Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിനീത് ചെന്നൈവാസൻ !

vineeth-sreenivasan

വിനീത് ശ്രീനിവാസൻ ഇതേവരെ നൂറിലധികം തവണ കാറിടിപ്പിച്ചു കഴിഞ്ഞു ! ഇടി നടക്കുന്നത് റോഡിലല്ല, ചെന്നൈയിലെ പാർക്കിങ് ഗ്രൗണ്ടുകളിലാണ്. വിനീത് ഇതിനെ ക്ളിയറൻസ് കാൽക്കുലേഷൻ മിസ്റ്റേക് എന്നു വിളിക്കും അതായത് പാർക്കിങ് ഗ്രൗണ്ടിൽ ഒരു പോസ്റ്റ് ഉണ്ടെന്നു കരുതുക. അത് അങ്ങ് അകലെയാണെന്ന് വിനീത് വിചാരിക്കുന്നു. തന്റെ സിനിമ പ്രേക്ഷകന്റെ മനസ്സിനോട് ഇടിച്ചു നിൽക്കണമെന്നു കരുതി അടുത്തടുത്തു ചെല്ലുന്നതുപോലെ വിനീത് റിവേഴ്സെടുത്ത് ആ പോസ്റ്റിന്റെ അടുത്തേക്കു ചെല്ലും. ഇടിക്കും.

ബോണറ്റും ബംപറും ചളുങ്ങിയാലും സങ്കടം തോന്നാറേയില്ല. തനിക്ക് ഒരു അപകടവും പറ്റിയില്ലല്ലോ എന്നു വിചാരിച്ച് ദൈവത്തിനു നന്ദി പറയും.
വീനീത് പറയുന്നു.. ഞാനൊരു നല്ല ഡ്രൈവറല്ല, ജേക്കബിന് സ്വർഗരാജ്യം ദുബായ് ആണെങ്കിൽ വിനീതിന് അത് ചെന്നൈ നഗരമാണ്.
ചൈന്നൈയിലൂടെ പതുക്കെ കാറോടിക്കുന്നതാണ് വിനീതിന്റെ ഇഷ്ടം. ഇങ്ങനെ ഡ്രൈവ് ചെയ്യുമ്പോൾ വിനീത് സ്വപ്നം കാണാറുണ്ട്. ആ സ്വപ്നങ്ങളാണ് വിനീതിന്റെ എല്ലാ സിനിമകളും !

ഡ്രൈവിങ്ങിനിടെ വിനീത് പെട്ടെന്ന് ചിരിക്കുകയോ കരയുകയോ ചെയ്താൽ ഭാര്യ ദിവ്യ കാർ നിർത്താൻ പറയും. മൊബൈൽ ഫോൺ എടുത്തു വിനീതിന്റെ കൈയിൽ കൊടുക്കും. മനസ്സിൽ തോന്നിയ കാര്യങ്ങൾ അന്നേരം തന്നെ മൊബൈൽ ഫോണിൽ റെക്കോർഡ് ചെയ്യും. അങ്ങനെ ഒരു സിനിമയുടെ തിരക്കഥ തയാറാവുകയാണ് ! തിരക്കിട്ടെഴുതുന്ന കഥയാണ് തിരക്കഥയെന്ന് ശ്രീനിവാസൻ പറഞ്ഞിട്ടുണ്ട്. റോഡിലെ തിരക്കിനിടയിൽ മനസ്സിൽ തെളിയുന്നതാണ് മകനു തിരക്കഥ. മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ട് വണ്ടിയോടിക്കുന്നത് നിയമവിരുദ്ധമാണ്. മൊബൈലിൽ അവനവനോടു തന്നെ സംസാരിച്ച് ഡ്രൈവിങ് സീറ്റിൽ ഇരിക്കുന്ന ലോകത്തെ ഒരേയൊരാൾ വിനീത് മാത്രമായിരിക്കും.
ഇങ്ങനെ യാത്രയ്ക്കിടെ പലയിടങ്ങളിൽ നിർത്തിയിട്ട് സ്വന്തം ശബ്ദത്തിൽ റെക്കോർഡ് ചെയ്ത സംഭാഷണങ്ങളാണ് പിന്നീട് നിവിൻ പോളിയും രൺജി പണിക്കരുമൊക്കെ സിനിമയിൽ വന്നു പറഞ്ഞ് കൈയടി നേടിയത്.

കുറെനാൾ മുമ്പ് ഒരു രാത്രിയിൽ വിനീത് സ്വപ്നത്തിൽ ഒരു ബെൻസിന്റെ ഹോണടി കേട്ട് ഞെട്ടിയുണർന്നു. വിനീതിന്റെ തോളിൽ തലചായ്ച്ച് ഉറങ്ങുകയായിരുന്ന ഭാര്യ ദിവ്യ ചോദിച്ചു.. എന്തു പറ്റി ? വിനീത് പറഞ്ഞു.. ഉണ്ണിയേട്ടൻ !

ജേക്കബിന്റെ സ്വർഗരാജ്യമെന്ന സിനിമയിൽ ടി.ജി രവി അവതരിപ്പിക്കുന്ന ഡ്രൈവർ ഉണ്ണിയേട്ടൻ എന്ന കഥാപാത്രം പിറന്നത് ആ സ്വപ്നത്തിലായിരുന്നു. സിനിമയ്ക്ക് ആദ്യം കഥയെഴുതുമ്പോൾ അങ്ങനെയൊരു കഥാപാത്രം ഉണ്ടായിരുന്നില്ല. ധനികനായ ജേക്കബ് ബിസിനിസ് പൊളിഞ്ഞ് നാടുവിട്ടതോടെ മകൻ ജെറി ബെൻസ് വിൽക്കുന്ന രംഗമായിരുന്നു വിനീത് അന്നു സ്വപ്നം കണ്ടത്. പുതിയ ഉടമയ്ക്ക് കാർ കൈമാറുന്നതിനു മുമ്പ് ദൂബായിലെ റോഡിലൂടെ ഒരിക്കൽക്കൂടി അവനെ നൂറിൽ പറപ്പിക്കാൻ ഡ്രൈവറായ ഉണ്ണിയേട്ടനു മോഹം. ആ യാത്ര കഴിഞ്ഞ് ബെൻസിന്റെ കീ നിവിൻ പോളിയുടെ കൈയിൽ തിരിച്ചു കൊടുത്തിട്ട് ഉണ്ണിയേട്ടൻ പറയുന്നുണ്ട്.. എത്ര വേഗത്തിൽ പാഞ്ഞാലും ഇവൻ കുലുങ്ങില്ല !
പിന്നെ പ്രിയപ്പെട്ട കാറിനെ തിരിഞ്ഞുനോക്കാതെ ടി.ജി. രവിയുടെ ഒരു നടപ്പുണ്ട്.
സിനിമയുടെ ഹൈലൈറ്റാണ് ആ സീൻ, അതോ ഹെഡ്‌ലൈറ്റോ !

ആ സീൻ സത്യത്തിൽ ഞാനെഴുതിയതല്ല. സ്വപ്നത്തിൽ കണ്ടത് അതേപടി പകർത്തിയതാണ്... വിനീത് പറയുന്നു.
ഉണ്ണിയേട്ടൻ ജേക്കബിന്റെ കുടുംബത്തിന് വെറും ഡ്രൈവറല്ല, കുടുംബാംഗമാണ്.  വിനീത് ഇത് വീട്ടിൽ നിന്നു പഠിച്ചതാണ്. ശ്രീനിവാസന്റെ വീട്ടിൽ ഡ്രൈവർമാരില്ല. പകരം സുഹൃത്തുക്കൾ മാത്രം !
വിനീതും അനുജൻ ധ്യാനും അമ്മയോടൊപ്പം തലശ്ശേരിയിൽ താമസിക്കുന്ന സമയത്ത് ശശി എന്നൊരാളായിരുന്നു വണ്ടി ഓടിച്ചിരുന്നത്.
ശ്രീനി ബന്ധുവീടുകളിലും കല്യാണത്തിനുമൊക്കെ പോകാൻ വഴി തിരക്കുമ്പോൾ ബന്ധുക്കളിൽ പലരും പറയും.. കുറെ വളവും തിരിവുമൊക്കെയുണ്ട്. ഡ്രൈവറുടെ കൈയിൽ കൊടുക്കൂ, വഴി പറഞ്ഞു കൊടുക്കാം. എന്റെ ഒരു ഫ്രണ്ടാണ് ഓടിക്കുന്നത്. എന്നോടു വഴി പറഞ്ഞു തന്നാൽ മതി എന്നായിരിക്കും ശ്രീനിയുടെ മറുപടി. ശശിയെ ഡ്രൈവറെന്നു വിളിച്ചയാൾ അതോടെ ശശിയാകും..

ഡ്രൈവർ എന്ന വാക്ക് ശ്രീനി ഉപയോഗിക്കാറില്ല. ഫ്രണ്ട്, സുഹൃത്ത് എന്നൊക്കെയാണ് എപ്പോഴും പറയുക. വിനീത് പറഞ്ഞു.. ഇപ്പോൾ ഷിനോജാണ് കാറോടിക്കുന്നത്. ഡ്രൈവറെന്ന് എഴുതല്ലേ, അച്ഛനു ദേഷ്യം വരും.. ഞാനും ധ്യാനും കഴിഞ്ഞാൽ മൂന്നാമത്തെ മകനാണ് അച്ഛനും അമ്മയ്ക്കും ഷിനോജ് !
ഡോക്ടർ... ഞാനത്ര സുന്ദരനല്ല.. ഉയരവും കുറവാണ് ! ശ്രീനിവാസൻ വടക്കുനോക്കിയന്ത്രം എന്ന സിനിമ തുടങ്ങുന്നത് ഇങ്ങനെയാണ് ! എന്നിട്ടും പതിവു നായക സങ്കൽപ്പത്തെ തിരുത്തിക്കുറിച്ചയാളാണ് ശ്രീനി.. പതിവു ഡ്രൈവർ സങ്കൽപത്തെ തിരുത്തിക്കുറിക്കുകയാണ് ഈ അച്ഛനും മകനും ! 

Your Rating: