Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കവി ഉദ്ദേശിച്ചത്.. !

വിനോദ് നായർ
Author Details
g-sudhakaran-1

ആലപ്പുഴ സൈക്കിളിന്റെ നാടാണെങ്കിലും മന്ത്രി ജി സുധാകരന് സൈക്കിൾ ഓടിക്കാൻ അറിയില്ല, ആരെയും മണിയടിക്കാനും അറിയില്ല ! ആദ്യം കയറിയത് കാറിലാണോ എന്നു ചോദിച്ചാൽ അല്ല ലോറിയിൽ എന്നാണ് പൊതുമരാമത്തു മന്ത്രി സുധാകരന്റെ മറുപടി. അതു തർക്കുത്തരമല്ല. പൊതുമരാമത്തിലെ കരാറുകാരുടെ ചിഹ്നം ലോറിയാണെന്നതുമല്ല കാരണം. മാവേലിക്കര താമരക്കുളം വേടരപ്ളാവാണ് സുധാകരന്റെ ജന്മനാട്. മന്ത്രിയുടെ കുട്ടിക്കാലത്ത് കാറെന്നു പറയാൻ നാട്ടിൽ മഴക്കാറേയുള്ളൂ. ആകെയുള്ളത് ഒരു ലോറി. അമ്മയുടെ വലിയമ്മാവൻ പട്ടാളത്തിലെ കൊമ്പൻ മീശയായിരുന്നു. പുള്ളി ഇടയ്ക്കിടെ ലോറി കൊണ്ടു വരും. കുട്ടികളെയെല്ലാം കയറ്റി നാട്ടിലൂടെ നാലഞ്ചുമൈൽ ചുറ്റിക്കും. ശബ്ദമുണ്ടാക്കാതെ കയറണം, അറ്റൻഷനായി നിന്നോണം. അങ്ങനെയായിരുന്നു അമ്മാവന്റെ ലോറിയിലെ യാത്ര. പിന്നീട് സ്കൂളിലും കോളജിലും പഠിക്കുന്ന കാലത്ത് പാർട്ടിയുടെ ജാഥകൾക്ക് ലോറിയിൽ കയറുമ്പോളെല്ലാം അമ്മാവന്റെ കൊമ്പൻ മീശ ഓർമ വരും. അന്നൊക്കെ പാർട്ടി സമ്മേളനങ്ങൾക്ക് ലോറിയുടെ പിന്നിൽ‌ നിന്നാണ് യാത്ര, വെയിലുകൊണ്ടും മഴ നനഞ്ഞുമൊക്കെ.

കവിയായി മാറിയ ജി. സുധാകരന്റെ ആദ്യത്തെ കാർ യാത്ര മഹാകവി ജി. ശങ്കരക്കുറുപ്പിനൊപ്പമാണ്. 1960 കളിലാണ് സംഭവം. പന്തളം എൻഎസ്എസ് കോളജിൽ പഠിക്കുകയാണ് സുധാകരൻ. കോളജിന്റെ രജത ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യാൻ വന്ന മഹാകവിയോടൊപ്പം എറണാകുളത്തു നിന്ന് കോളജു വരെ കാറിൽ..പാലുപോലുള്ള തലമുടിയും വെണ്ണ പോലുള്ള പെരുമാറ്റവും നെയ് വിളക്കു കൊളുത്തിയതുപോലുള്ള കവിതയുമായി അടുത്തിരിക്കുന്ന മഹാകവി ജിയോടു താനും കവിതയെഴുതുന്ന ജിയാണെന്ന് സുധാകരൻ മിണ്ടിയില്ല. അന്നൊക്കെ കവിതയെഴുതിയാൽ ആരെയും കാണിക്കാതെ ഒളിച്ചു വയ്ക്കുന്ന കാലമാണ്. അങ്ങനെ ഒളിച്ചു വച്ച 125 കവിതകൾ അന്ന് മോഷണം പോയി. ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടുമില്ല.

ജൂബിലി സമ്മേളനത്തിൽ സ്വാഗത പ്രസംഗം സുധാകരൻ ആയിരുന്നു. പ്രസംഗം കഴിഞ്ഞ് തിരിച്ചു നടക്കുമ്പോൾ മഹാകവി അടുത്തു വിളിച്ച് അടക്കം പറഞ്ഞു.. എനിക്കു സുധാകരനോട് വലിയ കൃതജ്ഞതയുണ്ട് ! കവി എന്താണ് ഉദ്ദേശിച്ചതെന്ന് ആദ്യം പിടികിട്ടിയില്ല. പിന്നെയാണറിഞ്ഞത് സ്വാഗത പ്രസംഗത്തിനു സുധാകരൻ പകരം പറഞ്ഞതു മുഴുവൻ കൃതജ്ഞതയാണെന്ന് !അതാണ് കോളജിന്റെ ജൂബിലി യാത്രയുടെ ഓർമ. ജൂബിലി നവപ്രഭയോടൊപ്പമുള്ള ഒരു ആകാശയാത്രയുടെ ഓർമയാണ് അടുത്തത്. ഗൾഫിൽ ജോലി ചെയ്യുന്ന മകനെ കാണാൻ പോയി ഫ്ളൈറ്റിൽ മടങ്ങി വരികയായിരുന്നു. ഭാര്യ ജൂബിലി നവപ്രഭയും കൂടെയുണ്ട്. പതിവുപോലെ മുണ്ടും ഷർട്ടുമായിരുന്നു സുധാകരന്റെ വേഷം. വിമാനത്തിൽ ഏറ്റവും പിൻഭാഗത്താണ് ശുചിമുറി. അങ്ങോട്ടു പോകുമ്പോൾ എയർ ഹോസ്റ്റസ് തടഞ്ഞു.. വെയർ ഈസ് യുവർ പാൻ്റ്സ്. ?ഐ ഹാവ് നോ പാന്റ്സ് എന്നു സുധാകരന്റെ മറുപടി.

പാന്റില്ലാതെ ഈ വിമാനത്തിൽ യാത്ര ചെയ്യാൻ പറ്റില്ല. ഇപ്പോൾ ഇറങ്ങണം എന്നായി മുട്ടിനു മുകളിൽ പാവാടയിട്ട വിമാനത്തിലെ പെൺകൊടിയുടെ ഓർഡർ. അറബിക്കടലിന്റെ മുകളിലൂടെ പറക്കുകയാണ് വിമാനം. എങ്ങോട്ട് ഇറങ്ങാനാണ് ! സുധാകരനു ദേഷ്യം വന്നു. യഥാർഥ കമ്യൂണിസ്റ്റായ എനിക്ക് ഡ്രസ്കോഡ് നിർദേശിക്കാൻ നീ ഏതു നാട്ടുകാരിയാണ് ? അമേരിക്കക്കാരിയാണോ ? എന്നായി സുധാകരന്റെ ചോദ്യം. അല്ല, പലസ്തീൻ എന്ന് എയർഹോസ്റ്റസ്. ഹേ, യുവതീ, നിന്നെക്കുറിച്ചോർത്ത് എനിക്ക് ലജ്ജ തോന്നുന്നു എന്നു പറഞ്ഞിട്ട് പലസ്തീന്റെ മഹത്തായ പൈതൃകത്തെക്കുറിച്ചും അവിടത്തെ പാരമ്പര്യ വേഷങ്ങളെക്കുറിച്ചും വിശദമായി പറഞ്ഞു കൊടുത്തു സുധാകരൻ.

ഭൂമധ്യരേഖയ്ക്ക് മുകളിലൂടെ ചരിത്രബോധമില്ലാതെ പറന്നു നടക്കുന്ന എയർഹോസ്റ്റസിന്റെ കാറ്റുപോയി !അന്ന് എംഎൽഎ ആണ് സുധാകരൻ. ആ വിമാനത്തിൽ നിറയെ മലയാളികൾ ആയിരുന്നു. മലയാളക്കരയുള്ള മുണ്ട് തർക്കവിഷയമായിട്ടും ഒരാൾ പോലും ഇടപെടുകയോ സഹായിക്കുകയോ ചെയ്തില്ലെന്ന സങ്കടം ഇപ്പോഴുമുണ്ട് സുധാകരന്റെ മനസ്സിൽ. ഇതാണ് മലയാളികളുടെ വർഗബോധം എന്ന് അന്നു മനസ്സിലായി. ഇന്ത്യാ – ചൈനാ അതിർത്തിയിലെ നാഥുലാ പാസിൽ കൊടുംമഞ്ഞുകാലത്തു പോയപ്പോൾ പോലും മുണ്ടുടുത്താണ് നടന്നത്. ഒരു ചെരുപ്പു വാങ്ങിയാൽ മൂന്നര വർഷം ഇടും. ഒന്നര വർഷം കൂടിയേയുള്ളു ഒരു സർക്കാരിനു പോലും കാലാവധി. അത്രേം സിംപിളായ നേതാവിനോടാണ് എയർഹോസ്റ്റസിന്റെ ജാട ! നടന്നതു തന്നെ !

Your Rating: