Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹൃദയത്തിൻ മധുപാത്രം നിറയുന്നു സഖി.. !

ഹൃദയത്തിൻ മധുപാത്രം നിറയുന്നു സഖി.. !

ദുബായ്യിലെ മണൽക്കാടുകൾക്കു നടുവിnൽ പണ്ടെങ്ങോ വറ്റിയ പുഴകളുടെ ഓർമ പോലെ നീണ്ട റോഡുകൾ. അവയിലൂടെ കാറിൽ യാത്ര ചെയ്യുമ്പോൾ സംഗീത സംവിധായകൻ എം. ജയചന്ദ്രൻ കേൾക്കാൻ കൊതിക്കുന്ന ഒരു പാട്ടുണ്ട്: ഒരു വട്ടം കൂടിയെന്നോർമകൾ മേയുന്ന തിരുമുറ്റത്ത് എത്തുവാൻ മോഹം.

ദാസേട്ടൻ പാടിയ ഈ പാട്ടു കേട്ടാൽ എത്രയും പെട്ടെന്ന് നാട്ടിലെത്താൻ മോഹം തോന്നും !

അപ്പോഴേക്കും അതാ വരുന്നു വെറുതെ ഈ മോഹങ്ങൾ എന്നറിയുമ്പോഴും വെറുതെ മോഹിക്കുവാൻ മോഹ”മെന്ന്...

നിലാവു കാണാൻ ഏറ്റവും പറ്റിയ ഇടം യുഎഇയിലെ റോഡുകളാണെന്ന് എം. ജയചന്ദ്രൻ പറയുന്നു. പൂർണചന്ദ്രൻ വണ്ടിയോടൊപ്പം ഓടിക്കളിക്കാൻ വരും. നിലാവിനെ ഇരുവശങ്ങളിലേക്കു വകഞ്ഞുമാറ്റി യാത്ര ചെയ്യുമ്പോൾ ഇന്ദുലേഖ കൺ തുറന്നു, ഇന്നു രാവും സാന്ദ്രമായി എന്ന പാട്ട് സ്വയം മറന്ന് ഉറക്കെ പാടാറുണ്ട് ജയചന്ദ്രൻ.

ചന്ദ്രികയിൽ അലിയുന്നു ചന്ദ്രകാന്തം എന്ന പാട്ടും ചന്ദ്രന്റെ പ്രഭയിൽ ചന്ദനമഴയിൽ എന്ന പാട്ടും ഇത്തരം രാത്രിയാത്രകളിൽ കേൾക്കാൻ എന്തു രസം !

ചുട്ടുപൊള്ളുന്ന വേനലിൽ നാട്ടിലൂടെ സഞ്ചരിക്കുമ്പോൾ ജയചന്ദ്രൻ പതിവായി കേൾക്കുന്ന ഒരു പാട്ടുണ്ട് — ഒരു രാത്രി കൂടി വിടവാങ്ങവേ.. ഒരു കാറ്റുമൂളി വെയിൽ വീഴവേ.. അഴകിന്റെ തൂവലാണ് നീ എന്ന് ഒടുവിൽ ദാസേട്ടൻ പാടുന്നതു കേൾക്കുമ്പോൾ പുറത്തെ ചൂടിലും ഉള്ളിൽ വല്ലാത്ത തണുപ്പ് ഫീൽചെയ്യും.

രാത്രിയിൽ തനിയെ കാറോടിക്കുമ്പോൾ ഇതേ പാട്ടുതന്നെ ഒന്നു കേട്ടു നോക്കൂ. ജീവിതത്തിൽനിന്ന് ദിവസങ്ങൾ ഓരോന്നായി തീർന്നു പോകുന്നതിൽ സങ്കടംതോന്നും.

യാത്രകളിൽ കേൾക്കാൻ ഇഷ്ടമുള്ള പാട്ടുകളെപ്പറ്റി ചോദിച്ചപ്പോൾ ജയചന്ദ്രൻ ഒരു പഴയ കഥ ഓർമിച്ചു. വർഷങ്ങൾക്കുമുമ്പാണ്. ഉച്ചയ്ക്കു തിരുവനന്തപുരത്തു നിന്നു പുറപ്പെടുന്ന മദ്രാസ് മെയിലിന്റെ സെക്കൻഡ് ക്ലാസ് കംപാർട്മെന്റിൽ ഒരു വോക്മാനുമായി കയറുമായിരുന്നു എം. ജയചന്ദ്രനെന്ന ചെറുപ്പക്കാരൻ.

കൈയിൽ ഒരു കസെറ്റേയുള്ളൂ. അതിൽ ഉണ്ണികളേ, ഒരു കഥ പറയാം.. ഈ പുല്ലാങ്കുഴലിൻ കഥ പറയാം എന്ന പാട്ട്.

അതിങ്ങനെ പിന്നെയും പിന്നെയും റിവൈൻഡ് ചെയ്ത് കേൾക്കും. പിറ്റേന്നു രാവിലെ എട്ടുമണിക്ക് ചെന്നൈയിൽ ചെന്നിറങ്ങുന്നതിനിടെ ആ പാട്ട് എത്ര തവണ കേട്ടു എന്നറിയില്ല. കുറെ പാടിക്കഴിയുമ്പോൾ വോക്മാന്റെ ജീവൻ പോകും, ബാറ്ററി മാറ്റിയിടും. യേശുദാസ് അതേ പാട്ടുതന്നെ ജയചന്ദ്രനുവേണ്ടി വീണ്ടും പാടും.

യാത്രകളിൽ ഇഷ്ടമുള്ള പാട്ടുകൾ പിന്നെയും പിന്നെയും കേൾക്കുന്നത് ജയചന്ദ്രന്റെ ഇഷ്ടങ്ങളിലൊന്നാണ്.

തനിയെ ഡ്രൈവ് ചെയ്താൽ അരമണിക്കൂർ കഴിയുമ്പോൾ ജയചന്ദ്രന് ഉറക്കം വരും. അതിൽ നിന്നു രക്ഷപ്പെടാൻ നല്ല ടെംപോ ഉള്ള പാട്ട് ഉച്ചത്തിൽ വയ്ക്കാറുണ്ട്.

യേ.. ദോസ്ത്ഗി, ഹം നഹീ ഝോഡെംഗേ.. എന്നൊക്കെയുള്ള പാട്ട് ഉറക്കെ കേട്ടാൽ കാറിലായാലും കുതിരപ്പുറത്ത് യാത്ര ചെയ്യുന്നതുപോലെ തോന്നുമെന്ന് ജയചന്ദ്രൻ പറയുന്നത് നമ്മുടെ റോഡിലെ ഗട്ടറുകളെപ്പറ്റി സൂചിപ്പിക്കാനല്ല.

തിരുവനന്തപുരത്തുള്ളപ്പോൾ അതിരാവിലെ ഉണർന്ന് തേച്ചുകുളിക്കാൻ പോകുന്ന പതിവുണ്ട് ജയചന്ദ്രന്.

ഒരു യുഗം തൊഴുതാലും തീരാത്ത ദുരിതങ്ങൾ മകം തൊഴുതാൽ അന്ന് തീരും എന്ന ഭക്തിഗാനമാണ് അത്തരം യാത്രകളിൽ കേൾക്കാറുള്ളത്. പ്രകൃതിയും മനസ്സും ദൈവത്തോടു ചേർന്നിരിക്കുന്ന പ്രാർഥനാവേളകളാണ് സന്ധ്യകൾ. കീർത്തനങ്ങൾ കേൾക്കാൻ എന്തു സുഖം !

ജയചന്ദ്രന്റെ ഭാര്യ പ്രിയയ്ക്ക് ഫോണിലും കാറിലും കേൾക്കാൻ ഇഷ്ടമുള്ള പാട്ട് ഇതൊന്നുമല്ല; ഹൃദയത്തിൻ മധുപാത്രം നിറയുന്നു സഖി നീയെൻ ഋതുദേവതയായ് അരികിൽ നിൽപ്പൂ...

ഈ പാട്ട് പ്രിയതമൻ കംപോസുചെയ്യുമ്പോൾ തന്റെ മുഖവും മനസ്സിലുണ്ടായിരുന്നു എന്നു ജയചന്ദ്രന്റെ പ്രിയ കരുതുന്നു.

ചെന്നൈയിലെ കൊടുംതിരക്കുള്ള റോഡുകളിൽ ട്രാഫിക് ബ്ലോക്കുകൾക്കിടയിൽപ്പെട്ടു കിടക്കുന്ന ഒരു കാറിനുള്ളിലിരുന്നാണ് മലയാളത്തിന്റെ പ്രിയ ഗായിക പാട്ടു പഠിക്കുന്നതെന്ന് അറിയാമോ!

അതു കേൾക്കാൻ ഭാഗ്യം ഒരേയൊരാൾക്കു മാത്രം — സുജാതയുടെ ഡ്രൈവർ ഏഴുമലയ്ക്ക്.

സുജാതയുടെ ഐഫോണിൽ തംബുരുവിന്റെ ശ്രുതിയുണ്ട്. റെക്കോർഡിംഗിനുള്ള പാട്ടുകൾ പ്രാക്ടീസ് ചെയ്യുന്നത് സ്റ്റുഡിയോയിലേക്കുള്ള കാർ യാത്രയ്ക്കിടെയാണ്. ട്രാഫിക് ബ്ലോക്കുണ്ടായാൽ കൂടുതൽ നേരം പ്രാക്ടീസ് ചെയ്യാം ! ചില നേരങ്ങളിൽ ഇഷ്ടമുള്ള പാട്ടുകൾ വെറുതെ പാടും. മറ്റു ചിലപ്പോൾ എഫ്എം പാട്ടുകൾക്കു കാതോർക്കും.

ഇതൊക്കെ പ്രശസ്തരുടെ പാട്ടിഷ്ടങ്ങൾ.

ഇനി സാധാരണക്കാരുടെ കാര്യമോ ! ഒരു പാലാക്കാരൻ റബർ വ്യാപാരി പുത്തൻ ഹോണ്ടാ സിറ്റി കാർ വെഞ്ചരിക്കാനായി ഒരു ഞായറാഴ്ച പള്ളിയിലെത്തി.

വെഞ്ചരിപ്പ് കഴിഞ്ഞപ്പോൾ വ്യാപാരി വൈദികനെ സമീപിച്ചു.

പുതിയ കാറുമായി അയാളുടെ മകൻ ഫ്രണ്ട്സിനെയും കൂട്ടി ഒരു ലോങ് ട്രിപ്പിനു പോവുകയാണ്. യാത്രയ്ക്കിടയിൽ അവന് വണ്ടിയിൽ കേൾക്കാൻ പറ്റിയ ഒന്നോ രണ്ടോ നല്ല പാട്ട് കൊടുത്തുവിടണമെന്ന് വ്യാപാരിക്ക് ആഗ്രഹം. ഭക്തിഗാനങ്ങൾ പയ്യൻസ് സ്വീകരിക്കില്ല. നല്ല താളവും ഇടിപ്പുമൊക്കെയുള്ള പാട്ട് വേണം.

ഇവിടെയാണ് അച്ചന്റെ സഹായം തേടിയത്.

നല്ല പാട്ടായിരിക്കണം. എന്നാൽ കേൾക്കുമ്പോൾ അൽപം ദൈവഭയമൊക്കെ വരണം. ഓവർസ്പീഡ് അരുത്., ട്രാഫിക് നിയമങ്ങൾ തെറ്റിക്കരുത്, സൂക്ഷിച്ച് ഡ്രൈവ് ചെയ്യണം എന്നൊക്കെ തോന്നണം. രണ്ടു പെഗ് വീശിയിട്ട് വണ്ടി ഓടിക്കാൻ തോന്നുകയുമരുത്. അതിനു പറ്റിയ ഒരു പാട്ട് അച്ചൻ സെലക്ട് ചെയ്യണം.

അച്ചൻ രണ്ടു മിനിറ്റ് ആലോചിച്ചിട്ട് ഒരു സിഡി എടുത്തു വ്യാപാരിക്കു കൊടുത്തു.

പള്ളിയിൽ നിന്നു മടങ്ങുമ്പോൾ പയ്യൻസ് ആ പാട്ട് വച്ചു നോക്കി:

സമയമാം രഥത്തിൽ ഞാൻ സ്വർഗ യാത്ര ചെയ്യുന്നു.

എൻ സ്വദേശം കാൺമതിന്നായ് ഞാൻ തനിയെ പോകുന്നു !