Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാറുകളുടെ മുട്ടൻ തമ്പുരാൻ

കാറുകളുടെ മുട്ടൻ തമ്പുരാൻ മനോജ് കെ ജയൻ

മനോജ് കെ. ജയൻഒരു സിനിമയിലും നായികയെ ബൈക്കിൽ കൊണ്ടുപോവാറില്ല ! പ്രിഡിഗ്രിക്കു പഠിക്കുമ്പോൾ ബൈക്കിനോടു പിണങ്ങിയതാണ്. കോളജിൽ പഠിക്കുമ്പോൾ കൂട്ടുകാർക്കെല്ലാം ബൈക്ക് ഉണ്ടായിരുന്നു. അവർ ഓടിക്കുന്ന യെസ്ഡിയുടെയും ബുള്ളറ്റിന്റെയുമൊക്കെ പിന്നിൽ ഇരുന്ന് ചുറ്റിക്കറങ്ങുന്നതിനിടെ ഒരു ദിവസം എല്ലാവരൂം കൂടി നിർബന്ധിച്ച് മനോജിനെ ഒരു യെസ്ഡിയിൽ കയറ്റി. ഓടിക്കുന്നതിനിടെ ബൈക്ക് മറിഞ്ഞു. മനോജിന്റെയും ബൈക്കിന്റെയും പെയിന്റ് പോയി.ബൈക്കിന്റെ ഉടമയായ സുഹൃത്തിന്റെ മുഖം കറുത്ത പെയ്ന്റടിച്ചതുപോലെ..

മനോജിന്റെ കൈയും കാലുംഒക്കെ മുറിഞ്ഞ് ചോരയൊലിക്കുന്നുണ്ട്.അത് ആരും മൈൻഡ് ചെയ്യുന്നില്ല. എല്ലാവരുടെയും ചർച്ച ബൈക്കിനെപ്പറ്റിയാണ്. മറിഞ്ഞു കിടന്ന ബൈക്ക് നിവർത്തി വയ്ക്കാൻ പോലും നിൽക്കാതെ അപമാനിതനായി, വേദനയോടെ തിരിഞ്ഞു നടക്കുമ്പോൾ കുട്ടൻ തമ്പുരാൻ തീരുമാനിച്ചു : ഇനി ബൈക്കിൽ കയറില്ല. ഒരു കാർ വാങ്ങും. കാർ വാങ്ങിയത് കുറെ നാൾ കഴിഞ്ഞാണ്, ഒരു സെക്കൻഡ് ഹാൻഡ് ഫിയറ്റ്. അപ്പോഴേക്കും മനോജ് സിനിമയിൽ വന്നു. ഒരു സിനിമയ്ക്ക് 20,000 രൂപയൊക്കെ പ്രതിഫലം കിട്ടുന്ന സമയം.

ഫിയറ്റ് അന്ന് സൂപ്പർ സ്റ്റാർ ആണ്.യേശുദാസിന് ഫിയറ്റുണ്ട്. സത്യനും പ്രേംനസീറും മാത്രമല്ല, മമ്മൂട്ടിയും ഫിയറ്റ് ഓടിക്കുന്നു — രാശി കാർ എന്നാണ് സിനിമക്കാർക്കിടയിൽ ഫിയറ്റിന്റെ പേരുതന്നെ ! തുറവൂരിലെ ഒരു ഡോക്ടറുടെ കാർ ആണ് വാങ്ങിയത് — 38,500 രൂപ. ഡോക്ടർമാരുടെ കാറിന് വലിയ ഡിമാന്റ് ആണ്.കാരണം അവർ രോഗികളോട് എന്ന പോലെയാണ് കാറുകളോടും ഇടപെടുന്നത്. അധികം ജോലിയെടുപ്പിക്കില്ല. കുറച്ചേ ഓടിയിട്ടുണ്ടാകൂ.

ഫിയറ്റുമായി കോട്ടയത്തു വന്നു. ബൈക്കിൽ നിന്നു വീണപ്പോൾ കളിയാക്കിയ എല്ലാവരുടെയും മുന്നിലൂടെ ഹോണടിച്ചുകൊണ്ട് ഓടിച്ചു ! 1992 ആയപ്പോഴേക്കും സർഗം സിനിമ വന്നു. മനോജ് കെ. ജയൻ കുട്ടൻ തമ്പുരാനായി.സർഗം അമ്പതു ദിവസം തികച്ചപ്പോൾ മനോജ് അടുത്ത രാശി കാർ വാങ്ങി. 1966 മോഡൽ ടൊയോട്ട കൊറോള. അതൊരു അത്ഭുത കാർ ആണ്. കുറ്റൂക്കാരൻ ഗ്രൂപ്പിലെ പോളേട്ടന്റെ വണ്ടി ! അതിന്റെ നാൽപതാമത്തെ ഉടമയായിരുന്നു മനോജ് കെ. ജയൻ.

പിന്നെ പുതിയ വാഹനങ്ങളിൽ നിന്ന് മനോജ് കെ. ജയൻ ഇറങ്ങിയിട്ടേയില്ല. 1994ൽ മാരുതി 1000, 96ൽ ഫോർഡ് എസ്കോർട്ട്. രണ്ടു വർഷത്തിൽക്കൂടുതൽ ഒരു വണ്ടി പോലും ഉപയോഗിക്കാറില്ല. സമ്മാനം എന്ന സിനിമയുടെ സെറ്റിൽ മനോജ് കെ. ജയൻ ചെല്ലുന്നത് പുതിയ ഫോർഡ് എസ്കോർട്ടുമായിട്ടാണ്. നായികയായ മഞ്ജു വാരിയർക്ക് ആ വണ്ടിയോട് ഒരിഷ്ടം. ആ വണ്ടിയിൽ യാത്ര ചെയ്യുന്ന ആദ്യ പെൺകുട്ടി മഞ്ജു വാരിയർ ആയിരുന്നു.അഞ്ചു മാസം കഴിഞ്ഞപ്പോൾ മഞ്ജുവും വാങ്ങി ഒരു ഫോർഡ് എസ്കോർട്ട് !

അപ്പോൾ മനോജ് കെ. ജയൻ ഹ്യൂണ്ടായ് സൊനാറ്റയിലേക്കു മാറി.കേരളത്തിലെ റോഡിലൂടെ ആദ്യമായി സൊനാറ്റ ഓടിക്കുന്നത് താനാണെന്ന് മനോജ് പറയും. ഹ്യൂണ്ടായ് ഷോറൂം അന്ന് ചെന്നൈയിലേ ഉള്ളൂ. കണ്ടപാടെ വാങ്ങി കേരളത്തിലേക്കു കൊണ്ടു വന്നു. പിന്നെ സാൻട്രോയും അക്സന്റും വന്നു. അന്നേരമാണ് ടൊയോട്ടയുടെ കേരളത്തിലേക്കുള്ള വരവ്. ക്വാളിസ് വന്നപാടെ സ്വന്തമാക്കി. അത് ഇന്നൊവ ആയ ഉടനെ അതും വാങ്ങി.

എൻഡവർ, ഹോണ്ട സിആർവി..ഇപ്പോൾ ബിഎംഡബ്ലിയു ഫൈവ് സീരിസ്. ഇപ്പോൾ ഒരു സുഹൃത്ത് വഴി ലംബോർഗ്നി ബുക്ക് ചെയ്തിട്ടുണ്ട്. വൈകാതെ വരും. സല്ലാപത്തിൽ റയിൽവേ ഗാർഡായി പച്ചക്കൊടിയും ചുവപ്പു കൊടിയും പിടിച്ച് അഭിനയിച്ച മനോജ് കെ. ജയൻ 15 വർഷമായി ട്രെയിനിൽ കയറിയിട്ടില്ല. കാറിൽ മാത്രമാണ് യാത്ര.

ഒരു സിനിമയിലും നായികയെ ബൈക്കിനു പിന്നിൽ വച്ച് പാട്ടു സീനിൽ അഭിനയിക്കാൻ പറ്റിയില്ല. അതിൽ ഒട്ടു സങ്കടവും ഇല്ല.സ്വന്തം സിനിമകളിൽ ബൈക്ക് ഉള്ള കഥാപാത്രം വരുമ്പോൾ മനോജ് സംവിധായകനോടും പറയും : എന്തിനാ ബൈക്ക് ? കാറല്ലേ സേഫ് ! എന്തായാലും ബൈക്കിനോട് പണ്ട് ദേഷ്യം തോന്നിയതുമൂലം കുട്ടൻ തമ്പുരാൻ കാറിന്റെ കൂട്ടുകാരനായി — ഉർവശീശാപം ഉപകാരമായെന്നു പറയുന്നതുപോലെ..!