റാർട്ട് ആകുന്നുമില്ല.

മമ്മൂട്ടിക്കു നല്ല ദേഷ്യം വന്നു. പക്ഷേ പുറത്തിറങ്ങാൻ വയ്യ. ആളുകൾ കാണും.

ശ്രീരാമൻ മെല്ലെ പുറത്തിറങ്ങി ബോണറ്റ് ഉയർത്തി എന്തൊക്കെയോ ചെയ്തതോടെ കൂവൽ നിന്നു. കാർ സ്റ്റാർട്ട് ആയി.

ടിന്റഡ് ഗ്ലാസുള്ള കാറിനുള്ളിൽ മമ്മൂട്ടിയാണെന്ന് ഒരാളും അറിഞ്ഞില്ല.

ഈ സംഭവം ഇപ്പോഴാണെങ്കിലോ?കാറിനുള്ളിൽ മമ്മൂട്ടിയെ കാണുന്നതോടെ ആളുകൂടും. പലരും മൊബൈൽ ഫോണിൽ ആ ദൃശ്യം പകർത്തും. അച്ഛൻ അന്ത്യശ്വാസം വലിക്കുന്നതുപോലും ഐസിയുവിനുള്ളിൽ കയറി മക്കൾ മൊബൈൽ ഫോണിൽ ഷൂട്ട് ചെയ്യുന്ന കാലമാണ്.

സൺ ഫിലിം ഇല്ലെങ്കിലും സൺ ഗ്ലാസ് വയ്ക്കുന്നതുകൊണ്ട് മമ്മൂട്ടിയുടെ കണ്ണിലെ രോഷം നാട്ടുകാർ കാണില്ലെന്നു മാത്രം.

മലയാള സിനിമയിലെ ഒരു സീനിയർ നടന്റെ കാറിന്റെ നിറം കറുപ്പാണ്. ചില്ലിൽ കാർമേഘത്തിന്റെ കളറുള്ള സൺഫിലിം ഒട്ടിച്ചിരിക്കുന്നതിനാൽ പുറത്തുനിന്നു നോക്കിയാൽ ആകെയൊരു ഇരുട്ടുമാത്രമേ കാണാൻ പറ്റൂ.

ഡ്രൈവിങ് സീറ്റിന് അരികിൽ ചെറിയ വൃത്താകൃതിയിൽ സൺ ഫിലിം കട്ട് ചെയ്തിരിക്കുന്നു.

ഓവർ സ്പീഡിനും നിയമലംഘനത്തിനും പേരുകേട്ട ആളാണ് ഈ നടൻ. റോഡിൽ പലയിടത്തും വച്ച് പൊലീസ് പിടികൂടും.

നിർത്തെടാ റാസ്കൽ, താഴ്ത്തെടാ ഗ്ലാസ്, എടുക്കെടാ ലൈസൻസ് എന്നു പറയാൻ പൊലീസുകാരൻ തുടങ്ങുമ്പോഴേക്കും നടൻ സ്വന്തം മുഖം ചില്ലിലെ വൃത്തത്തിലേക്കു ചേർക്കും.

അതോടെ ആളെ തിരിച്ചറിഞ്ഞ് പൊലീസ് ജാമ്യമെടുക്കും: യ്യോ ! സാറായിരുന്നു. സോറി സാർ, പൊയ്ക്കോളൂ. ഇപ്പോൾ ഏതു സിനിമയിലാ അഭിനയിക്കുന്നെ ? എവിടെയാ ലൊക്കേഷൻ ?

പിഴയടയ്ക്കാതെ, കേസിൽപ്പെടാതെ നടൻ കൂളായി രക്ഷപ്പെടും !

ചില്ലിലെ കാർമേഘം പെയ്തുതീരുന്നത് ഈ നടന്റെ ഭാഗ്യമോ, അതോ നിർഭാഗ്യമോ ! കണ്ടറിയണം !

സൺ ഫിലിം പോയതോടെ പലരും വണ്ടികളിൽ കർട്ടനിട്ടു തുടങ്ങിയിട്ടുണ്ട്.

തീയറ്ററിലെപ്പോലെ ഇനി ആ തിരശ്ശീലയ്ക്കുള്ളിലാവട്ടെ താരങ്ങളുടെ ചിരി !

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.