Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്റ്റാർ ഹോസ്റ്റസ് !

സ്റ്റാർ ഹോസ്റ്റസ് !

താരങ്ങൾക്ക് ആകാശത്തോ ഭൂമിയിലോ കൂടുതൽ ഭംഗിയെന്നു ചോദിച്ചാൽ റീനു മാത്യൂസ് ഒന്നു സംശയിക്കും !എമിറേറ്റ്സ് എയർവേയ്സിലെ എയർഹോസ്റ്റസായ നടി റീനു കൂടുതൽ താരങ്ങളെ കണ്ടിട്ടുള്ളത് ആകാശത്താണ്.ജാലകം തുറന്ന് കൈനീട്ടിയാൽ തൊടാവുന്നത്ര അടുത്ത് !

നക്ഷത്രങ്ങളെ തൊടാവുന്നത്ര ഉയരമുണ്ട് റീനു മാത്യൂസിന് — 5 അടി പത്തിഞ്ച് !ഐശ്വര്യ റായിക്ക് അഞ്ചര അടിയേയുള്ളൂ.സുരേഷ് ഗോപി ആറിടി, സോറി ആറടി! ഇന്ത്യൻ സിനിമയിലെ എവറസ്റ്റ് കൊടുമുടി വേണുവായ അമിതാഭ് ബച്ചൻ ആറടി മൂന്നിഞ്ച് !

ആകാശത്തു വച്ചാണ് റീനു ഒരു ഗന്ധർവനെ ആദ്യമായി അടുത്തുകാണുന്നത് — യേശുദാസ്.റീനു എയർഹോസ്റ്റസായ വിമാനത്തിൽ യാത്രക്കാരനായി ദാസേട്ടൻ. അടുത്തു നിന്നു ഫോട്ടോയെടുത്തു. ഓട്ടോഗ്രാഫ് വാങ്ങി. പാട്ടോഗ്രാഫ് തരുമോ എന്നു ചോദിക്കാൻ ധൈര്യം വന്നില്ല. ചോദിച്ചെങ്കിൽ...

ചോദിച്ചെങ്കിൽ ഒരു പക്ഷേ ദാസേട്ടൻ ആകാശ നക്ഷത്രമേ, അലയും നക്ഷത്രമേ.. എന്ന പാട്ടു പാടിയേനെ.. ! നക്ഷത്രങ്ങളേ സാക്ഷി, നവഗ്രഹങ്ങളേ സാക്ഷി... എന്ന പാട്ടായാലും മതി. നക്ഷത്രങ്ങളെ സാക്ഷിയാക്കി ന്യൂ ഇയർ ആഘോഷിച്ചിട്ടുണ്ട് റീനു. ഡിസംബർ 31ൽ നിന്ന് ജനുവരി ഒന്നിലേക്കു പറക്കുന്ന വിമാനം. വിമാനത്തിലെ ക്ലോക്കിൽ 12 മണിയടിച്ചപ്പോൾ പൈനാപ്പിൾ ജ്യൂസ് നിറച്ച് സോഡയൊക്കെ മിക്സ് ചെയ്ത് ഷാംപെയ്ൻ പോലെയാക്കി.. മേഘങ്ങൾക്കും മുകളിൽ പുതുവർഷം പതഞ്ഞൊഴുകി.

ഫ്ളൈറ്റ് ഡെക്കിലെ ലൈറ്റ് ഓഫ് ചെയ്ത് ചുറ്റും നോക്കി. ഗ്രാവിറ്റി എന്ന സിനിമയിലൊക്കെ കണ്ടതുപോലെ ഷൂട്ടിങ് സ്റ്റാഴ്സ് ഷ്..ഷ്..ഷ്.. എന്നു ശബ്ദമുണ്ടാക്കി കമ്പിത്തിരികൾ കത്തിച്ച് പാഞ്ഞു പോകുന്നു. നക്ഷത്രങ്ങൾക്ക് ഹാപ്പി ന്യൂ ഇയർ !എയർഹോസ്റ്റസ് കാണുന്ന ഏറ്റവും സുന്ദരമായ ആകാശക്കാഴ്ച ന്യൂസിലാൻഡിലേക്കുപറന്നിറങ്ങുമ്പോളാണെന്ന് റീനു പറയും.താഴെ സ്വർഗമാണെന്നു തോന്നും !ചിറകുകൾ ഉണ്ടായിരുന്നെങ്കിൽ എടുത്തു ചാടുമായിരുന്നു!

വിമാനത്തിൽ നിന്ന് പേടിച്ച് എടുത്തു ചാടാൻ റീനുവിനു തോന്നിയത് എയർ ഹോസ്റ്റസായുള്ള ആദ്യ പറക്കലിലാണ്.ദുബായ് — ദോഹ റൂട്ടിൽ പത്തുവർഷം മുമ്പായിരുന്നു അത്. വലിയ ടർബുലൻസ്. മേഘങ്ങൾക്കിടയിലെ ഗട്ടറുകളിൽ വീണ് വിമാനം ആടിയുലഞ്ഞു. നാടായ കാഞ്ഞിരപ്പള്ളിയിലെ റബർത്തോട്ടങ്ങൾക്കിടയിലൂടെ സെന്റ് മേരീസ് എന്ന പ്രൈവറ്റ് ബസ്, ഡ്രൈവർ ചാക്കോച്ചൻ ഗട്ടറിൽ ചാടിച്ച് ഓവർസ്പീഡിൽ ഓടിക്കുന്നത് ഓർമ വന്നു.

ഒറ്റ യാത്രകൊണ്ടു തന്നെ എയർഹോസ്റ്റസ് ജോലി രാജിവയ്ക്കാൻ തീരുമാനിച്ചു.അൽപം കഴിഞ്ഞ് ആകാശം തെളിഞ്ഞു. നക്ഷത്രങ്ങൾ ദൈവത്തിന് ഓശാന പാടുന്നതുകണ്ടപ്പോഴാണ് ധൈര്യം വന്നത്. ഏതു രാജ്യത്തു പറന്നിറങ്ങിയാലും ഷോപ്പിങ് ഇഷ്ടപ്പെടുന്ന റീനു സ്വർണം വാങ്ങാറേയില്ല.വസ്ത്രങ്ങളും ചെരിപ്പുകളും ഫാഷൻ അക്സസറീസുമാണ് ഷോപ്പിങ് ഇഷ്ടങ്ങൾ.

ഓസ്ട്രേലിയയിലെ ഷോപ്പിങ് ഒരുപാട് ഇഷ്ടമാണ്. കംഗാരുവിന്റെ നാടായതല്ല, കാരണം.റീനുവിന്റെ നീളത്തിലുള്ള ജീൻസ് നല്ല സെലക്ഷൻ കിട്ടാൻ ഓസ്ട്രേലിയയാണ് നല്ലത്.പിന്നെ സിംഗപ്പൂർ.. സൂപ്പർ താരം മnമ്മൂട്ടിയുടെ നായികയായി സിനിമയിലെത്തിയ റീനു പറയും —ആകാശത്തെ സൂപ്പർ സ്റ്റാർ വിമാനത്തിന്റെ പൈലറ്റാണ്. ഒരിക്കൽകോക്പിറ്റിൽ പൈലറ്റിന്റെസീറ്റിൽ ഇരുന്നപ്പോളാണ് അതു മനസ്സിലായത്.

ഭംഗിയായി മേക്കപ്പ് ചെയ്ത് ഇംഗ്ലീഷ് അക്ഷരങ്ങളുടെ അഴകോടെ നടന്നു നീങ്ങുന്ന എയർഹോസ്റ്റസുമാർക്ക് സിനിമാതാരങ്ങളെക്കാൾ ആരാധകരുണ്ട്. യാത്രക്കാർ മൊബൈൽ ഫോണിൽ ചിത്രങ്ങളെടുക്കും. പലരും വീഡിയോയും. യഥാർഥ താരങ്ങളോടു കൈയെത്തും ദൂരത്തു നിൽക്കുന്ന ഒരേയൊരു സിനിമാതാരം റീനു മാത്യൂസാണ് !

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.