Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചിരിയുടെ (ജ)ഗതി മാറ്റിയ യാത്ര !

Jagathy Sreekumar

ഷൂട്ടിങ് കഴിഞ്ഞ് കാറിൽ മടങ്ങുകയായിരുന്നു സിനിമക്കാരുടെ ആ സംഘം.ജഗതിയുണ്ട്, ശങ്കരാടിയുണ്ട്, ഒടുവിൽ ഉണ്ണിക്കൃഷ്ണനുമുണ്ട്. യാത്രയ്ക്കിടെ കാർ നിർത്തി. റോഡിന്റെ ഇരുവശവും കണ്ണെത്താ ദൂരത്തോളം വയലുകളാണ്. സന്ധ്യാസമയം. വയലുകളിൽ ഇരുൾ വീഴാൻ തുടങ്ങുന്നു.

ഒടുവിൽ ഉണ്ണിക്കൃഷ്ണൻ അവിടെയിറങ്ങി. നേർരേഖ പോലെ നീളുന്ന വയൽ വരമ്പുകളിലൂടെ ദൂരേയ്ക്കു നടന്നു. കുറെ കഴിഞ്ഞപ്പോൾ അദ്ദേഹത്തെ കാണാതായി. ജഗതി പറഞ്ഞു : ഈ വയലുകൾ തീരുന്നിടത്ത് ഭൂമി അവസാനിക്കുകയാണ്. അവിടെയാണ് ഉണ്ണിക്കൃഷ്ണേട്ടന്റെ വീട്. അതിനപ്പുറം ചൊവ്വാഗ്രഹമാണ്. അതുകൊണ്ടാണ് ഉണ്ണിക്കൃഷ്ണേട്ടന്റെ വീടിന് ഒടുവിൽ എന്ന പേരിട്ടത്. എല്ലാവരും ചിരിച്ചു.

ഉണ്ണിക്കൃഷ്ണേട്ടൻ എവിടെയെങ്കിലും ആദ്യമെത്തിയാൽ എല്ലാവരും പറയും : പേരിൽ ഒടുവിലാണെങ്കിലും ഷൂട്ടിങ്ങിന് ആദ്യമേ വന്നല്ലോ ! ഒരുമിനിറ്റ് വൈകിപ്പോയാൽ പറയും : പേരു പോലെ തന്നെ, ഒടുവിലേ വരൂ.ഇങ്ങനെ ഒടുവിൽക്കഥകളുമായി കാർ മുന്നോട്ടു നീങ്ങി.

ഇത്തരം ഒരായിരം കഥകളുടെ കൂടാരമായിരുന്നു ജഗതി ശ്രീകുമാർ.ഇക്കഥകളിലെ നായകൻ ഒടുവിൽ ഉണ്ണിക്കൃഷ്ണൻ ഇപ്പോഴില്ല. കേട്ടിരുന്ന ശങ്കരാടിയുമില്ല. മരണത്തിന് തൊട്ടടുത്തെത്തിയ വാഹനാപകടത്തിൽ നിന്ന് ജീവിതത്തിലേക്ക് മെല്ലെ മടങ്ങി വരുന്ന ജഗതിയുടെ ഓർമച്ചെപ്പിൽ കഥകൾ ഇപ്പോൾ ബാക്കിയുണ്ടാകുമോ?

അപകടത്തെത്തുടർന്ന് പപ്പയുടെ വലതു വശം ഇപ്പോഴും പൂർണമായി തളർന്നിരിക്കുകയാണ്. ഇടതു കൈ ചലിപ്പിക്കും. പരിചയമുള്ളവരെ കണ്ടാൽ അവരുടെ കൈയിൽ ഇടതുകൈ കൊണ്ടു തൊടും. ചിരിക്കും — ജഗതിയുടെ മകൾ പാർവതിയുടെ ഭർത്താവും യുവ രാഷ്ട്രീയ നേതാവുമായ ഷോൺ ജോർജ് പറയുന്നു. ഇടയ്ക്കിടെ സിനിമകൾ കാണും. രാവിലെ പത്രം കിട്ടിയാൽ പേജുകൾ മറിച്ചു മറിച്ചു നോക്കും. സഹായികളുടെ കൈകളിൽത്താങ്ങി അൽപം നടക്കും.

ജഗതി ഇപ്പോഴും തിരുവനന്തപുരം നഗരത്തിലൂടെ യാത്ര ചെയ്യാറുണ്ട്. ഷോണിന്റെ സ്കോർപിയോയുടെ മുൻസീറ്റിൽ ഇരുന്നാണ് യാത്ര. ആളുകൾ കണ്ട് തിരിച്ചറിയാതിരിക്കാൻ വിൻഡ് സ്ക്രീനും കൂളിങ് ഗ്ലാസും ഉപയോഗിക്കുമെന്നു മാത്രം.സെക്രട്ടേറിയറ്റും പത്മനാഭ സ്വാമി ക്ഷേത്രവും പുത്തരിക്കണ്ടം മൈതാനവും ചാലയുമൊക്കെ ജഗതി വണ്ടിയിലിരുന്നു കാണും.

ജഗതിക്ക് അടുപ്പമുള്ള കുറെ സ്ഥലങ്ങളുണ്ട് തിരുവനന്തപുരത്ത്. തറവാടു സ്ഥിതി ചെയ്യുന്ന ജഗതിയെന്ന പ്രദേശം, സ്മോൾ കഴിക്കാനെത്തിയിരുന്ന അമൃത ബാർ, വീട്ടുകാരുമൊത്ത് “ഭക്ഷണം കഴിക്കാൻ പോകുന്ന മസ്കറ്റ് ഹോട്ടൽ... ഇങ്ങനെ കുറെ ഇഷ്ടസങ്കേതങ്ങൾ.. അവയുടെ മുന്നിലെത്തുമ്പോൾ ഷോൺ വണ്ടി മെല്ലെ നിർത്തും. ജഗതി അവിടേയ്ക്ക് ശ്രദ്ധിച്ചു നോക്കും. പിന്നെ തല കുനിച്ചിരിക്കും. വണ്ടി ആ സ്ഥലത്തു നിന്നു നീങ്ങും വരെ തല ഉയർത്തുകയേയില്ല. എന്തായിരിക്കും ആ മനസ്സിൽ, സങ്കടമോ ? അതോ നിസ്സംഗതയോ ?

നവരസങ്ങൾക്കപ്പുറം പത്താമത്തെ രസം കൂടി പ്രതിഫലിച്ചിരുന്ന ആ മുഖത്ത് ഇനിയും ഭാവങ്ങൾ തെളിയാൻ തുടങ്ങിയിട്ടില്ല. പാട്ടുകൾ ഇഷ്ടമാണ്. വണ്ടിയിൽ യാത്ര ചെയ്യുമ്പോൾ ഗസലുകൾ കേൾക്കാനാണ് ഇഷ്ടം. ഇടതു കൈയിൽ റിമോട്ട് വച്ചു കൊടുത്താൽ ഇഷ്ടമില്ലാത്ത പാട്ടുകൾ വരുമ്പോൾ മാറ്റാൻ ശ്രമിക്കും. അല്ലിയാമ്പൽ കടവു പോലെ പ്രിയപ്പെട്ട പാട്ടുകൾ കേട്ടാൽ ഈണത്തിനൊപ്പിച്ച് മൂളും.

എത്രയോ സിനിമകളിൽ ഡ്രൈവറായി അഭിനയിച്ചിട്ടുള്ള ജഗതിക്ക് ഡ്രൈവിങ് ഒരിക്കലും ഹരമായിരുന്നില്ല. പരമാവധി അത് ഒഴിവാക്കാനായിരുന്നു ശ്രമം. തിരക്കിട്ട ജീവിതത്തിനിടയിൽ ഉറങ്ങാനുള്ള ഒരിടമായിരുന്നു ജഗതിക്ക് വാഹനങ്ങൾ. കോഴിക്കോട്ട് അന്ന് പുലർച്ചെ അപകടമുണ്ടായപ്പോഴും ജഗതി ഉറക്കത്തിലായിരുന്നു. ജീവിതം ഇരുളിലാക്കിയ ആ പുലരി ജഗതിയുടെ ഓർമയിലുണ്ടാവുമോ എന്നെങ്കിലും ?

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.