Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹൗ ബോൾഡ് ആർ യു !

ഹൗ ബോൾഡ് ആർ യു !

പുള്ളിൽ നിന്ന് അന്തിക്കാട്ടേക്ക് പച്ച നിറമുള്ള നാട്ടുവഴി !

ആ നാട്ടുവഴിയിലൂടെ നേരംവെളുക്കുംമുമ്പ് തുടർച്ചയായി ഹോണടിച്ചു കൊണ്ട് കാറോടിച്ചിരുന്നത് ഒരൂ പൂമ്പാറ്റയാണ് !പുള്ളിലെ പൂമ്പാറ്റ ! മഞ്ജു വാരിയർ !

തൃശൂരിലെ നെല്ലു വിളയുന്ന കോൾപ്പാടങ്ങളുടെ നടുവിലെ പച്ചത്തുരുത്താണ് പുള്ള്.മഞ്ജു വാരിയരുടെ നാട്.

പുള്ളിൽ നിന്ന് പാടങ്ങൾക്കുനടുവിലൂടെ അന്തിക്കാട്ടേക്ക് ബസ് ഓടാത്ത നാട്ടുവഴി. മഞ്ജു ഡ്രൈവിങ് പഠിച്ചത് വളഞ്ഞ വര പോലുള്ള ഈ വഴിയിലാണ്.

ഒരു തണുത്ത വെളുപ്പാൻകാലത്ത് സംവിധായകൻ സത്യൻ അന്തിക്കാടിന് മഞ്ജുവിന്റെ ഫോൺ : സത്യനങ്കിളിന്റെ വീടിനു മുന്നിൽ അഞ്ചു സൈക്കിൾ ഇരിക്കുന്നല്ലോ !വീട്ടിൽ എല്ലാവരും ഇപ്പോൾ സൈക്കിളിലാണോ യാത്ര ചെയ്യുന്നെ !

സത്യനും ഭാര്യ നിമ്മിയും മൂന്നു മക്കളും ചേർന്ന് വീട്ടിൽ അഞ്ചു പേർ ! വീട്ടുമുറ്റത്ത് അഞ്ചു സൈക്കിൾ ! മക്കളുടെ കൂട്ടുകാർ ആരോ കൊണ്ടു വച്ചതാണ്.

പക്ഷേ നേരം വെളുക്കുന്നതിനു മുമ്പ് മഞ്ജു എങ്ങനെ സൈക്കിൾ കണ്ടു ?

മഞ്ജു പറഞ്ഞു : ഞാൻ കാറോടിക്കാൻ തുടങ്ങി. അച്ഛന്റെ കൂടെ രാവിലെ ഡ്രൈവിങ് പഠിക്കാൻ വരുന്നത് സത്യൻ അങ്കിളിന്റെ വീടിനു മുന്നിലൂടെയാണ്.

സത്യൻ സംവിധാനം ചെയ്ത തൂവൽക്കൊട്ടാരം എന്ന സിനിമ റിലീസ് ചെയ്ത സമയത്തെ കഥയാണിത്.തൂവൽക്കൊട്ടാരത്തിൽ മഞ്ജു കാർ ഓടിക്കുന്ന കുറെ സീനുകൾ ഉണ്ട്.നായകൻ ജയറാമിന്റെ രംഗപ്രവേശം തന്നെമഞ്ജു ഓടിക്കുന്ന കാർ ജയറാമിന്റെ സൈക്കിളിൽ ഇടിച്ച് ജയറാം തെറിച്ചുപോകുന്നതോടെയാണ്.

തൂവൽക്കൊട്ടാരം ഷൂട്ട് ചെയ്യുന്ന സമയത്ത് മഞ്ജു ഒന്നു ചമ്മി — ഡ്രൈവിങ് അറിയില്ല. ജയറാമിനെ ഇടിച്ചു തെറിപ്പിക്കുകയുംവേണം.

ജയറാമിന്റെ ജീവൻ വച്ചുള്ള കളിയായതിനാൽ റിസ്ക് എടുക്കാൻ സത്യൻ തയാറായില്ല.

മഞ്ജു ഡ്രൈവിങ് സീറ്റിൽ ചുമ്മാതെ ഇരിക്കുന്നു, സ്റ്റാർട്ട് ചെയ്ത് ഗിയർ മാറ്റി ഓടിക്കുന്നതുപോലെ ഭാവിക്കുന്നു. ലൊക്കേഷനിലെ ആളുകൾ പിന്നിൽ നിന്ന് കാർ തള്ളുന്നു. അങ്ങനെയായിരുന്നു ഷൂട്ടിങ്.

അടുത്ത സിനിമയ്ക്കു മുമ്പേ മഞ്ജു ഡ്രൈവിങ് പഠിച്ചു. സത്യൻ അന്തിക്കാടിന്റെ വീടിനു മുന്നിലെ റോഡിലൂടെത്തന്നെ.

അതാണ് മഞ്ജു വാരിയർ— സത്യൻ പറയുന്നു — ഒരു കാര്യം തീരുമാനിച്ചാൽ അതു സാധിച്ചിരിക്കും !

പടക്കം പൊട്ടുന്നത് മഞ്ജുവിന് ഭയങ്കര പേടിയാണ്. എന്നാലും പൊട്ടിച്ചേ തീരു എന്നു വാശി.ഷൂട്ടിങ് സെറ്റിലെ നാഗ്രയുടെ വലിയ ഹെഡ്ഫോൺ ചെവിയിൽ ചേർത്ത് വച്ച് പടക്കം പൊട്ടിക്കും. അപ്പോൾ ഠോ എന്ന ശബ്ദം ഡോ എന്നു ചെറുതായേ കേൾക്കൂ.പൊട്ടിച്ചെന്ന സന്തോഷവുമായി.

ഹൗ ഓൾഡ് ആർ യു റിലീസ് ചെയ്യുന്നതിനു രണ്ടു ദിവസം മുമ്പ്, സത്യന്റെ മകൻ അരുണിന്റെ വിവാഹത്തിന്റെ തലേ ദിവസം അന്തിക്കാട്ടെ വീട്ടുമുറ്റത്തേക്ക് ഒരു ചുവന്ന സ്വിഫ്റ്റ് സോഫ്റ്റായി ഒഴുകി വന്നു നിന്നു.

ഡ്രൈവിങ് സീറ്റിൽ നിന്ന് ഇറങ്ങിയത് മഞ്ജു വാരിയർ !

സത്യൻ അതിശയിച്ചു: ദൈവമേ, തനിയെ ഓടിക്കാനും തുടങ്ങിയോ ?

മഞ്ജു ചിരിച്ചു :ലൈസൻസും എടുത്തു.

തൂവൽക്കൊട്ടാരത്തിന്റെ ഷൂട്ടിങ് സമയത്ത് അൽപം നിർബന്ധിച്ചിരുന്നെങ്കിൽ അന്നേ മഞ്ജു ഡ്രൈവിങ് പഠിച്ച് കാറിനു പകരം ലോറി തന്നെ ഓടിച്ചേനെ എന്നു സത്യനു തോന്നി.

സംസ്ഥാന സർക്കാർ കേരളത്തിലെ സ്ത്രീകൾക്കായി നടപ്പാക്കുന്ന ഷി ടാക്സിയുടെ ഔദ്യോഗിക മുഖശ്രീയാണ് മഞ്ജു വാരിയർ.

സ്ത്രീകൾ ഓടിക്കുന്ന വണ്ടി കണ്ടാൽ നമ്മുടെ നാട്ടിലെ പുരുഷ ഡ്രൈവർമാർക്ക് ചെറിയ പുച്ഛം ഉണ്ട് ! ഇതിനൊരു മറുപടി കൊടുക്കാൻ കാത്തിരിക്കുകയായിരുന്നു മലയാളി പെൺകുട്ടികൾ.

അപ്പോഴാണ് ഷി ടാക്സിയും ഓടിച്ച് മഞ്ജു വാരിയരുടെ വരവ് !

മഞ്ജു, ഹൗ ബോൾഡ് ആർ യു !

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.