Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടോഡി– തെങ്ങിന്ത്യയിലെ സൂപ്പർ താരം

rajinikanth

രജനീകാന്ത്‌ ഒരു കാന്തമാണ് ! ആരെയും തന്നിലേക്ക് ആകർഷിക്കുന്ന കാന്തം ! സൂപ്പർ സ്റ്റാർ രജനീകാന്തിനൊപ്പമുള്ള ഒരു കു‍ഞ്ഞുയാത്രയിൽ നിന്നുപോലും അത്തരമൊരു അനുഭവം പറയാനുണ്ടാകും പലർക്കും. രജനി നായകനായ തമിഴ് സിനിമ ആലപ്പുഴയിലെ ചെത്തി കടപ്പുറത്ത് ചിത്രീകരിക്കുമ്പോഴായിരുന്നു സംഭവം. നയൻതാര നായിക.രജനിക്ക് അന്ന് ഷൂട്ടില്ലെങ്കിലും അദ്ദേഹവും ലോക്കേഷനിലേക്കുള്ള വണ്ടിയിൽ കയറി. നാടു കാണാല്ലോ..

ഇന്നൊവയുടെ മുൻസീറ്റിൽ രജനി ഇരിക്കുന്നു. സംവിധായകൻ പി. വാസുവും പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് എ. കബീർ ആലപ്പുഴയും ഉൾപ്പെടെ വേറെ ആറു പേരുണ്ട് വണ്ടിയിൽ. ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടർ കൃഷ്ണനാണ് എല്ലാവരുടെയും ശ്രദ്ധാകേന്ദ്രം. 200 കിലോ തൂക്കമുള്ള ഭീമനാണ് അദ്ദേഹം. ബാക്ക് സീറ്റ് നിറഞ്ഞിരിക്കുകയാണ്.

നാട്ടുവഴിയിലൂടെ വണ്ടിയോടുമ്പോൾ വളവിൽ ഒരു വെളുത്ത ബോർഡു കണ്ടു. അതിൽ കുറെ പടങ്ങൾ കണ്ട് കൗതുകത്തോടെ രജനി പറഞ്ഞു.. വണ്ടി നിർത്ത്... ആട്, പോത്ത്, കാള, പന്നി, മുയൽ, ഇങ്ങനെ ഒരുവിധം എല്ലാ മൃഗങ്ങളുടെയും പക്ഷികളുടെയും പടം ഒട്ടിച്ചു വച്ചിട്ടുണ്ട്.

രജനികാന്ത് ചോദിച്ചു. ഇത് യെന്നാ ? സൂവാ..

മൃഗശാല അല്ല സാർ, ഇത് വന്ത് ടോഡി ഷോപ്പ്.

ടോഡിയാ, അതെന്നാ ? ഒന്നുമറിയാത്ത പോലെ രജനിയുടെ സംശയം.

പാലു പോലുള്ള ദ്രാവകമാണെന്നൊക്കെ വിശദീകരിച്ചു കഴിഞ്ഞപ്പോൾ രജനി ചോദിച്ചു.. ഇതു കുടിച്ചാൽ എന്താണ് ഗുണം ? വാസു പറഞ്ഞു.. നാക്കെല്ലാം കുഴയും, സംസാരം പാട്ടുപോലെയാകും, നടപ്പ് ഡാൻസ് പോലെയും..! രജനി ചിരിച്ചു. ഷൂട്ടിങ് സ്ഥലത്തെത്തിയപ്പോൾ രജനീ കബീറിനെ വിളിച്ചു രഹസ്യമായി ചോദിച്ചു: അന്ത ടോ‍ഡി കൊഞ്ചം കെടയ്ക്കുമാ.. ചോദിക്കുന്നത് തെന്നിന്ത്യയിലെ സൂപ്പർ താരമാണ്. ചെത്തിക്കടപ്പുറത്ത് ഉടനെയെത്തി അന്നേരം ചെത്തിയ മധുരക്കള്ള് ! രജനി അതിൽ നിന്ന് രണ്ടു ഗ്ളാസ് എടുത്ത് തടിയൻ കൃഷ്ണനു കൊടുത്തു... ഇത്ക്ക് എന്ന ഇഫക്ട് എന്ന് അറിയണമല്ലോ.. ! അൽപം കഴിഞ്ഞ് രജനി നിഷ്കളങ്കമായി സംവിധായകൻ വാസുവിന്റെ അടുത്തു ചെന്നു ചോദിച്ചു.. ഡയറക്ടർ സാർ, ഷൂട്ടിങ് സെറ്റിൽ കള്ളുകുടിച്ചു വരുന്നതു ശരിയാണോ?

കള്ളടിച്ചത് ആരായാലും അയാളെ ഉടനെ പുറത്താക്കുമെന്ന് സംവിധായകൻ. അതു കേട്ടതോടെ കൃഷ്ണൻ കരയാൻ തുടങ്ങി... കുഴിച്ചെങ്കിലും എനിക്കു കുടപ്പമൊന്നുമില്ല സാർ.. വെപ്രാളത്തിനിടെ കക്ഷിക്ക് അക്ഷരങ്ങൾ മാറിപ്പോയി...
രജനികാന്ത് പറഞ്ഞു.. നല്ല പൂസാണെന്നു തോന്നുന്നു... ഡാൻസുപോലെയാണ് ഡയലോഗ്...

കൃഷ്ണന്റെ ലഹരി മാറ്റാൻ എന്താണ് വഴി എന്നായി ആലോചന. മഴ നനഞ്ഞാൽ മതി എന്ന് ആരോ പറ‍ഞ്ഞു. എങ്കിൽ മഴ പെയ്യട്ടെ എന്നായി രജനിയുടെ കൽപന. നയൻസിന്റെ ഡാൻസിന് മഴ പെയ്യിക്കാൻ കൊണ്ടു വന്ന ഫയർ എൻജിനുണ്ട്. അങ്ങനെ മഴ പെയ്തു.

നനഞ്ഞിട്ടും കൃഷ്ണന്റെ കെട്ടു വിട്ടില്ലെന്നായി രജനി. ഇനിയെന്തു ചെയ്യും? മോര് കുടിച്ചാൽ കള്ളിറങ്ങുമെന്നു മറ്റൊരാൾ. മോരു വന്നു, എല്ലാവരും ചേർന്ന് കൃഷ്ണനെക്കൊണ്ട് മോരും കുടിപ്പിച്ചു. അന്നേരം രജനി രഹസ്യമായി പറഞ്ഞു.. എനിക്കും വേണം ഒരു സ്പൂൺ മോര്.. കൊഞ്ചം ടോഡി ഞാനും ടേസ്റ്റ് ചെയ്തു..! വെള്ളിത്തിരയിലേക്ക് ഹെലികോപ്റ്ററിൽ പറന്നിറങ്ങുന്ന സൂപ്പർ സ്റ്റാറാണ് രജനികാന്ത് !

മണ്ണിലിറങ്ങിയാൽ വെറും പച്ചമനുഷ്യനാണ് അദ്ദേഹമെന്ന് കബീർ പറയുന്നു. തമിഴ്, ഹിന്ദി സിനിമാ താരങ്ങളൊക്കെ നെടുമ്പാശേരിയിൽ വിമാനമിറങ്ങുന്നതിനൊപ്പം അവരുടെ വില കൂടിയ വണ്ടികളും കൂടെ വരും. ബെൻസും ബിഎംഡബ്ളിയുവും മിനി കൂപ്പറും കിട്ടിയില്ലെങ്കിൽ പലരുടെയും മുഖത്തെ ലൈറ്റ് മങ്ങും. അതോടെ ഷൂട്ടിങ് മുടങ്ങും. യാത്ര ചെയ്യാൻ ഒരു ഇന്നൊവ കിട്ടിയാൽ രജനി സാർ ഹാപ്പി.. !

Your Rating: